Image

സ്വപ്നം (ഗദ്യകവിത: ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 23 September, 2014
സ്വപ്നം (ഗദ്യകവിത: ജോണ്‍ വേറ്റം)
വിശുദ്ധിയുടെ ഉറവും, വിഭൂതിയുടെ വഴിയും,
മൂന്നാം സ്വര്‍ഗ്ഗത്തിന്റെ വാതിലും തേടി നടന്നു.
ആശയശില്പികളുടെ ആദര്‍ശങ്ങളിലൂടെ,
വിജ്ഞാനത്തിന്‍ വിശാലമാം പാര്‍ശ്വങ്ങളിലൂടെ,
വേദവ്യവസ്ഥകളുടെ വേറിട്ടസക്തിയിലുടെ,
ഹൃദയഭക്തിയുടെ അവിരാമയുക്തിയിലൂടെ.
അഗാധമാം ആത്മീയതയ്ക്കുമേലേ അലയടിക്കും
ആത്മനിന്ദയുടെ കലഹവും വ്യവഹാരങ്ങളും,
അയല്‍സ്‌നേഹത്തിനതിരുകള്‍ മുരടിച്ചതും,
തിന്മയുടെ അഗ്നിച്ചീളുകള്‍ ചീറുന്നതും കണ്ടു!
ഇരുളിന്റെ ഇരിപ്പിടത്തിലുമുണ്ട് ശക്തികള്‍,
വെളിവിന്റെ വെണ്മാടത്തിലും മൃദുവല്ലപീഢനം.
ഗതകാലജേതാക്കളെ ദൈവങ്ങളാക്കിയ ഭ്രമം
ഉണ്മയുടെ ഉലയില്‍ ഉരുകുന്നതു കണ്ടു!
ദുഃഖസ്രോതസ്സ് രക്തത്തിലും, സുരതം മാംസത്തിലും
മനസ്സാക്ഷിയുടെ യന്ത്രശക്തി മസ്തിഷ്‌കത്തിലും,
ദേവാലയത്തിനും ദൈവാലയത്തിനുമിടയിലെ
നിഴലില്‍ അയിത്താചാരം പിറക്കുന്നതും കണ്ടു!
പറുദീസയുടെ അകലം വിശ്വാസത്തോളമെന്നും,
പാതാളത്തിന്റെ ആഴം ഏറിയാല്‍ എട്ടടിയെന്നും,
ഭൂമി പരിണതിയോ സൃഷ്ടിയോ സ്വയംഭൂവോയെന്ന
സന്ദേഹത്തില്‍ സത്യം മറഞ്ഞിരിക്കുന്നതും കണ്ടു!
ആത്മാവും ആദിയും അന്തവും എന്തെന്നറിയുവാന്‍,
ഭാവിശാസ്ത്രമെഴുതട്ടെ നൂതന ജ്ഞാനസിദ്ധാന്തം.



സ്വപ്നം (ഗദ്യകവിത: ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക