Image

മുല്ലപ്പെരിയാര്‍: പ്രവാസികളുടെ ആശങ്ക പങ്കിട്ട്‌ മീഡിയ ഫോറം ചര്‍ച്ചാ സദസ്‌ സംഘടിപ്പിച്ചു

എം.കെ. ആരിഫ്‌ Published on 06 December, 2011
മുല്ലപ്പെരിയാര്‍: പ്രവാസികളുടെ ആശങ്ക പങ്കിട്ട്‌ മീഡിയ ഫോറം ചര്‍ച്ചാ സദസ്‌ സംഘടിപ്പിച്ചു
ദോഹ: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ഉയര്‍ത്തുന്ന ആശങ്കകള്‍ പ്രവാസ ലോകത്തും കടുത്ത ആശങ്കള്‍ ഉയര്‍ത്തുന്നു. അതു കൊണ്‌ടു തന്നെ തങ്ങളുടെ ആശങ്കള്‍ പങ്കുവയ്‌ക്കാന്‍ ഖത്തറിലെ പ്രവാസി സമൂഹം ഒത്തുചേര്‍ന്ന ചര്‍ച്ചാ സദസ്‌ ജനപങ്കാളിത്തം കൊണ്‌ടും വ്യത്യസ്‌തമായ ചിന്തകള്‍ കൊണ്‌ടും ശ്രദ്ധേയമായി. `മുല്ലപ്പെരിയാറിന്‍െറ ജനപക്ഷ രാഷ്‌ട്രീയം' എന്ന വിഷയത്തില്‍ ഖത്തറിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ ഇന്ത്യന്‍ മീഡിയാ ഫോറമാണ്‌ (ഐഎംഎഫ്‌) ചര്‍ച്ചാ സദസ്‌ സംഘടിപ്പിച്ചത്‌.

സ്‌കില്‍സ്‌ ഡെവലപ്‌മെന്‍റ്‌ സെന്ററില്‍ നടന്ന മൂന്ന്‌ മണിക്കൂര്‍ നീണ്‌ട പരിപാടിയില്‍ വിദ്യാര്‍ഥികളും സ്‌ത്രീകളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കേരളത്തിലെ വിവിധ ജില്ലാ സംഘടനകളുടെയും സാംസ്‌കാരിക കൂട്ടായ്‌മകളുടെയും പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ച മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന ഭീതിയില്‍ പ്രവാസികള്‍ക്കുള്ള ആശങ്ക പ്രതിഫലിപ്പിക്കുന്നതായിരുന്നു.

ഖത്തര്‍ വര്‍ത്തമാനം എഡിറ്റോറിയല്‍ ഇന്‍ചാര്‍ജ്‌ റഈസ്‌ അഹമ്മദ്‌ വിഷയം അവതരിപ്പിച്ചു. കേരളത്തിലെ 35 ലക്ഷം ജനങ്ങളുടെ ജീവനൊപ്പം ഒരു ആവാസ വ്യവസ്ഥക്ക്‌ തന്നെ ഭീഷണി ഉയര്‍ത്തുന്നതാണ്‌ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍െറ നിലവിലെ അവസ്ഥ എന്ന്‌ അദ്ദേഹം പറഞ്ഞു. ഇതിനെ ഒരു സാധാരണ ജലതര്‍ക്കമോ പ്രാദേശിക വിഷയമോ ആയി കാണാനാവില്ല.

ഐശ്വര്യറായിക്ക്‌ പിന്നാലെ കാമറയുമായി പായുന്ന ദേശീയ മാധ്യമങ്ങള്‍ ഒരു ആവാസ വ്യവസ്ഥയെ തുടച്ചുമാറ്റാന്‍ പോകുന്ന ദുരന്തത്തിന്‌ നേരെ കണ്ണടക്കുകയാണ്‌. കേരളത്തിന്‍െറ വാണിജ്യ തലസ്ഥാനമായ കൊച്ചിയെയും തന്ത്രപ്രധാനമേഖലകളുടെ നിലനില്‍പ്പിനെയും ബാധിക്കുന്ന വിഷയത്തില്‍ ഭരണകൂടം ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും റഈസ്‌ പറഞ്ഞു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ ശരിയായ രീതിയില്‍ മനസ്‌സിലാക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ ഇനിയും തയാറായിട്ടില്ലെന്ന്‌ സംസ്‌കൃതി ജനറല്‍ സെക്രട്ടറി പി.എന്‍ ബാബുരാജന്‍ അഭിപ്രായപ്പെട്ടു.

മുല്ലപ്പെരിയാറിനെ ഇന്ത്യയുശട പ്രശ്‌നമായി കാണാതെ ഒരു സംസ്ഥാനത്തിന്‍െറ വിഷയമായി ചുരുക്കിക്കാണുന്നത്‌ അപകടമാണ്‌. ഡാമുകളല്ല, ജനങ്ങളുടെ ജീവനാണ്‌ സംരക്ഷിക്കപ്പെടേണ്‌ടതെന്ന്‌ ഭരണകൂടങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

കാലാവധി കഴിഞ്ഞിട്ട്‌ 66 കൊല്ലം പിന്നിടുന്ന ഒരു ഡാമിന്‌ ചുവട്ടില്‍ നിന്ന്‌ രാഷ്‌ട്രീയത്തിന്‍െറ പേരില്‍ ഭിന്നിക്കാതെ പുതിയ ഡാം എന്ന തീരുമാനത്തിലേക്ക്‌ ഉടന്‍ എത്തിച്ചേരാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബന്‌ധപ്പെട്ട കക്ഷികള്‍ക്കും കഴിയണമെന്ന്‌ ഇന്‍കാസ്‌ പ്രതിനിധി തോമസ്‌ കണ്ണങ്കര പറഞ്ഞു. മുല്ലപ്പെരിയാറിനടുത്ത്‌ ഒരു കൂട്ടം ജനങ്ങള്‍ നാലുവര്‍ഷമായി നടത്തിവന്ന സമരം സംസ്ഥാനത്തെ മാധ്യമങ്ങളും കണ്‌ടില്ലെന്ന്‌ നടിക്കുകയായിരുന്നുവെന്ന്‌ കെഎംസിസിക്കു വേണ്‌ടി സംസാരിച്ച കോയ കുണേ്‌ടാട്ടി പറഞ്ഞു. മുല്ലപ്പെരിയാര്‍ ഭീഷണി വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണെ്‌ടങ്കിലും പുതിയ ഡാം വേണമെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്‌ ഇപ്പോഴാണ്‌. സങ്കുചിത രാഷ്‌്‌ട്രീയ താല്‍പര്യങ്ങള്‍ മാറ്റിവെച്ചുകൊണ്‌ടുള്ള ചര്‍ച്ചകളിലൂടെയേ പ്രശ്‌നം പരിഹരിക്കാനാവൂ എന്നും ദേശീയ പാര്‍ട്ടികള്‍ തങ്ങളുടെ വോട്ട്‌ഡാം തകരുമോ എന്ന ആശങ്കയിലാണെന്നും കോയ പറഞ്ഞു.

അങ്ങേയറ്റം അപകടസാധ്യത നിലനില്‍ക്കെ ഒരു മുന്‍കരുതലും സര്‍ക്കാര്‍ കൈക്കൊണ്‌ടിട്ടില്ലെന്നത്‌ അത്ഭുതപ്പെടുത്തുന്നതാണെന്ന്‌ ഇന്ത്യന്‍ ഇസ്‌ലാമിക്‌ അസോസിയേഷന്‍ പ്രതിനിധി താജ്‌ ആലുവ പറഞ്ഞു. ഇക്കാര്യത്തില്‍ പൊതുജനങ്ങളെ ബോധവത്‌കരിക്കാനും അധികാരികള്‍ തയാറായിട്ടില്ല. മാന്യമായി മരിക്കാനുള്ള മുന്‍കരുതല്‍ പോലും ഇല്ലാതെ പോകുന്നത്‌ ദൗര്‍ഭാഗ്യകരമാണ്‌. ദുരന്തത്തെ നല്ലരൂപത്തില്‍ എങ്ങനെ നേരിടാമെന്ന്‌ മലയാളികളെ ബോധവത്‌കരിക്കുന്നതില്‍ പ്രവാസികളും മുന്‍കൈയെടുക്കണമെന്ന്‌ താജ്‌ പറഞ്ഞു.

തങ്ങള്‍ക്ക്‌ ഒരുമിച്ചുമരിക്കാനുള്ള സാഹചര്യമെങ്കിലും ഒരുക്കിത്തരണമെന്നതാണ്‌ ഇപ്പോള്‍ ഇടുക്കി ജില്ലക്കാരുടെ അപേക്ഷയെന്ന്‌ ഐഡിയ ഖത്തര്‍ പ്രതിനിധി ജോണ്‍ വര്‍ഗീസ്‌ പറഞ്ഞു. ഇന്നത്തെ രാഷ്‌ട്രീയ നേതൃത്വങ്ങളില്‍ നിന്ന്‌ പ്രശ്‌നത്തിന്‌ ശരിയായൊരു പരിഹാരം തങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ഇരു സംസ്ഥാനങ്ങള്‍ക്കും സ്വീകാര്യമായ ഒരു ഏജന്‍സിയെക്കൊണ്‌ട്‌ അണക്കെട്ടിന്‍െറ സുരക്ഷയെക്കുറിച്ച്‌ പഠിക്കുകയും പരിഹാര മാര്‍ഗങ്ങള്‍ തേടുകയുമാണ്‌ ചെയ്യേണ്‌ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തമിഴ്‌നാട്ടില്‍ ജനിക്കേണ്‌ടിവന്നതില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ താന്‍ ലജ്‌ജിക്കുകയാണെന്നും എല്ലാവരും കക്ഷി, രാഷ്‌ട്രീയ, മത, ജാതി ഭേദമെന്യേ ഈ വിഷയത്തില്‍ ഒന്നിച്ച്‌ നില്‍ക്കണമെന്നും മംവാഖ്‌ പ്രതിനിധി കെ. മുഹമ്മദ്‌ ഈസ പറഞ്ഞു.

പിറവം തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്‌ട്‌ ചിലര്‍ മുല്ലപ്പെരിയാര്‍ വിഷയത്തെ കക്ഷിരാഷ്‌ട്രീയത്തില്‍ കുരുക്കിയിട്ടിരിക്കുകയാണെന്നും 35 ലക്ഷം ജനങ്ങളുടെ ജീവല്‍പ്രശ്‌നത്തെ നെഞ്ചേറ്റാനുള്ള ഇച്‌ഛാശക്തി രാഷ്‌്‌ട്രീയ നേതൃത്വം വീണെ്‌ടടുക്കണമെന്നും എഫ്‌സിസി എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഹബീബുറഹ്മാന്‍ കിഴിശേരി പറഞ്ഞു.

അബദ്ധങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതെ മുല്ലപ്പെരിയാറിനെ ഭാരതീയന്‍െറ പ്രശ്‌നമായി കണ്‌ട്‌ പരിഹാരം തേടണമെന്ന്‌ കൊഡാക പ്രതിനിധി ജെയിംസ്‌ അഭിപ്രായപ്പെട്ടു. അനില്‍ (തൃശൂര്‍ ജില്ലാ സൗഹൃദവേദി), നൗഷാദ്‌ പയ്യോളി (ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍), കെ.ആര്‍ സിദ്ധാര്‍ത്ഥന്‍ (ഫ്രണ്‌ട്‌സ്‌ ഓഫ്‌ തൃശൂര്‍), ഉമ്മര്‍ (റിസാല സ്‌റ്റഡി സര്‍ക്കിള്‍), സലീം പൊന്നമ്പത്ത്‌ (ഭവന്‍സ്‌ കള്‍ച്ചറല്‍ സെന്‍റര്‍), അഡ്വ. ജാഫര്‍ഖാന്‍ (സംസ്‌കാര ഖത്തര്‍), മുനീര്‍ അഹമ്മദ്‌ (ഫോക്കസ്‌ ഖത്തര്‍), ഗോവിന്ദന്‍ കുട്ടി (സമന്വയം), ഫരീദ്‌ തിക്കോടി (ഈണം ദോഹ), അനസ്‌ (ഐവൈഎ), കെ.കെ. ശങ്കരന്‍ (നോര്‍ക്ക റൂട്ട്‌സ്‌ മുന്‍ ഡയറക്‌ടര്‍) ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളായ നാദിയ അഹമ്മദ്‌, പൂജ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ചര്‍ച്ചക്ക്‌ മുന്നോടിയായി അണക്കെട്ട്‌ ദുരന്തങ്ങളെക്കുറിച്ചുള്ള `ജലബോംബുകള്‍' എന്ന ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു. `മുല്ലപ്പെരിയാര്‍ മാധ്യമങ്ങളില്‍' എന്ന പ്രദര്‍ശനവും ഒരുക്കി.

ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച പ്രമേയവും പരിപാടിയുടെ സമ്പൂര്‍ണ വീഡിയോയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും തമിഴ്‌നാട്‌ മുഖ്യമന്ത്രിക്കും സമര്‍പ്പിക്കുമെന്ന്‌ മീഡിയ ഫോറം ഭാരവാഹികള്‍ അറിയിച്ചു. മീഡിയ ഫോറം വൈസ്‌ പ്രസിഡന്‍റ്‌ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. പ്രദീപ്‌ എം. മേനോന്‍ മോഡറേറ്ററായിരുന്നു. ജനറല്‍ സെക്രട്ടറി ബിജോയ്‌കുമാര്‍ സ്വാഗതവും സെക്രട്ടറി സാദിഖ്‌ ചെന്നാടന്‍ നന്ദിയും പറഞ്ഞു.
മുല്ലപ്പെരിയാര്‍: പ്രവാസികളുടെ ആശങ്ക പങ്കിട്ട്‌ മീഡിയ ഫോറം ചര്‍ച്ചാ സദസ്‌ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക