Image

മഞ്ഞള്‍ മസ്തിഷ്‌കത്തിന് നല്ലതെന്ന് ഗവേഷകര്‍

Published on 02 October, 2014
മഞ്ഞള്‍ മസ്തിഷ്‌കത്തിന് നല്ലതെന്ന് ഗവേഷകര്‍

ഇന്ത്യക്കാരുടെ കറികളിലെ അനിവാര്യചേരുവയായ മഞ്ഞള്‍ മസ്തിഷ്‌കത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്ന ഔഷധമാകാമെന്ന് ജര്‍മന്‍ ഗവേഷകര്‍ കണ്ടെത്തി.

ജൂലിക്കിലെ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ന്യൂറോസയന്‍സ് ആന്‍ഡ് റിസേര്‍ച്ചിലെ ഗവേഷകര്‍ പറയുന്നത് മഞ്ഞളില്‍ അടങ്ങിയ ഒരു സംയുക്തം ആരോമാറ്റിക് ടര്‍മെറോണ്‍നാഡികോശങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും അതിനാല്‍ തന്നെ ഭാവിയില്‍ അല്‍ഷിമേഴ്‌സ് രോഗം, പക്ഷാഘാതം എന്നിവയ്ക്ക് വേണ്ട ഔഷധങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചേക്കും എന്നാണ്.

എലികളിലാണ് ജൂലിക്ക് ഗവേഷകര്‍ ടര്‍മെറോണ്‍ പരീക്ഷണം നടത്തിയത്. ജീവനുള്ള എലികളുടെ തലച്ചോറിലേക്ക് വ്യത്യസ്ത സാന്ദ്രതയില്‍ ടെര്‍മറോണ്‍ കുത്തിവെക്കുന്നതിനൊപ്പം പരീക്ഷണശാലയില്‍ എലികളുടെ തന്നെ നാഡി വിത്തുകോശങ്ങളുടെ കള്‍ച്ചറുകളില്‍ ഇതേ രാസപദാര്‍ത്ഥം അവര്‍ ചേര്‍ക്കുകയും ചെയ്തു. 

മസ്തിഷ്‌കത്തിലെ ഏതുതരം കോശവുമായി വളരാന്‍ ശേഷിയുള്ളതാണ് നാഡിവിത്തുകോശങ്ങള്‍. സ്‌റ്റെം സെല്‍ റിസേര്‍ച്ച് ആന്‍ഡ് തെറാപ്പി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പരീക്ഷണഫലങ്ങള്‍ തെളിയിക്കുന്നത് ടെര്‍മറോണ്‍ പ്രയോഗിച്ചപ്പോള്‍ കോശവളര്‍ച്ച ഗണ്യമായി വര്‍ധിച്ചു എന്നാണ്. ടെര്‍മറോണ്‍ സാന്ദ്രത വര്‍ധിക്കുന്നതനുസരിച്ച് കോശവര്‍ച്ചയും വര്‍ധിച്ചു.

രണ്ട് വര്‍ഷം മുമ്പെ ഇംഗ്ലണ്ടിലെ ലെയ്‌സെസ്റ്ററില്‍ നടത്തിയ ഒരു പഠനത്തില്‍ മഞ്ഞളില്‍ അടങ്ങിയ മറ്റൊരു സംയുക്തമായ കര്‍ക്യൂമിന്‍ ആമാശയത്തിലെ അര്‍ബുദം നിയന്ത്രിക്കാന്‍ സഹായിക്കും എന്ന് കണ്ടെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക