Image

ജയലളിതയുടെ ജയില്‍വാസം രാഷ്ട്രീയം ശുദ്ധമാക്കുമോ?(ഡല്‍ഹി കത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 06 October, 2014
ജയലളിതയുടെ ജയില്‍വാസം രാഷ്ട്രീയം ശുദ്ധമാക്കുമോ?(ഡല്‍ഹി കത്ത് : പി.വി.തോമസ്)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചരിത്ര സന്ദര്‍ശനം ന്യൂയോര്‍ക്കിലെ മാഡിസന്‍ സ്‌ക്വയര്‍ ഗാര്‍ഡനിലും സെന്‍ട്രല്‍ പാര്‍ക്കിലും അരങ്ങേറുമ്പോള്‍ ഇന്‍ഡ്യയില്‍ രണ്ട് സുപ്രധാനമായ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഉണ്ടായി. ഒന്ന് ഇന്‍ഡ്യയിലെ രണ്ട് പഴക്കം ചെന്ന രാഷട്രീയ സഖ്യങ്ങള്‍ വേര്‍പിരിഞ്ഞു; 25 വര്‍ഷംപഴക്കമുള്ള ശിവസേന-ബി.ജെ.പി. സഖ്യവും രണ്ടര പതിറ്റാണ്ടിലേറെ പഴക്കമുള്ള കോണ്‍ഗ്രസ്-നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍.സി.പി.) സഖ്യവും(മഹാരാഷ്ട്ര); മറ്റൊന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാഡി.എം.കെ.യുടെ നേതാവുമായ പുരച്ഛിതലൈവി ജയലളിതയുടെ ജയില്‍ശിക്ഷയും. വിളപ്പുകള്‍ ഒള്‍ട്ടോസര്‍ പതിനഞ്ചിലെ നിയമസഭതെരഞ്ഞെടുപ്പിലെ ഒരു വലിയ ഘടകം ആയിരിക്കുമെങ്കിലും ജയലളിതയുടെ ജയില്‍ ശിക്ഷ വളരെ പ്രധാനം ആണ്. കാരണം  അത് ദ്രാവിഡ അധിഷ്ഠിത തമിഴ് രാഷ്ട്രീയത്തിലെ ഒരു കേന്ദ്രബിന്ദു ആണ്. മാത്രവും അല്ല കട്ടും കവര്‍ന്നും നാടു മുടിച്ചും ഭരിക്കാം അതിന് ഒരു കോടതിയും നിയമവും അന്വേഷണ ഏജന്‍സിയും ബാധകവും അല്ല എന്ന രാഷ്ട്രീയക്കാരുടെ അന്ധവിശ്വാസത്തിന് ഏറ്റ ഒരു തിരിച്ചടിയും ആണ് അത്. പക്ഷേ, ഇ അഴിമതിപര്‍വ്വം ഇതുകൊണ്ട് തീരുമോ? ആദ്യം ചോദിച്ചതുപോലെ ജയലളിതയുടെ ജയില്‍ശിക്ഷ കൊണ്ട് തീരുന്നതാണോ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ അഴിമതി?

ഞാന്‍ ഈ പംക്തിയില്‍ ജയലളിതയുടെ ശിക്ഷാവിധിയെക്കുറിച്ച്- 4 വര്‍ഷം തടവ്, 10 വര്‍ഷം ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യത, മുഖ്യമന്ത്രി നിയമസഭാംഗത്വ സ്ഥാനനഷ്ടം, 100 കോടി രൂപ പിഴ പിടിച്ചെടുത്ത വസ്തുവകകളുടെ കണ്ടുകെട്ടല്‍- പരാമര്‍ശിക്കുന്നത് ഇവ കൊണ്ടു മാത്രം അല്ല. ഇത് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിന് നല്‍കുന്ന സന്ദേശം വളരെ ഗൗരവം ഏറിയതാണ്. ഇതിന് മുമ്പും രാഷ്ട്രീയക്കാരും ഭരണാധികാരികളും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്ന ഒരു ഭരണാധികാരിയെ ശിക്ഷിക്കുന്നതും അന്നുതന്നെ ജയിലിലേക്ക് അയക്കുന്നതും ഇത് ഇന്‍ഡ്യയില്‍ ആദ്യമായിട്ടാണ്. മുന്‍കേന്ദ്രമന്ത്രി കല്പനാഥ് റായിയെ തീഹാര്‍ ജയിലില്‍ അടച്ചിട്ടുണ്ട്. കോണ്‍ഗ്രസുക്കാരനായ ഇദ്ദേഹത്തെ ജയിലില്‍ അടക്കുവാന്‍ കാരണം ഇദ്ദേഹം ദാവൂദ് ഇബ്രഹാമിന്റെ ഒരു അനുയായിയെ  ഇദ്ദേഹത്തിന്റെ മന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു ഗസ്റ്റ് ഹൗസില്‍ താമസിപ്പിച്ചു എന്നുള്ളതാണ്. ഇതില്‍ ഇദ്ദേഹത്തിന് നേരിട്ടുള്ള ഉത്തരവാദിത്വം ഇല്ലായിരിക്കാം ഉണ്ടായിരിക്കാം. ഏതായാലും അദ്ദേഹം തീഹാര്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. ജയിലില്‍ അദ്ദേഹത്തിന്റെ ദിവസങ്ങള്‍ വളരെ ദുരിതപൂര്‍ണ്ണമായിരുന്നു. അദ്ദേഹത്തിന് തടവ് ശിക്ഷയുമായി ഇണങ്ങുവാന്‍ സാധിച്ചില്ല. കാണുന്നവരുടെ നേരെയെല്ലാം അസഭ്യം ചൊരിയുമായിരുന്നുവെന്നും തുപ്പുമായിരുന്നുവെന്നും പറയപ്പെട്ടിരുന്നു. ആലോചിച്ചു നോക്കുക സര്‍വ്വസമ്മദനും സമാരാദ്ധ്യനുമായ ഒരു ജനപ്രതിനിധി പെട്ടെന്ന് ഒരു ദിവസം കല്‍ത്തുറങ്കില്‍ എണ്ണം പറഞ്ഞ തടവുകാരുടെ ഒപ്പം അടയ്ക്കപ്പെടുക. രാഷ്ട്രപതിമുമ്പാകെ സത്യപ്രതിജ്ഞ ഏറ്റെടുത്ത്  രാഷ്ട്രഭവനിലെ അശോക ഹാളില്‍ നിന്നും തീഹാര്‍ ജയിലിലേക്കുള്ള ആ യാത്ര ഒട്ടും രസപ്രദമല്ല. പക്ഷേ, ഒരു ഭരണാധികാരിയെന്ന നിലയില്‍ ഇങ്ങനെ ഒരു വീഴ്ച എങ്ങനെ അദ്ദേഹത്തിന് സംഭവിച്ചു? തന്റെ മന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു ഗസ്റ്റ് ഹൗസില്‍ ഒരാളെ താമസിപ്പിക്കുന്നതില്‍ അദ്ദേഹം നേരിട്ട് ഇടപെടണമെന്ന് ഒരു വകുപ്പും ഇല്ല. എങ്കില്‍ അദ്ദേഹം ഒരു ഗൂഢാലോചനയുടെ ഇരയായി തീഹാറില്‍ അടയ്ക്കപ്പെട്ടതായിരുന്നോ? ആര്‍ക്കും ഒന്നും അറിയില്ല ഇതുവരെ. നമ്മള്‍ കോടതിയേയും കോടതി അന്വേഷണ ഏജന്‍സിയെയും വിശ്വസിക്കുന്നു. ജയിലിലായ ഒരു രാഷ്ട്രീയ നേതാവാണ് ബി.ജെ.പി.യുടെ നേതാവായ ബി.എസ്. യെദിയൂരപ്പ. അദ്ദേഹം ദക്ഷിണ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി.യുടെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു(കര്‍ണ്ണാട). അഴിമതി തന്നെ വിഷയം. ബീഹാറിലെ രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലുപ്രസാദ് യാദവ് ആണ് ജയിലില്‍ ആയ മറ്റൊരു നേതാവ്. ആദ്യം ഇദ്ദേഹത്തെ കുറ്റക്കാരനായി കോടതി കണ്ടപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് ഭാര്യ റാബറിദേവിയെ തല്‍സ്ഥാനത്ത് അവരോധിച്ചു. പിന്നീട് അനധികൃത സ്വത്ത് സമ്പാദന കേസ്സില്‍ കോടതി അദ്ദേഹത്തെ ജയിലില്‍ അടച്ചു. അതിനുശേഷം അദ്ദേഹത്തെ കാലിത്തീറ്റ കുംഭകോണകേസ്സില്‍ കോടതി അഞ്ച് വര്‍ഷത്തെ തടവിന് വിധിച്ചു. അദ്ദേഹത്തിന് ലോകസഭാംഗത്വം നഷ്ടപ്പെട്ടു. അദ്ദേഹം ഇപ്പോള്‍ ജാമ്യതിതലാണ്. പക്ഷേ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ യോഗ്യതയില്ല. തടവിലടക്കപ്പെട്ട മറ്റൊരു മുന്‍മുഖ്യമന്ത്രിയാണ് ഓം പ്രകാശ് ചൗത്താല(ഹരിയാന). അദ്ദേഹത്തെ 2013 ല്‍ പത്ത് വര്‍ഷത്തേക്കാണ് ഡല്‍ഹിയിലെ ഒരു കോടതി ഒരു അഴിമതികേസില്‍ തടവുശിക്ഷ വിധിച്ചത്. അദ്ദേഹവും ഇപ്പോള്‍ ജാമ്യത്തിലാണ്. എയര്‍ ആംബുലന്‍സില്‍ ജയിലില്‍ ജാമ്യത്തിലിറങ്ങിയ ചൗത്താല ആദ്യം ചെയ്ത സല്‍കര്‍മ്മം ഹരിയാനയിലെ ജിന്റില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയാണ്! കോടതി അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കുവാനുള്ള പുറപ്പാടിലാണ്. ജയിലിലായ മറ്റൊരു നേതാവാണ് ആന്ധ്രപ്രദേശിലെ മുന്‍മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകനും വൈ.എസ്. ആര്‍. കോണ്‍ഗ്രസിന്റെ  നേതാവുമായ ജഗ്മോഹന്‍ റെഡ്ഡി. ഇദ്ദേഹവും പിടിക്കപ്പെട്ടത് അനധികൃത  സ്വത്ത് സമ്പാദന കേസിലാണ്. ഒരു വര്‍ഷത്തെ തടവു ശിക്ഷക്കുശേഷം റെഡ്ഡി ഇപ്പോള്‍ ജാമ്യത്തില്‍ വെളിയിലാണ്. ഇവരുടെയൊക്കെ സ്വത്തുക്കളുടെ വ്യാപ്തി ആരെയും സ്തബ്ദരാക്കും. ആയിരക്കണക്കിന് കോടികളുടെ വസ്തുവകകള്‍ ആണ് ഈ ജനസേവകര്‍ സമ്പാദിച്ചുകൂട്ടിയിരിക്കുന്നത്!

റഷീദ് മസൂദ് എന്ന കോണ്‍ഗ്രസിന്റെ രാജ്യസഭ അംഗത്തിനാണ് ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍ ആദ്യമായി ജയലളിതയുടെ ഗതി ഉണ്ടായത്. രണ്ടാമത് ലാലുപ്രസാദ് യാദവും. അതായത് കോടതിവിധിയെ തുടര്‍ന്ന് ജനപ്രാതിനിധ്യം നഷ്ടം ആകുന്നത്. അതിനു മുമ്പ് അവസ്ഥ വെറെ ആയിരുന്നു. അതായത് കുറ്റവാളിയായി കോടതി വിധി പ്രസ്താവിച്ചു കല്‍തുറങ്കലില്‍ അടച്ചാലും(രണ്ട് വര്‍ഷത്തിനു മുകളില്‍) ഇവര്‍ക്ക് എം.പി. ആയോ എം.എല്‍.എ. ആയോ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആയോ തല്‍സ്ഥാനത്ത് തുടരാം. മൂന്ന് മാസത്തിനുള്ളില്‍ ഒരു അപ്പീല്‍ മേല്‍ക്കോടതിയില്‍ നല്‍കിയാല്‍ മതി ഇതായിരുന്നു ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് ഇവര്‍ക്ക് നല്‍കിയ അനൂകൂല്യവും ഒട്ടേറെപ്പേര്‍ ദുര്‍വിനിയോഗം ചെയ്തതും ആയ ഒരു നിയമവും. എന്നാല്‍ ഒരു മലയാളിയും അഭിഭാഷകയുമായ ലില്ലിതോമസ് ഒരു പൊതുതാല്‍പര്യ ഹര്‍ജ്ജിയിലൂടെ ഈ രക്ഷാകവചത്തെ ഭേദിച്ചു. ലില്ലി തോമസ് ഫാലി. എസ്. നരിമാന്‍ എന്ന പ്രശസ്ത അഭിഭാഷകനിലൂടെ നടത്തിയ ഈ നിയമ യുദ്ധത്തിന്റെ അവസാനത്തില്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ഒരു വിധി പ്രഖ്യാപിച്ചു. അതായത്  ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് ഭരണഘടന പ്രകാരം അസാധുവാണ്. കോടതി കുറ്റവാളിയെന്ന് കണ്ട് രണ്ടുവര്‍ഷത്തിനു മുകളില്‍ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ഒരു ജനപ്രതിനിധിക്കും ഭരണാധികാരിക്കും തല്‍സ്ഥാനത്ത് തുടരുക വയ്യ. അപ്പീല്‍ ഇവിടെ വിഷയം അല്ല. ശിക്ഷ വിധിക്കപ്പെട്ടാല്‍ ഉടന്‍ ഇവര്‍ സ്ഥാനം ഒഴിയണം. ജയിലില്‍ പോകണം. നേരത്തെയാണെങ്കില്‍ അപ്പീലില്‍ അവസാനത്തെ കോടതിയുടെ വിധിവരുന്നതുവരെ, അതിന് മുപ്പതോ നാല്‍പ്പതോ വര്‍ഷങ്ങള്‍ എടുത്തെന്നിരിക്കും, പ്രതിക്ക് തല്‍സ്ഥാനത്ത് തുടരാം. അങ്ങനെയായിരുന്നു ഇതിനു മുമ്പും പ്രതികൂല വിധികള്‍ ഉണ്ടായിട്ടും ജയലളിത രണ്ടു പ്രാവശ്യം മുഖ്യമന്ത്രി ആയത്. ഏതായാലും ലില്ലി തോമസിന്റെ  ആദ്യ ഇര റഷീദ് മസ്തൂദ് ആയിരുന്നു. ഒരു മെഡിക്കല്‍ കുംഭകോണത്തില്‍ അദ്ദേഹത്തിന് കോടതി നാല് വര്‍ഷം ആയിരുന്നു തടവു ശിക്ഷ വിധിച്ചത്. 2ജി സ്‌പെക്ട്രം പ്രതികള്‍ എം.രാജയും കനിമൊഴിയും കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതി വീരന്‍ സുരേഷ് കല്‍മാഡിയും കല്‍തുറങ്കില്‍ അടയ്ക്കപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരില്‍പ്പെടുന്നു. മധുകോഡ എന്ന മുന്‍ ഝാര്‍ഖണ്ട് മുഖ്യമന്ത്രി അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് തീഹാര്‍ ജയിലില്‍ ബന്ധനസ്ഥന്‍ ആയപ്പോള്‍ പകല്‍ പാര്‍ലമെന്റും രാത്രി തീഹാറും എന്ന അവസ്ഥയില്‍ ആയിരുന്നു. അന്ന് സുപ്രീംകോടതിയുടെ വിധി ലില്ലിതോമസ് കേസില്‍ വന്നിട്ടുണ്ടായിരുന്നില്ല.

ജയലളിതയിലേക്ക് മടങ്ങിവരാം. 66 കോടി രൂപയുടെ അഴിമതി കേസില്‍ 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രതിയായ ജയലളിതക്ക് ലഭിച്ചത് നാല് വര്‍ഷം  തടവും മുഖ്യമന്ത്രി എം.എല്‍.എ. സ്ഥാന നഷ്ടവും തെരഞ്ഞെടുപ്പ് മത്സരിക്കുന്നതില്‍ നിന്നും പത്ത് വര്‍ഷത്തെ വിലക്കും നൂറ് കോടിരൂപയുടെ പിഴയും പിടിച്ചെടുക്കപ്പെട്ട വസ്തുവകകളുടെ കണ്ടുകെട്ടലും ആയിരുന്നു. അധികാരത്തിലിരിക്കെ ശിക്ഷിക്കപ്പെട്ട്  സ്ഥാനഭ്രംശം സംഭവിക്കുന്ന ആദ്യത്തെ ഭരണാധികാരിയെന്ന പേരും ജയലളിതക്കു ലഭിച്ചു. ശിക്ഷപ്രകാരം 10 വര്‍ഷം അയോഗ്യത ജയലളിതയുടെ 76-#ാ#ം വയസ്സിലെ തീരുകയുള്ളൂ. ആയിരം ഏക്കര്‍ തേയിലതോട്ടം നീലഗിരിയില്‍ ജയലളിതയുടെ കമ്പനിയുടെ പേരില്‍ ജയലളിത വാങ്ങിയത് അവര്‍ക്കെതിരായ വലിയ ഒരു ആരോപണം ആയിരുന്നു. കൂടാതെ കോടികള്‍ മുടക്കി നടത്തിയ വളര്‍ത്തുമകന്റെ വിവാഹവും ജയലളിതയുടെ ധൂര്‍ത്തിന്റെയും അഴിമതിയുടെയും അടയാളം ആയി ചൂണ്ടികാട്ടപ്പെട്ടു. അഞ്ച് പെട്ടികള്‍ നിറയെ ആയിരുന്നു സ്വര്‍ണ്ണവും രത്‌നങ്ങളും പിടിച്ചെടുത്തത്. 2,389 രത്‌നങ്ങള്‍ പതിച്ച സ്വര്‍ണ്ണ അരപ്പട്ട മറ്റൊരു തൊണ്ടി വസ്തു. പതിനായിരത്തിലേറെ സാരികളും 700 ജോഡി പാദരക്ഷകളും മറ്റ് തെളിവുകള്‍. പതിനോരായിരം രൂപ ശമ്പളം വാങ്ങുന്ന ഒരു മുഖ്യമന്ത്രിക്ക് ഇവയെല്ലാം എങ്ങനെ സ്വന്തം ആക്കുവാന്‍ സാധിച്ചു എന്നതായിരുന്നു കോടതി മുമ്പാകെയുള്ള ചോദ്യം. (ജയലളിത പേരിന് ഒരു രൂപ മാത്രം ആയിരുന്നു വാങ്ങിയിരുന്നതെന്നത് മറ്റൊരു വസ്തുത). ഏതായാലും കോടതി പ്രോസിക്യൂഷന്‍ ആരോപണം ശരിവച്ചു. അവിഹിത ധനാര്‍ജ്ജവവും അധികാരവും തമ്മില്‍ കൂട്ടിക്കുഴക്കുന്നതാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഭീഷണി എന്ന് വിധിന്യായത്തില്‍ മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് അല്‍ ഗോറിന്റെ assault on Reason എന്ന പുസ്തകത്തില്‍ നിന്നും ഉദ്ധരിച്ചുകൊണ്ട് ബാംഗ്ലൂരിലെ പ്രത്യേക കോടതിയിലെ ജഡ്ജി ജോണ്‍ മൈക്കേല്‍ ചുന്‍ഹ അഭിപ്രായപ്പെട്ടു.

പ്രത്യേക ജഡ്ജിയുടെ അഭിപ്രായം വളരെ ശരിയാണ്. ഇന്‍ഡ്യന്‍ ജനാധിപത്യം അവിഹിത ധനക്കരുത്തിന്റെയും അഴിമതിയുടെയും വര്‍ഗ്ഗീയ ജാതി വല്‍ക്കരണത്തിന്റെയും കുടുംബാധിപത്യത്തിന്റെയും നീരാളി പിടുത്തത്തിലാണ്. ജയലളിതയുടെ തടവുശിക്ഷയിലൂടെ ഇത് അവസാനിക്കുമെന്ന് കരുതുന്നത് മണ്ടത്തരം ആണ്. ജയലളിത രാഷട്രീയ ചരടുവലിയിലൂടെ പുറത്ത് വരികയും  വീണ്ടും മുഖ്യമന്ത്രികസേരയില്‍ ഇരുന്നുവെന്നും വരാം. ജയലളിതയുടെ 37 ലോക്‌സഭ അംഗങ്ങളും 11 രാജ്യസഭ അംഗങ്ങളും ഭരണകക്ഷിക്ക് വിലപ്പെട്ടതാണ്. പോരെങ്കില്‍ ലോക്‌സഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും(എം.പി. തമ്പി ദുരൈ) ജയലളിതയുടെ പാര്‍ട്ടിക്കാണ് മോഡിസര്‍ക്കാര്‍ നല്‍കിയത്. അപ്പോള്‍ ജയലളിതമാരും എ.രാജമാരും(ഡി.എം.കെ.) ഉണ്ടാകാതിരിക്കണമെങ്കില്‍ രാഷ്ട്രീയ വ്യവസ്ഥിതി മാറണം. ഉദാഹരണമായി എത്ര പതിനായിര കണക്കിന് കോടി രൂപയാണ് തെരഞ്ഞെടുപ്പുകള്‍ക്ക് ഓരോ പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയും ചിലവഴിക്കുന്നത്? ഈ പണം എവിടെ നിന്നും വരുന്നു? അഴിമതി അല്ലെങ്കില്‍ മറ്റെന്താണ് അതിന്റെ ഉത്ഭവസ്ഥാനം. ഇത് എങ്ങനെ തടയാം? ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ കാലാകാലങ്ങളായി തെരഞ്ഞെടുപ്പ് കമ്മീഷനും രാജ്യസ്‌നേഹമുള്ള പൗരന്മാരും നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഒന്നുപോലും നടപ്പിലാക്കിയിട്ടില്ല. കാരണം കക്ഷിഭേദമെന്യെ ഭരണത്തിലിരിക്കുന്നവര്‍ക്ക് ഇതിലൊക്കെ പങ്കുണ്ട്. ഇത് തുടരുന്നിടത്തോളം കാലം ജയലളിതമാരും രാജമാരും കല്‍മാഡിമാരും സംഭവിച്ചുകൊണ്ടേയിരിക്കും.



ജയലളിതയുടെ ജയില്‍വാസം രാഷ്ട്രീയം ശുദ്ധമാക്കുമോ?(ഡല്‍ഹി കത്ത് : പി.വി.തോമസ്)
Join WhatsApp News
Squinted eye 2014-10-06 17:52:48
She is going to loose weight and come out of the jail with Jeans on.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക