Image

ഏനുണ്ടോടി താമരചന്തം....(സുധീര്‍പണിക്കവീട്ടില്‍)

Published on 04 October, 2014
ഏനുണ്ടോടി താമരചന്തം....(സുധീര്‍പണിക്കവീട്ടില്‍)
ഒരു സംശയം ഈ വരികളിലുണ്ട്‌. എല്ലാ സ്‌ത്രീമനസ്സുകളിലും തുടികൊട്ടുന്ന ഒരു വികാരമാണത്‌.ഞാന്‍ സുന്ദരിയാണോ? അണിഞ്ഞാലും അണിഞ്ഞാലും പോരാ എന്ന തോന്നല്‍.അപ്പോള്‍ ഒരു ചോദ്യമുയരുന്നു. ആര്‍ക്ക്‌വേണ്ടി സ്‌ത്രീ അണിഞ്ഞൊരുങ്ങുന്നു.സൗന്ദര്യം കാഴ്‌ചക്കാരുടെ കണ്ണിലാണെങ്കില്‍ അണിഞ്ഞൊരുങ്ങുന്നത്‌ മറ്റുള്ളവര്‍ക്ക്‌വേണ്ടിതന്നെ. അങ്ങനെ കണ്ണെഴുതിപൊട്ടുംതൊട്ട്‌, പൊന്നാഭരണങ്ങളുമണിഞ്ഞ്‌ സ്‌ത്രീകള്‍ നടക്കുമ്പോള്‍ കവിപാടിയപോലെ ഭൂമികോരിത്തരിക്കുമോ എന്നറിയില്ല. എന്നാല്‍ സൗന്ദര്യാരാധകനായ പുരുഷന്റെ മനസ്സ്‌ ഒന്ന്‌ പിടയും. ആ ദര്‍ശനലഹരിയില്‍ അവന്‍മനസ്സില്‍പാടിപോകും. `സുന്ദരിമാരെ കണ്ടാലെന്നുടെ കണ്ണിനകത്തൊരു ചുടുവാതം, ഒരു പെണ്മണിവഴിയെ നടന്ന്‌പോയാല്‍ ഇടക്കഴുത്തിനുപിടിവാതം' കുറച്ചുകൂടി ആവേശം കൊള്ളുന്നവര്‍ നെയ്‌റോസ്‌റ്റ്‌പോലുള്ള അവളുടെ വെയ്‌സ്‌റ്റ്‌ (Waist) കണ്ട്‌ വായില്‍വെള്ളമൂറി (ഏതൊ കവിയുടെ ഭാവനയാണ്‌്‌)`ഞാനൊരു ബ്രഹ്‌മചാരി, പ്രേമിക്കലാണു ഹോബി, എനിക്കില്ല വാരിയെല്ല്‌ നാട്ടാരുകൂടിയൂരി' ഇങ്ങനെ അലറാനും സാദ്ധ്യതയുണ്ട്‌. ഈ പാട്ടെഴുതുന്ന കാലത്ത്‌ പെണ്ണുങ്ങള്‍ ജീന്‍സ്‌ ധരിച്ചിരുന്നില്ല.അപ്പോള്‍ വേഷത്തിലല്ല കാര്യം എന്ന്‌ വ്യക്‌തം.കാരണം ആ പാട്ടിലെമറ്റൊരുവരി ഇങ്ങനെയാണ്‌. പെണ്ണൊന്ന്‌ നോക്കിനിന്നാല്‍ മണ്ണില്‍മയങ്ങിവീഴും, പെണ്ണെന്ന്‌ കണ്ണടിച്ചാല്‍ അയ്യോനിലം പതിക്കും.ഇണയെ ആകര്‍ഷിക്കുക എന്നത്‌ പ്രക്രുതി നിയമം. മനുഷ്യനു ബുദ്ധികൂടിയത്‌കൊണ്ട്‌ അവന്റെ പ്രേമപ്രകടനങ്ങള്‍ ചിലപ്പോള്‍ ആഭാസകരമായിപോകുന്നു. അത്‌കൊണ്ട്‌പെണ്‍കുട്ടികള്‍ അണിഞ്ഞൊരുങ്ങാതെയിരിക്കണമെന്നില്ല.

ദൈവം അവന്റെ പ്രതിഛായയില്‍ മനുഷ്യനെ സ്രുഷ്‌ടിച്ചുവെന്ന്‌ മനുഷ്യര്‍ക്ക്‌ പ്രത്യേകിച്ച്‌ സ്ര്‌തീകള്‍ക്ക്‌ വിശ്വാസം ഉള്ളതായി കാണുന്നില്ല. എല്ലാവരും അവനവന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നതില്‍ എപ്പോഴും ബദ്ധശ്രദ്ധരാണു.എന്തല്ലാം തരത്തിലുള്ള വസ്‌ത്രധാരണരീതിയാണ്‌ ലോകമെമ്പാടുമുള്ളത്‌. ശരീരഘടനക്കനുസരിച്ചോ കാലാവസ്‌ത്തക്കനുസരിച്ചോ ഓരോരുത്തരും വസ്‌ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നു. ചില രാജ്യക്കാരുടെ വസ്ര്‌തരീതിലോകം മുഴവനുമുള്ളവര്‍ അനുകരിക്കുന്നു. ചിലവസ്ര്‌തരീതികള്‍ അപ്രത്യക്ഷമാകുന്നു. സാരിയെന്ന വസ്‌ത്രരീതി മാത്രം ഭാരതത്തില്‍ ഒതുങ്ങി നില്‍ക്കുന്നു.അതും സമീപഭാവിയില്‍ അപ്രത്യക്ഷമാകാനാണുസാദ്ധ്യത. ഇപ്പോള്‍ സ്‌ത്രീപുരുഷഭേദ്യമെന്യെ എല്ലാവരും ഒരേ ജാതി വസ്ര്‌തങ്ങള്‍ ധരിക്കുന്നുണ്ട്‌.ബൈബിളില്‍ ഇങ്ങനെ കാണുന്നു. ഒരു സ്ര്‌തീപുരുഷന്മാരുടെ വസ്ര്‌തങ്ങളണിയരുത്‌. പുരുഷന്മാര്‍ സ്‌ത്രീകളുടെ വസ്‌ത്രങ്ങളും ധരിക്കരുത്‌. അത്‌ നിങ്ങളുടെ ദൈവമായയ ഹോവക്ക്‌വെറുപ്പുളവാക്കുന്നതാണ്‌്‌. (ആവര്‍ത്തനം 22:5) സ്ര്‌തീകളുടെ വസ്ര്‌തധാരണരീതി പുരുഷന്മാരെ പ്രലോഭിപ്പിക്കുന്നു എന്ന്‌പലരും കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും അത്‌ചെവികൊള്ളാന്‍ സ്‌ത്രീകള്‍ തയ്യാറല്ല. കാരണം ഇണയെ ആകര്‍ഷിപ്പിക്കുകയെന്നത്‌ ഓരോ ജീവികളുടേയും പ്രക്ര്‌തിദത്തമായ കര്‍ത്തവ്യമാണ്‌്‌. പക്ഷികളും മൃഗങ്ങളും അങ്ങനെ ആകര്‍ഷിച്ചും ആകര്‍ഷിപ്പിച്ചും സുഖമായി ജീവിച്ചു പോകുന്നെങ്കിലും മനുഷ്യര്‍ക്ക്‌ അത്രത്തോളം സ്വാതന്ത്ര്യമില്ല. പ്രത്യേകിച്ച്‌ സ്‌ത്രീകള്‍ക്ക്‌.

സിന്ധുനദീത്തട സംസ്‌കാര കാലം തൊട്ട്‌പുരാതന ഭാരതത്തില്‍ സ്‌ത്രീകള്‍ സൗന്ദര്യവര്‍ദ്ധക വസ്‌തുക്കള്‍ ഉപയോഗിച്ചിരുന്നതിനു തെളിവുകള്‍ കിട്ടിയിട്ടുണ്ട്‌.അണ്ഡാക്രുതിയിലുള്ള കണ്ണാടിയും പല തരം ചീര്‍പ്പുകളും അവര്‍ ഉപയോഗിച്ചിരുന്നു.മഞ്ഞളും, ചന്ദനവും, കുങ്കമവും, കടലമാവും, കടുകും മഞ്ഞളും കൂട്ടിയരച്ച്‌ മഞ്ഞകടുകും ചേര്‍ത്ത ഒരു ലേപനം വേദമന്ത്രങ്ങളുടെ അകമ്പടിയോടെ സ്‌ത്രീപുരുഷ ഭേദമെന്യേ ദേഹമാസകലം പുരട്ടിയിരുന്നു. രതിശില്‍പ്പങ്ങള്‍ക്ക്‌ പ്രസിദ്ധിയാര്‍ജ്‌ജിച്ച ഖജുറാവോയില്‍ കണ്ണാടിനോക്കിസ്വന്തം സൗന്ദര്യം ആസ്വദിക്കുന്ന ഒരു സുന്ദരിയുടെ ജീവന്‍ തുടിക്കുന്നപോലെയുള്ള ഒരു രൂപം കൊത്തിവച്ചിരിക്കുന്നത്‌ അക്കാലത്തെ സ്‌ത്രീകളുടെ ദിനചര്യകളിലേക്ക്‌ വെളിച്ചം വീശുന്നതാണ്‌. സൗന്ദര്യവര്‍ദ്ധന വസ്‌തുക്കള്‍ ഉണ്ടാക്കുന്നതില്‍ ഭാരതം എപ്പോഴും മുന്നിലായിരുന്നു. 2600 വര്‍ഷങ്ങള്‍ക്ക്‌മുമ്പ്‌ ഒരാളുടെ മൂക്കിന്റെ ആക്രുതിശസ്ര്‌തക്രിയയിലൂടെ മനോഹരമാക്കി പ്ലാസ്‌റ്റിക്‌ സര്‍ജറി എന്നു ഇന്നറിയപ്പെടുന്ന സാങ്കേതിക വിദ്യക്ക്‌ തുടക്കമിട്ടു.ഹിപ്പൊക്രറ്റിനു 150 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ജീവിച്ചിരുന്ന സുഷ്രുത പ്ലാസ്‌റ്റിക്ക്‌ സര്‍ജറിയെപ്പറ്റി വിശദ്‌മായി അദ്ദേഹത്തിന്റെ സുഷ്രുതസംഹിത എന്ന പുസ്‌തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌.

അണിഞ്ഞൊരുങ്ങാന്‍ എല്ലാ സ്ര്‌തീകളും ഇഷ്‌ടപ്പെടുന്നു. അത്‌ ഒരു പക്ഷെ സ്വന്തം സൗന്ദര്യം കൂടുതല്‍ ആകര്‍ഷകത്വത്തോടെ പ്രദര്‍ശിപ്പിച്ച്‌ പുരുഷ ഹൃദയങ്ങളെ മോഹിപ്പിക്കാനോ അല്ലെങ്കില്‍ തന്നില്‍തന്നെ ആനന്ദം കണ്ടെത്താനോ ആയിരിക്കാം. അല്ലെങ്കില്‍ ഇതുരണ്ടിനുമായിരിക്കും. കവികളും സാഹിത്യകാരന്മാരും ഈ സൗന്ദര്യധാമങ്ങളെക്കുറിച്ച്‌ മനോഹരമായി എഴുതിസാഹിത്യത്തിനു മുതല്‍കൂട്ട്‌ ഉണ്ടാക്കിയിട്ടുണ്ട്‌. സ്ര്‌തീകള്‍ അണിഞ്ഞൊരുങ്ങുന്നത്‌ അതിനായിതയ്യാറെടുക്കുന്നതുംപുരുഷനയനങ്ങള്‍ക്ക്‌ ഉത്സവമേകാന്‍തന്നെയെന്ന്‌ ചിലര്‍വാദിക്കുന്നു. (വെണ്ണതോല്‍ക്കുമുടലില്‍ സുഗന്ധിയാം എണ്ണ തേച്ചരയിലൊറ്റ മുണ്ടുമായി..ഇങ്ങനെ ഒരു കവി എഴുതി. അതെക്കുറിച്ച്‌ ഒരു പ്രശസ്‌ത വിമര്‍ശകന്‍ എഴുതി: ഈ വരികള്‍ എഴുതാന്‍ ഈ മേനോന്‍ മനസ്സ്‌കൊണ്ട്‌ എത്രമാത്രം വ്യഭിചരിച്ചിരിക്കണം) ചില്ലറ വ്യഭിചാരങ്ങളും, ബലാത്സംഗങ്ങളും എല്ലാ പുരുഷ ഹൃദയങ്ങളിലും മുറപോലെനടക്കുന്നു. മുറപോലെ എന്ന്‌പറഞ്ഞത്‌ പ്രായവും ആരോഗ്യവുമനുസരിച്ച്‌ എന്നാണ്‌ ചുറ്റും സൗന്ദര്യധാമങ്ങളെകണ്ട്‌ നിയന്ത്രിക്കനാവാത്ത പ്രണയദാഹവുമായി എന്നാല്‍ സദാചാരം എന്ന ഉണര്‍വ്വുള്ള പാറവുകാരനെ കണ്ട്‌ ശപിച്ച്‌ ്‌പുരുഷ ഹ്രുദയങ്ങള്‍പാടുന്നു: കയ്യും കെട്ടിവായും മൂടി ഞാനിരിക്കുന്നു, കണ്ണിന്‍മുന്നില്‍ പാല്‍ പ്രഥമന്‍ ഉറുമ്പരിക്കുന്നു.ദൈവം സുന്ദരിമാരെ സ്രുഷ്‌ടിക്കുന്നത്‌ പുരുഷനുവേണ്ടിയല്ലേ എന്ന്‌ സമ്മതിക്കാന്‍ സ്‌ത്രീകള്‍ തയ്യാറല്ലെങ്കിലും അവര്‍ക്കൊക്കെ സുന്ദരിമാരാകാന്‍ മനസ്സില്‍ ആശയുണ്ട്‌. പൊന്‍കുന്നം വര്‍ക്കി ഒരു കഥയില്‍ എഴുതി : സ്‌ത്രീ എന്ന്‌പറയുന്ന്‌ത്‌ ഉപ്പാണ്‌്‌. പുരുഷനായ മരത്തില്‍ ചുറ്റിപടരാതെ വളരാന്‍ അവര്‍ക്ക്‌ നിര്‍വ്വാഹമില്ല. ഒരു സ്‌ത്രീ അവളുടെ സ്വ്‌പനങ്ങള്‍ കൊത്തിവിരിയിക്കുന്നത്‌ പുരുഷന്റെ മാറിലെ ചൂട്‌കൊണ്ടാണ്‌. ഒരു പുരുഷനു സമര്‍പ്പിക്കാനുള്ളതല്ലാതെ ഒരു സ്‌ത്രീക്ക്‌ സ്വന്തമായി എന്താണുള്ളത്‌? വര്‍ക്കി സാര്‍ എഴുതിയത്‌ കുറച്ച്‌്‌ ഏറിപോയോ? ഭാരതത്തിന്റെ പാരമ്പര്യമനുസരിച്ച്‌ പതിയെ ഈശ്വരനെപൊലെ പൂജിക്കണമെന്നാണ്‌. എല്ലാം ഈശ്വരനു നല്‍കാനാണെങ്കില്‍പിന്നെ അത്‌ മനോഹരമായി അലങ്കരിച്ചു തന്നെ നല്‍കുന്നതാണു ശരി. സ്ര്‌തീയുടെ സൗന്ദര്യസങ്കല്‍പ്പത്തില്‍ നിന്നായിരിക്കും അവള്‍ പോലുമറിയാതെ അവള്‍ പുരുഷന്റെ ഉപഭോഗവസ്‌തുവായി തീര്‍ന്നത്‌.

മയിലിന്റെ പീലിസുന്ദരമാണ്‌. എന്നാല്‍ അതിന്റെ കാലുകള്‍ക്ക്‌ അഭംഗിയുണ്ട്‌. മഴക്കാര്‍ വിടര്‍ത്തിനില്‍ക്കുന്ന മാനത്തിന്‍ ചോട്ടില്‍ ന്രുത്തം ചെയ്യുന്ന മയിലുകളുടെ കണ്ണില്‍ വെള്ളം നിറയാറുണ്ട്‌. അത്‌ സന്തോഷത്തിന്റേയും സങ്കടത്തിന്റേയും പ്രതീകമാണ്‌.മനോഹരമായ പീലി ന്രുത്തം ആടി സ്വയം ആനന്ദിക്കുകയും ഇണയെ ആകര്‍ഷിക്കുകയും ചെയ്യുമ്പോള്‍ മയിലുകള്‍ക്ക്‌ അനിര്‍വ്വചനയീമായ ആനന്ദം അനുഭവപ്പെടുമത്രെ. എന്നാല്‍ തന്റെ കാലുകള്‍ വിരൂപങ്ങളാണല്ലോ എന്നോര്‍ത്ത്‌ അവയുടെ കണ്ണില്‍ വെള്ളം നിറയുന്നു .മനുഷ്യരിലും ഈ ദു:ഖം പ്രകടമായി കാണാവുന്നതാണു്‌. കാരണം ദൈവം എക്ലാവര്‍ക്കും ഒന്നും മുഴുവനായി കൊടുക്കുന്നില്ല.സാത്വിക ഭാവങ്ങളും, പ്രസന്നതയും ചിലര്‍ക്ക്‌ കിട്ടുമ്പോള്‍ ചിലരെദൈവം മദാലസ രൂപത്തില്‍ സൃഷ്‌ടിച്ചു വിടുന്നു.രൂപ ഭംഗി കൂട്ടാനും മാറ്റാനുമായിപലരും സൗന്ദര്യവര്‍ദ്ധക വസ്‌തുക്കള്‍ ഉപയോഗിക്കുന്നു. തന്മൂലം കാന്തിവര്‍ദ്ധന വസ്‌തുക്കള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ ഇന്നുവിപണിയില്‍ ലാഭം കൊയ്‌ത്‌കൊണ്ടിരിക്കുന്നു.

സ്‌ത്രീകളുടെ ഉടയാടയില്‍ മതം നോട്ടമിടുന്നത്‌ ശരിയല്ലെന്ന കാര്യത്തില്‍ യോജിക്കുന്നവരും യോജിക്കത്തവരുമുണ്ട്‌. ആദ്യരാത്രിയില്‍ മണിയറയില്‍ പ്രവേശിക്കുന്ന സ്‌ത്രീഎങ്ങനെ വസ്ര്‌തമണിയണമെന്നു അവളുടെ തീരുമാനമാണ്‌. അതിനുശേഷവും. വിവാഹദിവസം അണിഞ്ഞൊരുങ്ങുന്നതും മണിയറ അലങ്കരിക്കുന്നതും രതിക്രീഢക്കാണെങ്കില്‍ ആ വിനോദത്തിനു വസ്ര്‌തങ്ങളുടെ ആവശ്യകതയുണ്ടൊ എന്ന ന്യായമായ സംശയം ആര്‍ക്കും തോന്നാവുന്നതാണ്‌. എന്തിനാണു സുന്ദരനും സുന്ദരിയുമാകുന്നത്‌്‌. ഇണയെ ആകര്‍ഷിക്കാന്‍ തന്നെ.അത്‌വംശവര്‍ദ്ധനവിനുമാണു.പ്രക്രതിയും അതുതന്നെയാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌. ആനകള്‍ക്ക്‌ മദമിളകുമ്പോള്‍ അവ കാട്ടില്‍ ചുറ്റിനടന്നു ചിന്നം വിളിച്ച്‌്‌ ഇണയെ ആകര്‍ഷിക്കുന്നു. ഒരു പക്ഷെ `നീ വരൂ പ്രേമസര്‍വ്വ്‌സ്വമേ.. എന്നായിരിക്കും ആ ചിന്നം വിളികളുടെ അര്‍ത്ഥം. മൃഗങ്ങളുടേയും, പക്ഷികളുടേയും ഭാഷയറിയുന്ന വരരുചി ഉണ്ടായിരുന്നെങ്കില്‍ എന്താണു ആനകള്‍ പറയുന്നത്‌ എന്നറിയാമായിരുന്നു. പൂങ്കുയിലുകള്‍ കൂ കൂ എന്ന്‌ നീട്ടിപാടുന്നതിന്റെ അര്‍ത്ഥം നീഎവിടെയെന്നാണ്‌. പിടിയാനകള്‍ക്ക ്‌വര്‍ഷത്തില്‍ നാലുതവണയെ കാമജ്വരം (estrus) ഉണ്ടാകുന്നുള്ളു. കൊമ്പാനനകള്‍ ഇണയെ ആകര്‍ഷിക്കാനുള്ള ഒരു സ്രാവം (pheromone)മൂത്രത്തിനൊപ്പം ഉത്സര്‍ജ്‌ജിക്കുന്നു. മൈലുകളോളം അതിന്റെ ഗന്ധം പരക്കുന്നു. ആ മണത്തില്‍ ആക്രുഷ്‌ടരായി പിടിയാനകള്‍ കൊമ്പനെ തേടിവരുന്നു.

സുന്ദരിമാരുടെ മന്ദഹാസമഴയില്‍ നനഞ്ഞ്‌ പ്രേമത്തിന്റെ സരിഗമപാടിനടക്കുന്ന കോളേജ്‌ ജീവിതകാലം പലര്‍ക്കും അവിസ്‌മരണീയമാണു. കൂടെ പഠിക്കുന്ന പെണ്‍കിടാങ്ങളുടെ സൗന്ദര്യലഹരിമത്ത്‌ പിടിപ്പിക്കുന്ന അസുലഭ കാലഘട്ടം. നെറ്റിയില്‍ വരക്കുറിയും കറുത്തപൊട്ടും തൊട്ട്‌ തെല്ല്‌ പരിഭ്രമത്തോടെ, സങ്കോചത്തോടെ വരാന്തയിലൂടെ മന്ദം മന്ദം നടന്നുവന്ന പെണ്‍ക്കുട്ടിയെനോക്കി അന്നത്തെ ആണ്‍കുട്ടികള്‍പാടി.: അശ്വതിനക്ഷത്രമേ എന്‍ അഭിരാമ സങ്കല്‍പ്പമേ...`വില കൂടിയവസ്ര്‌തങ്ങളോ, ആഭരണങ്ങളൊ, വിസ്‌തരിച്ച ചമയങ്ങളൊ ഒന്നുമില്ലാതിരുന്ന ആ പെണ്‍കുട്ടിയില്‍ശാലീന സൗന്ദര്യം ആണ്‍കുട്ടികള്‍ കണ്ടിരുന്നു. എള്ളെണ്ണ മണം വീശും എന്നുടെ മുടിക്കെട്ടില്‍ മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരന്‍ എന്ന്‌ അറപ്പുരവാതില്‍ക്കലിരുന്ന്‌ പാടിയ സ്ര്‌തീയും മുന്തിയ ചമയങ്ങള്‍ ഒന്നും അണിഞ്ഞിരുന്നില്ല. അപ്പോള്‍ സൗന്ദര്യം എന്താണു, എവിടെയാണെന്നൊക്കെ സ്ര്‌തീപുരുഷന്മാര്‍ ചിന്തിക്കുന്നു. തല നിറയെ എണ്ണ തേച്ച്‌ ചന്ദനക്കുറിയും, പിന്നിയമുടിയും, ദാവുണിയുമൊക്കെ ചുറ്റിവരുന്നവളെ ഇപ്പോഴത്തെതലമുറ `കണ്ട്രി' എന്ന്‌ വിളിക്കുന്നു. ഒന്നും ഒന്നരയും ചുറ്റി കവിളില്‍ മഞ്ഞള്‍ തേച്ച്‌്‌ കറുത്തപൊട്ടും തൊട്ട്‌ നടന്നവളും ഇപ്പോള്‍ മുടിമുറിച്ച്‌ ജീന്‍സും ഷര്‍ട്ടുമിട്ടും നടക്കുന്നവളും പുരുഷന്മാര്‍ക്ക്‌ ഉന്മാദലഹരിപകരുന്നുണ്ട്‌.വിശ്വസുന്ദരി എന്നറിയപ്പെട്ടിരുന്ന ക്ലിയോപാട്ര പനിനീര്‍ ഇതളുകള്‍ വിതറിയ പാലില്‍മുങ്ങികിടന്നു കുളിക്കുമായിരുന്നത്രെ. ജപ്പാനിലെ സുന്ദരിമാര്‍ അവരുടെ തലമുടിയിലാണു സൗന്ദര്യം കണ്ടിരുന്നത്‌. അരയ്‌ക്ക്‌ രണ്ടടിതാഴെ മുടിനീണ്ടു കിടക്കണമെന്നവര്‍ നിഷ്‌കര്‍ഷിച്ചിരുന്നു.പുരാതന ഗ്രീസ്സിലെ സുന്ദരിമാര്‍ ഒലിവ്‌ എണ്ണയും തേനും സൗന്ദര്യവര്‍ദ്ധനവിനുവേണ്ടി ഉപയോഗിച്ചു.സ്വര്‍ണ്ണതലമുടി അവര്‍ക്ക്‌ ഹരമായിരുന്നു. മുടിക്ക്‌ സ്വര്‍ണ്ണവര്‍ണ്ണം കിട്ടാന്‍ അവര്‍ വിനാഗിര്‍ ഉപയോഗിച്ചു വന്നു. പശ്‌ചിമ യൂറോപ്പില്‍ വിവാഹിതരായ സ്ര്‌തീകള്‍ അവരുടെ തലമുടിമറച്ച്‌ നടന്നിരുന്നു.കാരണം സ്ര്‌തീയുടെ സൗന്ദര്യം മുടിയിലാണെന്ന്‌ അവര്‍ വിശ്വസിച്ചിരുന്നു.തലമുടി കണ്ട്‌ ആരും പിന്നാലെ വരേണ്ടയെന്ന ഒരു മുന്‍ കരുതല്‍.പുഞ്ചിരിക്കുന്ന എല്ലാമുഖങ്ങളും സുന്ദരമാണെന്ന്‌ ആരോപറഞ്ഞിട്ടുണ്ട്‌. നിങ്ങള്‍ എന്തുധരിച്ചാലും ഒരു പുഞ്ചിരിധരിക്കാതിരിക്കരുതെന്ന്‌ പറയുന്ന്‌ അത്‌കൊണ്ടാണ്‌. സൗന്ദര്യത്തിന്റെ പ്രതീകമായി ബോട്ടിസെല്ലിയുടെ വീനസ്സ്‌ എന്ന ചിത്രം നിലകൊള്ളുന്നു. എല്ലാ സ്ര്‌തീകളും വീനസ്സിനെ പോലെ സുന്ദരിയാകാന്‍ ആഗ്രഹിക്കുന്നു.സൗന്ദര്യവര്‍ദ്ധന വസ്‌തുക്കളും വസ്ര്‌തങ്ങളും ഒരു ഇഷ്‌ടം പോലെ സ്ര്‌തീകള്‍ക്ക്‌ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും മതമേധാവികള്‍ അവക്ക്‌ വിലക്ക്‌ കല്‍പ്പിക്കുന്നു. ബൈബിള്‍ ഇങ്ങനെപറയുന്നു. സ്‌ത്രീകള്‍ തങ്ങള്‍ക്ക്‌ യോജിച്ച വസ്ര്‌തം ധരിക്കണമെന്നു ഞാന്‍ ആവശ്യപ്പെടുന്നു. അന്തസ്സിനും എളിമക്കും ചേര്‍ന്ന വസ്ര്‌തങ്ങളാണ്‌ സ്ര്‌തീകള്‍ ധരിക്കേണ്ടത്‌.അവര്‍ തങ്ങളെ തന്നെസുന്ദരികളാക്കുവാന്‍ വേണ്ടി ആകര്‍ഷകങ്ങളായ കേശാലങ്കാരങ്ങളോ സ്വര്‍ണ്ണമോ മുത്തൊവില കൂടിയ വസ്ര്‌തങ്ങളൊ ഉപയോഗിക്കരുത്‌.(വിശുദ്ധവേദപുസ്‌തകം- തിമൊത്തി 2-10).

എന്തിനാണ്‌ സ്‌ത്രീകള്‍ അണിഞ്ഞൊരുങ്ങുന്നത്‌ എന്ന ചോദ്യത്തിനുത്തരം താഴെപറയുന്ന പാട്ടില്‍ ഉണ്ട്‌.നിന്നെകാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ, എന്നിട്ടെന്തെ നിന്നെകെട്ടാന്‍ ഇന്നുവരെവന്നില്ലാരും. ചന്തം ഉണ്ടായിട്ടും, ചന്തം വരുത്തിയിട്ടും ആരും വന്നില്ലെന്ന പരാതി. ആകാശത്തില്‍നക്ഷത്രങ്ങള്‍പോലേയും, ഭൂമിയില്‍മണല്‍ത്തരികള്‍പോലേയും സന്താനങ്ങള്‍ ഉണ്ടാകേണ്ടത്‌ പ്രക്രുതിയുടെ ആവശ്യമാണ്‌. ആ വാസന ആണ്‍-പെണ്‍ മനസ്സുകളില്‍ ഉള്ളത്‌കൊണ്ട്‌ അവര്‍ പരസ്‌പരം ആകര്‍ഷിക്കപ്പെടാന്‍ ഭംഗി വര്‍ദ്ധിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ദൈവം അദ്ദേഹത്തിന്റെ സാദ്രുശ്യത്തില്‍ മനുഷ്യനെ സൃഷ്‌ടിച്ചെങ്കിലും മനുഷ്യര്‍ ആ സാദ്രുശ്യത്തില്‍ തൃപ്‌തരല്ലെന്ന കാര്യത്തില്‍ വിരോധമുണ്ടായി ഇനി അദ്ദേഹം മനുഷ്യരാശിയുടെമേല്‍ എന്തുശാപമായിരിക്കും വര്‍ഷിക്കുകയെന്നു കോസ്‌മെറ്റിക്ക്‌ കമ്പനികള്‍ ആശങ്കപ്പെടുന്നുണ്ടാകും.

ശുഭം
ഏനുണ്ടോടി താമരചന്തം....(സുധീര്‍പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക