Image

എഴുത്തുകാരും മാദ്ധ്യമങ്ങളും (വാസുദേവ്‌ പുളിക്കല്‍)

Published on 11 October, 2014
എഴുത്തുകാരും മാദ്ധ്യമങ്ങളും (വാസുദേവ്‌ പുളിക്കല്‍)
എഴുത്തുകാര്‍ എന്ന്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌ കേരളത്തിലും കേരളത്തിന്‌ പുറത്തുമുള്ള അസംഖ്യം വരുന്ന എഴുത്തുകാരേയല്ല. അമേരിക്കന്‍ മലയാളി എഴുത്തുകാരേയും മാദ്ധ്യമങ്ങളേയും കുറിച്ച്‌ ഒരു ലഘു പ്രതി പാദ്യം മാത്രമെ ഉദ്ദേശിക്കുന്നുള്ളു. സര്‍ഗ്ഗധനന്മാരായ നിരവധി എഴുത്തുകാര്‍ അമേരിക്കയില്‍ ഉള്ളതു കൊണ്ട്‌ അമേരിക്കന്‍ മലയാള സാഹിത്യരംഗത്ത്‌ സാഹിത്യ രചനകള്‍ക്ക്‌ ക്ഷാമമൊന്നുമില്ല. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്‌ കരസ്‌ഥമാക്കിയ, ടഗോറിന്റെ ഗീതാജ്‌ഞലി മലയാളത്തിലേക്കും ചങ്ങമ്പുഴയുടെ രമണന്‍ ഇംഗ്ലീഷിലേക്കും തര്‍ജ്ജിമ ചെയ്‌ത കഴിവുറ്റ എഴുത്തുകാര്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ കൂട്ടത്തിലുണ്ട്‌. എഴുത്തുകാര്‍ തങ്ങളുടെ രചനകളില്‍ സംതൃപ്‌തരാണെങ്കിലും ആ സംതൃപ്‌തി പരിപൂര്‍ണ്ണതയില്‍ എത്തുന്നത്‌ വായനക്കാരില്‍ നിന്ന്‌ അംഗീകാരം ലഭിക്കുമ്പോഴാണ്‌. വായനക്കാരുടെ സ്‌പര്‍ശമേല്‍ക്കുമ്പോഴാണ്‌ ഒരു കൃതിയുടെ ജീവന്‍ തുടിച്ച്‌ അതിന്‌ അസ്‌ഥിത്വമുണ്ടാകുന്നത്‌. അതിനുള്ള സാഹചര്യം ഒരുക്കേണ്ടത്‌ മാദ്ധ്യമങ്ങളാണ്‌. മാദ്ധ്യമങ്ങളുടെ സഹായമില്ലെങ്കില്‍ ഉപഭോക്‌താക്കളില്ലാത്ത ഉല്‍പ്പന്നങ്ങള്‍ പോലെ എഴുത്തുകാരുടെ രചനകള്‍ ആസ്വദിക്കപ്പെടാതെ നിര്‍ജീവമായിപ്പോകും. ഒരെഴുത്തുകാരനെ വളര്‍ത്താനും തളര്‍ത്താനും മാദ്ധ്യമങ്ങള്‍ക്ക്‌ സാധിക്കുമെന്നതുകൊണ്ട്‌ സാഹിത്യരംഗത്ത്‌ നിര്‍ണ്ണായകമായ ഒരു സ്‌ഥാനമാണ്‌ മാദ്ധ്യമങ്ങള്‍ക്കുള്ളത്‌. തുടക്കത്തില്‍ കഴിവുകള്‍ തെളിയിച്ച്‌ പിന്നെ കുടിയേറിയ രാജ്യത്ത്‌ തികച്ചും വിസ്‌മരിക്കപ്പെട്ട ഒരു കവിയെ വെളിച്ചത്തേക്ക്‌ കൊണ്ടുവരാന്‍ കുറച്ചു പേര്‍ ശ്രമിക്കുകയും മാദ്ധ്യമങ്ങള്‍ അതിന്‌ പ്രചാരം കൊടുക്കുകയും ചെയ്‌തപ്പോള്‍ ആ കവി വീണ്ടും ശ്രദ്ധിക്കപ്പെട്ടു. ഒരു കൂട്ടം സഹൃദയരായ ആളുകളുടെ പരിശ്രമം വിജയിക്കാന്‍ മാദ്ധ്യമങ്ങള്‍ സഹായകമവുകയുംല്‌പഒരു പക്ഷെ വിദേശപ്രവാസികളില്‍ ഒരാളായി വിസ്‌മരിക്കപ്പെട്ടു പോകുമായിരുന്ന ആ കവി അങ്ങനെ വിശ്രൂതനാവുകയും ചെയ്‌തു.

ഇവിടത്തെ പല അച്ചടിമാദ്ധ്യമങ്ങളും അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകള്‍ പ്രസിദ്ധീകരിക്കു ന്നതിനേക്കാള്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്‌ നാട്ടിലെ എഴുത്തുകാരുടെ രചനകള്‍ പ്രസിദ്ധീകരി ക്കുന്നതിലാണ്‌. അതുകൊണ്ട്‌ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകള്‍ വായനക്കാരുടെ കയ്യില്‍ എത്താനോ അവരുടെ കഴിവ്‌ വായനക്കാര്‍ക്ക്‌ വിലയിരുത്താനോ ഉള്ള അവസരം പരിമിതമായിത്തീരുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകള്‍ക്ക്‌ നിലവാരം കുറവായതുകൊണ്ടാണോ ഇങ്ങനെ ഒര വസ്‌ഥയുണ്ടാകുന്നത്‌. എഴുതിത്തരുന്നതെന്തും പ്രസിദ്ധീകരിക്കുന്നത്‌ പത്രധര്‍മ്മമല്ലെന്ന്‌ ന്യായീകരിക്കാം. പക്ഷെ, രചനയുടെ നിഷ്‌പക്ഷമായ മൂല്യനിര്‍ണ്ണയത്തിന്‌ വായനക്കാര്‍ക്കും നിരൂപകന്മാര്‍ക്കും കൂടി അവസരം ലഭിക്കട്ടെ എന്ന തീരുമാനത്തില്‍ മാദ്ധ്യമങ്ങള്‍ എത്തിയാല്‍ ഇവിടത്തെ പല എഴുത്തുകാരും വെളിച്ചം കണ്ടെന്ന്‌ വരും. നിരൂപണം ഒരു കലയാണ്‌. ആ കല കൈകാര്യം ചെയ്യുന്നവര്‍ അതിനോട്‌ ആത്മാര്‍ത്ഥതയും നീതിയും പുലര്‍ത്തണം. പക്ഷപാതികളായ നിരൂപകരുടെ സര്‍ട്ടിഫിക്കറ്റ്‌ നേടുകയും പുറം വാതിലിലൂടെ പ്രവേശിച്ച്‌്‌ അവാര്‍ഡുകള്‍ കരസ്‌ഥമാക്കുകയും ചെയ്യുന്ന ഈ കാലത്ത്‌ പല നല്ല എഴുത്തുകാരും പുറം തള്ളപ്പെടുന്നു. സാഹിത്യ രംഗത്ത്‌ പേരും പെരുമയുമുള്ള ഒരാള്‍ ഒരെഴുത്തുകാരന്റെ രചനയെ അപഹസിത്തുകൊണ്ട്‌ അഭിപ്രായപ്രകടനം നടത്തുമ്പോള്‍ ആ രചന വായിച്ച്‌ നിജ സ്‌ഥിതി മനസ്സിലാക്കാന്‍ കഴിയാത്തവര്‍ വമ്പനോട്‌ ചേര്‍ന്ന്‌ നിന്നെന്നു വരും. പൊതുവെ വായനക്കാര്‍ക്ക്‌ പ്രതികരണശീലമില്ലെങ്കിലും എതെങ്കിലും വായനക്കാരന്‍ വമ്പനാല്‍ വിമര്‍ശിക്കപ്പെട്ട രചനയെപ്പറ്റി അയാളുടെ നിഷ്‌പക്ഷമായ അഭിപ്രായം മാദ്ധ്യമങ്ങള്‍ക്ക്‌ എഴുതിയാല്‍ നിരുപണാത്മകമായി ഒരു രചനയെ സമീ പിക്കാനുള്ള കഴിവ്‌ പ്രസ്‌തുത വായനക്കാരനുണ്ടോ എന്ന സംശയം മൂലം അത്‌ പ്രസിദ്ധീകരിക്കാതിരിക്കുന്നത്‌ ഉചിതമല്ല. നിരുപണത്തില്‍ പക്ഷപാതത്തിന്റെ നിറം കലരുമ്പോള്‍ നിരൂപണം അവഹേളന സാഹിത്യമായി അധഃപതിക്കുമെങ്കിലും അതിനോടകം പല നല്ല എഴുത്തുകാരും ഗളച്‌ഛേദം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കും. അതുകൊണ്ട്‌ അവരുടെ രചനകള്‍ക്ക്‌ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോകുന്നു. നിരപരാധിയെങ്കിലും ഒരിക്കല്‍ ചീത്തപ്പേരു വീണാല്‍ അത്‌ തുടക്ലുമാറ്റാന്‍ സാധ്യമല്ലാത്തതു പോലെയുള്ള ഒരവസ്‌ഥയാണ്‌ വിമര്‍ശകരാല്‍ കശക്കിയെറിയപ്പെടുന്ന ഒരെഴുത്തുകാരന്റേത്‌. മണ്‍മറഞ്ഞു പോയ പ്രശസ്‌തരായ നിരൂപകരുടെ പക്ഷപാതപരമായ സമീപനത്തെ കുറിച്ച്‌ നമ്മള്‍ വായിച്ചിട്ടുണ്ടല്ലോ. ബഷീറിന്റെ `ബാല്യകാലസഖി'യെ ചവിട്ടിയരക്കാന്‍ ചില സവര്‍ണ്ണ നിരൂപകന്മാര്‍ ശ്രമിച്ചപ്പോള്‍ ബഷീറിന്റെ രക്ഷകനെന്നോണം എം. പി. പോള്‍ രംഗത്തു വന്നത്‌ നമുക്കറിയാം. എം. പി. പോളിന്റെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ബാല്യകാലസഖിയുടെ സ്‌ഥിതി എന്താകുമായിരുന്നു. ആശാന്റെ നളിനിക്ക്‌ അംഗീകാരം ലഭിക്കാന്‍ കാലവിളംബം ഉണ്ടാക്കിയതും ഈ സവര്‍ണ്ണര്‍ തന്നെ. നളിനിയുടെ കാര്യത്തില്‍ എ. ആര്‍. രാജരാജവര്‍മ്മയുടെ ഇടപെടലുണ്ടായപ്പോള്‍ തമ്പുരാന്‍ പറഞ്ഞാല്‍ പിന്നെ... എന്നവര്‍ ഒതുക്കിപ്പറഞ്ഞു പിന്മാറി. അതുകൊണ്ട്‌ വിമര്‍ശകര്‍ രചനയോട്‌ നീതി പുലര്‍ത്തുന്നുണ്ടോ എന്ന്‌ കണ്ടെത്താനുള്ള ഒരു സംവിധാനം മാദ്ധ്യമങ്ങള്‍ക്കുണ്ടായിരിക്കുന്നത്‌ നല്ലതാണ്‌. മാദ്ധ്യമങ്ങള്‍ നടത്തുന്നവരില്‍ ചിലര്‍ക്ക്‌ നിഷ്‌പക്ഷമതിയായ നിരൂപകന്റെ മനസ്സുണ്ടെന്നറിയാന്‍ സാധിച്ചതുകൊണ്ടാണ്‌ ഈ അഭിപ്രായം പ്രകടിപ്പിച്ചത്‌. സാധരണ വായനക്കാര്‍ നിരൂപകന്മാരില്‍ വിശ്വാസമര്‍പ്പിക്കുന്നത്‌ കൊണ്ട്‌ നിരൂപകര്‍ നിഷ്‌പക്ഷത പാലിക്കേണ്ടതും മാദ്ധ്യമങ്ങള്‍ വായനക്കാരുടെ അഭിപ്രായത്തിന്‌ വില കല്‍പിക്കേണ്ടതും അനിവാര്യമാണ്‌. നിരൂപകന്മാരുടെ കണ്ടെത്തലുകള്‍ ശരിയായിക്കൊള്ളണമെന്നോ, അവ എഴുത്തുകാരന്റെ വിചാരവികാരങ്ങളുമായി പൊരുത്തപ്പെടണമെന്നോ ഇല്ലെന്നും സാഹിത്യത്തില്‍ അവസാന വാക്കില്ലെന്നും എഴുത്തുകാരും വായനക്കാരും ധരിച്ചിരിക്കേണ്ടതാണ്‌്‌. ചുരുക്കം ചില പുസ്‌തക പരിചയം ആസ്വാദന ശൈലിയില്‍ എഴുതിയവര്‍ക്ക്‌ സാഹിത്യനുരൂപണത്തിനുള്ള അവാര്‍ഡുകള്‍ നല്‍കാന്‍ ശ്രമിക്കുന്നതു കൊണ്ട്‌ വലിയ ഫലമിക്ലെന്നു തോന്നുന്നു. പിന്നെ നിരൂപണം എന്നു പറയുന്നത്‌ എഴുത്തുകാരെ വ്യക്‌തിപരമായി അവഹേളിക്കലാണെന്ന ചിന്തയും നല്ലതല്ല. നിരൂപണം ഒരാള്‍ എഴുതിയതു പോലെ എഴുതാന്‍ പറ്റില്ല എന്നു പറയുന്നതും ശരിയല്ല. നിരൂപര്‍ക്ക അവരുടേതായ കാഴ്‌ചപ്പാടുണ്ട്‌.

ഇവിടത്തെ ഒരു കവി എഴുതി, സ്വന്തം സഭ + വരിസംഖ്യ = കൃതികള്‍ക്ക്‌ മേന്മ. അത്‌ ശരിയാണെങ്കില്‍ അമേരിക്കന്‍ മലയാള സാഹിത്യം ശോചനീയാവസ്‌ഥയിലാണ്‌. പീറ്റര്‍ നീണ്ടൂര്‍ പറഞ്ഞ `മുപ്ര' (പ്രതികരണം, പ്രോത്സാഹനം, പ്രതിഫലം) എഴുത്തുകാരുടെ വളര്‍ച്ചക്ക്‌ അനുപേക്ഷണീയമാണ്‌. ഇതിന്റെ പ്രയോഗികതക്ക്‌ മാദ്ധ്യമങ്ങള്‍ക്ക്‌ നല്ലൊരു പങ്കുണ്ട്‌. അമേരിക്കന്‍ മലയാളി എഴുത്തുകാരെ ആദരിക്കുന്നതിനും അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഓരോ മൂന്നു മാസം കൂടുമ്പോഴും കവിത, ചെറുകഥ, ലേഖനം എന്നീ വിഭാഗത്തില്‍ പെട്ട മികച്ച എഴുത്തുകാരെ തെരഞ്ഞെടുത്ത്‌ മാദ്ധ്യമങ്ങളിലൂടെ വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കാനുള്ള ലാനയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ സംരംഭം വിജയിച്ചത്‌ മാദ്ധ്യമങ്ങളുടെ സഹായത്തോടെയാണ്‌. ആ വാര്‍ത്താറിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാന്‍ മാദ്ധ്യമങ്ങള്‍ തയ്യാറായില്ലായിരുന്നെങ്കില്‍ എഴുത്തുകാര്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്ന ഈ സംരംഭം വിജയിക്കുമായിരുന്നില്ല. സാഹിത്യപ്രസ്‌ഥാനങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കൃതികളുടെ റിപ്പോര്‍ട്ട്‌ എല്ലാ പത്രങ്ങളിലും പ്രസിദ്ധീകരിച്ച്‌്‌ കാണുന്നതും എഴുത്തുകാര്‍ക്ക്‌ പ്രോത്സാഹനജനകമാണ്‌. ഇവിടത്തെ എഴുത്തുകാരും മാദ്ധ്യമങ്ങളും ചേര്‍ന്നു പോകുന്ന ഒരവസഥ സംജാതമായിരിക്കുന്നതായി കാണുന്നുണ്ട്‌.ഇലക്‌ട്രോണിക്‌ മാദ്ധ്യമങ്ങളുടെ രംഗപ്രവേശവും വളര്‍ച്ചയും മൂലം എഴൂത്തുകാര്‍ക്ക്‌ പ്രയോജനമുണ്ടായിട്ടുണ്ട്‌ ഇലക്‌ട്രോണിക്‌ മാദ്ധ്യമങ്ങളില്‍ ധാരാളം സാഹിത്യ രചനകള്‍ പ്രസിദ്ധീകരിച്ചു കാണുന്നു. തന്നെയുമല്ല അവയെ കുറിച്ചുള്ള വായനക്കാരുടെ പ്രതികരണവും പ്രത്യക്ഷപ്പെടുന്നുണ്ട്‌. രചനകളുടെ ഗുണദോഷങ്ങള്‍ എടുത്തു കാണിച്ചു കൊണ്ടുള്ള പ്രതികരണങ്ങളായിരിക്കും എഴുത്തുകാര്‍ക്ക്‌ പ്രയോജനപ്പെടുക. അഭിപ്രായങ്ങള്‍ എഴുതുന്നവര്‍ ആരായാലും ഉപയോഗിക്കുന്ന ഭാഷക്ക്‌ സഭ്യതയുണ്ടായിരിക്കണം. അഭിപ്രായം രചനയെ കേന്ദ്രീകരിച്ചുകൊണ്ടായിരിക്കണം, വ്യക്‌തിപരമായ പരാമര്‍ശങ്ങളിലൂടെ എഴുത്തുകാരനെ ഇടിച്ചു താഴ്‌ത്തുന്ന വിധത്തിലാകരുത്‌. സഭ്യതയുടെ സീമ കടക്കുന്ന അഭിപ്രായപ്രകടനം സെന്‍സര്‍ ചെയ്യാന്‍ എഡിറ്റര്‍ ശ്രദ്ധിക്കേണ്ടതാണ്‌. അതേ പോലെ തെന്നെ മുഖമില്ലാത്ത (കള്ളപ്പേരില്‍) അഭിപ്രായപ്രകടനക്കാരെ തിരിച്ചറിഞ്ഞ്‌ അവരുടെ നിലക്കാത്ത ആക്രോശങ്ങളില്‍ നിന്ന്‌ വായനക്കാര്‍ക്ക്‌ വിടുതല്‍ നല്‍കാനും ശ്രദ്ധിക്കേണ്ടത്‌ എഡിറ്റര്‍മാര്‍ തന്നെ. നിരന്തരം അസ്വസ്‌ഥകളുണ്ടാക്കി സമൂഹത്തില്‍ സമാധാനം നശിപ്പിക്കുന്നവരെ ശുശ്രൂഷക്കായി ഉചിതമായ സ്‌ഥലത്ത്‌ എത്തിക്കേണ്ടത്‌ അനിവാര്യമാണെന്നത്‌ വേറെ കാര്യം.

വാര്‍ത്താപ്രാധാന്യമുള്ള മാദ്ധ്യമങ്ങളില്‍ നിന്ന്‌ വേറിട്ടു നില്‍ക്കുന്ന പ്രസിദ്ധീകരണമാണ്‌ പത്രമാസികകള്‍. ചിലപ്പോള്‍ എഴുത്തുകാരെ ആശ്രയിക്കേണ്ട ഒരു സാഹചര്യമാണ്‌ സാഹിത്യ രചനകള്‍ക്ക്‌ പ്രാധാന്യം നല്‍കിക്കൊണ്ട്‌ പ്രസിദ്ധീകരിക്കുന്ന പത്രമാസികള്‍ക്കുള്ളത്‌. വിപണിയിലേക്കിറക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിയണമെങ്കില്‍ നല്ല ഗുണമേന്മ ഉണ്ടായിരിക്കണമെന്ന്‌ പറയുന്നതുപോലെ പത്രമാസികകള്‍ വിറ്റഴി യണമെങ്കില്‍ അവയില്‍ വായനക്കാര്‍ക്ക്‌ തൃപ്‌തികരമാകുന്ന വിധത്തിലുള്ള സാഹിത്യരചനകള്‍ ഉല്‍പ്പെ ടുത്തിയിരിക്കണം. അതുകൊണ്ട്‌ അങ്ങനെയുള്ള മാദ്ധ്യമങ്ങള്‍ സാഹിത്യരചനകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നു. സദ്യ കേമമാകണമെങ്കില്‍ വിഭവസമൃദ്ധവും രുചികരവു മായിരിക്കണമല്ലോ. അതുകൊണ്ട്‌ പത്രമാസികകള്‍ പ്രതിഫലം നല്‍കി എഴുത്തുകാരില്‍ നിന്ന്‌ രചനകള്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നു. എഴുത്തുകാരനും മാദ്ധ്യമവും പരസ്‌പരം ആശ്രയിക്കുന്ന ഒരവസ്‌ഥ. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ ഇതൊരു വെല്ലുവിളിയായെടുത്ത്‌ അവരുടെ അക്ഷരങ്ങള്‍ക്ക്‌ വില നല്‍കാന്‍ മാദ്ധ്യമങ്ങള്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യം സൃഷ്‌ടിച്ചെടുക്കണം. തങ്ങളുടെ രചനകള്‍ മെച്ചപ്പെട്ടതാണെന്നും മുന്‍പന്തിയില്‍ നില്‍ക്കുന്നതാണെന്നും എഴുത്തുകാര്‍ സ്വയം ഭാവിക്കുന്നത്‌ അവരില്‍ അമിതമായ ആത്മവിശ്വാസം വളര്‍ത്തി അവരെ അപകടത്തിലാക്കിയെന്നു വരും.

പുസ്‌തക പ്രസിദ്ധീകരണ രംഗത്ത്‌ പ്രസാധകര്‍ക്ക്‌ അമേരിക്കന്‍ മലയാളി എഴുത്തുകാരോട്‌ ഒരു പ്രത്യേക നയമാണ്‌. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക്‌ പുസ്‌തക പ്രസിദ്ധീകരണത്തിനുള്ള യോഗ്യതയില്ല എന്ന മട്ടിലാണ്‌ അവരുടെ സമീപനം. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക്‌ ജനപ്രീതിയില്ലെന്നാണ്‌ അവര്‍ ഉന്നയിക്കുന്ന ന്യായം. നാട്ടില്‍ ജനപ്രീതി ലഭിക്കണമെങ്കില്‍ അവിടത്തെ മാദ്ധ്യമങ്ങളെ ആശ്രയിക്കേണ്ടിയിരിക്കുന്നു. അവര്‍ ചിറ്റമ്മ നയം സ്വീകരിച്ചാല്‍ അത്‌ അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക്‌ പ്രശ്‌നമാണ്‌. ഇവിടത്തെ പല എഴുത്തുകാരുടേയും രചനകള്‍ കേരളത്തിലെ മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു കാണൂന്നുണ്ട്‌ എന്നത്‌ വിസ്‌മരിക്കുന്നില്ല. പ്രസിദ്ധീകരണചിലവ്‌ എഴുത്തുകാരന്‍ വഹിക്കുന്ന പക്ഷം പുസ്‌തകത്തിന്റെ വിതരണ ചുമതല പ്രസാധകര്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നുണ്ട്‌. മാദ്ധ്യമങ്ങള്‍ക്ക്‌ പൊതുയുള്ള കച്ചവടക്കണ്ണ്‌ ഇവിടെ തെളിഞ്ഞു കാണൂന്നുണ്ടെങ്കിലും തങ്ങളുടെ പുസ്‌തകം മാദ്ധ്യമങ്ങള്‍ വായനക്കാരുടെ കയ്യില്‍ എത്തിക്കുന്നു എന്ന്‌ എഴുത്തുകാര്‍ക്ക്‌ സമാധാനിക്കാം.

രചനകള്‍ വായനക്കാരില്‍ എത്തുന്നത്‌ മാദ്ധ്യമങ്ങളിലൂടെ ആയതിനാല്‍ മാദ്ധ്യമങ്ങളുടെ പിന്തുണയില്ലാതെ ഒരെഴുത്തുകാരന്‌ നിലനില്‍പ്പില്ല. രചനകള്‍ ജീവിക്കുന്നത്‌ വായനക്കാരിലൂടെയാണ്‌. അതുകൊണ്ട്‌ വായ നക്കാരും മാദ്ധ്യമങ്ങളെ പോലെ തന്നെ പ്രാധാന്യമുള്ള ഘടകമാണ്‌. എഴുത്തുകാരെന്റെ സര്‍ഗ്ഗശക്‌തി ഉണരുമ്പോള്‍ സാഹിത്യ സൃഷ്‌ടിയുണ്ടാകുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ സ്വന്തം ആശയങ്ങള്‍ ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടും കൂടി ജനങ്ങളിലേക്ക്‌ സംക്രമിപ്പിച്ച്‌ സാമുഹ്യനന്മയെ മുന്‍ നിര്‍ത്തി സാഹിത്യരചനയില്‍ ശ്രദ്ധിക്കുക. ആരെങ്കിലും മൂല്യനിര്‍ണ്ണയം നടത്തുമ്പോള്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകള്‍ മുന്‍ നിരയില്‍ത്തന്നെ നില്‍ക്കട്ടെ.
എഴുത്തുകാരും മാദ്ധ്യമങ്ങളും (വാസുദേവ്‌ പുളിക്കല്‍)
Join WhatsApp News
Truth man 2014-10-11 18:26:29
Forget about Lana .Now computer world.Please publish all writers article through internet media.And the readers choose the good writers by vote.please dear publisher do that program.

Sudhir Panikkaveetil 2014-10-12 05:36:44
വെറും ഏഴു വായനക്കാരും ഇരുന്നൂറോളം
എഴുത്തുകാരുമുള്ള ഒരു സമൂഹത്തെ സങ്കല്പ്പിച്ച്
നോക്കു. ലോകത്തിലെ ഒരു സമ്പന്ന രാഷ്ട്രത്തിൽ
അങ്ങനെ ഒരു സമൂഹമുണ്ട്.  അവിടെ എഴുത്തുകാർ ഉപയോഗിക്കുന്ന ഭാഷ മലയാളമാണ്. ഒരു കാര്യം
കൂടി - ഈ ഇരുനൂറോളം എഴുത്തുകാർ അവർ
എഴുതിയത് തന്നെയാണു വായിക്കുന്നത്. അത്കൊണ്ട്
മറ്റെയാൾ എന്തെഴുതുന്നു എന്നവര്ക്കറിയില്ല.
ഏഴു വായനക്കര്ക്കൊഴികെ മറ്റുള്ളവർക്കും
അറിയില്ല .  ആരാന്റെ അമ്മക് ഭ്രാന്ത് പിടിച്ചാൽ കാണാൻ എന്തൊരു രസം എന്ന് പരഞ്ഞ്പോലെ കാണുന്നവരൊക്കെ എഴുതുകാരെകുരിച്ച്ച്  പണ്ടാരോ പറഞ്ഞ കാര്യങ്ങൾ ആവര്ത്തിച്ച് രസിക്കുന്നു,  കാലമാടൻ, തല്ലിപൊളി, ജളസമൂഹം, ശുംഭന്മാർ, മുഴുവൻ എഴുതാൻ ഇവിടെ സ്ഥലം പോര.  ഒരു സമാധാനമുണ്ട്, എഴുത്തുകാരൊക്കെ അവരുടെ ആയുസ്സ്
ഒടുങ്ങാരായ അവസ്ഥയിലാണു. അത് കൊണ്ട് ഈ ഉപദ്രവം അവരോടെ നിന്ന് പോകും.
vaayanakkaaran 2014-10-12 06:51:04
 കൊത്തിക്കൊത്തി മുറത്തിൽ കൊത്ത്. കേരളത്തിലെ അച്ചടി മാദ്ധ്യമങ്ങൾഅവഗണിക്കുന്നു എന്നായിരുന്നു ഇത്രയും നാൾ പരാതി. ഇപ്പോൾ അമേരിക്കൻ അച്ചടി മാദ്ധ്യമങ്ങളും അവഗണിക്കുന്നെന്നോ?
വിദ്യാധരൻ 2014-10-12 08:40:44
വായനക്കാരുടെ സ്പർശം എല്ക്കുമ്പോഴാണ് ഒരു കൃതിയുടെ ജീവൻ തുടിച്ചു അതിനു അസ്ഥിത്വം ഉണ്ടാകുന്നത് " എന്ന നിങ്ങളുടെ തിരിച്ചറിവ് ശ്ലാഘനീയമാണ്. വായനക്കാരെ അവഗണിച്ചു സൃഷ്ടി നടത്താൻ ശ്രമിക്കുന്നവർ ഒരു യഥാർത്ഥ എഴുത്തുകാരനല്ല. കാരണം വായനക്കാരൻ വായിക്കാൻ ആഗ്രഹിക്കുന്നത് അവന്റെ തന്നെ പച്ചയായ ജീവിത കഥയുടെ ആവിഷക്കാരങ്ങളാണ്. പ്രത്യേകിച്ച് അത് കലർപ്പില്ലാതെ നല്ല ഭാഷയിൽ എഴുതുമ്പോൾ തീർച്ചയായും അത്തരം കൃതികൾക്ക് വായനക്കാരും ഉണ്ടാകും. അത്തരം കൃതികൾ അമേരിക്കയിൽ നിന്ന് ജനിക്കുന്നുണ്ടോ എന്ന് നാം വിലയിരുത്തണം. ഭാഷാ പാണ്ഡിത്യംകൊണ്ടും ശൈലികൊണ്ടും ഒരു പക്ഷെ നല്ല ഒരു പരിഭാഷകനോ പരിഭാഷകയോ ആകാൻ കഴിഞ്ഞേക്കും പക്ഷെ നല്ല എഴുത്തുകാരനോ എഴുത്തുകാരിയോ ആകണം എങ്കിൽ മറ്റു പല യോഗ്യതകളും ഉണ്ടായിരിക്കണം. 1) എഴുത്തുകാരൻ അഹങ്കാര രഹിതരും ഹൃദയ ശുദ്ധിയുള്ളവരും ആയിരിക്കണം 2) പ്രകൃതിയേയും ജീവ ജാലങ്ങളെയും സ്നേഹിക്കുന്നവരായിരിക്കണം 3) നല്ല നീരീക്ഷകരായിരിക്കണം 4) അന്വേഷകരും ഒരു കാര്യത്തിന്റെ നിജസ്ഥിതി മനസിലാക്കാൻ ശ്രമിക്കുന്നവരയിരിക്കണം 5) പെട്ടെന്ന് പ്രകോ പിതർ ആകുന്നവർക്കു പറ്റിയ പണിയല്ല സാഹിത്യ പ്രവർത്തനം (വിദ്യാധരന്മാരും, അവിദ്യധരന്മാരും, അക്ബർ കട്ടിക്കലു മൊക്കെ എന്നും ലോകത്തുണ്ട് അവരെയും സാഹിത്യത്തിലോകത്തിന്റെ ശില്പ്പികളായി കാണാൻ സാധിക്കണം.)6) നിഷ്ക്കാമ കർമ്മ എന്ന മഹത് വചനം മനസ്സിൽ ഒരുവിട്ടു സാഹിത്യകാരന്മാരും സാഹിത്യകാരികളും അവരുടെ കർമ്മങ്ങളിൽ വ്യാപ്രിതർ ആകുമ്പോൾ അവരിൽനിന്ന് നല്ല സൃഷ്ടികൾ ഉണ്ടാകുകയും, അത് മനുഷ്യരാശിയുടെ നന്മക്കും വളർച്ചക്കും കാരണമായി തീരുകയും, വായനക്കാർ അത് തലയിലേറ്റി കൊണ്ട് നടക്കുകയും, ജനം അവരെ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും കാളിദാസനപ്പോലയും, ഷേക്ക്‌സ്പീരിനെപ്പൊലയും, കുഞ്ചൻ നമ്പിയാരെപ്പോലയും ഒക്കെ അവരുടെ കൃതികൾ അന്വഷിച്ച് പിടിച്ചു ഉദ്ധരിക്കാൻ ശ്രമിക്കും 7) എഴുത്തുകാർ നല്ല വായനാശീലം ഉള്ളവരും പണ്ഡിതരും ആയിരിക്കണം. പണ്ടുകാലങ്ങളിൽ വേദഗ്രന്ഥങ്ങളും ധർമശാസ്ത്രവും നല്ലതുപോലെ പഠിച്ചിട്ടുള്ളവരും സത്യവാന്മാരായവരുമായ പണ്ഡിതന്മാരുമായവരെ മാത്രമേ രാജകൊട്ടരങ്ങളിലെ ആസ്ഥാനകവികളുമറ്റുമായി രാജാക്കന്മാർ നിയമിച്ചിരുന്നത് . എന്നാൽ ഇന്ന് വാൾ എദുക്കുന്നവെനെല്ലാം വെളിച്ചപ്പാടായിരിക്കുന്നു. 8) അനാവശ്യമായി അവാർഡു കൊടുക്കുന്നത് നിറുത്തലാക്കുക. ഒരു രാജ്യത്ത് കള്ള നാണയത്തിന്റെ പെരുപ്പം ആ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ നശിപ്പിക്കും എന്ന് പറഞ്ഞതുപോലെ, മൂന്നുമാസത്തിൽ ഒരിക്കൽ, നല്ല ലക്ഷ്യത്തോടെ, ശരിയായ വിലയിരുത്തലുകൾ ഇല്ലാതെ നിങ്ങൾ കൊടുക്കുന്ന അവാർഡുകൾ സാഹിത്യത്തെ നശിപ്പിക്കാനെ ഉപകരിക്കുകയുള്ളൂ. അതിനു ഉദാഹരണമാണ് നമ്മളുടെ പൂർവികർ വളരെ കൃത്യനിഷ്ഠയോടെയും അനുഷ്ടാനങ്ങളോടെയും പടുത്തുയർത്തിയ കാവ്യപ്രസ്ഥാനത്തെ, ക്കുരങ്ങന്റെ കയ്യിൽ പൂമാല കണക്കെ ചിലർ പിച്ചി ചീന്തുനത്. ഇതിൽ ഗായത്രിമാന്ത്രം കേട്ട് വളർന്ന ചില അമ്പല കുരങ്ങന്മാരും ഉണ്ടെന്നുള്ളത് നിരാശജനകം തന്നെ. 8) "സജ്ജ്നാൻ കവി രസൗ നയാചതെ- ഹ്ലാദ്നായ ശശഭൃത് കിമർഥിത, നാപി "നീ" (അഭിനവഗുപ്തൻ ) അതായത് സജ്ജനങ്ങളോട് എന്റെ കാവ്യം ശ്രദ്ധിക്കണമെന്നു കവി പറയേണ്ട. ചന്ദ്രനോട് ആഹ്ലാദിപ്പിക്കാൻ പറയണമോ- എന്ന് പറഞ്ഞതുപോലെ ഞങ്ങലാണ് മലയാള ഭാഷയെ താങ്ങി നിറുത്തുന്നവർ, ഞങ്ങൾ ഇല്ലെങ്കിൽ മലയാള ഭാഷ അന്യംനിന്നുപോകും, ഞങ്ങളുടെ സാഹിത്യകൃതികൾ അവാർഡിനർഹമാണ് എന്നോകെ വിളിച്ചു കൂവുന്നതിൽ നിന്ന് പിന്തിരിയുക. അല്ലെങ്കിൽ അവയെല്ലാം സ്വയം പരിഹാസത്തിനു കാരണമായി തീരുകയുള്ളു. സാഹിത്യകാരന്മാർ ഹൃദയത്തിൽ നന്മ സൂക്ഷിക്കുന്നവർ ആയിരിക്കണം. ആശാൻ പറഞ്ഞതുപോലെ, മുള്ളിനെ (എന്നെപ്പോലെയുള്ളവരെ) മുകുളങ്ങളാക്കുന്നവരായിരിക്കണം സാഹിത്യകാരന്മാർ.
Sudharshan 2014-10-12 10:14:08
അമേരിക്കയിലെ എഴുത്തുകാർ വളരെ തിടുക്കത്തിലാ. എപ്പോഴാണ് കാലൻ പോത്തിന്പുറത്ത് കയറുമായി വരുന്നതെന്നറിയില്ല. അതിനുമുൻപ്‌ ഒരു സാഹിത്യഅക്കാർ ഡമി അവാർഡ് കിട്ടിയിരിക്കണം അതിനുള്ള ചീത്തവിളിയാ. കലികാലം തന്നെ! സുധീർ പണിക്കവീട്ടിൽ പറഞ്ഞത് വളരെ ശരിയാ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക