Image

അമേരിക്കയിലെ മലയാളികളുടെ കൂട്ടായ്‌മകള്‍ (ലേഖനം: ജോണ്‍ മാത്യു)

Published on 26 October, 2014
അമേരിക്കയിലെ മലയാളികളുടെ കൂട്ടായ്‌മകള്‍ (ലേഖനം: ജോണ്‍ മാത്യു)
എഴുപതുകളുടെ തുടക്കത്തില്‍ത്തന്നെ അമേരിക്കയില്‍ മലയാളികളുടെ സാമൂഹിക സംഘടനകള്‍ രൂപംകൊണ്ടു. ആദ്യകാല മലയാളി കുടിയേറ്റങ്ങള്‍ മറുനാടന്‍ മലയാളി ജീവിതരീതിയുടെ തുടര്‍ച്ചതന്നെയായിരുന്നു, അതുപോലും കേരളത്തിലെ വേലികെട്ടിത്തരിച്ച ജീവിതശൈലിയുടെ ഭാഗവും. മലയാളികള്‍ക്കുമാത്രമായി ഒരു ആരാധനാകേന്ദ്രമെന്ന ആശയംപോലും അന്ന്‌ ഉദിച്ചിരുന്നില്ല. അതിനുശേഷം ക്രമേണയായിരുന്നു കേരളത്തില്‍ നിന്നെത്തിയ `മലയാളി' സ്വന്തം `യാഥാര്‍ത്ഥ' മുഖം ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയത്‌.

കേരളസമൂഹത്തിലെ ശ്രേണിവ്യവസ്ഥ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടതാണ്‌. തങ്ങള്‍ എന്തിന്റെയോ ഭാഗമാണെന്ന്‌ തിരിച്ചറിയുക. അതിന്‌ പൗരാണികതയും പാരമ്പര്യവും ആഢ്യത്തവും കല്‌പിച്ചുകൊടുക്കുക. മറ്റൊരുവനെക്കാള്‍ താന്‍ മേലെയാണെന്ന്‌ ഊറ്റംകൊള്ളുക. ഇത്‌ ജാതിവ്യവസ്ഥയല്ല, ജന്മിത്തമല്ല, പിന്നെ നമ്മുടെ മാത്രമായ `ഭ്രാന്താലയം'.

അമേരിക്കയിലെ മലയാളികളുടെ അധികം മതസ്ഥാപനങ്ങള്‍ക്കും ആത്മീകതാസങ്കല്‌പമെന്നാല്‍ അതൊരു പുകമറമാത്രം! പകരം തങ്ങളുടെ സ്വന്തം വിഭാഗത്തിന്റെ അന്തസുതന്നെ കാര്യം! അതുകൊണ്ടു, ഈ വ്യവസ്ഥിതി സമൂഹത്തിന്‌ പ്രയോജനപ്പെടുന്നില്ലെന്നൊന്നും കരുതരുത്‌. `പെണ്ണുങ്ങള്‍ക്ക്‌ ഭക്തിമാര്‍ഗ്ഗവും ആണുങ്ങള്‍ക്ക്‌ നേതൃപ്പോരാട്ടമാര്‍ഗ്ഗ'മെന്നത്‌ വേദസാമൂഹിക ശാസ്‌ത്രവിഭാഗങ്ങളിലേക്കുള്ള മലയാളിയുടെ തനതായ സംഭാവനയാണ്‌.

നമ്മുടെ നഗരങ്ങളില്‍ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവ മാത്രമല്ല അതാതിന്റെ ഉപവിഭാഗത്തിലുള്ളതും ഇനിയും വേദഗ്രന്ഥങ്ങള്‍ കീറിമുറിച്ചുണ്ടാക്കിയ ഗ്രൂപ്പുകളും നിരവധിയാണ്‌. അവയിലെ പുരോഹിതന്മാരാണെങ്കില്‍ തികച്ചും സമര്‍ത്ഥര്‍, ജനങ്ങളുടെ പ്രശ്‌നങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാന്‍ കഴിവുള്ളവരും. സാമൂഹിക സംഘടനകള്‍ക്ക്‌ കഴിയാത്ത അടിസ്ഥാനപരമായ സേവനങ്ങളാണ്‌ അവരവരുടെ അംഗങ്ങള്‍ക്ക്‌ ഇവര്‍ പ്രാപ്യമാക്കുന്നത്‌. അതായത്‌ കലാപരിപാടികള്‍, പ്രസംഗങ്ങള്‍, പിക്ക്‌നിക്ക്‌ തുടങ്ങിയവ ചെറിയ ഗ്രൂപ്പുകളിലേക്ക്‌ തുടര്‍ച്ചയായി എത്തിക്കുന്നത്‌ അത്ര ചില്ലറക്കാര്യമൊന്നുമല്ല. ഇതിന്‌ ഭക്തിയുടെയും പ്രാര്‍ത്ഥനയുടെയും പിന്‍ബലമുണ്ടെന്നും വിചാരിക്കണം. ഈ ചെറിയ ഗ്രൂപ്പുകളില്‍നിന്ന്‌ കിട്ടുന്ന നേട്ടങ്ങള്‍ ഉടനടി അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. ഇതിനും പുറമേയാണ്‌ പാരമ്പര്യങ്ങളും ആചാരങ്ങളും കുടുംബബന്ധങ്ങളും നല്‍കുന്ന പിന്‍ബലം. കാലഹരണപ്പെട്ട ആചാരങ്ങള്‍ പുനര്‍ജ്ജീവിപ്പിക്കുന്നത്‌, അല്‌പം മാറിനിന്ന്‌ നോക്കുമ്പോള്‍, ഏറെ തമാശകള്‍ക്ക്‌ വക നല്‍കുമെങ്കിലും തങ്ങള്‍ ആഢ്യത്വത്തില്‍ ചേര്‍ന്നതാണെന്ന ബോധ്യപ്പെടുത്താന്‍ പാരമ്പര്യവുമായി നേരിട്ട്‌ ബന്ധം സ്ഥാപിച്ചുകൊടുക്കുന്നു.

ജാതിമതചിന്തകള്‍ക്കുപരി ഒരു മതേതരസമൂഹം സ്വാഭാവികമായി കേരളത്തില്‍ വളര്‍ന്നുവരുന്നുണ്ട്‌. പക്ഷേ, അമേരിക്കയിലെ മലയാളികള്‍ ബഹുഭൂരിപക്ഷവും തങ്ങളുടെ സാമൂഹിക ജീവിതത്തിലും ചിന്തയിലും സ്വതന്ത്രരല്ല, ഈയൊരു പ്രവണതക്കെതിരെ ശബ്‌ദമുയര്‍ത്താന്‍ എന്തുകൊണ്ട്‌ നമ്മുടെ സാമൂഹികനേതാക്കള്‍ക്ക്‌ കഴിയുന്നില്ല? മറന്നു, അവര്‍ത്തന്നെ പലപ്പോഴും തങ്ങളുടെ നിലനില്‌പിനുള്ള ഊര്‍ജ്ജം വലിച്ചെടുക്കുന്നതും അറിയപ്പെടുന്നതും മതസ്ഥാപനങ്ങളോടുള്ള അടിസ്ഥാന ബന്ധങ്ങളില്‍നിന്നാണല്ലോ. അവിടെ അവര്‍ പലപ്പോഴും ഭാരവാഹികളുമാണ്‌. തീര്‍ന്നില്ല, നേതാക്കള്‍മാത്രമല്ല, സാധാരണക്കാരായ നാമെല്ലാം അറിയപ്പെടുന്നതും മതമേല്‍വിലാസത്തില്‍ത്തന്നെ!

അമേരിക്കയിലെ സാമൂഹിക സംഘടനകളുടെ ദുരിതങ്ങള്‍ ഇവിടെനിന്നും തുടങ്ങുന്നു. ഒന്നാമത്‌ സാമൂഹിക സംഘടനകള്‍ക്ക്‌ പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ ഒന്നും നമുക്കില്ല. അഥവാ എന്തെങ്കിലും ഉണ്ടെങ്കില്‍ത്തന്നെ അതിനുള്ള പ്രതിവിധിയുമായി പ്രഫഷണല്‍ പുരോഹിതന്മാര്‍ രംഗത്തുണ്ടുതാനും.

ചിലപ്പോള്‍ സാമൂഹികസംഘടനകള്‍ക്ക്‌ ഭാഷാസ്‌നേഹവും ഏറും. സാഹിത്യരംഗത്ത്‌ ഒരു അരക്കൈനോക്കാനും ഇവര്‍ എന്നും തയ്യാറാണ്‌... സാഹിത്യത്തിന്‌ അവാര്‍ഡുകളില്ലാതെ എന്ത്‌ കണ്‍വന്‍ഷന്‍? നേതാക്കളുടെ ആജ്ഞാനുവര്‍ത്തികളായി എഴുത്തുകാര്‍ `ആളില്ലാത്ത' സാഹിത്യസമ്മേളനം നടത്താന്‍ വിധിക്കപ്പെട്ടതുപോലെ. തുടര്‍ന്ന്‌ പട്ടും വളയും പോലെ പുരസ്‌ക്കാരങ്ങളും തീര്‍ച്ച!

അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ഈ സര്‍ക്കസുകളൊന്നുമില്ലാതെ സാഹിത്യചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്ന സംഘടനകളും സാഹിത്യ പ്രസിദ്ധീകരണങ്ങളും നിശ്ചയമായും അഭിനന്ദനം അര്‍ഹിക്കുന്നു.

കേരളീയപാമ്പര്യമായ ആവേശംമൂത്ത വാശിയേറിയ തെരഞ്ഞെടുപ്പുകള്‍ നമ്മുടെ സാമൂഹികസംഘടനകളുടെ സ്ഥിരം പരിപാടിയാണ്‌. പിന്നെ ഒരോണം, ക്രിസ്‌മസ്‌, തരപ്പെട്ടാല്‍ ഒരു പിക്കനിക്കും. ഇത്രമാത്രം! സംഘടനകള്‍ക്ക്‌ എന്നുമെന്നും അവകാശമായി കരുതിയിരുന്ന ഓണംപോലും ഇന്ന്‌ പള്ളികള്‍ സാവധാനം കൈവശപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ഏതോ സമ്മര്‍ദ്ദംകൊണ്ട്‌ ഏതാനുംപേരുടെ പക്കല്‍നിന്ന്‌ പിരിഞ്ഞുകിട്ടുന്ന ചെറിയതുകയാണ്‌ സാമൂഹിക സംഘടനകളുടെ വരുമാനം. മതസംഘടനകള്‍ക്കാണെങ്കില്‍ അംഗങ്ങളില്‍നിന്ന്‌ കിട്ടുന്നത്‌ ആയിരക്കണക്കിനും!

ഇങ്ങനെയുള്ള അന്തരീക്ഷത്തില്‍ നമ്മുടെ സാമൂഹിക സംഘനടകള്‍ക്ക്‌ ഫലപ്രദമായ നിലനില്‌പ്പുണ്ടോ? അതോ സമൂഹത്തില്‍ സ്വാധീനമുള്ള ഏതാനുംപേരുടെ തീര്‍പ്പനുസരിച്ച്‌ പത്രവാര്‍ത്ത സൃഷ്‌ടിക്കുന്ന മിഥ്യയായ പ്രസ്ഥാനങ്ങളായി ഇത്‌ തുടര്‍ന്നുകൊണ്ടിരിക്കുമോ?
അമേരിക്കയിലെ മലയാളികളുടെ കൂട്ടായ്‌മകള്‍ (ലേഖനം: ജോണ്‍ മാത്യു)
Join WhatsApp News
EM Stephen 2014-10-26 10:32:46
Dear Mathew Thanks for this article.
വിടാകണ്ടന്‍ കൊടാകണ്ടന്‍ 2014-10-26 13:06:06
എന്നാലും എന്റെ യുവ മോര്‍ച്ചേ,
സദാചാര പോലീസ് ചമഞ്ഞു കട തല്ലിത്തകര്‍ത്തോ? ഇന്ത്യയില്‍ ഇപ്പോഴും നിയമവും പോലീസും ഒക്കെ ഇല്ലേ.
നമുക്കൊരു പ്രസ്ഥാനം തുടങ്ങിയാലോ? പേര്‍ : ഫ.... യുവര്‍ റെലിജിയന്‍
വിദ്യാധരൻ 2014-10-26 19:50:20
ലേഖകൻ അടുക്കും ചിട്ടയോടും വളരെ സത്യങ്ങൾ വിളിച്ചു പറഞ്ഞിരിക്കുന്നു. ഇനി സോക്രട്ടറീസിനെപ്പോലെ മതം ഒരുക്കുന്ന വിഷം കുടിക്കാൻ തയാറായികൊള്ളുക. അന്ന് നിങ്ങളെ തള്ളിപ്പറയുന്നവരുടെ കൂട്ടത്തിൽ നിങ്ങളോടൊപ്പം സാഹിത്യ മേശയിൽ അത്താഴം കഴിച്ചവരും, മത നേതാക്കളിൽനിന്ന് കൈക്കൂലി വാങ്ങി നിങ്ങളെ നിങ്ങളുടെ കൃതികളെ വാനോളം പുകഴത്തിയവരും കാണുമെന്നു മറക്കണ്ട.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക