Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-9: സാം നിലമ്പള്ളില്‍)

Published on 26 October, 2014
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-9: സാം നിലമ്പള്ളില്‍)
അദ്ധ്യായം ഒന്‍പത്‌

ഏകദേശം പതിനൊന്നുമണി ആയപ്പോള്‍ വീണ്ടും വിസിലടിയും ബഹളവും കേട്ടു. എന്താണ്‌ കാര്യമെന്നറിയാതെ അന്തേവാസികള്‍ പരിഭ്രമിച്ചു. വീണ്ടും റോള്‍ക്കോളിനുള്ള പുറപ്പാടാണോ? ആഹാരവും ഉറക്കവുമില്ലാതെ ക്ഷീണിച്ച ജനങ്ങളെ കഷ്‌ടപ്പെടുത്തി ആനന്ദിക്കുക എന്നത്‌ എസ്സെസ്സുകാര്‍ക്ക്‌ വിനോദമാണ്‌.

വിസിലടിക്കുപിന്നാലെ എസ്സെസ്സ്‌ ഗാര്‍ഡുകള്‍ വരാന്തയില്‍കൂടി ഓടിനടന്നു. ഇവര്‍ക്കിത്‌ എന്തുപറ്റിയെന്ന്‌ ആലോചിച്ചിരിക്കുമ്പോള്‍ അവര്‍ പറഞ്ഞു, `ഒന്നുമുതല്‍ നാലുവരെയുളള ബ്‌ളോക്കുളിലുള്ളവരെല്ലാം വെളിയില്‍വന്ന്‌ അഞ്ചുവരിയായിട്ട്‌ നില്‍ക്കണം.'

വീണ്ടും റോള്‍ക്കോളിനുള്ള തയ്യാറെടുപ്പാണെന്ന്‌ വിചാരിച്ച്‌ എല്ലാവരും വെളിയില്‍ വന്നു.

`സ്‌ത്രീകളും കുട്ടികളും വലത്തുവശത്തും പുരുഷന്മാര്‍ ഇടത്തുവശത്തും.' ആനിര്‍ദ്ദേശവും ഉപദ്രവകാരിയായി തോന്നിയില്ല. സാറ മൂന്നുകുഞ്ഞുങ്ങളേംകൊണ്ട്‌ വലത്തുവശത്തേക്ക്‌ മാറി.

എല്ലാവരും മാറി രണ്ടുവശത്തായിട്ട്‌ നിന്നുകഴിഞ്ഞപ്പോള്‍ ഓഫീസര്‍ തന്റെ ഉദ്ദേശം വെളിപ്പെടുത്തി. `സ്‌ത്രീകളും കുട്ടികളും ഇന്ന്‌ വേറൊരു ക്യാമ്പലേക്ക്‌ മാറുകയാണ്‌. പുരുഷന്മാര്‍ തല്‍കാലം ഇവിടെകഴിയും.'

പെട്ടെന്നാണ്‌ പ്രതിക്ഷേധരൂപത്തിലുള്ള ഒരു ഇരമ്പല്‍ ജനങ്ങളില്‍നിന്ന്‌ ഉണ്ടായത്‌. ആരൊക്കയോ `നോ'എന്ന്‌ വിളിച്ചുപറഞ്ഞു.

`ആരാണ്‌ അതുപറഞ്ഞത്‌?' ഓഫീസര്‍തിരക്കി. `പ്രതിക്ഷേധമുള്ളവര്‍ ഒരുവശത്തേക്ക്‌ മാറിനില്‍ക്ക്‌.'

മിനിറ്റുകള്‍ കഴിഞ്ഞിട്ടും ആരും മാറിനിന്നില്ല. മാറിനിന്നാലുള്ള അനുഭവം എന്തായിരിക്കുമെന്ന്‌ ട്രെയിന്‍യാത്രക്കിടയില്‍ അവര്‍ കണ്ടതാണ്‌.

`അപ്പോള്‍ ആര്‍ക്കും പ്രതിക്ഷേധമില്ല; നല്ലകാര്യം. സ്‌ത്രീകളും കുട്ടികളും പോകാന്‍ തയ്യാറായിക്കൊള്ളു. ഒരുമണിക്കൂര്‍ സമയമുണ്ട്‌. സന്ധ്യക്കുമുന്‍പ്‌ പുതിയ ക്യാമ്പിലെത്തണം.'

ഇപ്പോള്‍ ഉച്ചയാകുന്നതേയുള്ളു. സന്ധ്യക്കുമുന്‍പ്‌ എത്തണമെന്ന്‌ പറഞ്ഞതിന്റെ അര്‍ത്ഥം ഇവിടെനിന്ന്‌ അഞ്ചോ ആറോ മണിക്കൂര്‍ നടന്നുപോകത്തക്കദൂരമുണ്ടെന്നല്ലേ? പത്തോ പതിനഞ്ചോമൈല്‍ കാണും. സാറ കുഞ്ഞുങ്ങളേംകൊണ്ട്‌ ആറുമണിക്കൂര്‍ നടക്കുന്ന കാര്യമോര്‍ത്തപ്പോള്‍ സ്റ്റഫാന്‍ നടുങ്ങി, അവന്‍ മാത്രമല്ല ഭാര്യയും കൊച്ചുകുട്ടികളും ഉള്ളവരെല്ലാം. ആര്‍ക്കും ഒന്നും പറയാന്‍ ധൈര്യമില്ല.

`സാര്‍.' സ്റ്റെഫാന്‍ ഒരു എസ്സെസ്സിനെ വിളിച്ചു.

എന്താണെന്നുള്ള അര്‍ത്ഥത്തില്‍ അയാള്‍ തിരിഞ്ഞുനോക്കി.

`ഞാന്‍കൂടി എന്റെ ഭാര്യയുടെകൂടെവന്ന്‌ അവരെ അവിടാക്കിയിട്ട്‌ തിരിച്ചുപോരാം. സാര്‍, കമാന്‍ഡറോട്‌ അനുവാദം ചോദിക്കുമോ?'

എന്തോ തമാശകേട്ടതുപോലെ അയാള്‍ ചിരിച്ചു. മറുപടിയൊന്നും പറയാതെ അയാള്‍ പോയി. സ്റ്റഫാന്‌ തന്റെ ശരീരം തളരുന്നതുപോലെതോന്നി. എന്താണ്‌ ചെയ്യേണ്ടതെന്ന്‌ അറിയാന്‍ വയ്യാത്ത അവസ്ഥ. ഈനിമിഷം തന്റെ ജീവന്‍പോയിരുന്നെങ്കിലെന്ന്‌ അവന്‍ ആഗ്രഹിച്ചു. തന്റെ ഭാര്യയും മക്കളും എങ്ങോട്ടാണ്‌ പോകുന്നത്‌? ഇനി എന്നെങ്കിലും അവരെ കാണാന്‍ സാധിക്കുമോ? തലേരാത്രിയില്‍ അല്‍പം ഭക്ഷണംകഴിച്ചതാണ്‌. എല്ലാവര്‍ക്കും നല്ലവിശപ്പുണ്ട്‌. ആഹാരമൊന്നുംകഴിക്കാതെ എങ്ങനെ സാറയും കുഞ്ഞുങ്ങളും പതിനഞ്ചുമൈല്‍ദൂരം നടക്കുമെന്ന്‌ അവന്‌ ചിന്തിക്കാന്‍പോലും സാധ്യമല്ല.

മാല്‍കക്ക്‌ അഞ്ചുവയസേ ആയിട്ടുള്ളു. അവള്‍ എങ്ങനെയെങ്കിലും നടക്കുമെന്ന്‌ കരുതാം. മൂന്നുവയസുകാരന്‍ ഐഡല്‍ എങ്ങനെ പോകും? കൈക്കുഞ്ഞിനേം ഐഡലിനേം ഒന്നിച്ചെടുക്കാന്‍ സാറക്ക്‌ സാധിക്കത്തില്ലല്ലോ?

ധരിച്ചിരിക്കുന്ന വസ്‌ത്രവും, കഴുത്തില്‍ തൂക്കിയിരിക്കുന്ന നമ്പരും റേഷന്‍കാര്‍ഡുമല്ലാതെ വേറെ ഭാരമൊന്നും ചുമക്കാനില്ലാത്തത്‌ ഭാഗ്യം. സാറ ഒറ്റക്കല്ല വേറെയും സ്‌ത്രീകള്‍ കൂട്ടിനുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ സമാധാനംതോന്നി. നാലുബ്‌ളോക്കിലുംകൂടി ഇരുനൂറില്‍പരം സ്‌ത്രീകളാണ്‌ പുതിയ ക്യാമ്പിലേക്ക്‌ പോകുന്നത്‌.

ഒരുമണിക്കൂര്‍ കഴിഞ്ഞ്‌ വിസില്‍ മുഴങ്ങിയപ്പോള്‍ എസ്സെസ്സുകാര്‍ വന്നു. സ്റ്റെഫാന്‍ ഭാര്യയേും മക്കളേയും കെട്ടിപ്പിടിച്ച്‌ കരഞ്ഞു. സാറക്ക്‌ കരച്ചില്‍ വന്നില്ല. അവള്‍ എല്ലാവികാരങ്ങളും നഷ്‌ടപ്പെട്ട ഒരുജീവി ആയിരുന്നു. ശരീരവും മനസും സ്വസ്ഥമായിരുന്നാലല്ലേ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സാധിക്കൂ. സമനിലതെറ്റിയതുപോലെയാണ്‌ അവള്‍ പെരുമാറുന്നത്‌.

ജീവനില്ലത്തവരുടെ ഒരു പ്രകടനംപോലെ അവര്‍ നീങ്ങുകയാണ്‌. തന്റെ ഹൃദയവും പിഴുതെടുത്തുകൊണ്ടാണ്‌ അവര്‍പോകുന്നതെന്ന്‌ സ്റ്റെഫാന്‌ തോന്നി. അവര്‍ മുന്‍പോട്ട്‌ നീങ്ങുകയാണ്‌. ചിലര്‍ തിരിഞ്ഞുനോക്കി വേണ്ടപ്പെട്ടവരെ കൈവീശി കാണിക്കുന്നുണ്ട്‌. തോക്കുധാരികളായ എസ്സെസ്സുകാര്‍ കുതിരപ്പുറത്തും മോട്ടോര്‍സൈക്കിളിലുമായി ജനക്കൂട്ടത്തെ അകമ്പടി സേവിക്കുന്നു. സാറ കൈക്കുഞ്ഞനെ
എടുത്തുകൊണ്ട്‌ ഐഡലിന്റെ കയ്യും പിടിച്ച്‌ നടക്കുന്നത്‌ സ്റ്റെഫാന്‍ നിസ്സഹായനായി നോക്കിനിന്നു. മാല്‍ക്ക അവരുടെ പുറകേപോകുന്നുണ്ട്‌.

അവര്‍ കണ്ണില്‍നിന്ന്‌ മറയുന്നിടംവരെ പുരുഷന്മാര്‍ നോക്കിനിന്നു. ഒരുകാട്ടുപ്രദേശത്തിന്റെ മദ്ധ്യത്തിലൂടെ വെട്ടിയിരിക്കുന്ന ചെമ്മണ്‍ പാതയിലൂടെ അവര്‍ നടന്നു. സമ്മറിന്റെ തുടക്കമായിരുന്തിനാല്‍ വലിയചൂടും തണുപ്പുമില്ലാത്ത സുഖകരമായ കാലാവസ്ഥയായിരുന്നു. പ്രകൃതിയെങ്കിലും അവരോട്‌ കരുണകാണിച്ചല്ലോ.

നടക്കാന്‍വയ്യാത്ത വൃദ്ധജനങ്ങളെ വഴിയില്‍ ഉപേക്ഷിച്ചിട്ടാണ്‌ പ്രകടനം നീങ്ങുന്നത്‌. അവരെ താങ്ങാനെത്തുന്ന മക്കളും ബന്ധുക്കളും ചാട്ടവാറടികൊണ്ടു. പലരും തിരിഞ്ഞുനോക്കാതെ മുന്‍പോട്ട്‌ നടന്നു. കുഞ്ഞുങ്ങളെ വഴിയില്‍ ഉപേക്ഷിച്ചിട്ടുപോകാന്‍ അമ്മമാര്‍ക്ക്‌ സാധിക്കത്തില്ലല്ലോ. കുട്ടികളുടെ കരച്ചില്‍ മാത്രമേ എവിടെയും കേള്‍ക്കാനുള്ളു. മാല്‍ക്ക കരഞ്ഞുകൊണ്ട്‌ പിന്നാലെ വരുന്നുണ്ടെന്ന്‌ സാറ ഉറപ്പുവരുത്തി.

`കരയാതെ മോളെ, നമ്മള്‍ ഉടനെ അവിടെയെത്തുമല്ലോ,' തളള സമാധാനിപ്പിക്കാന്‍ശ്രമിച്ചു ഐഡല്‍ ഒരടിപോലും നടക്കാത്തതിനാല്‍ അവള്‍ അവനെക്കൂടി എടുത്തു. സ്വയമേ നടക്കാന്‍ ജീവനില്ലത്ത അവള്‍ രണ്ടുകുഞ്ഞുങ്ങളെ എടുത്തുകൊണ്ട്‌ പോകുന്നതുകണ്ട്‌ മനസലിവുതോന്നിയ ഒരുപെണ്‍കുട്ടി അടുത്തുവന്നിട്ട്‌ പറഞ്ഞു, മോനെ ഞാനെടുത്തോളാം, ആന്റി.

ആകാശത്തുനിന്ന്‌ തേന്‍മഴപെയ്യുന്നതായിട്ടാണ്‌ സാറക്ക്‌ തോന്നിയത്‌. ഇളയകുഞ്ഞിനെത്തന്നെ എടുത്തുകൊണ്ട്‌ നടക്കാന്‍ കഷ്‌ടപ്പെടുകയായിരുന്നു അവള്‍. തന്നെ സഹായിക്കാന്‍ വന്ന പെണ്‍കുട്ടിയെനോക്കി അവള്‍ മന്ദഹസിച്ചു. ഏകദേശം പതിനേഴുവയസ്‌ തോന്നിക്കുന്ന ഒരു സുന്ദരിക്കുട്ടി. പേരെന്താണെന്ന്‌ ചോദിച്ചു. `അലീന' എന്നാണെന്ന്‌ അവള്‍ പറഞ്ഞു.

ഞാന്‍ ചെക്കോസ്‌ളാവിയക്കാരിയാണ്‌. ഉപരിപഠനത്തിനാണ്‌ ജര്‍മനിയില്‍ വന്നത്‌. തിരിച്ചുപോകാന്‍ വയ്യാത്ത അവസ്ഥയിലായിപ്പോയി. കോളജില്‍നിന്നാണ്‌ അവര്‍ എന്നെ പിടികൂടിയത്‌. ചെക്ക്‌ ഭാഷയും ജര്‍മനും കൂടിക്കലര്‍ന്ന ഉച്ചാരണത്തില്‍ അവള്‍ തന്റെകഥ വിവരിച്ചു.

വിഷമിക്കാതിരിക്കു, കുട്ടി. സാറ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഈ കാര്‍മേഘങ്ങള്‍മാറി ആകാശം തെളിയാതിരിക്കത്തില്ല.

അലീനയോട്‌ അങ്ങനെ പറഞ്ഞെങ്കിലും തന്നെ ആര്‌ ആശ്വസിപ്പിക്കും എന്നുവിചാരിച്ച്‌ അവള്‍ തേങ്ങി. മാല്‍ക്ക തളര്‍ന്ന്‌ ഒരുചുവട്‌ മുന്‍പോട്ടുവെയ്‌ക്കാന്‍ കഴിയാതെ കരഞ്ഞുകൊണ്ടാണ്‌ പുറകേവരുന്നത്‌.

`കരയേണ്ട മോളെ.' അലീന അവളെ സമാധാനിപ്പിച്ചു. നമ്മള്‍ ഉടനെ അവിടെത്തുമല്ലോ. അവിടെചെല്ലുമ്പോള്‍ നമുക്ക്‌ റൊട്ടിയും സൂപ്പുമെല്ലാം കിട്ടും

കാന്‍ഡി കിട്ടുമോ? അവളുടെ എളിയില്‍ ഇരുന്ന്‌ ഐഡല്‍ ചെദിച്ചു.

കാന്‍ഡിയുംകിട്ടും. അവള്‍ അവനെ ഉമ്മവെച്ചു..

ഐഡലും, മാല്‍ക്കയും മാത്രമല്ലല്ലോ ഈ പ്രകടനത്തിലുള്ളത്‌. അവരുടെ പ്രായക്കാരായ അനേകം കുട്ടുികളുണ്ട്‌. ഒന്നും രണ്ടും കുഞ്ഞുങ്ങളെ എടുത്തുകൊണ്ട്‌ നടക്കുന്ന തള്ളമാര്‍. അവരുടെ പുറകേ കരഞ്ഞുംകൊണ്ട്‌ നടക്കുന്ന നാലും അഞ്ചുംവയസുള്ള കുട്ടികള്‍. തനിയേനടക്കാന്‍ ശേഷിയില്ലാത്ത വൃദ്ധജനങ്ങള്‍.

നിങ്ങളൊക്കെ മനുഷരാണോ? കുതിരപ്പുറത്തും മോട്ടോര്‍സൈക്കിളിലും സുഖമായി യാത്രചെയ്യുന്ന എസ്സെസ്സ്‌ പോലീസിനോട്‌ ഒരു വൃദ്ധ ചോദിച്ചു. നിങ്ങള്‍ക്കുമില്ലേ ഇതുപോലത്തെ കുഞ്ഞുങ്ങള്‍? ഇവരുടെ കഷ്‌ടപ്പാട്‌ കണ്ടിട്ട്‌ നിങ്ങള്‍ക്ക്‌ യാതൊരു മനസലിവും തോന്നുന്നില്ലേ?

അതിന്‌ മറുപടിയായി ഒരു എസ്സെസ്സുകാരന്‍ തോക്കിന്റെ പാത്തികൊണ്ട്‌ അവരുടെ തലയില്‍ ആഞ്ഞടിച്ചു. തലതകര്‍ന്ന്‌ ആ സ്‌ത്രീ അവിടെത്തന്നെവീണ്‌ മരിച്ചു. അതുകണ്ട്‌ അവരുടെ മകള്‍ അലറിക്കൊണ്ട്‌ ഓടിയടുത്ത്‌ പോലീസുകാരനെ കുതിരപ്പുറത്തുനിന്ന്‌ വലിച്ചുതാഴെയിട്ടു. അടുത്തുണ്ടായിരുന്ന മറ്റൊരു പോലീസുകാരന്‍ തോക്കെടുത്ത്‌ ആ സ്‌ത്രീയെ വെടിവെച്ചു. അവരും അമ്മയോടൊപ്പം മരിച്ചുവീണു. ഭയന്നുപോയ യാത്രക്കാര്‍ തിരിഞ്ഞുനോക്കാതെ മുന്‍പോട്ട്‌ നടന്നു.

എത്ര വൃദ്ധരും കുട്ടികളും വഴിയില്‍ വീണെന്ന്‌ ആര്‍ക്കും അറിയില്ല. പിന്നില്‍ വെടിയൊച്ച കേള്‍ക്കുന്നതുകൊണ്ട്‌ വീഴുന്നവരെ എസ്സെസ്സുകാര്‍ കൊല്ലുകയാണെന്ന്‌ ഊഹിച്ചു.

ഇത്‌ ഡെത്ത്‌ മാര്‍ച്ചാണ്‌, ആന്റി. നമ്മള്‍ ഇവരുടെ ക്യാമ്പില്‍ ചെല്ലുമ്പോളേക്കും പകുതിപ്പേരുപോലും അവശേഷിക്കില്ല. അലീന മന്ത്രിച്ചു. നമ്മള്‍ എന്തുതെറ്റ്‌ ചെയ്‌തിട്ടാണ്‌ ഇവര്‍ ഇങ്ങനെ ശിക്ഷിക്കുന്നത്‌?

കുട്ടി യഹൂദയായി ജനിച്ചില്ലേ? അതുതന്നെ തെറ്റ്‌. സാറ പറഞ്ഞു.

ജീവിക്കാനുള്ള അമിതാഗ്രഹത്താല്‍ അവര്‍ എല്ലാശക്തിയും സംഭരിച്ച്‌ മുന്‍പോട്ടുനീങ്ങി.


(തുടരും....)

എട്ടാം ഭാഗം വായിക്കുക...
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-9: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക