Image

`താരപൂരം' സ്റ്റേജ്‌ഷോ അമേരിക്കയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 11 December, 2011
`താരപൂരം' സ്റ്റേജ്‌ഷോ അമേരിക്കയില്‍
ന്യൂജേഴ്‌സി: നയനമനോഹരമായ നൃത്തത്തിന്റേയും, മനംമയക്കുന്ന സംഗീതത്തിന്റേയും, പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യത്തിന്റേയും മേളനം തീര്‍ക്കുന്ന ത്രസിപ്പിക്കുന്ന ഒരു സായാഹ്നവുമായി മിത്രാസ്‌ നിങ്ങള്‍ക്കായി ഒരുക്കുന്നു താരപൂരം. ഓര്‍മ്മയുടെ മണിച്ചെപ്പില്‍ കാത്തുവെയ്‌ക്കാന്‍ കലയുടെ പൊടിപൂരവുമായി നിങ്ങളുടെ പ്രിയപ്പെട്ട സിനിമാ-സീരിയല്‍-കോമഡി താരങ്ങള്‍ വീണ്ടും നിങ്ങളുടെ മുന്നിലെത്തുന്നു.

മലയാള സിനിമയില്‍ തിരുവനന്തപുരം നാട്ടുഭാഷയുടെ വസന്തം വിരിയിച്ച `രാജമാണിക്യം' എന്ന ചിത്രത്തിലെ `പാണ്ടിമേളം പാട്ടും കൂത്തും....' എന്ന ഗാനമാലപിച്ചുകൊണ്ട്‌ പിന്നണി ഗാനരംഗത്തെത്തി, `കഥ പറയുമ്പോള്‍' എന്ന ചിത്രത്തിലെ `വ്യത്യസ്‌തനാമൊരു ബാര്‍ബറാം ബാലനെ...' എന്ന ഗാനത്തിലൂടെ വ്യത്യസ്‌തമായൊരു ശൈലിയുമായി മലയാള പിന്നണി ഗാനരംഗത്ത്‌ നിലയുറപ്പിച്ച, അനേക രാജ്യങ്ങളിലെ സ്റ്റേജ്‌ഷോകളിലൂടെ സുപരിചിതനായ പ്രദീപ്‌ പള്ളുരുത്തി, `അണ്ണാറക്കണ്ണാ....' എന്ന ഗാനം ആലപിച്ചുകൊണ്ട്‌ മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ കുരുന്നു ഗായക പൂര്‍ണ്ണശ്രീ, ഏഷ്യാനെറ്റിലെ ലിറ്റില്‍ മാസ്റ്റേഴ്‌സ്‌ എന്ന റിയാലിറ്റി ഷോയിലെ ജേതാവായ പൂര്‍ണ്ണശ്രീ, `വെള്ളരിപ്രാവിന്റെ ചെങ്ങാതി' എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ തന്റെ ആലാപന മാധുര്യവുമായി മലയാള ഗാനരംഗത്ത്‌ ഒരു നിറസാന്നിധ്യമാവുകയാണ്‌.

മലയാളികളുടെ ഹൃദയസരസ്സില്‍ പ്രണയപുഷ്‌പം വിരിയിച്ച സംഗീത ചക്രവര്‍ത്തി ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ അരുമ ശിഷ്യന്‍ മിഥുന്‍ രാജ്‌, ആദ്യ ഐഡിയ സ്റ്റാര്‍സിംഗറിലെ മൂന്നാം സ്ഥാനം നേടിയ മിഥുന്‍ സൂര്യ ടിവിയിലെ സംഗീത മഹായുദ്ധം, കൈരളിയിലെ താരോത്സവം തുടങ്ങിയ മലയാളികളുടെ മനംകവര്‍ന്ന സംഗീത പരിപാടികളിലൂടെ പ്രശസ്‌തനാണ്‌. `മഹാരാജാ ടാക്കീസ്‌' എന്ന ചിത്രത്തിലെ ഗാനമാലപിച്ചുകൊണ്ട്‌ പിന്നണി ഗാനരംഗത്ത്‌ കടന്നുവന്ന മിഥുന്‍ ഷാരൂഖ്‌ ഖാന്റെ ` രാ വണ്‍' എന്ന ചിത്രത്തിന്റെ തമിഴ്‌, തെലുങ്ക്‌ പതിപ്പുകളിലും പാടിക്കൊണ്ട്‌ തന്റെ സംഗീത യാത്ര തുടരുന്നു.

താരോത്സവം 1-ലും 2-ലും വിജയിയായ സിനിമാ സീരിയല്‍ താരം അനീഷ്‌ രവി നിങ്ങള്‍ക്കായി അരങ്ങിലെത്തുന്നു. `പ്രിയപ്പെട്ട നാട്ടുകാരെ' എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ട്‌ മലയാള സിനിമാ രംഗത്ത്‌ കടന്നുവന്ന അനീഷ്‌ സൂര്യ ടിവിയിലെ `അടിപൊളി സ്വാദ്‌' എന്ന പരിപാടിയിലൂടെ നമ്മെ സ്വാദിന്റെ മാസ്‌മരിക പ്രപഞ്ചത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുന്നു.

ഏഷ്യനെറ്റിലെ `ഡെയ്‌ഞ്ചറസ്‌ ബോയ്‌സ്‌' എന്ന പരിപാടിയിലൂടെ ശ്രദ്ധനേടിയ ഫിറോസ്‌ `താരോത്സവം' മത്സരാര്‍ത്ഥിയും സിനിമാ-സീരിയല്‍ താരവും നര്‍ത്തകനുമാണ്‌. റിപ്പോര്‍ട്ടര്‍ ചാനലില്‍ ഫിറോസ്‌ അവതരിപ്പിക്കുന്ന `കട്ട്‌ കോപ്പി' എന്ന പരിപാടിക്ക്‌ ഏറ്റവും മികച്ച സിനിമാധിഷ്‌ഠിത പരിപാടിക്കുള്ള അവാര്‍ഡും ഈയിടെ ലഭിക്കുകയുണ്ടായി.

മലയാളികളുടെ കോമഡി രസികനായ ബൈജു ജോസ്‌, രസിക രാജാ എന്ന റിയാലിറ്റി ഷോയുടെ ജഡ്‌ജും, കൈരളിയിലെ താരോത്സവം അംഗവുമാണ്‌. ലോകമെമ്പാടുമുള്ള സ്റ്റേജ്‌ ഷോകളിലൂടെ പ്രശസ്‌തനായ ബൈജു ചിരിയുടെ അമിട്ടുമായി വീണ്ടുമെത്തുന്നു.

താരോത്സവം മത്സരാര്‍ത്ഥിയായ ലീന നായര്‍ മഴവില്‍ മനോരമയിലെ `കഥയിലെ നായിക' എന്ന സീരിയലിലൂടെ തന്റെ അഭിനയപാടവം മലയാളികള്‍ക്ക്‌ അനുഭവവേദ്യമാക്കി. ഒരു നര്‍ത്തകി കൂടിയാണ്‌ ലീന.

ഇവര്‍ നയിക്കുന്ന താരപൂരം എന്ന സ്റ്റേജ്‌ ഷോ നിങ്ങള്‍ക്കായി ഒരുക്കുന്നത്‌ മിത്രാസ്‌ എന്ന കലാ സാംസ്‌കാരിക സാമൂഹ്യ സംഘടനയാണ്‌. കലാസ്‌നേഹികളുടെ കൂട്ടായ്‌മയായ മിത്രാസ്‌ കലയെ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്‌.

2012 മെയ്‌ 1 മുതല്‍ ജൂണ്‍ 4 വരെ അമേരിക്കയിലും കാനഡയിലും ഈ സ്റ്റേജ്‌ ഷോ നടത്തുവാന്‍ താത്‌പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക: രാജന്‍ ചീരന്‍ (201 772 6610), ഷാജി വര്‍ഗീസ്‌ (862 812 4371), ഡോ. ഷിറാസ്‌ യൂസഫ്‌ (201 286 1409).
`താരപൂരം' സ്റ്റേജ്‌ഷോ അമേരിക്കയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക