Image

ലോസ്‌ആഞ്ചലസില്‍ എസ്‌.എം.സി.സി മലയാളം സ്‌കൂള്‍ ആരംഭിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 11 December, 2011
ലോസ്‌ആഞ്ചലസില്‍ എസ്‌.എം.സി.സി മലയാളം സ്‌കൂള്‍ ആരംഭിച്ചു
ലോസ്‌ആഞ്ചലസ്‌: സാന്റാ അന്നായിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മലയാളം സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

വി. കുര്‍ബാനയ്‌ക്കുശേഷം പള്ളിയങ്കണത്തില്‍ വെച്ച്‌ സ്‌കൂളിന്റെ ഉദ്‌ഘാടനം ഇടവക വികാരിയും എസ്‌.എം.സി.സി സ്‌പിരിച്വല്‍ ഡയറക്‌ടറുമായ റവ.ഡോ. അഗസ്റ്റിന്‍ പാലക്കാപ്പറമ്പില്‍ ഭദ്രദീപം തെളിയിച്ച്‌ നിര്‍വഹിച്ചു.

മലയാള ഭാഷയെ അടുത്തറിയുന്നതിനും മലയാളികളുടെ തനതായ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനും അതുവഴി മലയാളി എന്ന നാമം അര്‍ത്ഥവത്താകട്ടെ എന്നും ബ. അഗസ്റ്റിനച്ചന്‍ അറിയിച്ചു.

ചാപ്‌റ്റര്‍ പ്രസിഡന്റും സ്‌കൂള്‍ ഡയറക്‌ടറുമായ ജോണ്‍സണ്‍ വണ്ടനാംതടത്തില്‍ സ്വാഗതമാശംസിക്കുകയും ഇടവകാംഗങ്ങളുടെ സഹകരണത്തെ പ്രശംസിക്കുകയും ചെയ്‌തു. മലയാള പഠിക്കുന്ന കുട്ടികള്‍ക്ക്‌ സൗജന്യമായി പാഠപുസ്‌തകങ്ങള്‍ നല്‍കുമെന്നും യാതൊരുവിധ ഫീസും ഈടാക്കുന്നതല്ലെന്നും ജോണ്‍സണ്‍ അറിയിച്ചു.

എസ്‌.എം.സി.സി നാഷണല്‍ വൈസ്‌ പ്രസിഡന്റും സ്‌കൂള്‍ വൈസ്‌ പ്രിന്‍സിപ്പലുമായ ജോര്‍ജുകുട്ടി തന്റെ ആശംസാ സന്ദേശത്തില്‍, അദ്ധ്യാപകരുടെ മാത്രം ചുമതലയായി കരുതാതെ, മാതാപിതാക്കള്‍കൂടി പരിശ്രമിച്ചാല്‍ മാത്രമേ ഈ സംരംഭം വിജയിക്കുകയുള്ളുവെന്നും നാഷണല്‍ കമ്മിറ്റിയുടെ ആശംസകള്‍ നേരുകയും ചെയ്‌തു.

കുട്ടികള്‍ക്ക്‌ ആദ്യാക്ഷരങ്ങള്‍ ചൊല്ലിക്കൊടുത്തത്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഏഞ്ചല്‍ ആനന്ദാണ്‌. ആദ്യദിവസം തന്നെ അമ്പതോളം കുട്ടികള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. മലയാളം ക്ലാസിലെ അദ്ധ്യാപകരായ മായ ടീച്ചര്‍, നെസി ബിനോയ്‌, ബെറ്റ്‌സി ജോണ്‍, ട്രസ്റ്റിമാരായ ജോസുകുട്ടി പാമ്പാടി, ഷാജി തോമസ്‌, ജോര്‍ജ്‌ യോഹന്നാന്‍ എന്നിവര്‍ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്തു.

എസ്‌.എം.സി.സി കമ്മിറ്റിയംഗങ്ങളായ ബ്രിജിറ്റ്‌ ലാല്‍, എലിസബത്ത്‌ ജോസഫ്‌, സൈമണ്‍ നീലങ്കാവില്‍, സെബാസ്റ്റ്യന്‍ വെള്ളൂക്കുന്നേല്‍, ജിമ്മി ജോസഫ്‌, മാത്യു കൊച്ചുപുരയ്‌ക്കല്‍, രാജു ഏബ്രഹാം, സണ്ണി നടുവിലേക്കുറ്റ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

സെക്രട്ടറി ബൈജു വിതയത്തില്‍ നന്ദി പറഞ്ഞു. ടോമി പുല്ലാപ്പള്ളി ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി. ജോര്‍ജുകുട്ടി പുല്ലാപ്പള്ളി അറിയിച്ചതാണിത്‌.
ലോസ്‌ആഞ്ചലസില്‍ എസ്‌.എം.സി.സി മലയാളം സ്‌കൂള്‍ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക