Image

മച്ചിപ്പശുക്കള്‍ (ഇക്കരെയക്കരെയിക്കരെ! (2) രാജു മൈലപ്ര)

Published on 03 November, 2014
മച്ചിപ്പശുക്കള്‍ (ഇക്കരെയക്കരെയിക്കരെ! (2) രാജു മൈലപ്ര)
യാത്രയ്‌ക്കു മുമ്പ്‌ ചില ഫോര്‍മാലിറ്റീസ്‌ ഒക്കെയുണ്ടല്ലോ! പാസ്‌പോര്‍ട്ട്‌, ഒ.സി.ഐ കാര്‍ഡ്‌, വിസ തുടങ്ങിയ മതിയായ രേഖകള്‍. പണ്ട്‌ ഇന്ത്യന്‍ കോണ്‍സുലേറ്റിലാണ്‌ ഈവക സേവനങ്ങള്‍ ലഭ്യമായിരുന്നത്‌. പ്രത്യേക അപ്പോയിന്റ്‌മെന്റ്‌ ഒന്നുമില്ല. അതിരാവിലെ കോണ്‍സുലേറ്റിനു മുന്നില്‍ പോയി കാവലിരിക്കണം. ഒന്‍പതു മണിക്ക്‌ കവാടങ്ങള്‍ തുറക്കുമ്പോള്‍ ജനം ഇടിച്ചകത്തുകയറും- വാതില്‍ക്കല്‍ നില്‍ക്കുന്ന പഞ്ചാബി സെക്യൂരിറ്റിക്കാരന്‍ `അരേ സാലേ' എന്നു പുലമ്പിക്കൊണ്ട്‌ ജനത്തെ പുറത്തോട്ടു തള്ളും. ഇന്ത്യയിലെപ്പോലെ തന്നെ, ഇന്ത്യന്‍ കോണ്‍സുലേറ്റിലും `ക്യൂ പാലിക്കുക' എന്നൊരു സിസ്റ്റം അത്ര സ്‌ട്രിക്‌ട്‌ ആയി നടപ്പാക്കാറില്ല. തമിഴ്‌നാട്ടില്‍ നിന്നും കുളമ്പുരോഗം പിടിപെട്ട കന്നുകാലികളെ കൊണ്ടുവരുന്നതുപോലെ, നാല്‍പതു പേര്‍ക്ക്‌ കഷ്‌ടിച്ച്‌ നില്‍ക്കാവുന്ന മുറിയില്‍ മുന്നൂറു പേരെങ്കിലും കാണും. ആകെപ്പാടെ ഒരു കലപില. പലരോടും പല ഭാഷയില്‍ ചോദിച്ച്‌ സംശയനിവൃത്തിയശേഷം, പൂരിപ്പിച്ച അപേക്ഷാഫോറം, വിന്‍ഡോക്ക്‌ പിന്നിലിരിക്കുന്ന ഭവതിയുടെ പക്കലേക്ക്‌ ഭവ്യതയോടുകൂടി സമര്‍പ്പിക്കുന്നു. നമ്മള്‍ ഏതോ കുറ്റകൃത്യം ചെയ്‌തതുപോലെ അവര്‍ നമ്മളെ രൂക്ഷമായി നോക്കുന്നു. വളരെ പുച്ഛത്തോടെ നമ്മുടെ അപേക്ഷാഫോറം തിരിച്ചും മറിച്ചും നോക്കുന്നു. ജഡ്‌ജിയുടെ മുന്നില്‍ വിധികാത്ത്‌ നില്‍ക്കുന്ന കുറ്റവാളിയെപ്പോലെ, കുറ്റം ഒന്നും ചെയ്യാത്ത നമ്മള്‍ നിന്നു പരുങ്ങുന്നു. ഇനി ഭവതിയുടെ കവാടങ്ങള്‍ നാലുമണിക്കേ തുറക്കുകയുള്ളൂ!

മൂന്നുമണിയായപ്പോഴേ രാവിലെ ഹാജരായ മുന്നൂറുപേരും ഹാജര്‍. അതുവരെ മന്‍ഹാട്ടനില്‍ നിന്നു തെക്കുവടക്കു നടന്നു തെണ്ടിത്തിരിഞ്ഞതിന്റെ ക്ഷീണവും ദേഷ്യവും അവരുടെ മുഖത്ത്‌. നമ്മുടെ ഊഴം എത്തുന്നു. പാസ്‌പോര്‍ട്ട്‌ നമ്മുടെ നേരെ വലിച്ചെറിയുന്നു. കിട്ടുണ്ണി ലോട്ടറി നമ്പര്‍ നോക്കുന്നതുപോലെ, പാസ്‌പോര്‍ട്ടിന്റെ പേജുകള്‍ മറിച്ചുനോക്കുന്നു. `അടിച്ചെടാ മോനേ ലോട്ടറി' - ആറുമാസത്തേക്കുള്ള വിസാ അടിച്ചിട്ടുണ്ട്‌. മാരത്തോണ്‍ ഓട്ടത്തില്‍ 26 മൈല്‍ ഓടി ഒന്നാം സ്ഥാനത്തെത്തി ബെന്‍സ്‌ കാര്‍ സ്വന്തമാക്കിയ കെനിയക്കാരന്റെ ആഹ്ലാദഭാവങ്ങളോടെ, അതുവരെ സഹിച്ച സകല ദുരിതങ്ങളും മറന്നുകൊണ്ട്‌ സ്ഥലം കാലിയാക്കുന്നു. ഇങ്ങനെ അല്‌പസ്വല്‌പ പീഡനങ്ങളനുഭവിച്ചിരുന്നെങ്കിലും 'ഇതെല്ലാം നമ്മുടെ വിധി' എന്നുകരുതി വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ കാര്യങ്ങള്‍ മുന്നോട്ടു പോകുകയായിരുന്നു.

അപ്പോഴാണ്‌ നമ്മുടെ പ്രവാസികാര്യമന്ത്രാലയ നടത്തിപ്പുകാരുടെ ആള്‍താമസമില്ലാത്തവരുടെ തലയില്‍ ഒരു ലഡു പൊട്ടിയത്‌! ഇന്ത്യന്‍ സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന നമ്മുടെ ആളുകളെക്കൊണ്ടു വെറുതേ എന്തിനു ജോലി ചെയ്യിക്കണം? ശമ്പളവും കിമ്പളവും പറ്റുന്ന നമ്മള്‍ ഇവിടെ ഒരു കോപ്പും ചെയ്യുന്നില്ല. അതുപോലെ അവരും കുറച്ചുനാള്‍ മെയ്യനങ്ങാതെ ഒന്നു സുഖിക്കട്ടെ! എല്ലാവരും ഡിപ്ലോമാറ്റിക്‌ സ്റ്റാറ്റസ്‌ ഉള്ളവരല്ലേ! വെറുതെ അവര്‍ വീട്ടുവേലക്കാരേയും പീഡിപ്പിച്ചുകൊണ്ട്‌ രസിക്കട്ടെ! അങ്ങനെ കോണ്‍സുലേറ്റിലെ മിക്ക ചുമതലകളും `ഔട്ട്‌സോഴ്‌സിംഗ്‌' എന്നൊരു ഓമനപ്പേരും നല്‍കി, ചുക്കും ചുണ്ണാമ്പുമറിയാത്ത ഒരു ഏജന്‍സിക്ക്‌ കൈമാറി. അതോടുകൂടി സംഗതിയാകെ ചക്ക കുഴയുന്നതുപോലെ കൊഴ കൊഴാ പരുവത്തിലായി.

ഇന്ത്യന്‍ കോണ്‍സുലേറ്റുകാരും, ജനസേവനത്തിനുമാത്രം ജന്മമെടുത്ത ചില മലയാളി സംഘടനകളും സംയുക്തമായി നാടിന്റെ നാനാ ഭാഗത്തും ക്യാമ്പുകള്‍ സംഘടിപ്പിച്ച്‌ `ഓവര്‍സീസ്‌ സിറ്റിസണ്‍സ്‌ ഓഫ്‌ ഇന്ത്യ (ഒ.സി.ഐ)' എന്നൊരു കാര്‍ഡ്‌ സംഘടിപ്പിച്ചാല്‍ പിന്നെ സംഗതികളെല്ലാം `സോ ഈസി' എന്നു പറഞ്ഞു നമ്മളെ ബോധവത്‌കരിച്ചു. ഈ കാര്‍ഡുമായി ഇന്ത്യയിലെ ഏതു എയര്‍പോര്‍ട്ടില്‍ ലാന്‍ഡ്‌ ചെയ്‌താലും, എയര്‍പോര്‍ട്ട്‌ അധികൃതര്‍ നമ്മളെ പൂമാലയിട്ട്‌ സ്വീകരിക്കുമെന്നും, ഇളനീര്‍ നല്‍കി ദാഹശമനം വരുത്തിയിട്ട്‌ പുറത്തോട്ട്‌ ആനയിക്കുമെന്നും മറ്റുള്ളവര്‍ നമ്മളെ ധരിപ്പിച്ചത്‌. ഈ മോഹവലയത്തില്‍ ഞാനുള്‍പ്പടെ ആയിരക്കണക്കിന്‌ ഹതഭാഗ്യര്‍ വീണുപോയി. ഇന്ത്യാ ഗവണ്‍മെന്റിനു കോടിക്കണക്കിന്‌ ഡോളര്‍ പോക്കറ്റില്‍. ഇന്ന്‌ അതിന്‌ അത്‌ അച്ചടിച്ചിരിക്കുന്ന കടലാസിന്റെ വില പോലുമില്ല. യു.എസ്‌ പാസ്‌പോര്‍ട്ടില്‍ ഇന്ത്യന്‍ വിസ പതിപ്പിക്കാതെ ഒ.സി.ഐ കാര്‍ഡുമായി യാത്ര ചെയ്‌ത പലര്‍ക്കും പുറംലോകം കാണാതെ വന്ന അതേ ഫ്‌ളൈറ്റില്‍ തന്നെ റിട്ടേണ്‍ അടിക്കേണ്ട ഗതികേടുണ്ടായി. എന്റെ കൈയ്യിലുള്ളത്‌ `റിന്യൂ' ചെയ്‌ത പാസ്‌പോര്‍ട്ടാണ്‌. അതില്‍ `U' വിസ അടിച്ചിട്ടില്ല. നമ്മുടെ ഇന്ത്യാരാജ്യത്ത്‌ എയര്‍പോര്‍ട്ട്‌ നിയമങ്ങള്‍, അവിടെയിരിക്കുന്ന ഉദ്യോഗസ്ഥരുടെ അപ്പോഴത്തെ `മൂഡ്‌' അനുസരിച്ചാണ്‌. അറിവില്ലായ്‌മകൊണ്ട്‌ അടിയന്മാര്‍, ഏമാന്മാരോട്‌ ചോദിച്ചുപോയാല്‍ പിന്നെ കുറെ നാളത്തേക്ക്‌ നമ്മുടെ യാത്ര കട്ടപ്പൊക. കള്ളക്കടത്തുകാരേയും താരസുന്ദരിമാരേയും മറ്റും കസ്റ്റംസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ വി.ഐ.പി ഗേറ്റിലൂടെ അകമ്പടി സേവിച്ച്‌ പുറത്തേക്കാനയിക്കും. അവരുടെ ദേഹപരിശോധനയൊക്കെ ഏതെങ്കിലും ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകളില്‍!

പുതിയ പാസ്‌പോര്‍ട്ടും, ഒ.സി.ഐ കാര്‍ഡും കൂടി ഔട്ട്‌സോഴ്‌സിംഗ്‌ ഏജന്‍സിയെ ഏല്‍പിച്ചാല്‍ പിന്നെ അതിന്റെ ഗതി എന്തായിത്തീരുമെന്നു ഉടയ തമ്പുരാനു പോലും പ്രവചിക്കാനാവില്ല. മിക്കവാറും മാനഹാനിയും ധനനഷ്‌ടവുമായിരിക്കും ഫലം. ശരിയായ വിവരങ്ങള്‍ക്കുവേണ്ടി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വെബ്‌സൈറ്റിനെ അഭയം പ്രാപിച്ചു. ഭാഗ്യമെന്നു പറയട്ടെ, അതില്‍ വിസ, പാസ്‌പോര്‍ട്ട്‌ തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒന്നുരണ്ട്‌ ഉദ്യോഗസ്ഥരുടെ പേരും ഇമെയില്‍ ഐ.ഡിയും കൊടുത്തിട്ടുണ്ട്‌. ഒട്ടും താമസിയാതെ ഇമെയില്‍ വഴി ഞാനവരെ എന്റെ സങ്കടാവസ്ഥ ബോധിപ്പിച്ചു. ദോഷം പറയരുതല്ലോ! വര്‍ഷം ഒന്നു കഴിഞ്ഞിട്ടും , നാളിതുവരെ അവരില്‍ നിന്ന്‌ ഒരു പ്രതികരണവും ലഭിച്ചിട്ടില്ല. എന്തിനാനോ ഇങ്ങനെ കുറെ മച്ചിപ്പശുക്കളെ തീറ്റിയും വെള്ളവും കൊടുത്ത്‌ കോണ്‍സുലേറ്റ്‌ തൊഴുത്തുകളില്‍ ഉദ്യോഗസ്ഥന്മാരായി കെട്ടിയിട്ടു വളര്‍ത്തുന്നതെന്ന്‌ എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഏതായാലും അവരുടെ ശുഷ്‌കാന്തിക്കു മുന്നില്‍ ഈ എളിയവന്റെ നമോവാകം! അവസാനം, ഇടയ്‌ക്കിടയ്‌ക്ക്‌ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നില്‍ പോയി, ദേശീയ പതാകയേന്തി `അവകാശങ്ങള്‍ നേടിയെടുക്കും' എന്ന മുദ്രാവാക്യവുമായി നില്‍ക്കുന്ന ഒറ്റയാള്‍ പട്ടാളമായ എന്റെ സുഹൃത്ത്‌ തോമസ്‌ ടി. ഉമ്മനെ വിളിച്ചു `രാജു ഒന്നും പേടിക്കണ്ട, പുതിയ പാസ്‌പോര്‍ട്ടും വിസ അടിച്ചിട്ടുള്ള പഴയ പാസ്‌പോര്‍ട്ടും, ഒ.സി.ഐ കാര്‍ഡും കൊണ്ടുപോയാല്‍ മതി' സംഗതി സോ സിമ്പിള്‍! ഈയൊരു സിമ്പിള്‍ ഇന്‍ഫര്‍മേഷന്‍ തരാനുള്ള സംവിധാനം ഇന്ത്യന്‍ കോണ്‍സുലേറ്റിനോ, അവരുടെ ഔട്ട്‌സോഴ്‌സിംഗ്‌ ഏജന്‍സിക്കോ ഇല്ലെന്നുള്ളത്‌ എത്ര ദയനീയമാണ്‌. സഖാവ്‌ അച്ചുമാമ്മന്റെ ഭാഷയില്‍ ഇവരെ `പിതൃശൂന്യര്‍' എന്നോ ശ്രേഷ്‌ഠഭാഷാ പദവി കിട്ടിയ മലയാളത്തിന്റെ അംബാസിഡറായ പിണറായി ചേട്ടന്റെ ഭാഷയില്‍ `പരനാറികളേ' എന്നോ വിളിക്കുന്നതില്‍ തെറ്റില്ല എന്നാണ്‌ എന്റെ അഭിപ്രായം!
read also:
http://emalayalee.com/varthaFull.php?newsId=88115
മച്ചിപ്പശുക്കള്‍ (ഇക്കരെയക്കരെയിക്കരെ! (2) രാജു മൈലപ്ര)
Join WhatsApp News
A.C.George, Houston 2014-11-03 20:12:30
If you are lucky carrying the old expired passport with Uvisa stamp along with new passport will work. But not all the time. Many of our Consulate Office Gundas will ask the news passport stamped with Uvisa. As Raju suggested getting the new passport stamped with Uvisa is also a Himalyan task. Therer also lot of paper work, procedure, waiting perid, burocratic obstacles, nonsence actions etc.. etc. Actulay by fighting with these consulate people we lose our life span for about 2 years. So much pain (Us expression pain in the ass). But therer are people to celebrate, applaud, garland such people. Some how we have to resolve such issues. Thank you Raju Sir, for writing about the real issues.. I have also written many times. But no use. Not ressolved any thing..
Sudhir Panikkaveetil 2014-11-04 04:30:44
പതിനായിരം വര്ഷത്തെ സാംസ്കാരിക പൈതൃകം
അവകാശപ്പെടുന്ന ആർഷ ഭാരതത്തിലെ
പൌരന്മാരായ ഉദ്യോഗസ്ത്ഹരെ മച്ചി പശുക്കൾ
എന്ന് പറയണ്ട.. നമുക്ക് അവരെ വെള്ളാനകൾ
എന്ന് പറയാം. സത്യമേവ ജയതേ എന്നാ
മഹാവാക്യം കാണിച്ച് കൊള്ളരുതായ്മ
ചെയ്യുക എന്നാ അഭിനവ ഭാരതം. എഴുതുന്നവർ
എഴുതിക്കോട്ടെ ഞങ്ങൾ മന്ത്രിമാരുടെ കാൽക്കൽ
വീഴും പൂക്കളർപ്പിക്കുമെന്ന് എന്തെങ്കിലും
മാറ്റം വരുത്താൻ കഴിവുള്ളവർ പറയുമ്പോൾ
എന്ത് ചെയ്യാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക