Image

'ക്യാന്‍സറിനെതിരെ പോരാട്ടവു'മായി സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

Published on 12 December, 2011
'ക്യാന്‍സറിനെതിരെ പോരാട്ടവു'മായി സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍


കൊച്ചി: അനുദിനം വ്യാപിച്ചുകൊണ്ടിരിക്കുന്ന മഹാവ്യാധിയായ ക്യാന്‍സറിനെതിരെ വിവിധ പദ്ധതികള്‍ക്ക് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ രൂപം നല്‍കിയിരിക്കുന്നുവെന്ന് സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.
 
'ക്യാന്‍സറിനെതിരെ പോരാട്ടം' എന്ന ത്രിവത്സര കര്‍മ്മപദ്ധതിയാണ് അല്മായ കമ്മീഷന്‍ പ്രഥമഘട്ടത്തില്‍ നടപ്പിലാക്കുന്നത്. വിവിധ രൂപതകള്‍, ഇടവകകള്‍, അല്മായ പ്രസ്ഥാനങ്ങള്‍, യുവജന വനിതാ സംഘടനകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, കുടുംബക്കൂട്ടായ്മകള്‍ തുടങ്ങിയവര്‍ ഈ പദ്ധതിയില്‍ പങ്കാളികളാകും.

ക്യാന്‍സര്‍ ബോധവല്‍ക്കരണപരിപാടികള്‍, മുന്‍കൂട്ടിയുള്ള രോഗനിര്‍ണ്ണയ മാര്‍ഗ്ഗങ്ങള്‍, ആധുനിക ചികിത്സാരീതികളെക്കുറിച്ചുള്ള പങ്കുവെയ്ക്കല്‍, ഭക്ഷണക്രമീകരണങ്ങള്‍, രോഗത്തിന്റെ മൂര്‍ദ്ധന്യതയില്‍ പാലിയേറ്റീവ് കെയര്‍ എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള സേവനങ്ങളാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനതല ബോധവല്‍ക്കരണ പദ്ധതിയ്ക്ക് ജനുവരിയില്‍ തുടക്കമാകും. പ്രഗത്ഭരായ ഡോക്ടര്‍മാരുടെയും സാമൂഹ്യ സന്നദ്ധപ്രവര്‍ത്തകരുടെയും സേവനങ്ങള്‍ പൊതുസമൂഹത്തിന് ലഭ്യമാക്കും. ക്യാന്‍സറിനെതിരെ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിവിധ സന്നദ്ധസംഘടനകളുടെ കേരളാടിസ്ഥാനത്തിലുള്ള കൂട്ടായ്മയ്ക്ക് രൂപം നല്‍കുന്നതാണ്.

ക്യാന്‍സര്‍ ചികിത്സ, ഗവേഷണം എന്നീ തലങ്ങളിലുള്ള അല്മായ സംരംഭങ്ങള്‍ക്ക് അല്മായ കമ്മീഷന്‍ പ്രോത്സാഹനം നല്‍കും. കുര്യാക്കോസ് ഏലിയാസ് ട്രസ്റ്റ് (കെ.ഇ.ട്രസ്റ്റ്) , ഇന്റര്‍ നാഷണല്‍ ചാവറ ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ പ്രസ്ഥാനങ്ങളുമായി സഹകരിച്ചാണ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. 2012 മെയ് മാസം ആഗോളതലത്തിലെ പ്രഗത്ഭരായ ഡോക്ടര്‍മാരെയും വിദഗ്ദ്ധരെയും പങ്കെടുപ്പിച്ചുകൊണ്ട് അന്തര്‍ദ്ദേശീയ സെമിനാര്‍ ''ഓങ്കോളജി 2012'' തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നതാണ്.

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ക്യാന്‍സര്‍ രോഗികളുടെ കുട്ടികള്‍ക്ക് സൗജന്യവിദ്യാഭ്യാസ പദ്ധതിയായ ''ഹെല്‍ത്തി ചൈല്‍ഡ് -വെല്‍ത്തി നേഷന്‍ (ആരോഗ്യമുള്ള കുട്ടി-സമ്പന്ന രാഷ്ട്രം)'' പദ്ധതി ഡിസംബര്‍ 27ന് ഉദ്ഘാടനം ചെയ്യപ്പെടും. സംസ്ഥാനത്തുടനീളം സ്‌കൂളുകളിലും കോളജുകളിലും ക്യാമ്പുകളും സെമിനാറുകളും സംഘടിപ്പിക്കും. 'ജീവന്റെ സംരക്ഷണം' എന്ന സഭയുടെ ദൗത്യത്തില്‍ ഒന്നുചേര്‍ന്ന് സമൂഹത്തെ ഒന്നടങ്കം ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഈ മാരകരോഗത്തിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കുചേരുവാനും സഹകരിച്ചുപ്രവര്‍ത്തിക്കുവാനും ആഗ്രഹിക്കുന്നവരും സന്നദ്ധസംഘടനകളും laitycommission@gmail.com എന്ന ഇ-മെയിലില്‍ ബന്ധപ്പെടണമെന്ന് അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.


ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക