Image

`ഇന്‍ട്രൊഡക്ഷന്‍ ടു കേരള സ്റ്റഡീസ്‌' പ്രകാശനം ഡിസം. 30-ന്‌

Published on 12 December, 2011
`ഇന്‍ട്രൊഡക്ഷന്‍ ടു കേരള സ്റ്റഡീസ്‌' പ്രകാശനം ഡിസം. 30-ന്‌
ന്യൂജേഴ്‌സിയിലെ ന്യൂവാര്‍ക്ക്‌ ആസ്ഥാനമായുള്ള `ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ സയിന്റിഫിക്‌ ആന്‍ഡ്‌ അക്കാഡമിക്‌ കൊളാബറേഷന്‍ തയാറാക്കുന്ന `ഇന്‍ട്രൊഡക്ഷന്‍ ടു കേരള സ്റ്റഡീസ്‌' എന്ന ആധികാരിക ഗ്രന്ഥത്തിന്റെ പ്രീ പബ്ലിക്കേഷന്‍ പ്രകാശനം നടത്തുന്നു. തിരുവനന്തപുരം മസ്‌ക്കറ്റ്‌ ഹോട്ടലില്‍ ഗ്ലോബല്‍ എന്‍.ആര്‍.കെ സമ്മേളന മധ്യേ ഡിസംബര്‍ 30-ന്‌ രാവിലെ 11 മണിക്കാണ്‌ ചടങ്ങ്‌ നടക്കുക. സാംസ്‌കാരിക വകുപ്പ്‌ മന്ത്രി കെ.സി. ജോസഫിന്‌ പുസ്‌തകത്തിന്റെ കോപ്പി നല്‍കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം നിര്‍വഹിക്കും.

കേരളത്തെ സമഗ്രമായി അറിയുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയിരിക്കുന്ന ഈ ഗ്രന്ഥത്തിലെ ഓരോ അദ്ധ്യായങ്ങളും അതാത്‌ മേഖലയിലെ വിദഗ്‌ധരായ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാരാണ്‌ കൈകാര്യം ചെയ്‌തിരിക്കുന്നത്‌. കേരളത്തിന്റെ ചരിത്രം, സംസ്‌കാരം, രാഷ്‌ട്രീയം, സാമ്പത്തിക ശാസ്‌ത്രം, മതങ്ങള്‍, കലകള്‍, കൃഷി രീതികള്‍, ജൈവ വൈവിധ്യം, പ്രവാസി ജീവിതം തുടങ്ങി വിവിധ വിഷയങ്ങളാണ്‌ ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്‌. വിദേശ യൂണിവേഴ്‌സിറ്റികളില്‍ കേരളത്തെപ്പറ്റി അറിയുന്നതിന്‌ ഒരു റഫറന്‍സ്‌ ഗ്രന്ഥമായി ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തിലാണ്‌ ഇത്‌ ക്രോഡീകരിച്ചിരിക്കുന്നത്‌. കേരളത്തിലും ഗവേഷണ പഠനങ്ങള്‍ക്ക്‌ ഇത്‌ ഏറെ സഹായകരമായിരിക്കുമെന്ന്‌ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫ. സണ്ണി ലൂക്ക്‌, പ്രൊഫ. ആന്റണി പാലയ്‌ക്കല്‍, ശ്രീ അലക്‌സ്‌ കോശി എന്നിവര്‍ അഭിപ്രായപ്പെടുന്നു.

പ്രവാസി മലയാളികളുടെ രണ്ടാം തലമുറയ്‌ക്ക്‌ അവരുടെ മാതൃനാടിന്റെ പൈതൃകവും സംസ്‌കാരവും അടുത്തറിയാന്‍ പ്രചോദനമാകുക എന്ന ലക്ഷ്യത്തോടെയും കൂടിയാണ്‌ ഈ ഗ്രന്ഥം തയാറാക്കിയിരിക്കുന്നതെന്നും, ഇത്തരമൊന്ന്‌ കേരളത്തില്‍ ഇദംപ്രഥമമായാണ്‌ പ്രസിദ്ധീകരിക്കുന്നതെന്നും മുന്‍ വൈസ്‌ ചാന്‍സിലറും ഗ്രന്ഥത്തിന്റെ എഡിറ്റര്‍മാരില്‍ ഒരാളുമായ ശ്രീ. ജെ.വി. വിളനിലം പറയുന്നു.

1600 പേജുകളുള്ള ഈ ഗ്രന്ഥം രണ്ട്‌ വോളിയമായിട്ടാണ്‌ പ്രസിദ്ധീകരിക്കുന്നത്‌. ഏപ്രില്‍ ആദ്യവാരത്തോടെ ഈ പുസ്‌തകം വില്‍പ്പനയ്‌ക്കെത്തുമെന്ന്‌ പ്രസാധകരായ IISAC അംഗങ്ങള്‍ പറഞ്ഞു. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്‌ധര്‍ ഈ ഗ്രന്ഥത്തില്‍ വിവിധ വിഷയങ്ങള്‍ തയാറാക്കിയിരിക്കുന്നു എന്നത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക