Image

ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ മിഷന്‍ പുതുതായി നാമകരണം ചെയ്യപ്പെട്ടു

ജോയിച്ചന്‍ പുതുക്കുളം Published on 13 December, 2011
ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ മിഷന്‍ പുതുതായി നാമകരണം ചെയ്യപ്പെട്ടു
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ ഗാര്‍ഫീല്‍ഡില്‍ പ്രവര്‍ത്തിച്ചുവരുന്ന സീറോ മലബാര്‍ കത്തോലിക്കാ മിഷന്‍ ഇനിമുതല്‍ ഔദ്യോഗികമായി വാഴ്‌ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നാമത്തില്‍ അറിയപ്പെടും. കഴിഞ്ഞ ഇടവക പ്രതിനിധിയോഗത്തില്‍ എടുത്ത ഈ തീരുമാനം ഞായറാഴ്‌ച (ഡിസംബര്‍ 11) വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം മിഷന്‍ വികാരി ഫാ. പോള്‍ കോട്ടയ്‌ക്കല്‍ മിഷന്‍ അംഗങ്ങളെ അറിയിച്ചു. അമേരിക്കയിലെ സീറോ മലബാര്‍ കത്തോലിക്കാ രൂപതയുടെ കീഴില്‍ ആദ്യമായാണ്‌ ഒരു മിഷന്‍ വാഴ്‌ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പേരില്‍ നാമകരണം ചെയ്യപ്പെടുന്നത്‌. കഴിഞ്ഞ ഏഴുവര്‍ഷമായി വടക്കന്‍ ന്യൂജേഴ്‌സിയിലെ സീറോ മലബാര്‍ കത്തോലിക്കരുടെ ആദ്ധ്യാത്മിക കേന്ദ്രമായി ഈ മിഷന്‍ പ്രവര്‍ത്തിച്ചുവരുന്നു. കഴിഞ്ഞ ജൂലൈ മാസത്തില്‍ .ഫാ. പോള്‍ കോട്ടയ്‌ക്കല്‍ ഈ മിഷന്റെ പുതിയ ഡയറക്‌ടറായി നിയമിതനായി അധികാരമേറ്റു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇരുനൂറില്‍പ്പരം കുടുംബങ്ങളെ ആദ്ധ്യാത്മിക അഭിവൃദ്ധിക്കു പുറമെ അവരുടെ സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനത്തിനുതകുന്ന വിധത്തില്‍ വിവിധ കര്‍മ്മ പരിപാടികള്‍ ഇവിടെ നടത്തിവരുന്നു. വിവിധ അത്മായ-ആത്മീയ സംഘടനകള്‍ ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്നു. ഷിക്കാഗോ കത്തീഡ്രല്‍ പള്ളി വികാരായായ ഫാ. ജോയി ആലപ്പാട്ട്‌ ആയിരുന്നു മിഷന്റെ ആദ്യ ഡയറക്‌ടര്‍.

1920 മെയ്‌ 20-ന്‌ പോളണ്ടില്‍ ജനിച്ച കരോള്‍ വോയ്‌റ്റിവ തന്റെ ജീവിതം മുഴുവനും ദൈവ വേലയ്‌ക്കായി മാറ്റിവെച്ചു. നന്നേ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്‌ടപ്പെട്ട അദ്ദേഹത്തിന്‌ പോളണ്ടിലെ കമ്യൂണിസ്റ്റ്‌ ഭരണത്തില്‍ വളരെയേറെ യാതനകള്‍ അനുഭവിക്കേണ്ടി വന്നു. ആഴമേറിയ തന്റെ ദൈവ വിശ്വാസത്തില്‍ അടിയുറച്ചു നിന്നുകൊണ്ട്‌ താന്‍ അഭിമുഖീകരിച്ച എല്ലാ പ്രതിസന്ധികളേയും അദ്ദേഹം സധൈര്യം നേരിട്ട്‌ മറികടന്നു. 1946 നവംബര്‍ ഒന്നാംതീയതി പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1978 ഒക്‌ടോബര്‍ 16-ന്‌ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടുകയും ജോണ്‍ പോള്‍ രണ്ടാമന്‍ എന്ന പേര്‌ സ്വീകരിക്കുകയും ചെയ്‌തു.തുടര്‍ന്നുള്ള 27 വര്‍ഷക്കാലം കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന അദ്ദേഹം 2005 ഏപ്രില്‍ രണ്ടിന്‌ ദിവംഗതനായി. തന്റെ 27 വര്‍ഷത്തെ ഭരണകാലത്തിനിടയില്‍, കത്തോലിക്കാ സഭയുടെ കാതലായ വിശ്വാസങ്ങളില്‍ നിന്നും വ്യതിചലിക്കാതെ തന്നെ, സഭയില്‍ പുരോഗമനപരമായ പല മാറ്റങ്ങളും വരുത്തുവാന്‍ അദ്ദേഹത്തിന്‌ സാധിച്ചു. തന്റെ ഭരണകാലത്ത്‌ 129 രാജ്യങ്ങളില്‍ പ്രേക്ഷിത സന്ദര്‍ശനം നടത്തിയ അദ്ദേഹം ഏറ്റവും കൂടുതല്‍ യാത്ര ചെയ്‌ത മാര്‍പാപ്പയായി അറിയപ്പെടുന്നു.ലോകമെമ്പാടും യുവജനങ്ങളെ സഭയോട്‌ കൂടുതല്‍ അടുപ്പിക്കുവാനും അദ്ദേഹത്തിന്‌ സാധിച്ചു. കൂടാതെ യഹൂദ, മുസ്‌ളീം മതങ്ങളുമായും മറ്റ്‌ ക്രിസ്‌ത്യന്‍ സമുദായങ്ങളുമായുള്ള കത്തോലിക്കാ സഭയുടെ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുവാനും അദ്ദേഹത്തിന്‌ സാധിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രമുഖരായ ലോക നേതാക്കളില്‍ ഒരുവനായി അദ്ദേഹം കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമി പരിശുദ്ധ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ 2011 മെയ്‌മാസം ഒന്നാം തീയതി വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

മിഷന്റെ മേല്‍വിലാസം: Blessed John Paul II Syro Malabar Catholic Mission, 69 Market Street, Garfield, NJ 07026. Phone: 973 772 7889. സിറിയക്‌ കുര്യന്‍ അറിയിച്ചതാണിത്‌.
ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ മിഷന്‍ പുതുതായി നാമകരണം ചെയ്യപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക