Image

മുല്ലപ്പെരിയാര്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കുക: യു.ഡി.എഫ്‌ ഷിക്കാഗോ നേതൃത്വം പ്രതികരിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 13 December, 2011
മുല്ലപ്പെരിയാര്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കുക: യു.ഡി.എഫ്‌ ഷിക്കാഗോ നേതൃത്വം പ്രതികരിക്കുന്നു
ഷിക്കാഗോ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടഭീഷണി ഒഴിവാകുന്നതിന്‌ ജലനിരപ്പ്‌ 120 അടിയിലേക്ക്‌ താഴ്‌ത്തുക, പുതിയ അണക്കെട്ട്‌ ഉടന്‍ നിര്‍മ്മിക്കുക എന്നീ ആവശ്യങ്ങളുമായി കേരളത്തിലെ യു.ഡി.എഫ്‌ നേതാക്കള്‍ നടത്തുന്ന പ്രതിക്ഷേധ സമര പരിപാടികള്‍ക്ക്‌ പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ ഷിക്കാഗോ യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ അണിനിരക്കുന്നു.

ഡിസംബര്‍ 15-ന്‌ വ്യാഴാഴ്‌ച മൂന്നുമണിക്ക്‌ സ്‌കോക്കിയിലുള്ള, നമ്മുടെ രാഷ്‌ട്രപിതാവ്‌ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്‌ക്കുമുന്നില്‍ ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ ഒറ്റെക്കാട്ടായി ഒത്തുചേരും.

മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാലുണ്ടാകുന്ന വലിയ ദുരന്തം വളരെ നിസ്സാരമായി കാണരുതെന്നും, നാട്ടില്‍ നിന്നും പ്രത്യേകിച്ച്‌ മദ്ധ്യകേരളത്തില്‍ നിന്നും കുടിയേറിപ്പാര്‍ക്കുന്ന ഭൂരിഭാഗം വരുന്ന അമേരിക്കന്‍ പ്രവാസി മലയാളികള്‍, തങ്ങളുടെ നാട്ടിലുള്ള ബന്ധുക്കളേയും, സുഹൃത്തുക്കളേയും മറ്റ്‌ നാട്ടുകാരേയും ഓര്‍ത്ത്‌ ഉത്‌കണ്‌ഠാകുലരാണെന്നും, അതിനായി പ്രവാസികള്‍ ഒറ്റക്കെട്ടായി നിന്ന്‌ തങ്ങളുടെ ആശങ്ക കേന്ദ്രസര്‍ക്കാരിനെ അറിയിക്കുന്നതിന്‌ ഒന്നിച്ച്‌ അണിനിരക്കണമെന്നും ഷിക്കാഗോ യു.ഡി.എഫ്‌ നേതൃത്വം അഭ്യര്‍ത്ഥിക്കുന്നു.

ഷിക്കാഗോ യു.ഡി.എഫ്‌ ചെയര്‍മാന്‍ ഡോ. സാല്‍ബി ചേന്നോത്ത്‌, കണ്‍വീനര്‍ ഫ്രാന്‍സീസ്‌ കിഴക്കേക്കുറ്റ്‌, ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ മുന്‍ പ്രസിഡന്റ്‌ പോള്‍ പറമ്പി, ഐ.എന്‍.ഒ.സി ഷിക്കാഗോ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ സതീശന്‍ നായര്‍, വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ തോമസ്‌ മാത്യു, പ്രവാസി കേരളാ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ജെയ്‌ബു കുളങ്ങര, വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളം എന്നിവര്‍ സംയുക്ത പ്രസ്‌താവനയിലൂടെ അറിയിച്ചതാണിത്‌.

സ്‌കോക്കിയിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയ്‌ക്കുമുന്നിലുള്ള ഈ കൂട്ടായ്‌മയിലേക്കും, അതുപോലെ ഡിസംബര്‍ 26-ന്‌ തിങ്കളാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തുന്ന ഷിക്കാഗോ യു.ഡി.എഫിന്റെ വാര്‍ഷിക സമ്മേളനത്തിലേക്കും എല്ലാ യു.ഡി.എഫ്‌ പ്രവര്‍ത്തകരേയും അഭ്യുദയകാംക്ഷികളേയും, വിവിധ മലയാളി സമൂഹിക സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകരേയും യു.ഡി.എഫ്‌ നേതൃത്വം ക്ഷണിക്കുന്നു.
മുല്ലപ്പെരിയാര്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കുക: യു.ഡി.എഫ്‌ ഷിക്കാഗോ നേതൃത്വം പ്രതികരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക