Image

ആര്‍ക്കാണ് അഭിനയിച്ചു ഫലിപ്പിക്കാനാവുക?

കൊച്ചേച്ചി Published on 13 December, 2011
ആര്‍ക്കാണ് അഭിനയിച്ചു ഫലിപ്പിക്കാനാവുക?

ജനഹൃദയങ്ങളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒന്നാണ് ദൃശ്യമാധ്യമങ്ങള്‍ . അതുകൊണ്ടാണ് സിനിമയ്ക്കും ടെലിവിഷനും ഇത്രമാത്രം പ്രചാരം സിദ്ധിച്ചത്. പക്ഷെ എന്തും സിനിമയാക്കാനുള്ള സംവിധായകന്റെ തത്രപ്പാടു കാരണം പല നല്ല കഥകളും അനുവാചകന്റെ മനസ്സില്‍ നിന്നുമാഞ്ഞ് ദൃശ്യാവിഷ്‌ക്കരണത്തിന്റെ കുറഞ്ഞ സമയത്തിലേക്കും ഒരാളിന്റെ മാത്രം ഭാവനയിലേക്കും ചുരുങ്ങിപ്പോകുന്നു.

മനോഹരമായ ഒരു കാവ്യം അല്ലെങ്കില്‍ ഒരു നോവല്‍ വായിച്ചുപോകുന്ന സഹൃദയന്‍ അതിലെ കഥാപാത്രങ്ങളെ അടുത്തറിയുന്നു; അവരോടൊപ്പം സന്തോഷിക്കുകയും ദുഃഖിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അയാള്‍ക്ക് കഥാകാരന്റെ വാക്കുകളിലൂടെ സാംശീകരിക്കപ്പെട്ട നിറമുള്ള കഥാപാത്രങ്ങളുണ്ട്; കഥാരംഗങ്ങളുണ്ട്.

എന്നാല്‍ സംവിധായകന്‍ ആ കഥയെ രണ്ടരമണിക്കൂറിലേക്കൊതുക്കുമ്പോള്‍ വായനക്കാരന്റെ മനസ്സില്‍ രൂപപ്പെട്ട കഥാപാത്രങ്ങളും സാഹചര്യങ്ങളും വികലമാക്കപ്പെടുന്നു. കഥയുടെ രീതി തന്നെ ചിലപ്പോള്‍ മാറിപ്പോകുന്നു. മോഹന്‍ലാലോ, മമ്മുട്ടിയോ ദിലീപോ ആരുമായിക്കൊള്ളട്ടെ അവരാരും നമ്മുടെ മനസ്സില്‍ രൂപപ്പെട്ട കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളാന്‍ പറ്റാത്തവരാകുന്നു. അവരുടെ കുറ്റമല്ല, സഥൂലത്തില്‍ നിന്നും സൂക്ഷ്മത്തിലേക്കു വരുമ്പോഴുള്ള അപചയമാണത്.

സിനിമയാക്കപ്പെട്ട നോവലുകള്‍ ധാരാളമുണ്ട്. പേരെടുത്തു പറയേണ്ട കാര്യമില്ല. സിനിമാ പ്രേമികള്‍ക്കെല്ലാവര്‍ക്കും അതറിയാവുന്നതാണ്. എന്നെ ഏറ്റവും ദുഃഖിപ്പിച്ച ഒരു സിനിമയാണ് “രമണന്‍ ”. ചങ്ങമ്പുഴയുടെ അതിമനോഹരമായ ഒരു കാവ്യമാണത്. അന്ന് അത് തരുണ മനസ്സുകളുടെ ഏറ്റവും പ്രിയപ്പെട്ട കാവ്യമായിരുന്നു. അന്നത്തെ നാനാതരം താപങ്ങള്‍ക്കിടയില്‍ അവര്‍ ആഗ്രഹിച്ചിരുന്ന ഏതോ ഉപശ്ശാന്തി ആ കാവ്യം അവര്‍ക്കു ചുരന്നുകൊടുത്തു. ഓരോരുത്തരും അവരവരുടെ മനോധര്‍മ്മമനുസരിച്ച് പ്രണയാതുരരായ രമണന്മാരെയും ചന്ദ്രികമാരെയും മനസ്സില്‍ പേറി നടന്നു.

എന്നാല്‍ അഭ്രപാളികളില്‍ ആ കഥ സന്നിവേശിപ്പിക്കപ്പെട്ടപ്പോള്‍ പ്രേംനസീറിന്റെയും ഷീലയുടെയും അഭിനയം ആ കാവ്യത്തിന്റെ അകൃത്രിമ സൗന്ദര്യത്തെ അലങ്കോലപ്പെടുത്തി. തിയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ ആരോടെന്നില്ലാത്ത വെറുപ്പോ വിരോധമോ മാത്രമായിരുന്നു കൂട്ടിന്.

ബന്യാമിന്റെ "ആടുജീവിതം" പോലൊരു നോവലിനെ സിനിമയാക്കിയാലുള്ള ഫലം നമുക്കിപ്പഴേ ചിന്തിക്കാവുന്നതാണ്. അഞ്ചുമാസത്തിനുള്ളില്‍ ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ നജീബ് എന്ന കേന്ദ്രകഥാപാത്രം അനുഭവിക്കുന്ന തിക്താനുഭവങ്ങള്‍ ; മരുഭൂയാത്ര, മരുഭൂമി കുടിച്ചുവറ്റിച്ച് അന്ത്യനിമിഷങ്ങള്‍ ഇതൊന്നും അത്രഭാവതീവ്രതയോടെ അഭിനയിച്ചു ഫലിപ്പിക്കാന്‍ ആരെക്കൊണ്ടുമാവില്ല. “നമ്മള്‍ അനുഭവിക്കാത്ത ജീവിതമെല്ലാം വെറും കെട്ടുകഥകളാണ്” എന്ന് ആ പുസ്തകത്തിന്റെ പുറത്തു പറയുന്നതുപോലെ അനുഭവിക്കാത്ത ജീവിതത്തെ അത്ര തീവ്രതയോടെ അഭിനയിക്കാനുമാവില്ല. ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുള്ള കഥകള്‍ ഒരിക്കലും സിനിമയാക്കാന്‍ അനുവദിക്കരുത്. കഥാകാരന്റെയും അനുവാചകന്റെയും മനസ്സില്‍ അതു ഭദ്രമായിരിക്കാന്‍ അനുവദിക്കുക.

തന്റെ നോവല്‍ സിനിമയാക്കാന്‍ ഇഷ്ടപ്പെടാത്തതിന്റെ കാരണം അരുന്ധതി റോയി പറയുന്നു “ഓരോ വായനക്കാരന്റെയും മനസ്സില്‍ രൂപപ്പെട്ടിട്ടുള്ള സ്വന്തം സിനിമകളെ ഇല്ലാതാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഓരോരുത്തര്‍ക്കും അവരവരുടേതായ എസ്തപ്പാനും റാഹേലും വെളുത്തയുമുണ്ട്. ഏതെങ്കിലും ഒരു ഭാവനയാല്‍ അതു കോളനീവല്‍ക്കരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.”

അതാണു ശരി. കഥാകാരന്മാരെ! എത്രവലിയ പ്രതിഫലത്തിനും നിങ്ങള്‍ നിങ്ങളുടെ കഥകളെ ദയവായി വില്‍ക്കരുതേ.
ആര്‍ക്കാണ് അഭിനയിച്ചു ഫലിപ്പിക്കാനാവുക?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക