Image

ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-15

Published on 13 December, 2011
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-15
ആന്റിപസിന്റെ സൈനികരെ വഴിയിലെങ്ങും കണ്ടില്ല. ഞങ്ങളുടെ ഓരോ നീക്കവും അവര്‍ അതീവജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ടെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നു.
യേശു പീറ്ററോടു മാത്രമേ അദ്ദേഹത്തിന്റെ ഭാവിപരിപാടികളെക്കുറിച്ച് ചുരുക്കമായി പോലും എന്തെങ്കിലും ചര്‍ച്ച ചെയ്തിരുന്നുള്ളൂ. എന്താണ് ജറുസലേമില്‍ സംഭവിക്കാന്‍ പോകുന്നതെന്നറിയാന്‍ മറ്റു ശിഷ്യര്‍ക്ക് വളരെ ആകാംക്ഷയുണ്ടായിരുന്നു. അതിശക്തമായ ഒരു ഭരണയന്ത്രത്തെയാണവര്‍ വെല്ലുവിളിക്കാന്‍ പോകുന്നത്. ചിലരതില്‍ അസ്വസ്ഥരായിരുന്നു. എങ്കിലും, എന്തുവന്നാലും അദ്ദേഹത്തെ വിട്ടുപോകാനവര്‍ ഒരുമ്പെട്ടില്ല.
“സ്ത്രീയെ എനിക്കല്പം വെള്ളം കുടിക്കാന്‍ തരൂ!” എന്നാവശ്യപ്പെട്ടു.
ആ സ്ത്രീയാശ്ചര്യപ്പെട്ടു. എന്ത്? ഒരു യഹൂദന്‍ സമരിയാക്കാരിയോട് വെള്ളം ചോദിക്കുന്നോ?
“അതെ. തുകല്‍സഞ്ചിയില്‍ വെള്ളമെടുത്ത് ഞങ്ങള്‍ക്ക് തരൂ”. യേശു ശാന്തനായി പറഞ്ഞു.
സമരിയാക്കാരി യേശുവിനും കൂടെയുള്ളവര്‍ക്കും വെള്ളംകോരികൊടുത്തു.
“നമ്മള്‍ തമ്മില്‍ സംസാരിക്കുന്നതുപോലും നിഷിദ്ധമല്ലേ?” സ്ത്രീ യേശുവിനെ സംശയത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു. “ഒരേ പാത്രത്തില്‍ നിന്നു വെള്ളം കുടിക്കുന്നത് അതിലും കഷ്ടം.”
യേശു ചിരിച്ചുകൊണ്ട് പറഞ്ഞു:- “സ്ത്രീയേ നിങ്ങള്‍ ദൈവമാഹാത്മ്യമറിയുന്നുവെങ്കില്‍ വെള്ളം ചോദിക്കുന്നതാരാണെന്ന് മനസ്സിലാക്കും, അപ്പോഴെന്നോടായിരിക്കും നിങ്ങള്‍ കുടിവെള്ളം ചോദിക്കുന്നത്!”
“അതിന് നിങ്ങളുടെ കൈയ്യില്‍ തോല്‍സഞ്ചിയും കയറുമില്ലല്ലോ,” സ്ത്രീയല്‍പ്പം പിന്നോട്ടുമാറി സംശയത്തോടെ വീണ്ടും ചോദിച്ചു.
ഈ കിണറ്റിലെ വെള്ളം കുടിക്കുന്നവര്‍ക്ക് വീണ്ടും ദാഹമുണ്ടാകും. ഞാന്‍ തരുന്ന വെള്ളം കുടിക്കുന്നവര്‍ക്ക് നിത്യജീവനാണു കിട്ടുക. അവര്‍ക്ക് പിന്നീട് ദാഹമില്ല” യേശു കല്‍പ്പിച്ചു.
“മഹാത്മാവേ, അവിടുന്ന് ഒരു പ്രവാചകനായിരിക്കാം. എന്നാല്‍ സമരിയാക്കാരായ ഞങ്ങള്‍ മൗണ്ട്ഗരിസിമിലെ ദൈവത്തിനെയാണ് പ്രാര്‍ത്ഥിക്കുന്നത്. യഹൂദര്‍ അവരുടെ പ്രാര്‍ത്ഥനാലയം ജറുസലേമിലാണെന്നു പറയുന്നു. അതെന്തുകൊണ്ടാണ്?” അവര്‍ക്ക് പെട്ടെന്ന് ഒരറിവുണ്ടായതുപോലെ ചോദിച്ചു.
“താമസിയാതെ ഈരണ്ടു സ്ഥലങ്ങളിലും ദൈവാരാധന നടക്കാത്ത അവസ്ഥ വരാന്‍ പോകുകയാണ്. ആത്മചൈതന്യമാണ് ദൈവം. ആരത് തിരിച്ചറിയുന്നോ അവരിരിക്കുന്നിടമാണ് പ്രാര്‍ത്ഥനാലയം.” യേശു സ്‌നേഹമൂറിയ സ്വരത്തില്‍ അവരോട് പറഞ്ഞു.
“രക്ഷകന്‍ താമസിയാതെ വരുന്നുണ്ടെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാം. ഞങ്ങളുടെ മുമ്പില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുപ്പോള്‍ ഇതൊക്കെ ഞങ്ങള്‍ക്ക് വിശദീകരിച്ചു തരുമായിരിക്കാം.” സ്ത്രീ പ്രത്യാശയോടെ പറഞ്ഞു.
“സ്ത്രീയേ നിങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രക്ഷകന്‍ ഞാന്‍ തന്നെ” യേശു ആത്മവിശ്വാസം നിറഞ്ഞ സ്വരത്തില്‍ പറഞ്ഞു.
അത്ഭുതംകൊണ്ട് അല്പനേരം തരിച്ചുനിന്നിട്ട് അവര്‍ പട്ടണമദ്ധ്യേത്തിലേക്കോടി. ആദ്യംകണ്ട വഴിപോക്കനോട് രക്ഷകനെ കണ്ടവിവരം തന്മയത്വമായി വിവരിച്ചു. എന്തിനേറെ പറയുന്നു, ഏതാനും നാഴികകൊണ്ട് ചെവിക്ക് ചെവി ഷെച്ചമിലെ ഭൂരിപക്ഷം ജനങ്ങളും യേശു എന്ന രക്ഷകനും ശിഷ്യരും പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് താവളമടിച്ചിരിക്കുന്നു എന്ന വാര്‍ത്ത അറിഞ്ഞു. അതോടെ എല്ലാവരും യേശുവിന്റെ ഭാഷണം കേള്‍ക്കാന്‍ അദ്ദേഹത്തിന്റെ സവിധത്തിലേക്ക് പാഞ്ഞു. ഒരു വലിയ ആള്‍ക്കൂട്ടമാണ് അദ്ദേഹത്തിന് ചുറ്റം കൂടിയത്.
സുവിശേഷ പ്രസംഗം കേള്‍ക്കാന്‍ വന്നവര്‍ അപ്പവും വീഞ്ഞും കൊണ്ടുവന്നിരുന്നു. ഭക്ഷണം കഴിഞ്ഞാണവരം യേശു അഭിസംബോധന ചെയ്തത്.
സുവിശേഷപ്രസംഗം കേട്ട് ആത്മശാന്തി നേടിയ സമരിയയിലെ സാധാരണ ജനങ്ങള്‍ ആനന്ദാശ്രുക്കള്‍ പൊഴിച്ച് പിരിഞ്ഞുപോയി.
സമര്യക്കാരുമൊത്ത് യേശു ഭക്ഷണം കഴിച്ചതില്‍ ശിഷ്യരില്‍ ചിലര്‍ക്ക് അസംതൃപതിയുണ്ടായിരുന്നെങ്കിലും അതാരും കാര്യമായെടുത്തില്ല.
അടുത്തദിവസം ഭാണ്ഡമെല്ലാം കെട്ടിപ്പെറുക്കി യാത്ര തുടര്‍ന്നു. രണ്ടാം ദിവസം ഉച്ചയോടെ ജറുസലേമിലെത്തി. നഗരത്തിന് വടക്കുഭാഗത്തുള്ള കുന്നിന്റെ മുകളില്‍ നിന്ന് ഞങ്ങള്‍ ആ സ്ഥലമാകെയൊന്നു നോക്കി. സൂര്യപ്രഭയില്‍ കുളിച്ചുനില്‍ക്കുന്ന ജറുസലേം. പരിശുദ്ധിയുടെയും ആത്മചൈതന്യത്തിന്റെയും ഉറവിടം. തൂവെണ്ണ നിറത്തിലുള്ള മാര്‍ബിള്‍ കല്ലില്‍ പണിതീര്‍ത്ത രാജഗേഹങ്ങളും സ്വര്‍ണ്ണനാഴികകുടം ശിരസ്സിലേന്തിയ ക്ഷേത്രവും അങ്ങകലെ കാണാറായി.
പടവുകളിറങ്ങി ക്ഷേത്രത്തിനു മുമ്പിലെത്തിയപ്പോള്‍ യേശു വികാരാധീനനായി. പെട്ടെന്നു നിന്നു. കണ്ണുകള്‍ നിറഞ്ഞിരുന്നു. എന്തു ചെയ്യണമെന്നറിയാതെ ശിഷ്യര്‍ സ്തബ്ദ്ധരായി.
“ജറുസലേം! ഇവിടെ ശാന്തി വാഴട്ടെ!” യേശു ആത്മഗതമെന്നോണം പറഞ്ഞു.
അമ്മ മറിയവും പീറ്ററും അദ്ദേഹത്തോടൊപ്പമെത്തി. എല്ലാവരും മുമ്പോട്ടുപോയി.
പാസ് ഓവര്‍ കാലമായിരുന്നതുകൊണ്ട് ക്ഷേത്രവും പരിസരവും ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. സങ്കീര്‍ത്തനങ്ങളും പാടി ഞങ്ങള്‍ ക്ഷേത്രകവാടത്തിലേക്ക് നടന്നകന്നു. രാഷ്ട്രീയരംഗത്തെ പിടിമുറുക്കമൊന്നും യഹൂദരുടെ പ്രാര്‍ത്ഥനാലയത്തോടുള്ള ആദരവ് കുറച്ചിരുന്നില്ല.
വിശേഷാവസരങ്ങളില്‍ റോമന്‍ അധികാരികള്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുക പതിവായിരുന്നു. അവര്‍ ക്ഷേത്രത്തിനു പുറത്ത് റോന്തു ചുറ്റിയിരുന്നതേയുള്ളൂ.
സമര്യയില്‍ നിന്ന് ജറുസലേമിലേക്ക് വരുന്ന യാത്രക്കാര്‍ മൗണ്ട ദലീവി മല കയറിയിറങ്ങിവേണം അവിടെയെത്താന്‍. യേശുവും കൂട്ടരും യാത്രയ്ക്കിടയില്‍ ഒലീവിന് അടുത്തുള്ള ബഥനി ഗ്രാമത്തില്‍ രണ്ടുദിവസം താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ സുവിശേഷത്തില്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന കുറച്ചു ശിഷ്യന്മാര്‍ അവിടെയുണ്ടായിരുന്നതുകൊണ്ടാണ് അങ്ങനെ തീരുമാനിച്ചത്. യേശു അധികൃതരുടെ നോട്ടപ്പുള്ളിയാണെന്നും അതുകൊണ്ട് അവിടെ താമസിച്ചിട്ടു പോയാല്‍ മതിയെന്നും അവര്‍ നിര്‍ബന്ധിച്ചു.
ബഥനിയിലെത്തിയതിന്റെ അടുത്തദിവസം യേശു ദദ്ദായിയെ വിളിച്ച് സമീപത്തുള്ള ഗ്രാമത്തില്‍ പോയി ഒരു പ്രത്യേക വീടിന് മുമ്പില്‍ കെട്ടിയിരിക്കുന്ന കഴുത കുട്ടിയെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അതിന്റെ ഉടമസ്ഥന്‍ അതനുവദിച്ചില്ലെങ്കില്‍ എന്തുപറയണമെന്ന് ചോദിച്ച ദദ്ദായിയോട് 'ഇത് സ്വര്‍ഗ്ഗസ്ഥനായ പിതാവിനു വേണ്ടി'യാണെന്നു മാത്രം പറഞ്ഞാല്‍ മതിയെന്നു നിര്‍ദ്ദേശിച്ചു.
ദദ്ദായി കൊണ്ടുവന്ന കഴുതപ്പുറത്തു കയറിയാണ് പിറ്റേന്ന് യേശു ക്ഷേത്രത്തിലേക്ക് പോയത്. കയറും പിടിച്ച് പീറ്റര്‍ മുമ്പേ നടന്നു.
ആരും ഒന്നും സംസാരിച്ചിരുന്നില്ല!
സായാഹ്നമായതോടെ പട്ടണത്തിന്റെ ഉഗ്രന്‍ വാതില്‍ തുറന്നു. യേശുവും ശിഷ്യന്മാരും മറ്റു തീര്‍ത്ഥാടകോടൊപ്പം അകത്തുകടന്നു. അമ്മ മിറയവും ജോആനയും ഞാനും അകന്നു മാറിനിന്ന് എല്ലാം നോക്കിക്കണ്ടതേയുള്ളൂ. അത്ഭുതമെന്നേ പറയേണ്ടൂ! എല്ലാവരുടെയും ശ്രദ്ധ കഴുതകുട്ടിയുടെ പുറത്തുകയറിവരുന്ന യേശുവിലാണ് പതിഞ്ഞത്. നല്ല പ്രസരിപ്പും ആത്മചൈതന്യവുമുള്ള ഈ യുവകോമളന്‍ ആരെന്നവര്‍ അടക്കിയ സ്വരത്തില്‍ പരസ്പരം ചോദിച്ചു.
ജനങ്ങള്‍ ശബ്ദമുയര്‍ത്തി ആര്‍പ്പുവിളിച്ചു!
“ഹോശന്നാ, ദാവീദ് പുത്രാ!”
“ദൈവനാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെടട്ടെ!”
എല്ലാവരും ഏറ്റുപറഞ്ഞു.
“സ്വര്‍ഗ്ഗരാജ്യത്തില്‍ ശാന്തിയും ഐശ്വര്യവും വിളയാടട്ടെ!”
വീണ്ടും ആര്‍പ്പുവിളി. ജനം ഇളകിമറിഞ്ഞു.
ഞങ്ങളുടെയൊപ്പം നടന്നിരുന്ന ജൂഡാസ് എന്റെ ചെവിയില്‍ മന്ത്രിച്ചു.
“ഇത് വെറും കാപട്യമാണ്”
എനിക്കയാളോട് വെറുപ്പാണ് തോന്നിയത്. എങ്കിലും സന്ദര്‍ഭത്തിന്റെ ഗൗരവമോര്‍ത്ത് ഞാനൊന്നും മിണ്ടിയില്ല.
എന്തെങ്കിലും അക്രമം ഉണ്ടായാല്‍ നേരിടാന്‍ വേണ്ടി റോമന്‍ സൈനികരെയും ആന്റിപസിന്റെ ഭടന്മാരെയും പട്ടണത്തിനു ചുറ്റുമുള്ള മതിലിനു മുകളില്‍ സജ്ജമാക്കി നിര്‍ത്തിയിരുന്നു.
ബറാബസ് എന്നൊരു യഹൂദ ഒളിപ്പോരാളി രണ്ടുദിവസം മുമ്പാണ് ഒരു റോമന്‍ സൈനികനെ പതിയിരുന്നു കൊലപ്പെടുത്തിയത്.
“ഇതാര്?” അവിടെ കൂടിയിരുന്നവര്‍ തമ്മില്‍ ചോദിച്ചു “കഴുതപ്പുറത്തുവരുന്ന വിപ്ലവകാരിയോ?”
ന്യായശാസ്ത്രിമാരില്‍ ചിലരും ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജനങ്ങള്‍ വീണ്ടും ഹോശന്നാ വിളിച്ചപ്പോള്‍ അവരിലൊരുത്തന്‍ മുമ്പോട്ടുവന്ന്,
“മാസ്റ്ററെ, ഇവരെ ശാസിച്ച് അടക്കൂ!” എന്നാജ്ഞാപിച്ചു.
“ഞാനവരെ നിശബ്ദരാക്കാാന്‍ ശ്രമിച്ചാല്‍ കൂര്‍ത്ത കല്ലുകളായിരിക്കും നിങ്ങള്‍ നേരിടുക”. യേശു ഉച്ചത്തില്‍ പറഞ്ഞു. ന്യായശാസ്ത്രികള്‍ യേശുവിനെ തുറിച്ചുനോക്കി. അവരുടെ അമര്‍ഷം പ്രകടിപ്പിച്ചു.
യേശുവും കൂട്ടരും ക്ഷേത്രകവാടത്തിലെത്തി. അതിന്റെ ധവളിമയും, വലിപ്പവും ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ആസ്ഥാനം.
“ഗുരോ! ഈ ക്ഷേത്രം എത്ര മനോഹരമായിരിക്കുന്നു. നോക്കൂ വെണ്ണക്കല്ലു കൊണ്ടല്ലേയിത് നിര്‍മ്മിച്ചിരിക്കുന്നത്” പീറ്റര്‍ അതിശയത്തോടെ പറഞ്ഞു.
“അല്‍പ്പ കാലത്തിനുള്ളില്‍ ഒരു കല്ലുപോലുമിവിടെ കാണില്ല. അതെനിക്കുറപ്പാണ”് യേശു ദൃഢസ്വരത്തില്‍ പറഞ്ഞു.
കഴുതപ്പുറത്തു നിന്നിറങ്ങി യേശു ക്ഷേത്രത്തിനു മുമ്പിലുള്ള വിശാലമായ മൈതാനത്തിലേക്ക് പ്രവേശിച്ചു. ആളുകളുടെ തിക്കും തിരക്കും കൊണ്ട് മുമ്പോട്ട് നടക്കാന്‍ പ്രയാസമായിരുന്നു.
കുരുതിക്ക് ആടുകളെ വില്‍ക്കുന്നവരും, വിദേശനാണയം മാറ്റിക്കൊടുക്കുന്നവരുമെല്ലാം ഞാന്‍ ആദ്യം ഇവിടെ വന്നപ്പോള്‍ കണ്ടതുപോലെ അവരുടെ തൊഴിലിലേര്‍പ്പെട്ടിരിക്കുന്നു. പാസ് ഓവര്‍ കാലമാണ് ലാഭമുണ്ടാക്കാന്‍ പറ്റിയ അവസരം. അതവര്‍ പാഴാക്കാറില്ല. യേശു എല്ലാമൊന്നു നോക്കിയിട്ട് ശിഷ്യരോടു പറഞ്ഞു:- “നേരം സന്ധ്യയായി. രാത്രി താമസിക്കാന്‍ നമുക്കൊരു സ്ഥലം അന്വേഷിക്കണമല്ലോ.”
അസ്തമനസൂര്യന്റെ കിരണങ്ങള്‍ ആകാശത്തില്‍ അലിഞ്ഞു ചേര്‍ന്നു കഴിഞ്ഞിരുന്നു. ഇരുട്ട് ചിറകുവിടര്‍ത്തി തുടങ്ങി.
ക്ഷേത്രത്തിന് വളരെയകലെയല്ലാതെ മൗണ്ട് ഒലീവിനു താഴെയുള്ള ഒരു തോട്ടത്തിലാണ് ഞങ്ങളെത്തിയത്. രാത്രി തങ്ങാന്‍ പറ്റിയ സ്ഥലമെന്ന് എല്ലാവരും സമ്മതിച്ചു. തീര്‍ത്ഥാടകരെക്കൊണ്ട് അവിടവും നിറഞ്ഞിരുന്നു. പലരും യേശുവിനെ തിരിച്ചറിഞ്ഞെന്നെനിക്കു തോന്നി. കരിമ്പടം നിലത്തുവിരിച്ച് ഉറക്കം തരപ്പെടുത്താനുള്ള ശ്രമത്തിലാണവര്‍ ഞങ്ങളും ഒപ്പംകൂടി.
അടുത്തദിവസം രാവിലെ യേശു കാല്‍നടയായി ക്ഷേത്രത്തിലേക്ക് തിരിച്ചു.
അന്നും തലേദിവസത്തെപ്പോലുള്ള ബഹളംതന്നെ. ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് പാസ് ദവറിന്.
“ആടിനെ വില്‍ക്കാനുണ്ട്. എന്നോടു വാങ്ങിയാല്‍ ഞാന്‍ വിലകുറച്ചുതരാം” ഒരുത്തന്‍ വിളിച്ചുപറഞ്ഞു.
“നിങ്ങളുടെ നാണയം നല്ല നിരക്കില്‍ ഞാന്‍ മാറ്റിത്തരാം”. മറ്റൊരു കച്ചോടക്കാരന്‍.
ഒരു തടിയന്‍, അയാള്‍ക്ക് ചെറിയ മുടന്തുമുണ്ട്, തലയില്‍ ഒരു പക്ഷിക്കൂടുംവെച്ചുകൊണ്ടോടുന്നു. കൂടിനകത്ത് എട്ടോ പത്തോ പ്രാവുകളുമുണ്ട്. വഴിപാടായി തീര്‍ത്ഥാടകര്‍ക്ക് പ്രാവുകളെ നടയ്ക്ക് വെയ്ക്കാം.
ഞാനിതെല്ലാം അല്പം വിരക്തിയോടെ നോക്കിക്കൊണ്ടു നടക്കുമ്പോള്‍ ഒരു മനുഷ്യന്‍ എന്റെ കയ്യില്‍ കടന്നുപിടിച്ച്, “സ്ത്രീയേ, നിങ്ങളുടെ നാണയം ഞാന്‍ മാറ്റിത്തരാം. നോക്കൂ, എന്റെ കയ്യില്‍ ഒരൊറ്റ കള്ളനാണയം പോലുമില്ല.” അയാളുടെ കയ്യിലുണ്ടായിരുന്ന ഒരു സഞ്ചി എന്നെ തുറന്നു കാണിക്കാന്‍ ശ്രമിച്ചു.
ഇതുകണ്ട് കോപിച്ച യേശു “നിങ്ങളെല്ലാം കള്ളന്മാരാണെന്ന്” പറഞ്ഞുകൊണ്ട് ഒരു വരിയിലുള്ള നാണയം മാറ്റുന്നവരുടെ മേശകളെല്ലാം ഓടിനടന്ന് മറിച്ചിട്ടു. അവരുടെ സഞ്ചിയിലുണ്ടായിരുന്ന തുട്ടുകളെല്ലാം വാരിവിതറിയെറിഞ്ഞു.
“രക്തദാഹികളായ നിങ്ങള്‍ ജനങ്ങള്‍ക്കൊരു ശാപമാണ്” എന്നു വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നു.
കച്ചോടക്കാര്‍ ഭയപ്പെട്ടു. ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒരു രംഗം. ചിലര്‍ ധൃതിയില്‍ അവരുടെ നാണയത്തുട്ടുകള്‍ പെറുക്കിയടുത്ത് സഞ്ചിയിലാക്കി.
മറ്റൊരാള്‍ യേശുവിന്റെയടുത്തുവന്ന് “പൊതുജനങ്ങള്‍ക്കൊരു സേവനമാണ് ഞങ്ങള്‍ ചെയ്യുന്നത് അത് തടസ്സപ്പെടുത്തുന്നത് മര്യാദകേടല്ലേ” എന്നു ചോദിച്ചു.
“എന്ത് ? പൊതുസേവനമോ? ഇതെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാന്‍വേണ്ടി പരിശുദ്ധിയോടെ സൂക്ഷിക്കേണ്ട ഒരു ദേവാലയമല്ലേ? അതൊരു ചന്തയാക്കുന്നതല്ലേ മര്യാദക്കേട്”. യേശു ക്ഷോഭിച്ചു.
അദ്ദേഹത്തിന്റെ അടുത്ത പ്രവൃത്തി ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി. ഞങ്ങളിതൊട്ടും പ്രതീക്ഷിച്ചിരുന്നതല്ല. അടുത്തുകൂടെ പോയ ഒരു യാത്രക്കാരന്റെ കയ്യില്‍ നിന്നു വാങ്ങിയ ചാട്ടവാറുകൊണ്ട് കച്ചോടക്കാരെ അടിക്കാന്‍ തുടങ്ങി.
“ഈ ക്ഷേത്രം അശുദ്ധമാക്കുന്ന
നീചന്മാരാണു നിങ്ങള്‍. ഒരാളെയും ഞാനിതിനു സമ്മതിക്കില്ല”. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഒരാടു കച്ചോടക്കാരന്റെ പുറകേയോടി അയാളെ പൊതിരെ തല്ലി.
ഇതുകണ്ട് ഞാന്‍ ഞെട്ടിപ്പോയി. അമ്മ മറിയത്തിനെ നോക്കി. അവരും സ്തംഭിച്ച് നില്‍ക്കുകയാണ്.
കോപംകൊണ്ട് ചുവന്ന മുഖവുമായി ക്ഷേത്രത്തിലെ സുരക്ഷാകാര്യങ്ങള്‍ നോക്കുന്ന ഉദ്യോഗസ്ഥന്‍ മുമ്പോട്ടുവന്ന്,
“ഈ പുണ്യസ്ഥലത്ത് അക്രമം കാണിക്കാന്‍ താനാരാണ്” എന്ന് ആക്രോശിച്ചു.
“പുണ്യ സ്ഥലമോ? ഇത് പിടിച്ചുപറിക്കാരുടെ ചന്തയാണ്. നിങ്ങള്‍ ഇതനുവദിക്കുന്നതെന്തിന്?” എന്ന് അതേസ്വരത്തില്‍ പ്രതിവചിച്ചു.
“നിങ്ങള്‍ അവര്‍ക്ക് നഷ്ടപരിപഹാരം കൊടുക്കേണ്ടിവരും” അയാള്‍ ഓര്‍മ്മിപ്പിച്ചു.
“നിങ്ങളാണ് ദൈവത്തിന്‍ നഷ്ടപരിഹാരം കൊടുക്കേണ്ടത്. പുണ്യസ്ഥലം അശുദ്ധമാക്കാന്‍ അനുവദിച്ചതിന്” യേശുവും ഒട്ടും വിട്ടുകൊടുത്തില്ല.
“നിങ്ങളാരാണെന്നെനിക്കറിയാം. ഗലീലിയില്‍ നിന്നുവരുന്ന റാബ്ബൈ രക്ഷകന്‍ എന്നുപറഞ്ഞ് ആളുകളെ ഇളക്കിവിടുന്ന നസറത്തിലെ യേശു” എല്ലാമറിയാമെന്ന ഭാവത്തില്‍ അയാള്‍ പറഞ്ഞു.
“നിങ്ങള്‍ക്കൊന്നും അറിയില്ല” യേശു നിസ്സംഗനായി.
“ഈ ഭോഷ്‌ക് ഇനിയും കാണിക്കരുത്. കാണിച്ചാല്‍ അപകടകാരിയായ നിങ്ങളെ തടവിലാക്കേണ്ടിവരും. അതോര്‍മ്മിക്കുന്നത് നല്ലത്”. എന്നൊരു താക്കീതും കൊടുത്തിട്ടാണയാള്‍ പോയത്.
ഞങ്ങള്‍ ക്ഷേത്രപരിസരത്തിനു പുറത്തുവന്നു!
ആരും ഞങ്ങളെ തടഞ്ഞില്ല.
കച്ചോടക്കാര്‍ ആകസ്മികമായുണ്ടായ ഒരു കടന്നലാക്രമണം പോലെയെ ഈ സംഭവത്തെ കരുതിയുള്ളൂ, ഒരൊറ്റപ്പെട്ട സംഭവം. ഇനിയിത് ആവര്‍ത്തിക്കില്ലെന്ന് അവര്‍ ആശ്വസിച്ചു.
അന്നുരാത്രി ഭക്ഷണം കഴിക്കാന്‍ യേശുവും ശിഷ്യരും കൂടിയപ്പോള്‍ അസ്ഥിരസ്വഭാവക്കാരനായ ജൂഡാസിനെ മാത്രം കണ്ടില്ല.
ക്ഷേത്രത്തില്‍ ഈ സംഭവം അരങ്ങേറിയ ദിവസം രാത്രി ആന്റിപസിന്റെ ജറുസലേമിലെ കൊട്ടാരത്തില്‍ ഒരു വിരുന്നു നടക്കുന്നുണ്ടായിരുന്നു. ഇക്കാര്യം ജോആന പറഞ്ഞാണ് ഞാനറിഞ്ഞത്. ക്ഷേത്രത്തിലെ പരിപാടികള്‍ കണ്ടുകൊണ്ടിരുന്ന ജോആന തീര്‍ത്ഥാടകരുടെ കൂട്ടത്തില്‍ വേഷപ്രഛന്നനായി നടന്നിരുന്ന ആന്റിപസിന്റെ ചാരന്‍ ഏലിയൂദിനെ കാണാനിടയായി. അവരുടെ ഭര്‍ത്താവ് ചൂസയുമായി അയാള്‍ പലപ്പോഴും ജോആനയുടെ വീട്ടില്‍ വന്നിട്ടുണ്ട്. അവര്‍ തമ്മില്‍ കുശലപ്രശ്‌നം നടത്തിയ കൂട്ടത്തില്‍ കൊട്ടാരത്തിലെ വിരുന്നിന്റെ കാര്യവും അയാള്‍ അവളോടു പറഞ്ഞു.
അവിടെ നടക്കുന്ന വിവരങ്ങള്‍ അറിഞ്ഞാല്‍ കൊള്ളാമെന്ന് എനിക്കും ജോആനക്കും തോന്നി. അതിന് ഞങ്ങൊരു പദ്ധതി തയ്യാറാക്കി. ഒരു പരിചാരികയുടെ വേഷമണിഞ്ഞ് ജോആന കൊട്ടാരത്തില്‍ പോയി അവിടെ നടക്കുന്ന കാര്യങ്ങള്‍ മണത്തറിയുക. അപകടം പിടിച്ച പണിയാണെങ്കിലും സമര്‍ത്ഥയായ ജോആനക്ക് അക്കാര്യം നിറവേറ്റാന്‍ കഴിയുമെന്ന് എനിക്കുറപ്പായിരുന്നു. ചൂസായുടെ മുമ്പില്‍ മാത്രം ചെന്നു ചാടാതിരുന്നാല്‍ മതി.
ആന്റിപസിന് വയസ്സ് അമ്പത്തഞ്ചോടടുത്തിരുന്നെങ്കിലും രാജ്യഭരണത്തിന്റെ ക്ലേശങ്ങള് കൊണ്ട് ഒരു വൃദ്ധനായി കഴിഞ്ഞിരുന്നു. അയാളോടൊപ്പം തന്നെ പ്രായമുണ്ടെങ്കിലും അതീവ സുന്ദരിയായ ഹെരോദ രാജ്ഞിയും രാജാവിനെ അനുഗമിച്ചിരുന്നു. വിരുന്നു സല്‍ക്കാരത്തില്‍ ജറുസലേമിലെ മതപുരോഹിതന്മാരുടെ മേലധികാരിയായിരുന്ന കെയാഫസും പങ്കെടുത്തു. സ്വര്‍ണ്ണത്തളികകളിലാണ് ഭൃത്യന്മാര്‍ വിലയേറിയ ഭക്ഷണം വിളമ്പിയത്.
യേശുവിനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും എങ്ങനെ നശിപ്പിക്കണമെന്നാണ് ആന്റിപസും അമാത്യന്മാരും ചര്‍ച്ച ചെയ്ത പ്രധാന വിഷയം. കെയാഫസിന് അയാളുടെ ഉദ്യോഗസ്ഥന്മാര്‍ മുഖാന്തിരം അന്ന് ക്ഷേത്രത്തില്‍വെച്ച് നടന്ന സംഭവത്തെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് കിട്ടിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും മുടന്തന്‍ ന്യായം പറഞ്ഞ് യേശുവിനെ ബന്ധനസ്ഥനാക്കി കുരിശിലേറ്റാന്‍ തന്നെ തീരുമാനിച്ചു.
എല്ലാവരും സ്വര്‍ണ്ണം പൂശിയ വലിയ കസാലകളില്‍ പ്രത്യേകം പാകംചെയ്ത സ്വാദിഷ്ടമായ വിഭവങ്ങള്‍ ആസ്വദിക്കാന്‍ തുടങ്ങിയപ്പോഴാണ് തലയില്‍ ഒരു കറുത്ത ഉറുമാലിട്ടു മൂടിയ ഒരാളെ പരിചാരകന്‍ അവരുടെ മുമ്പില്‍ ഹാജരാക്കിയത്. തീന്‍മേശയുടെ അടുത്തെത്തിയപ്പോള്‍ അയാള്‍ ശിരാവരണം എടുത്തുമാറ്റി.
ജൂഡാസ്!
പരിചാരകന്‍ ജൂഡാസിനും ഭക്ഷണം വിളമ്പി. എന്നാല്‍ അതൊന്നും കഴിക്കുന്നതില്‍ അയാള്‍ താല്‍പ്പര്യം കാണിച്ചില്ല. ചിരിച്ചുകൊണ്ട് അവരോട് ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു.
കെയാഫസ് അവിടെ കൂടിയിരുന്നവരോടായി പറഞ്ഞു.
“ഈ മനുഷ്യന്‍ നമുക്ക് ഒരു ഭീക്ഷണിയാണ്. അയാളൊരു കൊടിയ വിപ്ലവം തന്നെ അഴിച്ചുവിടുമെന്നാണെനിക്ക് തോന്നുന്നത്. എങ്ങനെയെങ്കിലും അയാളെ തടവിലാക്കിയേ കഴിയൂ!”
“എന്ത് ന്യായം പറഞ്ഞാണ് തടവിലാക്കുക?” ജൂഡാസിനതറിയണമായിരുന്നു. അയാള്‍ തുടര്‍ന്നു:-
“ആയിരമായിരം ആളുകള്‍ അവരുടെ രക്ഷകനെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന, ജനപ്രീതിയുള്ള യേശുവിനെ നിസ്സാരകാരണം പറഞ്ഞ് തടവിലാക്കുകയാണെങ്കില്‍ ആ സംഭവം തന്നെ വിപ്ലവത്തിനു വഴിവെക്കും. അതുതന്നെയുമല്ല, മതിയായി കാരണമില്ലാതെ യേശുവിനെ തടവിലാക്കിയാല്‍ റോമന്‍ അധികാരികളും അതംഗീകരിച്ചെന്നു വരാം”
“നമുക്ക് കാരണമുണ്ടാക്കാം” കെയാഫസ് തെളിച്ചുപറഞ്ഞു.
“പക്ഷേ, അയാളെ തടവിലാക്കുന്നത് രഹസ്യമായി വേണം. അല്ലെങ്കില്‍ ജനങ്ങളതില്‍ പ്രതിഷേധിച്ച് അക്രമം കാട്ടിയേക്കും. അതിനാണ് നിങ്ങളുടെ സഹായം വേണ്ടത്.”
അവര്‍ തമ്മില്‍ പിന്നീട് സംസാരിച്ചത് താഴ്ന്ന സ്വരത്തിലായിരുന്നതുകൊണ്ട് ജോആനയ്ക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ കെയാഫസ് വലതു കൈയ്യുയര്‍ത്തി “മുപ്പതു വെള്ളി” എന്നു മാത്രം ഉറക്കെപ്പറഞ്ഞു.
ജൂഡാസ് എന്തോ മനസ്സില്‍ ഉറപ്പിച്ച് തലകുലുക്കിയതില്‍ നിന്ന് അവര്‍ ഒരു രഹസ്യപദ്ധതി തയ്യാറാക്കിയെന്നും അതിന്റെ പ്രതിഫലം മുപ്പതും വെള്ളിനാണയമാണെന്നും ജോആന ഊഹിച്ചു.
യേശുവും ശിഷ്യരും ബഥനിയിലേക്ക് പിന്‍വാങ്ങി. ക്ഷേത്രത്തില്‍ സൃഷ്ടിച്ച സംഘര്‍ഷാവസ്ഥയെപ്പറ്റി ചിന്തിക്കാനും അടുത്ത പരിപാടി ആലോചിച്ചു തീര്‍ച്ചപ്പെടുത്താനുമായിരിക്കുമിതെന്ന് ശിഷ്യര്‍ വിചാരിച്ചു.
അമ്മ മറിയമോ, പീറ്ററോ, അന്നുരാത്രി യേശുവിനോട് പ്രത്യേകമായൊന്നും സംസാരിച്ചില്ല. എല്ലാവരും അസ്വസ്ഥത നിറഞ്ഞ ദിവസങ്ങളെപ്പറ്റി അവരവരുടെ മനോധര്‍മ്മംപോലെ ചിന്തിച്ചു. എന്ത് സംഭവിച്ചാലും യേശു അടുത്തദിവസം ക്ഷേത്രത്തില്‍ പോകുമെന്നും പരീശന്മാരെയും മറ്റധികാരികളെയും വെല്ലുവിളിക്കുമെന്നും ഞങ്ങള്‍ക്ക് തീര്‍ച്ചയായിരുന്നു.
നേരം പുലര്‍ന്നു!
പകല്‍വെളിച്ചം വെള്ളപൂശാന്‍ തുടങ്ങിയിട്ടേയുള്ളൂ; യാതൊരു മുന്നറിയിപ്പും കൂടാതെയാണ് മദ്ധ്യവയസ്‌കയെങ്കിലും മദാലസയായ ഒരു സ്ത്രീ ഞങ്ങള്‍ താമസിച്ചിരുന്ന വീടിനു മുമ്പില്‍ കൈയ്യില ഒരു ഭരണിയുമായി പ്രത്യക്ഷപ്പെട്ടത്. ഒരു നേരിയ തുണികൊണ്ട് അതു മൂടിയിരുന്നു. അതുകൊണഅട് ഭരണിക്കകത്ത് എന്താണെന്ന് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞില്ല. ആ കാലത്ത് ആന്റിപസും കൂട്ടരും ചാരപ്പണിക്ക് സ്ത്രീകളെപ്പോലും ഉപയോഗിച്ചിരുന്നതുകൊണ്ട് ഞങ്ങള്‍ കരുതലോടെ ഇരുന്നു.
ആരാണിത്?
യേശുവിനുമാത്രം ഒരു കുലുക്കവും കണ്ടില്ല.
അദ്ദേഹത്തിന്റെ അനുമതി വാങ്ങി അകത്തുവന്ന സ്ത്രീ ഭരണിയിലുണ്ടായിരുന്ന വാസനയുള്ള എണ്ണ മുഴുവനും പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യേശുവിന്റെ ശിരസ്സിലൊഴിച്ചു. ഭക്തിയോടും ബഹുമാനത്തോടുമാണ് അങ്ങനെ ചെയ്തത്. മുഖത്തുകൂടെ ഒഴുകുന്ന എണ്ണ ഒരു തുണിക്കഷ്ണം കൊണ്ട് തുടച്ചെടുത്തു. ഭരണിയില്‍ ബാക്കിയുണ്ടായിരുന്നത് അദ്ദേഹത്തിന്റെ പാദങ്ങളില്‍ പുരട്ടി, മൃദുവായി തിരുമ്മി.
എല്ലാവരും നിശബ്ദരായിരുന്നു. ആ സ്ത്രീ അടുത്തതായി ചെയ്തത് ഞങ്ങളെ തികച്ചും അത്ഭുതപ്പെടുത്തി. യേശുവിന്റെ ദേഹത്തുകൂടെ ഒലിച്ച എണ്ണ അവരുടെ സമൃദ്ധമായ കാര്‍കൂന്തലുകൊണ്ട് ഒപ്പിയെടുത്തു. അവളുടെ ശിരസ് ആ പ്രക്രിയ കഴിയുന്നതുവരെ വൃത്താകൃതിയില്‍ ചുറ്റിക്കൊണ്ടിരുന്നു. മുടി മുഖം മറച്ചിരുന്നതുകൊണ്ട് അവളുടെ ഭാവം ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. എന്തായിരുന്നു അവളുടെ ചേതോവികാരം? ഇന്നുമതെനിക്ക് അജ്ഞാതമായിതന്നെ അവശേഷിക്കുന്നു. ഈയവസരത്തില്‍ അവര്‍ ഒരു ദീനരോദനം പുറപ്പെടുവിച്ചുവെന്നു മാത്രം എനിക്കോര്‍മ്മയുണ്ട്.
എണ്ണയെല്ലാം ഒപ്പിയെടുത്ത് കൈകൊണ്ട് മുഖം മറച്ച ആ സ്ത്രീ അവിടെനിന്ന് പുറപ്പെടാന്‍ ഭാവിച്ചു. യേശു അവരെ വിലക്കി. ഭക്ഷണം കഴിച്ച് എഴുന്നേറ്റ അദ്ദേഹം അവളുടെ കൈക്ക് പിടിച്ച് ശിഷ്യരോടായി പറഞ്ഞു: “ഈ സ്ത്രീയേ ബഥനിയിലെ മേരി എന്നു ഞാന്‍ വിളിക്കുന്നു. ഇവള്‍ ഇന്നു ചെയ്തത് ഒര പുണ്യകര്‍മ്മമാണ്. എന്റെ മൃതശരീരം സംസ്‌കരിക്കുന്നതിന് മുമ്പ് അവള്‍ അതിനെ എണ്ണപുരട്ടി തയ്യാറാക്കിയിരിക്കുന്നു. ലോകമുള്ള കാലത്തോളം ഇവളുടെ നാമം കീര്‍ത്തിപ്പെടട്ടെ!”
ഇതുകേട്ട അമ്മ മിറയത്തിന് നിലവിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
ഒമ്പത്
ഗത്ത്‌സേമിലെ മനോഹരമായ ഉദ്യാനത്തിലാണ് ഞങ്ങള്‍ അന്ന് രാത്രി കഴിച്ചത്. എല്ലാവരും ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
യേശു പറഞ്ഞു:- “ഇന്നേക്ക് രണ്ടാംനാള്‍ പാസ് ഓവര്‍ രാത്രി. നമുക്ക് അത്താഴം ക്ഷേത്രത്തിനടുത്തു തന്നെയാവാം. അതിന് ഞാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.” ആത്മവിശ്വാസത്തോടെ ശിഷ്യരെ നോക്കി തുടര്‍ന്നു:- “ഈ യുഗം അവസാനിക്കുകയാണ്. ആരും ഭയപ്പെടരുത്. എല്ലാവരും ഒത്തുചേര്‍ന്ന് നില്‍ക്കേണ്ടതാണിപ്പോഴത്തെ ആവശ്യം.” ഇങ്ങനെ പറഞ്ഞ് അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
കാലത്ത് ദദ്ദായിയെ വിളിച്ച് യേശു ചില നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. ഉടനെ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ പോകണമെന്നും അവിടെ വെള്ളം നിറച്ച കുടവുമായി പോകുന്ന ഒരു മനുഷ്യനെ കാണുമെന്നും അയാളെ പിന്തുടരണമെന്നും പറഞ്ഞു. സാധാരണയായി പുരുഷന്മാര്‍ വെള്ളംനിറച്ച കുടവുമായി പോകാത്തതുകൊണ്ട് ദദ്ദായിക്ക് ഈ മനുഷ്യനെ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായില്ല. അയാള്‍ ചെല്ലുന്ന വീട്ടില്‍ പോയി ഗൃഹനാഥനോട് സ്വര്‍ഗ്ഗസ്ഥനായ പിതാവിനുവേണ്ട അത്താഴവിരുന്ന് അന്നു രാത്രിയില്‍ ഒരുക്കണമെന്ന് പറഞ്ഞേല്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു.
ദദ്ദായി യേശു കല്‍പ്പിച്ചതുപൊലെ ചെയ്തു.
ഗത്ത്‌സേമിലെ താമസം യേശുവിന് നവോന്മേഷം കൊടുത്തതു പോലെ എനിക്കു തോന്നി.
അത്താഴത്തിനു കൂടിയപ്പോള്‍ യേശു എല്ലാവരേയും സ്വാഗതം ചെയ്തു. അമ്മ മറിയം മുന്നോട്ടുവന്ന് യേശുവിന്റെ ചെവിയില്‍ എന്തോ മന്ത്രിച്ചു. ശരിയെന്ന മട്ടില്‍ അദ്ദേഹം തലകുലുക്കി. “എല്ലാവരും ഇരിക്കിന്‍” എന്നു പറഞ്ഞു.
യേശു പന്തിയുടെ തലപ്പത്ത് സാധാരണ ഇരിക്കാറുള്ള സ്ഥാനത്തിരിക്കാതെ ജോആനയോട് ഒരു ബേസിനില്‍ അല്‍പ്പം ചൂടുള്ള വെള്ളവും കുറെ ശീലകഷ്ണങ്ങളും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.
അടുത്തതായി അദ്ദേഹം ചെയ്ത കൃത്യം ഞങ്ങളെ വിസ്മയിപ്പിച്ചു.
തുടരും.........)
Novel Link
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-15
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക