Image

നമ്മള്‍ മലയാളികള്‍ നന്ദിയുള്ളവരൊ? (വാസുദേവ്‌ പുളിക്കല്‍ )

Published on 25 November, 2014
നമ്മള്‍ മലയാളികള്‍ നന്ദിയുള്ളവരൊ? (വാസുദേവ്‌ പുളിക്കല്‍ )
നവംമ്പര്‍ മാസത്തിലെ അവസാനത്തെ വ്യാഴാഴ്‌ച അമേരിക്കയില്‍ താങ്ക്‌സ്‌ ഗിവിംഗ്‌ ആയി ആഘോഷിക്കപ്പെടുന്നു. ടര്‍ക്കിയാണല്ലൊ അന്നത്തെ പ്രധാന അഹാരം. താങ്ക്‌സ്‌ ഗിവിംഗ്‌ ഡിന്നര്‍ അല്ലെങ്കില്‍ ലഞ്ച്‌ ഒരുക്കുന്നതില്‍ അമ്മമാര്‍ വ്യാപൃതരാകുന്നു. മക്കളും കൊച്ചു മക്കളും ഒത്ത്‌ ചേരുന്ന നന്ദി പ്രകടനത്തിന്റെ്‌ സന്തോഷകരമായ സന്ദര്‍ഭം. താങ്ക്‌സ്‌ ഗിവിംഗ്‌ ഡിന്നറിന്റെ മുന്നില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ എന്ത്‌ തോന്നുമെന്ന്‌ ഞാന്‍ എന്റെ ഒരു മലയാളി സുഹൃത്തിനോട്‌ ചോദിച്ചു. ടര്‍ക്കി നല്ലതു പോലെ കുക്കു ചെയ്‌തിട്ടുണ്ടെങ്കില്‍, നല്ല ഗ്രേവിയും കൂടെ സ്‌കോച്ച്‌ വിസ്‌കിയുമുണ്ടെങ്കില്‍ വയറു നിറച്ച്‌ കഴിക്കാനുള്ള തോന്നലുണ്ടാകും എന്നായിരുന്നു മറുപടി. അതു കേട്ടപ്പോള്‍ എന്റെ ചുണ്ടില്‍ പുഞ്ചിരിയൂറി. നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ അമേരിക്കയില്‍ എത്തിയ തീര്‍ത്ഥാടകരില്‍ നമ്മുടെ പൂര്‍വ്വികന്മാരില്ലായിരുന്നു എന്ന്‌ സങ്കല്‌പിക്കാമെങ്കിലും നമ്മേ പിറകോട്ട്‌ തിരിഞ്ഞു നോക്കി നമ്മള്‍ നടന്നു വന്ന പാത ഏതെന്നറിയാനുള്ള ഒരു തോന്നല്‍ താങ്ക്‌സ്‌ ഗിവിംഗ്‌ നമ്മളില്‍ ജനിപ്പിക്കുന്നില്ലേ? പുരോഗതിയിലേക്ക്‌ കുതിച്ചു ചാടാന്‍ ഉന്നം നോക്കിയിരിക്കുന്നവരാണ്‌ നമ്മെല്ലാവരും. പുതുമ നിറഞ്ഞ പുരോഗതിയെ പുല്‍കാന്‍ വെമ്പല്‍ കൊള്ളുമ്പോള്‍ നമുക്ക്‌ പഴമയിലേക്ക്‌ തിരിഞ്ഞു നോക്കാന്‍ താല്‌പര്യമില്ല. പിന്നിട്ടു പോന്ന വഴിയിലേക്ക്‌ തിരിഞ്ഞു നോക്കിയിട്ട്‌ എന്താണ്‌ നേട്ടം എന്ന ചിന്താഗതി അഭികാമ്യമല്ലെന്നാണ്‌ മഹത്തുക്കളുടെ വാക്കും പ്രവൃത്തിയും തെളിയിക്കുന്നത്‌. ഭൂതകാലം എപ്പോഴും നമ്മുടെ കൂടെ ഉണ്ടായിരുന്നു എന്നും അതിനെ മസ്സിലാക്കതെയിരിക്കുന്നതും അതിന്റെ സജ്ജിവ സാന്നിദ്ധ്യം നമ്മുടെ ഉള്ളിലുണ്ട്‌ എന്നറിയാതിരിക്കുന്നതും വര്‍ത്തമാന കാലത്തെ നിരാകരിക്കുന്നതിനു തുല്യമാണെന്ന്‌ ജവഹര്‍ലാല്‍ ഡിസ്‌കവറി ഓഫ്‌ ഇന്‍ഡ്യ എന്ന ഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ട്‌.

താങ്ക്‌സ്‌ ഗിവിംഗ്‌ ആഘോഷത്തില്‍ ഭാഗഭാക്കായപ്പോള്‍ എന്റെ മനസ്സില്‍ ചില കാര്യങ്ങള്‍ ഉരുത്തിരിഞ്ഞു വന്നു.നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ അമേരിക്കയില്‍ എത്തിയ തീര്‍ത്ഥാടകര്‍ക്ക്‌ നിരവധി ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്‌. റെഡ്‌ ഇന്‍ഡ്യന്‍സിന്റെ പോരും നിസ്സഹകരണ മനോഭാവവും അവരെ അസഹ്യപ്പെടുത്തി. അവര്‍ വിശന്നു പൊരിഞ്ഞു. അപ്പോള്‍ അവരുടെ മുന്നില്‍ ഒരു ടര്‍ക്കി പ്രത്യക്ഷപ്പെട്ടു. അവര്‍ അതിനെ ഭക്ഷിച്ച്‌ വിശപ്പടക്കി. നമ്മള്‍ പ്രതികൂല സാഹചര്യങ്ങളില്‍ കിടന്ന്‌ നട്ടം തിരിയുമ്പോള്‍ അമേയമായ ഒരു ശക്തി നമ്മുടെ സഹായത്തിനെത്തുന്നു. ആ ശക്തിയെ നമ്മള്‍ ഈശ്വരന്‍ എന്നു വിളിക്കുന്നു. വിശന്നു പൊരിഞ്ഞു നിന്ന തീര്‍ത്ഥാടകര്‍ക്ക്‌ ഈശ്വരന്‍ നല്‍കിയ ദാനമായി ടര്‍ക്കിയെ അവര്‍ കണക്കാക്കി. അവര്‍ ഈശ്വരനോട്‌ നന്ദി പറഞ്ഞു. തലമുറകള്‍ പിന്നിട്ടിട്ടും ആ നന്ദിപ്രകടനം (താങ്ക്‌സ്‌ ഗിവിംഗ്‌?) നിലനില്‌ക്കുന്നു. അമേരിക്കന്‍ ഗവണ്മന്റ്‌ ആ ദിവസം പൊതു അവധി ദിവസമായി പ്രഖ്യാപിച്ച്‌ ആ ദിവസത്തിന്റെ മഹത്വം അംഗീകരിച്ചു. സഹായിക്കുന്നവരോട്‌ താങ്ക്‌യു എന്ന്‌ പറയാതിരിക്കാന്‍ വെള്ളക്കാരന്റെ സംസ്‌കാരം അനുവദിക്കുന്നില്ല. ഇന്‍ഡ്യാക്കാരില്‍ പ്രത്യേകിച്ച്‌ നമ്മള്‍ മലയാളികളില്‍ ചിലരില്‍ മാത്രമേ എന്തെങ്കിലും വിധത്തില്‍ മറ്റുള്ളവരില്‍ നിന്ന്‌ സഹായം ലഭിച്ചാല്‍ `നന്ദിയുണ്ട്‌' എന്ന്‌ പറയുന്ന സ്വഭാവവിശേഷം കാണുന്നുള്ളു. സഹായം ലഭിച്ചു കഴിഞ്ഞാല്‍ അത്‌ തനിക്ക്‌ അര്‍ഹതപ്പെട്ടതാണ്‌ എന്ന അവകാശമനോഭാവത്തോടെ ഗര്‍വ്വ്‌ കാണിക്കാനും മടിയില്ല. ഉണ്ട ചോറിന്‌ നന്ദി കാണിക്കാത്തവന്‍ എന്ന ഒരു പഴഞ്ചൊല്ലുണ്ടല്ലൊ. ആലോചിച്ചു നോക്കിയാല്‍ നമ്മള്‍ മലയാളികളും ആ പഴമൊഴിയും തമ്മില്‍ നല്ല ചേര്‍ച്ചയില്ലേ എന്ന തോന്നിപ്പോകും.

അമേരിക്കയില്‍ എത്തിയിട്ടുള്ള മലയാളികളില്‍ നല്ലൊരു വിഭാഗം ഫിഫ്‌ത്ത്‌ പ്രിഫറന്‍സിന്റെ ആനുകൂല്യത്തില്‍ എത്തിയിട്ടുള്ളവരാണെന്നു തോന്നുന്നു. അത്‌ സാധ്യമാക്കിയത്‌ നേഴ്‌സുമാരാണ്‌ എന്ന്‌ പറയുന്നത്‌ അതിശയോക്തിയാകാന്‍ സാധ്യതയില്ല. അമേരിക്കയില്‍ ജോലി ചെയ്യാന്‍ അവസരം ലഭിച്ച നേഴ്‌സുമാര്‍ അവരുടെ പ്രഥമ ലക്ഷ്യമായി കണ്ടത്‌ കഴിയുന്നതും വേഗം അമേരിക്കന്‍ പൗരത്വം കരസ്ഥമാക്കി സഹോദരി സഹോദരന്മാരെ അമേരിക്കയില്‍ എത്തിക്കുക എന്നതായിരുന്നു. അവര്‍ ലക്ഷ്യപ്രാപ്‌തി കൈവരിക്കുകയും ചെയ്‌തു. ആര്‍ഷ സംസ്‌കാരത്തില്‍ കെട്ടുറപ്പുള്ള കുടുംബജീവിതത്തിന്റെ മാഹത്മ്യം നല്ലതു പോലെ മനസ്സിലാക്കിയിട്ടുള്ള അവര്‍ കുടുംബ സ്‌നേഹത്തിന്റേയും കര്‍ത്തവ്യ നിര്‍വ്വഹണത്തിന്റേയും പ്രതീകങ്ങളാണെന്ന്‌ തെളിയിച്ചു കൊണ്ട്‌ നൈതിക മൂല്യങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുത്ത്‌ ആദര്‍ശപരമായ ജീവിതം നയിക്കുന്നവരാണ്‌. അമേരിക്കയില്‍ എത്തിയിട്ടുള്ളവരില്‍ സമ്പന്ന കുടുംബങ്ങളില്‍ ജനിച്ചവര്‍ ഉണ്ടെങ്കില്‍ പോലും അവര്‍ക്ക്‌ അമേരിക്കയുടെ സമ്പന്നത അനുഭവിക്കാനുള്ള അവസരം ലഭിച്ച കഥ മറന്നു കളയുന്നു. അതിന്‌ കാരണക്കാരായവരെ അവര്‍ അംഗീകരിക്കുന്നില്ല. സത്യത്തിനു നേരെ മുഖം തിരിക്കുന്ന സംഭവം ചരിത്രം നോക്കിയാലും കാണാം. ഭ്രാന്താലയം എന്ന്‌ അപലപിക്കപ്പെട്ട കേരളത്തെ ആ ദുസ്ഥിതിയില്‍ നിന്ന്‌ മോചിപ്പിക്കാന്‍ യത്‌നിച്ച മഹത്തുക്കള്‍ക്ക്‌ അവര്‍ അര്‍ഹിക്കുന്ന അംഗീകാരം നല്‌കുന്നില്ല. മറ്റുള്ളവരെ അംഗീകരിക്കാനും ബഹുമാനിക്കാനുമുള്ള വിമുഖത നമ്മള്‍ മലയാളികളുടെ വിശേഷതയാണോ.

കേരളം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതി സൗന്ദര്യം കൊണ്ട്‌ അനുഗൃഹീതമായ കെരളത്തിന്റെ മനോഹാരിതക്ക്‌ ബാഹ്യമോടിയോടുകൂടി പ ണിതുയര്‍ത്തിയിട്ടുള്ള മനോഹര ഹര്‍മ്മ്യങ്ങള്‍ മാറ്റു കൂട്ടിയിട്ടൂണ്ട്‌. നിദേശ നാണ്യങ്ങള്‍ കേരളതിലേക്കൊഴുകുന്നത്‌ പുരോഗതിക്കുള്ള മുഖ്യ കാരണങ്ങളിലൊന്നാണ്‌. പ്രകൃതിയില്‍ പ്രതിഭാസിക്കുന്ന മനോഹരാങ്ങളായ കാഴ്‌ചകള്‍ക്കിടയില്‍ കേരളത്തിലുടനീളം ഉയര്‌ന്നു കാണുന്ന മോടിയും പുതുമയുമുള്ള കെട്ടിടങ്ങള്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയിട്ടുണ്ട്‌. ഈ മാറ്റത്തിന്‌ മുഖ്യമായ പങ്കു വഹിച്ചിട്ടുള്ള നേഴുമാര്‍ അഭിനന്ദിക്കപ്പെടുന്നതിനു പകരം പലപ്പോഴും അവഹേളിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതുമായിട്ടാണ്‌ കാണുന്നത്‌. ആതുര സേവനത്തിന്‌ ഇറങ്ങിത്തിരിച്ചിട്ടുള്ളവര്‍ ഫ്‌ളോറന്‍സ്‌ നൈറ്റിംഗേലിന്റെ സേവന പാരമ്പര്യത്തില്‍ നിന്ന്‌ തെന്നി മാറി ഡോളറിന്റെ പിന്നാലെ ഓടുന്നു എന്ന ആരോപണം പലപ്പോഴും ഉന്നയിച്ചു കാണാറുണ്ട്‌. ഇവര്‍ ചെയ്യുന്ന ജോലിക്ക്‌ ഭേദപ്പെട്ട വേതനം ലഭിക്കുന്നതു കൊണ്ട്‌ സാമാന്യം ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുന്നു. അതുകൊണ്ട്‌ ഇവര്‍ തങ്ങളുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ നിന്ന്‌ വ്യതിചലിക്കുന്നു എന്ന ആരോപണം ഉന്നയിച്ച്‌ വിമര്‍ശനത്തിന്റെ ശരങ്ങള്‍ തൊടുത്തു വിടുന്നത്‌ ക്രൂരതയാണ്‌. പാലം കടക്കുവോളം നാരായണ നാരായണ പാലം കടന്നാല്‍ കൂരായണ കൂരായണ എന്നു പറയുന്നതു പോലെ നേഴ്‌സുമാരുടെ കാരുണ്യം കൊണ്ട്‌ ഇവിടെ എത്തിയിട്ടുള്ളവരില്‍ പലരും ഡോളറിന്റെ കൂമ്പാരത്തിനു മുകളില്‍ ഇരുന്നു കൊണ്ട്‌ ഇവരെ തള്ളിപ്പറയുമ്പോഴും അതു സഹിക്കാനും ക്ഷമിക്കാനുമുള്ള സഹിഷ്‌ണതയും ഹൃദയവിശാലതയും ഇവര്‌ക്കുണ്ട്‌.

ഇവിടെ എത്തിയിട്ടുള്ള നേഴ്‌സുമാരില്‍ ഭൂരിഭാഗവും സാധാരണ കുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്നവരാണ്‌. എന്നു കരുതി അവര്‍ മാനുഷിക മൂല്യങ്ങളുടെ കാര്യത്തില്‍ ആരുടേയും പിന്നിലല്ല. ജന്മം കൊണ്ട്‌ ആര്‌ക്കും ബ്രഹ്മജ്ഞാനം ഉണ്ടാകുന്നില്ല. അതു പോലെ സമ്പന്ന കുടുംബങ്ങളില്‍ ജനിച്ചു എന്ന കാരണം കൊണ്ട്‌ മാനുഷിക മൂല്യങ്ങള്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. നിഷ്‌ക്കളങ്കരായ നേഴ്‌സുമാരെ പറ്റി കഥാളും കവിതകളും എഴുതി അവരുടെ വികാരങ്ങളെ കുത്തി നോവിക്കുന്ന സാഡിസ്റ്റുകള്‍ അവര്‍ ചെയ്യുന്നത്‌ പാപമാണെന്നറിയണം.

അപശ്രുതിയും അപവാദവും പരത്തി സമൂഹത്തില്‍ ക്ഷുദ്രജീവിയാകാതെ മറ്റുള്ളവര്‍ക്ക്‌ താങ്ങും തണലുമാകുന്നതെങ്ങനെ എന്ന പാഠം നേഴ്‌സുമാരില്‍ നിന്നും പഠിക്കണം. നേഴ്‌സുമാര്‍ നിരവധി പേരുടെ ഉയര്‍ച്ചക്ക്‌ കാരണമായിട്ടുണ്ടെന്നതിനാല്‍ അവര്‍ ബഹുമാനവും നന്ദിയും അര്‍ഹിക്കുന്നുണ്ട്‌. അവരോട്‌ നന്ദി പറയാന്‍ ഒരു നിമിഷം ചിലവഴിക്കുക.

അമേരിക്കയില്‍ നിരവധി മലയാളിസംഘടനകളുണ്ട്‌. ഈ സഘടനകളില്‍ സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി അനവരതം പ്രവര്‍ത്തിക്കുന്ന നേതാക്കന്മാര്‍ കാര്യക്ഷമതയും അര്‍പ്പണ മനോഭാവവുമുള്ളവരാണ്‌. അവരുടെ സേവനം കൊണ്ട്‌ സമൂഹത്തിന്‌ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന്‌ സമ്മതിക്കാനോ അവരോട്‌ നന്ദിവാക്ക്‌ പറയാനോ വിമുഖത കാണിക്കുന്നവരാണ്‌ മിക്കവാറും മലയാളികള്‍. എന്നാല്‍ വിമര്‍ശിക്കാനും കുറ്റം പറയാനും ലഭിക്കുന്ന അവസരം അവര്‍ പാഴാക്കാറില്ല. ആത്മീയ പാഠങ്ങള്‍ പറഞ്ഞു തരുന്ന ആചാര്യനെ പരിചരിക്കുന്ന നിഷ്‌ക്കളങ്കയായ ഭക്തയെ പോലും വിമര്‍ശിക്കുന്ന സമൂഹം. പൂര്‌ണ്ണനായി ദൈവം ആരേയും സൃഷ്ടിച്ചിട്ടില്ല. പ്രഗത്ഭനായ സംഘാടകനാണെങ്കില്‍ പോലും ചിലപ്പോള്‍ പാളിച്ച സംഭവിച്ചു എന്നു വരാം. തെറ്റുകള്‍ ചൂണ്ടിക്കാണിച്ച്‌ അത്തരം വീഴ്‌ചകള്‍ ഭാവിയില്‍ സംഭവിക്കാതിരിക്കാനുള്ള പോം വഴി നിര്‍ദ്ദേശിക്കുന്നതിനു പകരം അമരത്തിരിക്കുന്ന ആളിനെ വെള്ളത്തില്‍ തള്ളിയുടുന്ന പ്രവണതയുണ്ട്‌ നമ്മളില്‍ പലര്‌ക്കും. നുണക്കഥകള്‍ പറഞ്ഞു പരത്താന്‍ മിടുക്കുള്ളവരും അതു കേട്ട്‌ മൂളാന്‍ താല്‌പര്യമുള്ളവരും കൂട്ടമായി നിന്ന്‌ വിമര്‍ശനം അഴിച്ചു വിടുന്നു. ഇവരുടെ മദ്ധ്യത്തില്‍ പെട്ടു പോകുന്ന സമൂഹത്തിന്‌ നന്മ ചെയ്യുന്നവര്‍ മുട്ടനാടുകളുടെ മദ്ധ്യത്തില്‍ പെട്ട്‌ ഞെരിഞ്ഞു പോയ കുറുക്കനെ പോലെയാണ്‌. മറ്റുള്ളവരെ നിന്ദിക്കുന്നവര്‍ `നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെ' എന്ന യേശു ദേവന്റെ വചനങ്ങള്‍ ശ്രദ്ധിക്കട്ടെ.?
അമേരിക്കയുടെ സുഖസൗകര്യങ്ങളും ആഡംബരങ്ങളും അനുഭവിച്ചു കൊണ്ട്‌ അമേരിക്കയെ കുറ്റം പറയാന്‍ നമ്മള്‍ മലയാളികള്‍ക്ക്‌ മടിയില്ല. സ്വന്തം ജീവിതത്തില്‍ സംഭവിക്കുന്ന അധഃപതനത്തിനും കുട്ടികളുടെ അവിവേകത്തിനും തെറ്റുകള്‍ക്കും അമേരിക്കന്‍ സംസ്‌കാരത്തെ പഴിക്കുന്നു. പ്രശസ്‌ത സാഹിത്യകാരന്‍ സുധീര്‍ പണിക്കവീട്ടില്‍ ഒരിക്കള്‍ എഴുതി, `മലയാളികക്ക്‌ അമേരിക്കക്കാരന്റെ മുമ്പില്‍ ഒരു കാര്യത്തില്‍ മാത്രമേ അഭിമാനിക്കാന്‍ യോഗ്യതയുള്ളു, അവന്റെ ഭാര്യക്ക്‌ വിവാഹത്തിനു മുമ്പും പിന്‍പും ദേഹശുദ്ധി ഉണ്ടായിരുന്നു' എന്ന്‌.

എന്റെ ഈ ലഘു ലേഖനം ഉപസംഹരിക്കുകയാണ്‌. സന്തോഷത്തോടും നന്ദിയോടും കൂടി നമ്മള്‍ മലയാളികള്‍ ജീവിക്കുന്ന ഒരു സാഹചര്യം സംജാതമാകട്ടെ.

നമ്മള്‍ മലയാളികള്‍ നന്ദിയുള്ളവരൊ? (വാസുദേവ്‌ പുളിക്കല്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക