Image

കേരളത്തില്‍ എയ്ഡ്‌സ് ബാധിതരുടെ എണ്ണം കുറയുന്നു

Published on 29 November, 2014
കേരളത്തില്‍ എയ്ഡ്‌സ് ബാധിതരുടെ എണ്ണം കുറയുന്നു

തിരുവനന്തപുരം: വീണ്ടും ഒരു എയ്ഡ്‌സ് ദിനം കൂടി കടന്നുവരവെ പുറത്തുവരുന്നത് കേരളത്തിന് ആശ്വസിക്കാവുന്ന കണക്കുകള്‍. സംസ്ഥാനത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞുവരുന്നതായാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2005ല്‍ 1476 പുരുഷന്മാരും 1151 സ്ത്രീകളുമടക്കം 2627 പേര്‍ എച്ച്.ഐ.വി ബാധിതരായെങ്കില്‍ കഴിഞ്ഞവര്‍ഷം ഇത് 1740 ആയി കുറഞ്ഞു. ഇവരില്‍ 1136 പേര്‍ പുരുഷന്മാരും 604 പേര്‍ സ്ത്രീകളുമാണ്. ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് 570 സ്ത്രീകളും 894 പുരുഷന്മാരുമുള്‍പ്പെടെ ആകെ 1464 പേര്‍ക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അണുബാധിതരുള്ളത്. 5106 പേര്‍. 4351 അണുബാധിതരുള്ള തൃശൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 238 പേര്‍ മാത്രം എച്ച്.ഐ.വി ബാധിതരായ വയനാട് ജില്ലയാണ് ഏറ്റവും പിന്നില്‍
അതേസമയം, വിവിധ കേന്ദ്രങ്ങളില്‍ എച്ച്.ഐ.വി പരിശോധനക്കത്തെുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ട്. 2005ല്‍ 8094 പുരുഷന്മാരും 22,504 സ്ത്രീകളും പരിശോധനക്കത്തെിയെങ്കില്‍ 2013 ആയപ്പോള്‍ ഇത് 1,75,442 പുരുഷന്മാരും 2,84,102 സ്ത്രീകളുമടക്കം 4,59,544 ആയി ഉയര്‍ന്നു. ഈ വര്‍ഷം ഒക്ടോബര്‍ വരെ 1,77,621 പുരുഷന്മാരും 2,64,959 സ്ത്രീകളും തങ്ങള്‍ക്ക് അണുബാധയുണ്ടോ എന്നറിയാന്‍ പരിശോധന നടത്തി. സംസ്ഥാനത്ത് എച്ച്.ഐ.വി ബാധിതരായി ഇപ്പോള്‍ ഏകദേശം 26,242 പേരുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. അണുബാധിതരായ എല്ലാവരും ചികിത്സ തേടാത്തതിനാല്‍ കൃത്യമായ കണക്കുകള്‍ ലഭിക്കില്ല. പ്രായപൂര്‍ത്തിയായവരുടെ ഇടയില്‍ 0.12 ശതമാനമാണ് കേരളത്തില്‍ എച്ച്.ഐ.വി അണുബാധിതര്‍.
2014 ഒക്ടോബര്‍ വരെയുള്ള കണക്കുകളനുസരിച്ച് 18,508 പേര്‍ സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലെ 'ഉഷസ്' ആന്റി റിട്രോവിയല്‍ ട്രീറ്റ്‌മെന്റ് (എ.ആര്‍.ടി) സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 12,498 പേര്‍ക്ക് ചികിത്സ ആരംഭിച്ചു. നിലവില്‍ 9,326 പേര്‍ക്ക് എ.ആര്‍.ടി ചികിത്സ നല്‍കുന്നു. രജിസ്റ്റര്‍ ചെയ്തവരില്‍ 3,772 പേര്‍ ഇതിനോടകം മരിച്ചു.
ദേശീയ എയ്ഡ്‌സ് നിയന്ത്രണ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് രാജ്യത്ത് 20.88 ലക്ഷം എയ്ഡ്‌സ് ബാധിതരുണ്ട്. ഇവരില്‍ 83 ശതമാനവും 15നും 49നും ഇടയില്‍ പ്രായമുള്ളവരാണ്. 39 ശതമാനം സ്ത്രീകളും ഏഴ് ശതമാനം കുട്ടികളും ഇവരില്‍ ഉള്‍പ്പെടുന്നു.
സംസ്ഥാനത്ത് 449 കേന്ദ്രങ്ങളില്‍ 'ജ്യോതിസ്' എന്ന പേരില്‍ ഇന്റഗ്രേറ്റഡ് കൗണ്‍സലിങ് ആന്‍ഡ് ടെസ്റ്റിങ് സെന്ററുകളുണ്ട്. സൗജന്യ രോഗപരിശോധനയും കൗണ്‍സലിങ്ങുമാണ് ജ്യോതിസില്‍ നടത്തുന്നത്. രോഗം കണ്ടത്തെുന്നവര്‍ക്ക് എ.ആര്‍.ടി ചികിത്സ നല്‍കാന്‍ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും പാലക്കാട്, കൊല്ലം, കണ്ണൂര്‍ ജില്ലാ ആശുപത്രികളിലും കാസര്‍കോട്, എറണാകുളം ജനറല്‍ ആശുപത്രികളിലും ഉഷസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവക്ക് പുറമെ 'പുലരി' എന്ന പേരില്‍ ജനനേന്ദ്രിയ രോഗങ്ങള്‍ക്കുള്ള ചികിത്സാ കേന്ദ്രവും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിനായി 'സുരക്ഷ' പദ്ധതിയും നടന്നുവരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക