Image

ഡല്‍ഹി കത്ത് : മോഡി സര്‍ക്കാര്‍ അരവര്‍ഷത്തെ ഭരണതികവില്‍ - പി.വി.തോമസ്

പി.വി.തോമസ് Published on 01 December, 2014
ഡല്‍ഹി കത്ത്  : മോഡി സര്‍ക്കാര്‍ അരവര്‍ഷത്തെ ഭരണതികവില്‍ - പി.വി.തോമസ്
മോഡി സര്‍ക്കാര്‍ അരവര്‍ഷത്തെ ഭരണതികവിലാണ്(നവംബര്‍ 26). അര വര്‍ഷത്തെ ഭരണമികവിലാണോ എന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരവാദ പ്രതിവാദത്തിന് വിധേയം ആണ്. വിമര്‍ശകര്‍ മോഡിയുടെ ഗവണ്‍മെന്റിനെ വ്യവസായികളുടെ ഗവണ്‍മെന്റ് എന്ന് വിളിക്കുന്നു. അംബാനിമാരെയും അഡാനിമാരെയും പോലുള്ള ശതകോടീശ്വരന്മാരായ വ്യവസായികളെ പരിപോഷിപ്പിക്കുന്നതിനാലാണ് ഇത്. സത്യത്തില്‍ ഇത് കോര്‍പ്പറേറ്റുകളുടെയും കോടീശ്വരന്മാരുടെയും ഗവണ്‍മെന്റ് ആണോ? വിമര്‍ശകര്‍ മോഡി ഗവണ്‍മെന്റിനെ ഗവണ്‍മെന്റ് ഓഫ് ഈവന്റ് മാനേജ്‌മെന്റ് എന്നും വിളിക്കാറുണ്ട്. സംഭവബഹുലമായ ഒരു വലിയ പരിപാടി അതിന്റെ എല്ലാവിധി കൃത്യതയോടും നടത്തുന്നതിനാല്‍ ആണ് ഇത്.  വിജയകരമായ പ്രൊഫഷണല്‍ ഈവന്റ് മാനേജ്‌മെന്റ് വിമര്‍ശകര്‍ മോഡി ഗവണ്‍മെന്റിനെ ഗവണ്‍മെന്റ് ഓഫ് പബ്ലിക്ക് റിലേഷന്‍സ് മിന്നല്‍ യുദ്ധം എന്നും വിശേഷിപ്പിക്കാറുണ്ട്. ഇന്‍ഡ്യയിലെ അദ്ദേഹത്തിന്റെ വിവിധ പരിപാടികള്‍ സമാരംഭിക്കുന്നതിലെ പ്രചരണ തന്ത്രങ്ങളും അമേരിക്ക സന്ദര്‍ശനവേളയിലെ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലെയും ഓസ്‌ട്രേലിയ സന്ദര്‍ശനവേളയിലെ സിഡ്‌നിയിലെ അല്‍ഫോന്‍സ് അറീനയിലെ വമ്പന്‍പ്രകടനവും മൂലം ആണ് ഇത്. അദ്ദേഹം മാഡിസണ്‍ അവ ന്യൂസ്റ്റൈലിലുള്ള പബ്ലിസിറ്റി സ്റ്റണ്ടിന്റെ ആള്‍ ആണ് എന്ന കാര്യത്തില്‍ എന്തായാലും തര്‍ക്കമില്ല.

മോഡി സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നൊന്നായി ഒറ്റയാള്‍ പട്ടാളം പോലെ ജയിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഭരണം അരവര്‍ഷം തികച്ചത്. വലിയ ആഘോഷങ്ങള്‍ക്ക് ഒന്നും ഉണ്ടായിരുന്നില്ല. അദ്ദേഹം കാഠ്മണ്ടുവില്‍ സാര്‍ക്ക് ഉച്ചകോടിയുടെ  തെരക്കിലും കൂടാതെ ജമ്മു കാശ്മീരിലെയും ഝാര്‍ഖണ്ടിലെയും നിയമസഭ തെരഞ്ഞെടുപ്പുകളുടെ പ്രചാരണത്തിലും വ്യാപൃതനായിരുന്നു. മോഡിയുടെ ഭരണത്തില്‍ ഒരു പുതിയ ഭാരതം ഭൂപടത്തില്‍ ഉയരുകയാണോ? അതോ അത് യു.പി.എ.ഭരണത്തിന്റെ ഒരു കാര്‍ബണ്‍ കോപ്പി മാത്രം ആണോ? അര വര്‍ഷം എന്നത് അഞ്ച് വര്‍ഷത്തേക്ക് ഭരിക്കുവാനായി അധികാരത്തിലേറ്റിയ ഒരു ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം അത്രവലിയ ഒരു കാലയളവ് അല്ല. എന്നാല്‍ അത്ര ചെറിയ സമയ ദൂരവും അല്ല. അതിനാല്‍ മോഡി ഗവണ്‍മെന്റിന്റെ ദിശയും വിജയപരാജയങ്ങളും പരിശോധിക്കുന്ന ഒരു പ്രോഗ്രസ് റിപ്പോര്‍ട്ടിന് പ്രസക്തിയുണ്ട്. കാരണം വളരെയേറെ പ്രതീക്ഷകളും വാഗ്ദാനങ്ങളും നല്‍കിക്കൊണ്ടാണ് മോഡി ഗവണ്‍മെന്റ് 2014 മെയ് 26 ന്  രാഷ്ട്രപതി ഭവന്റെ രാജാങ്കണത്തില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. മോഡി ഗവണ്‍മെന്റിലുള്ള പ്രതീക്ഷ പതിന്മടങ്ങ് വര്‍ദ്ധിക്കുവാനുള്ള കാരണങ്ങളിലൊന്ന് 30 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് തനിച്ച് കേവല ഭൂരിപക്ഷം ലഭിച്ച് അധികാരത്തില്‍ വരുന്നത്. കൂട്ടുകക്ഷികള്‍ എന്ന ഭാണ്ഡക്കെട്ട് മോഡി ഗവണ്‍മെന്റിന് ഇല്ല. മോഡിക്ക് അദ്ദേഹത്തിന്റെ പുരോഗമനാശയങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ ഒരു തടസവും ഇല്ല. ഔദ്യോഗികമായി അംഗീകരിച്ചതും ശക്തവും ആയ ഒരു പ്രതിപക്ഷം പോലും ഇല്ല. 2004-ല്‍ എന്‍.കെ.അദ്വാനി പ്രചരിപ്പിച്ച 'ഇന്‍ഡ്യ ഷൈനിംങ്ങ്, ഫീല്‍ ഗുഡ് ഫാക്ടര്‍' തുടങ്ങിയതുപോലെ ഒരു മുദ്രവാക്യവും ആയിട്ടാണ്- അച്ചെദിന്‍ ആയേഗ-മോഡി രംഗപ്രവേശനം ചെയ്തത്. സമസ്ത ഭാരതനിവാസികള്‍ക്കുമായി അദ്ദേഹം ശുഭദിനങ്ങള്‍ പ്രദാനം ചെയ്യുമെന്നാണ് വാഗ്ദാനം. ഇത് എവിടം വരെയായി?

പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കും ബാങ്കിംങ്ങ് കവര്‍ ലഭിക്കുവാനായി അദ്ദേഹം ആരംഭിച്ച ജന്‍ധന്‍ യോജന വിപ്ലവകരമായ ഒരു പരിപാടിയാണ്. കോടിക്കണക്കിന് ഗ്രാമീണരായ പാവങ്ങള്‍ ആണ് ഈ പരിപാടി മുഖാന്തിരം ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങിയത്. പക്ഷേ ഈ പരിപാടി യു.പി.എ. പാവങ്ങളുടെ സാമ്പത്തീക ഭദ്രതക്കായി തുടങ്ങിയ ഒരു പദ്ധതിയുടെ മറ്റൊരു പതിപ്പ് മാത്രം ആണ്. യു.പി.എ.ക്കും മന്‍മോഹന്‍സിംങ്ങിനും ആ പദ്ധതി ശക്തമായി നടപ്പില്‍ വരുത്തുവാനും അതിന്റെ പബ്ലിസിറ്റി മൈലേജ് എടുക്കുവാനും സാധിച്ചില്ല. പക്ഷേ, മോഡിക്ക് അത് സാധിച്ചു. ഒക്‌ടോബര്‍ രണ്ടാം തീയതി ഗാന്ധിജയന്തി ദിനത്തില്‍ മോഡി സ്വച്ച് ഭാരത് എന്ന ഒരു പരിപാടി ആവിഷ്‌ക്കരിച്ചു. അദ്ദേഹം മുന്നില്‍ നിന്നുകൊണ്ട് ഡല്‍ഹിയിലെ തെരുവീഥികളും ചേരിപ്രദേശങ്ങളും ചൂലുകൊണ്ട് അടിച്ചുവാരി. ഇന്‍ഡ്യ ആസകലം വന്‍ പ്രചാരണം ഈ പരിപാടിക്ക് ലഭിച്ചു. കോണ്‍ഗ്രസ് എം.പി.ശശി തരൂര്‍ ഉള്‍പ്പെടെ പല പ്രസിദ്ധരും സിനിമാതാരങ്ങളും സ്വച്ച് ഭാരതിന്റെ ബ്രാന്റ് അംബാസിഡറന്മാരായി ചൂലുമായി തെരുവിലിറങ്ങി. ഒരു പ്രതീകാത്മക നടപടി എന്ന നിലയില്‍ അത് ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുകയും സാധാരണക്കാരുടെ ഇടയില്‍ ശുചിത്വത്തെക്കുറിച്ച് ഒരു അവബോധം ഉളവാക്കുകയും ചെയ്തു. അഴുക്കിനും പൊതുസ്ഥലത്തെ ചപ്പ് ചവറിനും ഒരു കുറവും ഇല്ല എന്നത് മറ്റൊരു സത്യം. മഹാത്മാഗാന്ധി പ്രചരിപ്പിച്ച ശുചിത്വ ഭാരതം എന്നത് ഒരു മോഡി ആശയം ഒന്നും അല്ല. അാത്രവുമല്ല ഇത് യു.പി.എ.യുടെ നിര്‍മ്മല്‍ ഭാരത് അഭിയാന്റെ മറ്റൊരു കാര്‍ബണ്‍ കോപ്പി മാത്രം ആയിരുന്നു. യു.പി.എ.ക്ക് അതിന് ഫലവത്തായ പ്രചാരണം നല്‍കുവാനോ നടപ്പിലാക്കുവാനോ സാധിച്ചില്ല. എന്നാല്‍ മോഡിക്ക് അത് പരിപൂര്‍ണ്ണമായി നടപ്പിലാക്കുവാന്‍ സാധിച്ചില്ലെങ്കിലും അതിശക്തമായി അതിനെ പ്രചരിപ്പിക്കുവാന്‍ സാധിച്ചു. മോഡിയുടെ വളരെ പ്രസിദ്ധമായ മറ്റൊരു മുദ്രാവാക്യം ആണ് 'മെയ്ക്ക് ഇന്‍ ഇന്‍ഡ്യ' എന്നത്. ഇതും പുതിയ ഒരു ആശയം അല്ല. പക്ഷേ, അതിന്  പുതിയ ഒരു രൂപവും ഭാവവും ശബ്ദവും ശക്തിയും നല്‍കുവാന്‍ മോഡിക്ക് സാധിച്ചു.. അത് വിജയിച്ചാല്‍ ഇന്‍ഡ്യയുടെ സാമ്പത്തീക മേഖലയെയും തൊഴില്‍ ലഭ്യതയെയും ഇത് മാറ്റി മറിച്ചേക്കാം. വെറും ഒരു മുദ്രാവാക്യമായി കടലാസില്‍ മാത്രം അല്ലെങ്കില്‍ പ്രസംഗപീഠങ്ങളില്‍ മാത്രം അവശേഷിച്ചാല്‍ അത് മോഡിയെ വരും കാലങ്ങളില്‍ വേട്ടയാടും.

വിദേശനയ മേഖലയാണ് മോഡി ശ്രദ്ധിച്ച മറ്റൊന്ന്. ഇതില്‍ വിജയം പകുതി പകുതി മാത്രമെ മോഡിക്ക് അവകാശപ്പെടുവാന്‍ സാധിക്കുകയുള്ളൂ. അമേരിക്കന്‍ സന്ദര്‍ശവും പ്രസിഡന്റ് ബരാക്ക്  ഒബാമയുമായിട്ടുള്ള ഉച്ചകോടിയും പ്രധാനപ്പെട്ട നാഴികക്കല്ലുകള്‍ ആയിരുന്നു. അവയുടെ ഫലം അറിയേണ്ടതായിട്ടുണ്ട്. ഒബാമയെ ജനുവരി 26ന് റിപ്പബ്ലിക്ക് ദിനപരേഡില്‍ മുഖ്യാതിഥിയായി മോഡിക്ക് ലഭിച്ചത് അദ്ദേഹത്തിന്റെ വലിയ ഒരു നയതന്ത്രവിജയം ആയി കൊട്ടിഘോഷിക്കുന്നും ഉണ്ട്. നല്ലത് തന്നെ. ഒബാമയുടെ സാന്നിദ്ധ്യം തീര്‍ച്ചയായും പരേഡിന്റെ പകിട്ട് വര്‍ദ്ധിപ്പിക്കും. പക്ഷേ, ഒബാമയെ ഇന്ന് ലോകം കാണുന്നത് ഒരു ലെയിം ഡക്ക് പ്രസിഡന്റ് ആയിട്ടാണ്. തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റുകളുടെ പരാജയം അദ്ദേഹത്തിന്റെ പ്രഭാവം കുറച്ചിരിക്കുന്നു. അങ്ങനെയുള്ള ഒബാമക്ക് മോഡിക്കുവേണ്ടിയും ഇന്‍ഡ്യക്കുവേണ്ടിയും എന്തുചെയ്യുവാന്‍ ആകും എന്നത് പ്രസക്തമാണ്. മോഡിയുടെ ഓസ്‌ട്രേലിയന്‍ പര്യടനവും ഗംഭീരം ആയിരുന്നു. അത് വെറും ഒരു പി.ആര്‍.എക്‌സര്‍സൈസ് ആയിട്ട് മാത്രം ഒതുങ്ങുമോ? മോഡി വളരെ വര്‍ഷങ്ങളായി ഇന്‍ഡ്യന്‍ പ്രധാനമന്ത്രിമാര്‍ സന്ദര്‍ശിക്കാതിരുന്ന പല അയല്‍രാജ്യങ്ങളും, സന്ദര്‍ശിച്ചത് ശ്രദ്ധേയം ആയി. നയതന്ത്രരംഗത്ത് ഇത് നല്ല ഒരു ചുവട് വയ്പ്പായിരുന്നു. പക്ഷേ, രണ്ട് പ്രധാന അയല്‍രാജ്യങ്ങളും ആയിട്ടുള്ള ബന്ധം ഇപ്പോഴും പതിവിന്‍പടി മഞ്ഞുറഞ്ഞ്  നില്‍ക്കുന്നു. ചൈനയും പാക്കിസ്ഥാനും. പാക്കിസ്ഥാനുമായിട്ടുള്ള സംഭാഷണം മുറിഞ്ഞിരിക്കുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തിനും കുറവില്ല. വെടിനിര്‍ത്തല്‍ ലംഘനവും മുറക്ക് നടക്കുന്നു. ചൈനയുടെ ഭാഗത്തുനിന്നും നുഴഞ്ഞുകയറ്റവും വെടിവയ്പ്പും സാധാരണം ആണ്. നാണയപെരുപ്പത്തില്‍ ഇടിവുണ്ടാ.യത്(1.77 ശതമാനം-ഒക്‌ടോബറില്‍) മോഡിക്ക് നേട്ടം ആയി. അഞ്ച് വര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. അന്താരാഷ്ട്രതലത്തില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞതും മോഡിക്ക് നേട്ടമായി. പെട്രോള്‍ വസ്തുക്കളുടെ വിലകുറഞ്ഞു. എന്നാല്‍ മോഡിയുടെ വാഗ്ദാനങ്ങളുടെ പൊള്ളത്തരം വെളിപ്പെടുത്തുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ആണ്. വില കുറഞ്ഞില്ലെന്ന് മാത്രം അല്ല. വില കൂടിക്കൊണ്ടിരിക്കുകയാണ്. പച്ചക്കറികളും മറ്റ് ഭക്ഷ്യസാധനങ്ങളും ഇതില്‍പെടുന്നു. ഒരു പരിധിക്ക് അപ്പുറം പാചകവാതകത്തിനുള്ള സബ്‌സിഡി ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്കായി  മാത്രം നിയന്ത്രിച്ചത് സാധാരണക്കാരേയും ഇടത്തരക്കാരേയും കഷ്ടത്തില്‍ ആക്കിയിരിക്കുകയാണ്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെ നിര്‍വ്വഹിച്ചിരിക്കുന്നതു വളരെ വിചിത്രം ആണ്. പ്രതിദിനം മുപ്പത് രൂപയില്‍ കുറവ് വരുമാനം ഉള്ളവര്‍ മാത്രം ആണ് ദാരിദ്ര്യരേഖക്ക് താഴെ വരുന്നത്! ഈ കണക്ക്പ്രകാരം എല്ലാവരും തന്നെ ഈ രേഖക്ക് മുകളിലായിരിക്കും. അവരെല്ലാം ക്വോട്ട കഴിഞ്ഞുള്ള പാചകവാതത്തിന് ഇരട്ടി വിലനല്‍കേണ്ടതായിവരും.

'ഡിജിറ്റല്‍ ഇന്‍ഡ്യ' എന്നത് മോഡിയുടെ മറ്റൊരു വലിയ മുദ്രാവാക്യം ആണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ വിപ്ലവകരമായ പരിവര്‍ത്തനം വരുത്തുവാന്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കണം എന്നാണ് മോഡിയുടെ നിര്‍ദ്ദേശം. മംഗള്‍യാന്‍ എന്ന ശൂന്യാകാശം പരിപാടിയും മോഡി അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ നിരത്തുന്നു. റിക്ഷയില്‍ ഒരു കിലോമീറ്റര്‍ യാത്രചെയ്യുവാന്‍ 10 രൂപ നല്‍കുവാന്‍ 65 കോടി കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന മാഴ്‌സിലേക്ക് പേടകം അയക്കുവാന്‍ ഇന്‍ഡ്യന്‍ ശാസ്ത്രജ്ഞര്‍ ചിലവഴിച്ചത് കിലോമീറ്ററിന് ഏഴ് രൂപാ മാത്രം എന്ന കണക്കിനാണ് എന്ന് മോഡീ അവകാശപ്പെടുന്നു. മംഗള്‍യാനിന്റെ വിജയകരമായ പരിസമാപ്തി വേളയില്‍ മാത്രമെ മോഡിക്ക് എന്തെങ്കിലും റോള്‍ ഉണ്ടെങ്കില്‍ ഉണ്ടായിരുന്നുള്ളൂ.  അത് യു.പി.എ.യുടെ ഭരണകാലത്ത് ഇന്‍ഡ്യന്‍സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ ശാസ്ത്രജ്ഞര്‍ ആരംഭിച്ച ഒരു പ്രോജക്ടറ് ആണെന്നത് ആണ് സത്യം. മോഡിയുടെ ഫ്‌ളാഗ് ഷിപ്പ് ആയ ജന്‍ധന്‍ യോജന പ്രകാരം 75 മില്യണ്‍ പുതിയ അക്കൗണ്ടുകള്‍ ആണ് പാവപ്പെട്ട ഗ്രാമീണര്‍ ബാങ്കുകളില്‍ തുറന്നിരിക്കുന്നത് എന്നതും വലിയ ഒരു നേട്ടം ആയി മോഡി എടുത്തുകാട്ടുന്നു. താന്‍ കോര്‍പ്പറേറ്റ് ഇന്‍ഡ്യയുടെയോ കോടീശ്വരന്മാരുടെ ഇന്‍ഡ്യയുടെയോ മാത്രം പ്രധാനമന്ത്രി അല്ല മിറച്ച് പാവങ്ങളുടെ ഇന്‍ഡ്യയുടേയും കൂടെ പ്രധാനമന്ത്രി ആണെന്ന് സ്ഥാപിക്കുവാന്‍ മോഡി ആഗ്രഹിക്കുന്നു. പുതിയ ഗവണ്‍മെന്റിന്റെ ശുചീകരണപരിപാടിയുടെ ഭാഗമായി 1.3 മില്യണ്‍ ശൗചാലയങ്ങള്‍ നിര്‍മ്മിച്ചതായും മോഡി ഗവണ്‍മെന്റ് അവകാശപ്പെടുന്നു. ഈ അവകാശങ്ങള്‍ ഒരു സോഷ്യല്‍ ഓഡിറ്റിംങ്ങിന് വിധേയം ആക്കേണ്ടത് ആണ്. വിദേശനിക്ഷേപത്തിന്റെ മേഖലയിലും വന്‍നേട്ടങ്ങള്‍ കൈവരിച്ചതായി മോഡി അവകാശപ്പെടുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 55 ബില്ല്യണ്‍ ഡോളര്‍ ഇന്‍ഡ്യയില്‍ നിക്ഷേപിക്കുമെന്നാണത്രെ ചൈനയും ജാപ്പാനും ഉറപ്പ് നല്‍കിയിരിക്കുന്നത്. വിദേശയാത്രയുടെയും നയതന്ത്രത്തിന്റെയും മേഖലകളില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് മോഡി ഈ അരവര്‍ഷത്തിനുള്ളില്‍ നടത്തിയത് ഒമ്പത് വിദേശയാത്രകള്‍ ആണ്. ഇതില്‍ ഒരു യാത്രയില്‍ അദ്ദേഹം 10 ദിവസം വിദേശത്ത് ആയിരുന്നു. ചെറിയ ഗവണ്‍മെന്റ് വലിയ ഭരണം എന്ന മുദ്രാവാക്യവുമായി 44 മന്ത്രിമാരുമായി ഭരണം ആരംഭിച്ച് മോഡി മന്ത്രിസഭയില്‍ ഇപ്പോള്‍ 66 അംഗങ്ങള്‍ ഉണ്ട്. മന്ത്രിമാരെല്ലാം മോഡിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ തന്നെയാണ്. ഒരു ഉദാഹരണം കേള്‍ക്കുക. ഇത് മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ 2014 എന്ന പുസ്തകത്തെകുറിച്ച് മറ്റൊരു മാധ്യമപ്രവര്‍ത്തകനായ കരണ്‍ ഥാപ്പര്‍ എഴുതിനിരൂപണത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതാണ്. 2014 എന്ന പുസ്തകം മോഡിയെ കുറിച്ചുള്ളതാണ്. ഈ പുസ്തകത്തിന്റെ രചന സംബന്ധിച്ച് സര്‍ദേശായിക്ക് മോഡിയുടെ ഒരു മന്ത്രിയെ ഇന്റര്‍വ്യൂ ചെയ്യണം. മന്ത്രി സമ്മതിച്ചു. തീയതിയും സമയവും നിശ്ചയിച്ചു. അതിന്‍ പ്രകാരം മാധ്യമപ്രവര്‍ത്തകന്‍ മന്ത്രിയുടെ ബംഗ്ലാവിലേക്ക് പോവുകയാണ്. വീടെത്താറായപ്പോള്‍ അദ്ദേഹത്തിന് മന്ത്രിയുടെ സഹായികളില്‍ ഒരാളുടെ സന്ദേശം ലഭിച്ചു. മുന്‍ ഗെയ്റ്റിലൂടെ പ്രവേശിക്കേണ്ട. ചിന്‍ഗെയ്റ്റിലൂടെ പ്രവേശിച്ചാല്‍ മതി. മാധ്യമപ്രവര്‍ക്കന്‍ അത് അനുസരിച്ചു. സ്വീകരണ മുറിയില്‍ മന്ത്രി അദ്ദേഹത്തെ കാത്ത് നില്‍പുണ്ടായിരുന്നു. മന്ത്രി പറഞ്ഞു: നമുക്ക് പൂന്തോട്ടത്തില്‍ പോയിരുന്ന് സംസാരിക്കാം. ഇവിടെ എവിടെയൊക്കെയാണ് സംഭാഷണം ചോര്‍ത്തുവാനുള്ള യന്ത്രം ഘടിപ്പിച്ചിട്ടുള്ളതെന്ന് അറിയില്ല. മോഡിക്ക് അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളില്‍ നല്ല വിശ്വാസം ഉണ്ടെന്നും നിയന്ത്രണം ഉണ്ടെന്നും ഉള്ളതിന് വേറെന്ത് തെളിവുവേണം?

മോഡിയുടെ പ്രഖ്യാപിത ലക്ഷ്യമായ കള്ളപണവേട്ട തുടരുകയാണ്. തുടരട്ടെ. അത് ഒരു അന്തമില്ലാത്ത തുടര്‍ക്കഥയായി തുടരാതിരിക്കട്ടെ.

മോഡിയുടെ ഭരണം അങ്ങനെ പുരോഗമിക്കുകയാണ്. വിമര്‍ശകര്‍ അത് കോര്‍പ്പറേറ്റ്-കോടീശ്വര ഇന്‍ഡ്യയുടെ ഭരണം ആണ് എന്ന് മുദ്രകുത്തി അധിക്ഷേപിക്കുന്നുണ്ടെങ്കിലും മോഡി ദരിദ്രഇന്‍ഡ്യയുടെ പ്രധാനമന്ത്രി ആണെന്ന് സ്ഥാപിക്കുവാനും ശ്രമിക്കുന്നുണ്ട് ജന്‍ധന്‍യോജന പോലുള്ള പരിപാടികളിലൂടെ. പക്ഷേ, ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ വ്യവസായി സുഹൃത്തായ അഡാനിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ ഒരു ബില്ല്യണ്‍ ഡോളര്‍ കടം ആയി നല്‍കുവാന്‍ തീരുമാനിച്ചത് വലിയ കോളിളക്കം സൃഷ്ടിച്ചു. ആരാണീ അഡാനി? അദ്ദേഹത്തിന്റെ സ്വകാര്യ വിമാനങ്ങള്‍ ആണ് മോഡി തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാസങ്ങളോളം ഉപയോഗിച്ചത്. മോഡി കോര്‍പ്പറേറ്റ്- കോടീശ്വര ഇന്‍ഡ്യയുടെ പ്രധാനമന്ത്രി ആണെന്ന് പറഞ്ഞ് അധിക്ഷേപിക്കാമോ? പരിവാറിന്റെ വര്‍ഗ്ഗീയ അജണ്ട ഔദ്യോഗികമായി പുറത്തെടുത്തിട്ടില്ലെങ്കിലും വര്‍ഗ്ഗീയകലാപങ്ങള്‍ വിരളമല്ല. മുസഫര്‍ നഗറും, മൊറാദാബാദും, ത്രിലോക്പുരിയും ഉദാഹരണങ്ങള്‍ ആണ്. ഏറ്റവും ഒടുവില്‍ ബസ്തറില്‍ നിന്നും ആണ് കേട്ടത്. അവിടെ ക്രിസ്ത്യന്‍മാനേജ്‌മെന്റിലുള്ള സ്‌ക്കൂളില്‍ സരസ്വതിദേവിയുടെ ചിത്രം വച്ച് പൂജിക്കണം എന്നാണ് വിശ്വഹിന്ദുപരിഷത്തിന്റെ തിട്ടൂരം! സരസ്വതിദേവി ഹൈന്ദവ വിശ്വാസപ്രകാരം വിദ്യയുടെ ദേവിയാണ്. ആ വിശ്വാസം പവിത്രവും യുഗയുഗാന്തരങ്ങളായി നിലകൊള്ളുന്നതും ആണ്. പക്ഷേ, അത് മറ്റൊരു മതത്തിലും അതിന്റെ സ്ഥാപനത്തിലും അടിച്ചേല്‍പിക്കുന്നത് ഭരണഘടനയോടുള്ള അവഹേളനം ആണ്.


ഡല്‍ഹി കത്ത്  : മോഡി സര്‍ക്കാര്‍ അരവര്‍ഷത്തെ ഭരണതികവില്‍ - പി.വി.തോമസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക