Image

കുവൈറ്റില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു

Published on 15 December, 2011
കുവൈറ്റില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു
കുവൈറ്റ്‌ സിറ്റി: പ്രധാനമന്ത്രി ശൈഖ്‌ ജാബിര്‍ അല്‍ മുബാറക്‌ അല്‍ ഹമദ്‌ അസ്വബാഹിന്‍െറ നേതൃത്വത്തിലുള്ള രാജ്യത്തെ പുതിയ മന്ത്രിസഭക്ക്‌ അമീര്‍ ശൈഖ്‌ സ്വബാഹ്‌ അല്‍ അഹ്മദ്‌ അസ്വബാഹ്‌ അംഗീകാരം നല്‍കി. പത്തംഗ മന്ത്രിസഭയാണ്‌ പ്രധാനമന്ത്രി രൂപവല്‍ക്കരിച്ചത്‌.

പാര്‍ലമെന്‍റ്‌ പിരിച്ചുവിടുകയും തെരഞ്ഞെടുപ്പ്‌ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ രണ്ടു മാസത്തിലധികം ഈ മന്ത്രിസഭക്ക്‌ കാലാവധിയുണ്ടാവാനിടയില്ല എന്നാണ്‌ കരുതപ്പെടുന്നത്‌. തുടര്‍ച്ചയായ പ്രതിപക്ഷ പ്രക്ഷോഭങ്ങളെ തുടര്‍ന്ന്‌ ശൈഖ്‌ നാസര്‍ അല്‍ മുഹമ്മദ്‌ അസ്വബാഹിന്‍െറ നേതൃത്വത്തിലുള്ള മന്ത്രിസഭ നവംബര്‍ 28ന്‌ രാജിവെച്ചതിന്‌ പിന്നാലെ ശൈഖ്‌ ജാബിര്‍ അല്‍ മുബാറക്‌ അസ്വബാഹിനെ പ്രധാനമന്ത്രിയായി അമീര്‍ നിശ്ചയിക്കുകയായിരുന്നു.

കഴിഞ്ഞ മന്ത്രിസഭയിലെ പോലെ തന്നെ പ്രധാന വകുപ്പുകളായ പ്രതിരോധം, ആഭ്യന്തരം, വിദേശം എന്നിവ സ്വബാഹ്‌ കുടുംബം തന്നെയാണ്‌ കൈകാര്യം ചെയ്യുന്നത്‌.

പ്രഥമ ഉപ പ്രധാനമന്ത്രിയായ ശൈഖ്‌ അഹ്മദ്‌ അല്‍ ഹമൂദ്‌ അസ്വബാഹ്‌ ആണ്‌ ആഭ്യന്തര, പ്രതിരോധ മന്ത്രിയും. കഴിഞ്ഞ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായ ശൈഖ്‌ അഹ്മദ്‌ അസ്വബാഹിനെ നിലവിലെ പ്രധാനമന്ത്രി ശൈഖ്‌ ജാബിര്‍ അല്‍ മുബാറക്‌ അസ്വബാഹ്‌ വഹിച്ചിരുന്ന പ്രതിരോധം കൂടി ഏല്‍പ്പിക്കുകയായിരുന്നു. ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായി ശൈഖ്‌ സ്വബാഹ്‌ അല്‍ ഖാലിദ്‌ അസ്വബാഹ്‌ തുടരും. രണ്ടു വകുപ്പുകളില്‍ മാത്രമാണ്‌ മറ്റു മാറ്റങ്ങളുള്ളത്‌. ഡോ. ഹിലാല്‍ അല്‍ സായര്‍ വഹിച്ചിരുന്ന ആരോഗ്യ വകുപ്പ്‌ ധനമന്ത്രി കൂടിയായ മുസ്‌തഫ അല്‍ശിമാലിക്ക്‌ നല്‍കിയപ്പോള്‍ സാമൂഹിക, തൊഴില്‍ വകുപ്പ്‌ ഡോ. മുഹമ്മദ്‌ അല്‍ അഫാസിയില്‍നിന്ന്‌ മാറ്റി ഇസ്ലാമിക കാര്യ, ഔഖാഫ്‌ മന്ത്രി മുഹമ്മദ്‌ അല്‍ നുമൈസിനെ ഏല്‍പ്പിച്ചു.
കുവൈറ്റില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക