Image

മലയാളികള്‍ക്ക്‌ പ്രതികരണ ശേഷി കുറഞ്ഞു: സംവിധായകന്‍ ബ്ലെസി

Published on 16 December, 2011
മലയാളികള്‍ക്ക്‌ പ്രതികരണ ശേഷി കുറഞ്ഞു: സംവിധായകന്‍ ബ്ലെസി
ദുബായ്‌: സമൂഹത്തെ ബാധിക്കുന്ന പ്രധാന വിഷയങ്ങളില്‍ പോലും മലയാളികള്‍ ക്രിയാത്മകമായി പ്രതികരിക്കുന്നില്ലെന്ന്‌ ചലച്ചിത്ര സംവിധായകന്‍ ബ്ലസി പറഞ്ഞു. ചലച്ചിത്ര പ്രവര്‍ത്തകര്‍ മാത്രമല്ല, സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും പൊതുവെ പ്രതികരിക്കുന്നില്ല.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇത്‌ വ്യക്‌തമാണ്‌. താങ്കളുടെ എല്ലാ ചിത്രങ്ങളിലും എന്തിനാണ്‌ സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്നതെന്ന്‌ ഒരു മാധ്യമ പ്രവര്‍ത്തകനാണ്‌ എന്നോടു ചോദിച്ചത്‌. സാമൂഹിക പ്രതിദ്ധത കൂടിപ്പോയെന്നു പരിതപിക്കുന്നവരും നമുക്കിടയിലുണ്ടെന്ന്‌ ഒരു ഞെട്ടലോടെ ഇതെന്നെ ബോധ്യപ്പെടുത്തുന്നു. മാധ്യമ സമൂഹവും ഈ മനോഭാവമാറ്റത്തിന്റെ ഇരകളാണ്‌-ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം വിലാസങ്ങള്‍പോലും മറച്ചുവെച്ച്‌ ആളുകള്‍ സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളില്‍ പ്രതികരണങ്ങള്‍ പോസ്‌റ്റ്‌ ചെയ്യുന്നു. എന്നാല്‍, പ്രവര്‍ത്തിക്കുന്നതെന്തും സത്യസന്ധമായിരിക്കണമെന്നും എനിക്കെങ്കിലും സംതൃപ്‌തിയുണ്ടാകുകയും വേണമെന്നുമുള്ള ധാരണയിലാണ്‌ സിനിമയെടുക്കാറ്‌. ഫിലിം ഫെസ്‌റ്റിവലുകളില്‍നിന്ന്‌ സിനിമ മാറ്റിനിര്‍ത്തപ്പെടുന്നുവെന്നത്‌ വിഷയമായി തോന്നിയിട്ടില്ല.

ജനങ്ങള്‍ കാണുന്നതിനു വേണ്ടിയാണ്‌ സിനിമയെടുക്കുന്നത്‌. ഓരോ ചലച്ചിത്രമേളകള്‍ക്കും അവരുടെ നിബന്ധനകളുണ്ടാകും. അതനുസരിച്ചാണ്‌ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്‌. അതുകൊണ്ട്‌ ഒരു പടം മോശമാകുകയോ നല്ലതാകുകയോ ചെയ്യുന്നില്ല. ക്ലാസ്‌ ചിത്രം എന്നതുകൊണ്ട്‌ അത്‌ മോശമായിരിക്കും എന്ന ധാരണ സിനിമയില്‍ മ-ത്രമാണുള്ളത്‌. ഗള്‍ഫ്‌ അടക്കമുള്ള വിദേശ രാജ്യങ്ങളിലുള്ളവരാണ്‌ ഇത്തരം ചിത്രങ്ങള്‍ ഏറെയും സ്വീകരിക്കുന്നത്‌. ക്ലാസ്‌ ചിത്രമാകുമ്പോള്‍ തന്നെ അതു കാണാന്‍ കൊള്ളാം എന്ന രീതിയിലുള്ള സിനിമയെടുക്കാനാണ്‌ ഞാന്‍ ശ്രമിക്കുന്നത്‌.

`ആടുജീവിതം സിനിമയാക്കുന്നതിന്‌ ശ്രമം തുടരുന്നു. രാജ്യാന്തര തലത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള മികലോടെ കൂടുതല്‍ മുതല്‍ മുടക്കി നിര്‍മിക്കേണ്ടതുള്ളതിനാല്‍ അതിനു അനുയോജ്യമായ സമയം വരുമ്പോഴേ നിര്‍മിക്കുകയുള്ളൂ. മലയാള ചലച്ചിത്ര രംഗത്തെ പുതിയ സംവിധായകര്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്‌. പ്രേക്ഷകര്‍, പ്രദര്‍ശന കേന്ദ്രങ്ങള്‍, വിതരണക്കാര്‍ തുടങ്ങിയവരും സര്‍ക്കാരും പ്രോത്സാഹിപ്പിച്ചാലേ ഒരു മികച്ച ചിത്രം വിജയിക്കുകയുള്ളൂ. പുതിയ ആളുകളെ വച്ചെടുക്കുന്ന ചിത്രങ്ങള്‍ മികച്ചതാകണമെന്നില്ല. എന്നാല്‍, സൂപ്പര്‍താരങ്ങളെ നോക്കി മാത്രമല്ല താന്‍ സിനിമയെടുക്കുന്നതെന്നും ബ്ലസി പറഞ്ഞു.
മലയാളികള്‍ക്ക്‌ പ്രതികരണ ശേഷി കുറഞ്ഞു: സംവിധായകന്‍ ബ്ലെസി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക