Image

ഓര്‍മ്മച്ചെപ്പിലൂടെ (കവിത:എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 13 December, 2014
ഓര്‍മ്മച്ചെപ്പിലൂടെ (കവിത:എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
ആകാശവീഥികളാഴികള്‍ താണ്ടിഞാന്‍
ഐക്യനാടാകുമീ യൈശ്വര്യ ഭൂമിയില്‍
എത്രയോ നാളുകള്‍ സ്വപ്‌നം ലാളിച്ചൊരാ
മുഗ്‌ദ്ധമോഹങ്ങള്‍ പൂവിട്ടു വിടര്‍ത്തവേ
എന്നുമെന്‍ ചിത്തത്തെ മാടി വിളിക്കുന്ന
തെന്‍ ബാല്യകാലത്തിന്‍ സുന്ദര വര്‍ണ്ണങ്ങള്‍
കേരവൃക്ഷങ്ങള്‍ കുടം ചൂടിനിന്നതും
കാടും മലകളും പാടങ്ങളും കൊയ്‌ത്തും
തോട്ടിലെ നീരാട്ടം ചേറ്റിലെ മീന്‍ചാട്ടം
കാലിയെ മേയ്‌ക്കലും പാലു കറക്കലും
പ്രാതകാലത്തിലെ കുക്കുടക്കൂവലും
കാന്തിപരത്തിയാ ഗ്രാമീണ സൗന്ദര്യം !
കൂടുവിട്ട കിളി യന്തിയണയുമ്പോള്‍
ചേലോടുതിര്‍ക്കും കളകൂജനങ്ങളും
അസ്‌തമനാര്‍ക്കന്റെ മായാവിലാസത്താല്‍
ചെമ്മേ തിളങ്ങിയാ സിന്ധൂരസന്ധ്യയും,
ഈറനുടുത്താപ്പുഴയിലെ നീരാട്ടം
ഇന്നുമെന്നാത്മാവില്‍ നിര്‍വൃതിയേകുന്നു !
സ്‌നാനം കഴിഞ്ഞീറന്‍ കാര്‍കൂന്തല്‍ത്തുമ്പിലായ്‌
സാതം തിരുകും തുളസിക്കതിരിലും
കാനനച്ചോലയ്‌ക്കു കാന്തി കലര്‍ത്തിയ
കാഞ്ചനമൊഞ്ചുള്ള കുങ്കുമപ്പൂവിലും
അമ്മിഞ്ഞപ്പാലിനായാര്‍ത്തി കൂട്ടുന്നൊരു
കാലിത്തൊഴുത്തിലെ കാളക്കിടാവിലും
ഒന്നര ചുറ്റിയ ഗ്രാമീണ കന്യക
പൊന്‍പൂവു തേടുന്ന ചെമ്മണിക്കുന്നിലും
ആത്മാവിലാത്മീയ ദീപ്‌തിയുണര്‍ത്തിയ
ദേവാലയത്തിലെ വന്‍മണിനാദവും
ഇന്നുമെന്‍ ചിത്തം നിറഞ്ഞുകവിയുന്നു
പൊന്‍കതിര്‍ തൂകിയാ പാവന സൗഹൃദം!
സന്ധ്യയ്‌ക്കു കത്തിച്ചാ ച്ചെപ്പു വിളക്കിന്റെ
മഞ്ഞ വെളിച്ചത്തില്‍ ലോകം മയങ്ങവേ
അഞ്‌ജലീ ബദ്ധയായ്‌ നിര്‍മ്മല ഭക്തയായ്‌
പ്രാര്‍ത്ഥനാ ഗീതങ്ങള്‍ പാടിയതോര്‍പ്പു ഞാന്‍ !
ഗ്രാമീണസന്ധ്യയില്‍ മാറ്റൊലിക്കൊണ്ടൊരാ
രാമരാമാലാപ മന്ത്രധ്വനികളും
മണ്ണെണ്ണ വിളക്കിന്‍ വെട്ടത്തിലത്താഴം
അമ്മ വിളമ്പിത്തന്നാ ദിവ്യ സംതൃപ്‌തി !
കാപട്യമേശാത്ത കൗമാരമാണെന്റെ
ജന്മനാടേകിയ കൈമുതലെന്നുമേ !
നൂതന മോഹന വര്‍ണ്ണചിത്രങ്ങളെന്‍
ജീവിത പന്ഥാവു വര്‍ണ്ണാഭമാക്കിലും
സ്‌നേഹം വിളഞ്ഞൊരാ സര്‍ഗം തെളിഞ്ഞൊരാ
കൈരളീ ഗ്രാമമാണെന്‍ മുന്നിലിപ്പൊഴും
എന്‍ ജീവവൃക്ഷത്തെ പരിപക്വമാക്കിയെന്‍
വന്ദ്യരാം താതരാണെന്‍ മാര്‍ക്ഷദര്‍ശനം !
എന്നോര്‍മ്മച്ചെപ്പതില്‍ തുടിക്കും നിസ്വനം
എന്‍ജീവയാനത്തിന്‍ സ്‌നിഗ്‌ദ്ധതയെപ്പൊഴും !
ഓര്‍മ്മച്ചെപ്പിലൂടെ (കവിത:എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
വിദ്യാധരൻ 2014-12-13 20:03:27
മനോഹരമായ നിങ്ങളുടെ കവിത വായിച്ചപ്പോൾ ഓർമ്മയിൽ വന്നത് 1978 ൽ സുഗതകുമാരി എഴുതിയ 'അമേരിക്കയിലെ മലയാളിക്കൊരു കത്ത് ' എന്ന കവിതയാണ് 

'ആഴിക്കുമപ്പുറത്തൈശ്വര്യലഷ്മിതൻ 
ആകാശചുംബികൾ മിന്നുമാ ഭൂമിയിൽ 
ഇമ്മലനാടിന്റെ ദാരിദ്ര്യതപ്തമാം 
നൻമടിത്തട്ട് വിട്ടെത്തിയ കൂട്ടരേ 
ഏതുപരിഷ്കാര മോടിയിലും, നവ്യ 
ഭോഗലഹരികൾ നീട്ടും സുഖത്തിലും 
നിങ്ങൾ തന്നുള്ളിലോരെകാകിയാം ശിശു 
ഇന്നുമുറങ്ങാതിരിക്കുന്നു, മൂകമാ -
യിന്നും കുരുന്നു കരങ്ങൾ നീട്ടുന്നിതെ" 

ഒരു പരിതിവരെ  ഗൃഹാതുരത്വ ചിന്തകൾ ഉള്ളിൽ സൂക്ഷിക്കുന്നത് നല്ലതാണ്.  "മായപോൽ സർവ്വ സുഖങ്ങളും നൽകുമാ ഡോളറിന്നൈശ്വര്യ സാമ്രാജ്യവേദിയിൽ " കാലിടാറാതെ പിടിച്ചു നിറുത്തുന്ന അദൃശ്യ പാശങ്ങളാണ്'
നല്ല കവിത അഭിനന്ദനം.

Sudhir Panikkaveetil 2014-12-14 08:04:31
“The Greek word for "return" is nostos. Algos means "suffering." So nostalgia is the suffering caused by an unappeased yearning to return - Milan Kundera
Very beautiful poem - congratulations - Sudhir Panikkaveetil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക