Image

ഡല്‍ഹികത്ത് : 'ഘര്‍ വാപസി'യോ ഘര്‍ സെ നികാല്‍ദേന'യൊ? ഏതാണു മോഡിജി വികസനവും മതനിരക്ഷതയും?- പി.വി. തോമസ്

പി.വി. തോമസ് Published on 15 December, 2014
ഡല്‍ഹികത്ത് : 'ഘര്‍ വാപസി'യോ ഘര്‍ സെ നികാല്‍ദേന'യൊ? ഏതാണു  മോഡിജി വികസനവും മതനിരക്ഷതയും?- പി.വി. തോമസ്
"ഘര്‍ വാപസി" എന്നാണ് സംഘപരിവാഹര്‍ ഇപ്പോള്‍ ആഗ്രയിലും മറ്റ് ഇന്‍ഡ്യന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും  നടത്തുന്ന ഇസ്ലാം-ക്രിസ്തുമത പുനര്‍പരിവര്‍ത്തനത്തിന്റെ പേര്. അതായത് വീട്ടിലേക്കുള്ള തിരിച്ച് വരവ്.

ഇത് വീട്ടിലേക്കുള്ള തിരിച്ച് വരവാണോ (ഹോം കമിംങ്ങ്) അതോ 'ഘര്‍ സെ നികാല്‍ദേന' യാണോ എന്നും ചോദ്യങ്ങള്‍ ഉണ്ട്. 'ഘര്‍ സെ നികാല്‍ദേന' എന്ന് പറഞ്ഞാല്‍ വീട്ടില്‍ നിന്നും പുറത്താക്കല്‍. ഇതിന് ബദലായിട്ടാണ് ഡല്‍ഹിയിലെ ജുമ മസ്ജിദിലെ അഹമ്മദ് ബുക്കാരി ഘര്‍ ഘര്‍ ഇസ്ലാം (വീടു തോറും ഇസ്ലാം) എന്ന മുദ്രാവാക്യം നല്‍കിയത്.

എന്താണ് ഈ ദേശത്ത് സംഭവിക്കുന്നത്? വിചിത്രമായ സംഭവങ്ങളും പ്രസ്താവനകളും തന്നെയാണ് നടക്കുന്നത്. നിര്‍ബന്ധിത, പ്രലോഭിത മതപരിവര്‍ത്തനത്തിനും ഇന്‍ഡ്യയുടെ കാവിവല്‍ക്കരണത്തിനും ആയിട്ടാണോ ജനം നരേന്ദ്രമോഡിക്ക് ഈ മാൻഡേറ്റ്  നല്‍കിയത്?  അതോ ഒരു നല്ല അഴിമതിരഹിത ഭരണത്തിനോ? തീര്‍ച്ചയായും സുതാര്യവും ശുദ്ധവും ഫലപ്രദവും ആയ ഒരു ഭരണം നല്‍കുവാന്‍ ആണ് അദ്ദേഹത്തെ സമ്മതി ദായകര്‍ തെരഞ്ഞെടുത്തത്.

എന്തുകൊണ്ടാണ് അദ്ദേഹം ഈ മാൻഡേറ്റിനെ വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ തട്ടിയെടുക്കുവാന്‍ അനുവദിക്കുന്നത്? ഇത് ഒരു ആസൂത്രിത പദ്ധതിയുടെ ഭാഗം ആണോ അതോ ഒരു വിഭാഗം വര്‍ഗ്ഗീയ തീവ്രവാദികള്‍ കാട്ടികൂട്ടുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ ആണോ? മോഡിയെപ്പോലെ ശക്തനായ ഒരു ഭരണാധികാരിയുടെ കീഴില്‍ ഇതൊക്കെ നടക്കുമ്പോള്‍ അവ ഒറ്റപ്പെട്ട സംഭവങ്ങളായി കാണുവാന്‍ വിഷമം ഉണ്ട്. പണവും പ്രലോഭനങ്ങളും നല്‍കി നിര്‍ബ്ബന്ധിതമായി നടത്തുന്ന മത പുനര്‍പരിവര്‍ത്തനത്തിലേക്ക് വരുന്നതിന് മുമ്പ് അടുത്തകാലത്ത് സംഭവിച്ച ചില ആസ്വസ്ഥവും ആശങ്കാജനകവും ആയ സ്ഥിതി വിശേഷങ്ങളിലേക്ക് വരാം.

ഏതാനും ആഴ്ചക മുമ്പ് ഒരു സുപ്രഭാതത്തില്‍ ഡല്‍ഹി ഉണര്‍ന്നത് ഒരു ക്രിസ്തീയ ദേവാലയം ചുട്ടുകരിക്കപ്പെട്ട നിലയില്‍ കണ്ടുകൊണ്ടാണ്.  മതവിശ്വാസികളെ ഞെട്ടിച്ച ഒരു സംഭവം ആയിരുന്നു. ബൈബിളും അള്‍ത്താരയും പുണ്ണ്യാത്മാക്കളുടെ പ്രതിമകളും മറ്റും കത്തിചാമ്പലായ അവശിഷ്ടങ്ങള്‍ക്കിടയില്‍ മണ്ണെണ്ണയുടെ രൂക്ഷഗന്ധവും വമിക്കുന്നുണ്ടായിരുന്നു. ഈ സംഭവം ഒരു പ്രത്യേക സംഘം അന്വേഷിക്കുകയാണ്. ഈ സംഭവത്തിന്റെ ചൂട് ആറുന്നതിനു മുമ്പാണ് കേന്ദ്രമന്ത്രിയായ സാധ്വി  നിരജ്ഞന്‍ ജ്യോതി വിവാദപരമായ ഒരു പ്രസ്താവന നടത്തിയത്. ഡല്‍ഹിയില്‍ രാമന്റെ മക്കള്‍ (രാം സാ ദോന്‍) ഗവണ്‍മെന്റ് രൂപീകരിക്കണമോ അതോ ജാരസന്തതികള്‍ (ഹരാം സാ ദോന്‍)ഗവണ്‍മെന്റ് രൂപീകരിക്കണമോയെന്ന്  ജനം തീരുമാനിക്കണമെന്ന് ബി.ജെ.പി. യുടെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് കാവിവസ്ത്രധാരിയായ സാധ്വി  മന്ത്രി ആക്രോശിച്ചത് .

പാര്‍ലിമെന്റിന്റെ അകത്തും പുറത്തും ഇത് പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് വിതച്ചു. മന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള് ആവശ്യപ്പെട്ടു. മന്ത്രിയുടെ വാക്കുകള്‍ ഒരു മന്ത്രിക്ക് യോജിക്കാത്തവ ആണെന്ന് കക്ഷിരാഷ്ട്രീയം ഇല്ലാത്ത ജനങ്ങളും പറഞ്ഞു. അവസാനം മന്ത്രി മാപ്പ് പറഞ്ഞു. പ്രതിപക്ഷം എന്നിട്ടും അടങ്ങിയില്ല. അവസാനം മോഡി സാധ്വിയെ പിന്തുണച്ചുകൊണ്ട് ദളിത് കാര്‍ഡ് കളിച്ചു. മന്ത്രി ഒരു ദളിത് ആണ്. ഗ്രാമീണ പശ്ചാത്തലത്തില്‍  നിന്നും വരുന്ന ആള്‍ ആണ്. രാഷ്ട്രീയ പരിചയം കാര്യമായിട്ടില്ല. അതുകൊണ്ട് അവരെ വെറുതെ വിട്ടേക്കുക. ഏതായാലും പ്രതിപക്ഷം രാജ്യസഭയില്‍ വെറുപ്പ് ഉളവാക്കുന്ന ഇമ്മാതിരി പ്രസ്താവനകള്‍ക്കെതിരെ ഒരു പ്രമേയം പാസാക്കികൊണ്ട് അവസാനിപ്പിച്ചു.

ഗോരഖ്പൂര്‍ എം.പി.യും മന്ത്രിയുമായ ഗിരിരാജ് സിംങ്ങ് തെരഞ്ഞെടുപ്പ് വേളയില്‍ നടത്തിയ ഒരു പ്രസ്താവനയും വിവാദം ഉയര്‍ത്തിയതാണ്. മോഡിയെ എതിര്‍ക്കുന്നവരുടെ സ്ഥാനം പാക്കിസ്ഥാനില്‍ ആണെന്ന് അദ്ദേഹം ഒരു പൊതുയോഗത്തില്‍ പറഞ്ഞു. ഇതുപോലുള്ള പ്രസ്താവനകള്‍ വികാര മൂര്‍ദ്ധ്യന്നതയില്‍ പറയുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ ആണെന്ന് വാദത്തിനുവേണ്ടി പറയാമെങ്കിലും അവ ഒരു മൈൻഡ് സെറ്റിന്റെ പ്രതിഫലനം ആണ്. അവ വെറുപ്പിന്റെ വിഭാഗീയതയുടെയും തത്വശാസ്ത്രത്തിന്റെ സൃഷ്ടികള്‍ ആണ്.

അടുത്ത ആഘാതം ഏല്പിക്കുന്നത് ബി.ജെ.പി.യുടെ ഉന്നാവോ എംപി.യും കാവിവസ്ത്രധാരിയും ആയ സാക്ഷി മഹാരാജ് ആണ്. മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെ മഹാത്മാഗാന്ധിയെ പോലെ തന്നെ ഒരു ദേശസ്‌നേഹി ആണെന്നായിരുന്നു അദ്ദേഹത്തിന്റെ ജല്പനം. ഇതേക്കുറിച്ച് പ്രതികരിക്കവെ മഹാത്മാഗാന്ധിയുടെ മരുമകനായ ഗോപാല്‍ ഗാന്ധി പറഞ്ഞത് പരിവാറിന് നാഥുറാം ഗോഡ്‌സെയുമായിട്ടുള്ള ബന്ധം മറനീക്കി പുറത്ത് വരട്ടെയെന്നാണ്. ഏതായാലും എം.പി. ക്ഷമചോദിച്ച് തടി തപ്പി.

സംഭവങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. ഇപ്രാവശ്യം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത് ലക്ക്‌നൗ രാജ് ഭവനില്‍ നിന്നും ആണ്. ഉത്തര്‍പ്രദേശ് ഗവര്‍ണ്ണറും മുന്‍ ബി.ജെ.പി. കേന്ദ്രമന്ത്രിയു ആയ രാംനായിക്ക് ഉയര്‍ത്തിയ വിഷയം അയോദ്ധ്യയിലെ രാംമന്ദിര നിര്‍മ്മാണം ആണ്. മോഡി ഗവണ്‍മെന്റ് രാംമന്ദിരം ജനങ്ങളുടെ ഇഷ്ടപ്രകാരം നിര്‍മ്മിക്കണം എന്നാണ് ഗവര്‍ണ്ണറുടെ നിര്‍ദേശം. വിഷയം കോടതി മുമ്പാകെ ആണ്. നായിക്ക് ഭരണഘടനാനുസൃതമുള്ള ഒരു ഭരണാധികാരിയാണ്. അദ്ദേഹത്തിന് എങ്ങനെ ഇതുപോലുള്ള ഒരു വിഷയത്തില്‍ പക്ഷം ചേര്‍ന്നു പ്രസ്താവന നടത്താം?

 സ്വാഭാവീകമായും പ്രതിപക്ഷവും നിഷ്പക്ഷമതികളും മതേതരവാദികളും ആയ ജനം ഗവര്‍ണ്ണറില്‍ നിന്നും ഇത് പ്രതീക്ഷിച്ചതല്ല. ഇതും ഒറ്റപ്പെട്ട ഒരു സംഭവം ആയി വാദത്തിനു വേണ്ടി കാണാം. പക്ഷേ, ബി.ജെ.പി.യുടെ മൂന്ന് വമ്പന്‍ അജണ്ട ഇനങ്ങളില്‍ ഒന്നാണ് രാമക്ഷേത്രം. അത് വിവാദപരമായ ബാബറി മസ്ജിദ് ഇടിച്ചുനിരപ്പാക്കിയ ഇടത്തുതന്നെ പണിയണം എന്നതാണ് ബി.ജെ.പി.യുടെയും സംഘപരിവാറിന്റെയും പ്രഖ്യാപിതനയം.

മറ്റ് ഇനങ്ങള്‍ ആര്‍ട്ടിക്കിള്‍ 370-#ാ#ം (ജമ്മു-കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍) പൊതു സിവില്‍ കോഡും. ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയില്‍ നിന്നും മാറ്റേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ലോകസഭ തെരഞ്ഞെടുപ്പ് വേളയില്‍ ഉദ്ദംപൂര്‍ എം.പി.യായ ജിതേന്ദ്രസിംങ്ങ് പ്രസംഗിക്കുകയുണ്ടായ. ഉദ്ദംപൂര്‍ ഹിന്ദു ഭൂരിപക്ഷമുള്ള ജമ്മുപ്രദേശത്ത് ആണ്.

മുസ്ലീം ഭൂരിപക്ഷമുള്ള കാശ്മീര്‍ താഴ് വരയില്‍ ഇതിന്റെ ബാക്ക് ലാഷ് ഉണ്ടാകുമോ എന്ന് ഭയന്ന് അദ്ദേഹം പിന്നീട് ഇത് ആവര്‍ത്തിച്ചില്ല. മോഡി മുമ്പൊരിക്കല്‍ ജമ്മുവില്‍ വച്ച് ആര്‍ട്ടിക്കിള്‍ 370-യെ കുറിച്ച് പരാമര്‍ശിച്ചെങ്കിലും അദ്ദേഹവും പിന്നീട് അത് ആവര്‍ത്തിക്കുകയുണ്ടായില്ല. എന്നാല്‍ കോമണ്‍ സിവില്‍ കോഡിന്‌റെ കാര്യം അതല്ല. നിയമന്ത്രി സദാനന്ദ ഗൗഡ ഇതുമായി മുമ്പോട്ട് പോകുവാനുള്ള തീരുമാനം ആണ് ലോക്‌സഭയെ നവംബര്‍ പതിമൂന്നിന് അറിയിച്ചത്. സംഘപരിവാറിന്റെ ഭാരതത്തിന്റെ കാവിവല്‍ക്കരണ അജണ്ടയിലെ ഒരു പ്രധാന ഇനം ആണ് ഇത്.

ഇതെല്ലാം ഒന്നൊന്നായി തലപൊക്കുമ്പോള്‍ അവയെ ഒറ്റപ്പെട്ട സംഭവങ്ങളായി വാദത്തിനുവേണ്ടി മാത്രമേ അംഗീകരിക്കുവാന്‍ സാധിക്കുകയുള്ളൂ. വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് ആണ് മറ്റൊരു വിവാദ നീക്കം നടത്തിയത്. സ്വരാജിന്റെ അഭിപ്രായത്തില്‍ ശ്രീമത് ഭഗവത് ഗീതയെ ഇന്‍ഡ്യയുടെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണം. ഖുറാനും ബൈബിളും ഗുരുഗ്രന്ഥസാഹിബും എല്ലാം ഇതേ ആവശ്യങ്ങളുമായി മുമ്പോട്ട് വരും.

ജര്‍മ്മന്‍ ഭാഷക്ക് പകരം സംസ്‌കൃത കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിര്‍ബ്ബന്ധിത വിഷയം ആക്കി ഉന്നത വിദ്യാഭ്യാസമന്ത്രി സ്മൃതി ഇറാനിയും കാവിവല്‍ക്കരണത്തിന്റെ പാതയില്‍ ആണ്. സംസ്‌കൃതം ഇന്‍ഡ്യയുടെ മഹത്തായ പാരമ്പര്യത്തിന്റെ ഭാഗം ആണ്. തര്‍ക്കം ഇല്ല. പക്ഷേ, അത് മരിച്ചതോ മരിച്ചു കൊണ്ടിരിക്കുന്നതോ ആയ ഒരു ഭാഷ ആണ്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഭാവി കരുപ്പിടിക്കുവാന്‍ ലോകവാതായനങ്ങള്‍ തുറന്നു കൊടുക്കുന്ന ഒരു ഭാഷയായിട്ട് വേണം ജര്‍മ്മന്‍ ഭാഷയെ കാണുവാന്‍.

പൈതൃകത്തോട് കൂറും ഭൂതകാലത്തോട് കൃതാര്‍ത്ഥതയും ഉള്ളതുപോലെ ഭാവിയിലും ശ്രദ്ധ ഉണ്ടായിരിക്കണം ദീര്‍ഘദൃഷ്ടികളായ ഭരണകര്‍ത്താക്കള്‍ക്ക്. രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ മുഖ്യ കാര്യകര്‍ത്താവായ മോഹന്‍ ഭഗ് വതിന്റെ വാര്‍ഷീക വിജയദശമി പ്രസംഗം ഇപ്രാവശ്യം ചരിത്രത്തില്‍ ആദ്യമായി ദൂരദര്‍ശന്‍ തത്സമയം പ്രക്ഷേപണം ചെയ്തതും മറ്റൊരു വിവാദകാരണം ആയി. ഇതിനെതിരെയും കാവിവല്‍ക്കരണ സംബന്ധിയായ ആരോപണങ്ങള്‍ ഉണ്ടായി.

എന്തുകൊണ്ട് ആര്‍.എസ്.എസ്. ചീഫിനുമാത്രം ഇങ്ങനെ ഒരു പരിഗണന സര്‍ക്കാര്‍ മാധ്യമം നല്‍കി? താജ്മഹല്‍ ആണ് മറ്റൊരു വിവാദവിഷയം. താജ് ഒരു ശിവക്ഷേത്രം ആയിരുന്നുവെന്നും താജിന്റെ താഴികകുടത്തില്‍ കാണുന്ന ചന്ദ്രക്കല ശിവന്റെ ജടയില്‍ കാണുന്ന ചന്ദ്രക്കലയാണെന്നും പണ്ടേ തന്നെ ആര്‍.എസ്.എസും വിശ്വഹിന്ദുപരിഷത്തും വാദിച്ചിരുന്നു. മുസ്ലീം അധിനിവേശികള്‍, അയോദ്ധ്യയിലെ രാമാനുജഭൂമി ക്ഷേത്രം പോലെ, ഇതു രൂപാന്തരപ്പെടുത്തി താജ്മഹല്‍ ആക്കിതീര്‍ത്തത് ആണെന്നാണ് വാദം. അത് പഴയ വാദം.

ഇപ്പോള്‍ ഡിസംബര്‍ ആദ്യവാരത്തില്‍ ബി.ജെ.പി.യുടെ ഉത്തര്‍പ്രദേശ് ചീഫ് ലക്ഷ്മി കാന്ത് ബാജ്‌പെയി പുതിയ ഒരു വാദവും ആയി വന്നിരിക്കുകയാണ്, പഴയവാദത്തിന്റെ ചുവട് പിടിച്ചുതന്നെ. അത് പ്രകാരം താജ് മഹല്‍ തേജോമഹാലയ എന്ന ഹിന്ദു ക്ഷേത്രത്തിന്റെ ഭാഗം ആണ്. ഷാജഹാന്‍ ചക്രവര്‍ത്തി രാജാ ജെയ്‌സിംങ്ങില്‍ നിന്നും ഇത് വിലക്ക് വാങ്ങിയത് ആണ്. ഇത് തെളിയിക്കുവാനുള്ള രേഖകള്‍ നിലവില്‍ ഉണ്ടെന്നും  ബാജ്‌പേയി അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ ഈ നീക്കം വാസ്തവത്തില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാന്റെ ഒരു പ്രസ്താവനയ്ക്കുള്ള ഒരു എതിര്‍ നീക്കം ആയിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഖാന്‍ താജില്‍ അവകാശവാദം ഉന്നയിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അവകാശപ്രകാരം താജ് ഒരു സുന്നി വക്കഫ് സ്വത്താണ്. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ഭാര്യ മുംതാസ് ഒരു സുന്നി മുസ്ലീം ആയിരുന്നു. അതുകൊണ്ട് താജ്മഹാല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്‍ഡ്യയുടെ കീഴില്‍ നിന്നു മാറ്റി സുന്നി വക്കഫ് ബോഡിന് വിട്ടുകൊടുക്കണം. മുസ്ലീങ്ങള്‍ക്ക് ദിവസത്തില്‍ അഞ്ച് പ്രാവശ്യം നമാസ് ചെയ്യുവാനുള്ള അവകാശവും കൊടുക്കണം.

മതത്തിന്റെയും ആചാരങ്ങളുടെയും പേരിലുള്ള ഈ ധര്‍മ്മയുദ്ധം ഇന്‍ഡ്യയെ എവിടെ കൊണ്ടെത്തിക്കും?
ഇനി ആണ് മതപുനര്‍പരിവര്‍ത്തന കാണ്ഡം. ഇതുപോലുള്ള പരിപാടികള്‍ നേരത്തെയും ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടന്നിട്ടുണ്ടെങ്കിലും മോഡി അധികാരത്തില്‍ വന്നതിനു ശേഷം ഇപ്പോള്‍ ഇത് ആദ്യമായിട്ടാണ് ഇങ്ങനെ വന്‍തോതില്‍ നടത്തുന്നത്. 300 മുസ്ലീം കുടുംബങ്ങളെ ഹിന്ദുക്കളായി മതപുനര്‍പരിവര്‍ത്തനം നടത്തിക്കൊണ്ട് ഈ പരിവര്‍ത്തന യജ്ഞം ആരംഭിച്ചത് ആഴ്ചകള്‍ക്ക് മുമ്പ് ആഗ്രയില്‍ ആണ്. ആര്‍. എസ്.എസും അതിന്റെ പോഷകസംഘടനകളും കൂട്ടായിട്ടാണ് ഇത് സംഘടിപ്പിച്ചത്.

ഘര്‍വാപ്പസി- ഇനി ക്രിസ്തുമസ് ദീവസം അലിഗഡിലും മറ്റ് പല സ്ഥലങ്ങളിലും ഇത് ആവര്‍ത്തിക്കുമെന്ന് ഈ ഹിന്ദുസംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിസ്തുമസ് ദിവസത്തെ പുനര്‍പരിവര്‍ത്തനത്തില്‍ ക്രിസ്തുമതത്തില്‍പ്പെട്ടവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി വന്‍തോതില്‍ ഫണ്ട് പിരിവും ആരംഭിച്ചിട്ടണ്ട്. അഞ്ച് ലക്ഷം രൂപയാണ് ഒരു മുസ്ലീമിനെ തിരിച്ച് ഹിന്ദുമതത്തില്‍ കൊണ്ടുവരുന്നതിന് കൊടുക്കുക. ക്രിസ്ത്യാനിക്ക് വില അല്പം കുറവ് ആണ് രണ്ടു ലക്ഷം രൂപയേ ഉള്ളൂ. ഈ വിലക്കുറവിന്റെ കാരണം അറിയില്ല. ക്രിസ്ത്യാനികള്‍ ആരും ഇതെചൊല്ലി പ്രതിഷേധിച്ച് കേട്ടും ഇല്ല!

ആര്‍.എസ്.എസും. അതിന്റെ പോഷകസംഘനകളും ക്രിസ്തുമസ്ദിനം 6,000 മുസ്ലീം-ക്രിസ്ത്യാനി കുടുംബങ്ങളെയാണ് വടക്കെ ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളിലായി പുനര്‍പരിവര്‍ത്തനത്തിന് വിധേയരാക്കുവാന്‍ ഉന്നം വയ്ക്കുന്നത്. ആര്‍.എസ്.എസ്. ഈ വിധം ഒരു വര്‍ഷം ഒരു ലക്ഷം മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും ഹിന്ദുമതത്തിലേക്ക് തിരിച്ച് കൊണ്ടുവരുവാനാണ് ലക്ഷ്യം വച്ചിരിക്കുന്നതത്രെ! ഈ മതപുനര്‍പരിവര്‍ത്തന പ്രക്രിയയുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ധരം ജാഗ്രന്‍ സമിതിയുടെ നേതാവായ കാന്‍ഷിനാഥ് ബന്‍സല്‍ പറയുന്നത് മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒക്കെ വലിയ ഒരു സമസ്യ ആണ് എന്നാണ്. എന്താ കഥ! ഏതായാലും ക്രിസ്തുമസ് ദിവസ മതപരിവര്‍ത്തനത്തെ ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് ഗൗരവമായിട്ടാണ് കാണുന്നത് എന്നാണ് പറയുന്നത്. തടയുമത്രെ.

നിര്‍ബന്ധിത മതപരിവര്‍ത്തനവും പുനര്‍പരിവര്‍ത്തനവും അധര്‍മ്മം ആണ്. അത് ഈ രാജ്യത്ത് നടന്നിട്ടുണ്ട്. ഇപ്പോഴും നടന്നുകൊണ്ടേയിരിക്കുന്നു എന്നത് ലജ്ജാകരം ആണ്. മാമ്മോദീസ് ഒരു നിര്‍ബന്ധിത മതപരിവര്‍ത്തനം ആണെന്ന് വാദിക്കുന്നവര്‍ ഉണ്ട്. അതിന് ജ്ഞാനസ്‌നാനം എന്നു ക്രിസ്ത്യാനികള്‍ പറയും. ആ വ്യക്തിക്ക് മുമ്പ് ഒരു മതം ഉണ്ടായിരുന്നില്ല. അപ്പോള്‍ അത് forced conversion ആകുമോ? നിങ്ങള്‍ നിശ്ചയിക്കണം.

പണവും മറ്റ് ആനുകൂല്യങ്ങളും നല്‍കി മതപരിവര്‍ത്തനം നടത്തുന്നത് അധാര്‍മ്മീകം ആണ്. മതപുനര്‍പരിവര്‍ത്തനവും. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നടത്തുന്ന ആ പുനര്‍പരിവര്‍ത്തനം സാമ്പത്തീക സ്വാധീനം ഉപയോഗിച്ച് നടത്തുന്ന മതപരിവര്‍ത്തനം പോലെ ഭരണഘടന വിരുദ്ധമാണ്. 

ദളിതരും ആദിവാസികളും പട്ടിണികിടന്നപ്പോള്‍ അവര്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും മരുന്നും പാര്‍പ്പിടവും നല്‍കി അവരെ മതപരിവര്‍ത്തനം ചെയ്തവര്‍ ഒരു ഭാഗത്ത്. അന്ന് അവരെ തിരിഞ്ഞുനോക്കാതെ ചാതുര്‍വര്‍ണ്ണ്യത്തിന്റെ പേരില്‍ തോട്ടിയും അടിമയും ആക്കി അവഗണിച്ചവര്‍ മറ്റൊരു ഭാഗത്ത്. രണ്ടും ചൂഷണം ആണ്. പക്ഷേ ഇതില്‍ മാനവീകത എവിടെ? ഇവിടെ ശുദ്ധ രാഷ്ട്രീയം എവിടെ? ആതുരസേവനം നല്ലതുതന്നെ. പക്ഷേ, ആത്മാവ് തട്ടിപ്പറിച്ചിട്ടാകരുത് അത്. പക്ഷേ, ശരീരവും ജീവിതവും ഇല്ലെങ്കില്‍ ആത്മാവ് എവിടെ?

എന്താണ് ഈ ഘര്‍വാപ്പസി? ആരുടേതാണ് ഈ വീട്? ആര്യന്റെയോ ദ്രാവിഡന്റെയോ അതോ ആദിവാസിയുടേയോ? ആര് ആരെ കീഴടക്കി തുരത്തി? ആര് ആരുടെ മതം ആരില്‍ അടിച്ചേല്‍പിച്ചു? ജന്മത്തിലൂടെ അറിയാതെ കിട്ടുന്നതാണ് ഒരാളുടെ മതം. അതാണ് ഏറ്റവും വലുത്, എന്റെ ദൈവമാണ് ഏറ്റവും ശ്രേഷ്ഠന്‍ എന്നു പറഞ്ഞ്  അതിന്റെ പേരില്‍ ജിഹാദും, പുനര്‍പരിവര്‍ത്തനവും, നടത്തുന്നത് ഈ അറിയാതെ കിട്ടിപ്പോയ ഗര്‍ഭപാത്രത്തോടുള്ള അവഹേളനം ആണ്. ആ ഗര്‍ഭപാത്രം ആണ് “ഘര്‍”. അങ്ങോട്ട് തിരിച്ചെടുക്കുവാന്‍ ആര്‍ക്ക് കഴിയും? അല്ലെങ്കില്‍ അതിനെ തള്ളിപറയുവാന്‍ ആര്‍ക്ക് ആകും?
ഡല്‍ഹികത്ത് : 'ഘര്‍ വാപസി'യോ ഘര്‍ സെ നികാല്‍ദേന'യൊ? ഏതാണു  മോഡിജി വികസനവും മതനിരക്ഷതയും?- പി.വി. തോമസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക