Image

ഇക്കരെയക്കരെയിക്കരെ! 10 (“താന്‍ എന്നാ കോപ്പു ചെയ്യും?” : രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 19 December, 2014
ഇക്കരെയക്കരെയിക്കരെ! 10 (“താന്‍ എന്നാ കോപ്പു ചെയ്യും?” : രാജു മൈലപ്രാ)
ഏപ്രില്‍ മൂന്നിനു ഇലക്ഷന്‍ കമ്മീഷന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. കേരളത്തിലെ തിരഞ്ഞെടുപ്പു തീയ്യതി ഏപ്രില്‍ പത്തിനായിരുന്നു. ഒരു പക്ഷേ എന്നെപ്പോലെയുള്ള ഒരു മഹാനെ ആദരിക്കുന്നതിനു വേണ്ടി അവര്‍ അതു മനഃപൂര്‍വ്വം ചെയ്തതാണോ എന്നു ഞാന്‍ സംശയിക്കുന്നു. കാരണം ഏപ്രില്‍ പത്തിനാണ് ഈയുള്ളവന്റെ ജനനം. സര്‍പ്രൈസ്!
ഇലക്ഷന്‍ പ്രഖ്യാപനം ഏതു നിമിഷവും ഉണ്ടാവുമെന്ന് മുന്‍കൂട്ടി അറിവുണ്ടായിരുന്നതു കൊണ്ട്, മന്ത്രിമാര്‍ ഓടി നടന്ന് കല്ലിടീലും, ഉല്‍ഘാടനങ്ങളും നടത്തി. പണി തീരാത്ത പാലങ്ങള്‍ മുതല്‍, കടലാസ്സില്‍ മാത്രം ഒതുങ്ങുന്ന വിപുലമായ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു. പ്രചാരണത്തില്‍ ബി.ജെ.പി. ബഹുദൂദം മുന്നിലായിരുന്നു. നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച്, അദ്ദേഹത്തെ മുന്നില്‍ നിര്‍ത്തി അവര്‍ പട നയിച്ചു. അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസ്സിന്റെ ഇമേജി പരമ ദയനീയമായിരുന്നു. രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുവാനുള്ള ആത്മധൈര്യം അവര്‍ക്കില്ലാതെ പോയി. പാര്‍ട്ടിയുടെ പ്രാദേശിക പള്‍സ് അറിയാത്ത പയ്യന്‍സ്, അവസാന നിമിഷം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ചില വെട്ടിത്തിരുത്തലുകള്‍ നടത്തി. കേന്ദ്രത്തിലുള്ള സ്വാധീനം കൊണ്ടു, സിറ്റിംഗ് എം.പിയായിരുന്ന ധനപാലനെ തൃശ്ശൂരിലേക്കു നാടുകടത്തിയിട്ട്, ചാക്കോജി ചാലക്കുടിയിലേക്കു ചേക്കേറി. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സ്ഥാനാര്‍ത്ഥിയായ ഇന്നസെന്റിനെപ്പോലും അമ്പരപ്പിച്ചു കൊണ്ടു, അദ്ദേഹം അവിടെ വിജയത്തിന്റെ വെന്നിക്കൊടിപാറിച്ചു. ഫലം വന്നപ്പോള്‍ അദ്ദേഹം ആദ്യം ഉരുവിട്ടത്(കിട്ടുണ്ണി സ്റ്റൈലില്‍) “അടിച്ചെടാ മോനേ!” എന്നാണ്.
പരിസ്ഥിതി പറഞ്ഞു. ഉമ്മാക്കി കാണിച്ച മെത്രന്മാരെ ഭയന്ന്, സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞ സിറ്റിംഗ് എം.പി.യായിരുന്ന പി.ടി.തോമസിനെ വെട്ടിയിട്ട്, ഡീന്‍ കുര്യാക്കോസ് എന്ന പയ്യന്‍സിനെ അവിടെ പ്രതിഷ്ഠിച്ചു. അങ്ങിനെ കോണ്‍ഗ്രസ്സിന്റെ ഷുവര്‍ സീറ്റുകളായിരുന്ന മൂന്നു മണ്ഡലങ്ങള്‍ കൈവിട്ടു പോയി.
എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും അത്ര മെച്ചമായിരുന്നില്ല. പലയിടത്തും സ്വന്തം പാര്‍ട്ടിക്കാരെ തഴഞ്ഞിട്ട്, സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പിന്തുണയ്‌ക്കേണ്ട ഗതികേടിലായി അവര്‍. തിരുവനന്തപുരത്ത് അതുവരെ രംഗത്തില്ലാതിരുന്ന ഡോ.ബെന്നറ്റ് എബ്രഹാം സ്ഥാനാര്‍ത്ഥിയായി. ആദര്‍ശം വാരി വിതറുന്ന നേതാക്കന്മാരും പോക്കറ്റില്‍ കോടികള്‍.' പാര്‍ട്ടി ദയനീയമായി മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടു!
ഞങ്ങളുടെ മണ്ഡലമായ പത്തനംതിട്ടയില്‍ കോണ്‍ഗ്രസ്സില്‍ നിന്നും അടര്‍ത്തി മാറ്റിയ അഡ്വ.ഫിലിപ്പോസ് തോമസിനെയാണ് സിപിഎം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്. അങ്ങിനെ ജനപിന്തുണ താണുകൊണ്ടിരുന്ന ആന്റോ ആന്റണി അവിടെ അനായാസം വിജയിച്ചു(പി.സി.ജോര്‍ജ് കുറച്ചു വെള്ളം കുടിപ്പിച്ചെങ്കിലും).
ഇതിനിടയില്‍ അതിദാരുണമായ മറ്റൊരു സംഭവം നടന്നു. കേരളത്തിലെ മദ്യപന്മാരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ഏപ്രില്‍ മൂന്നു മുതല്‍ നിലവാരമില്ലാത്ത ബാറുകള്‍ അടച്ചിടുവാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. തലേന്നു രാത്രി പന്ത്രണ്ടുമണിയോടെ എക്‌സൈസ് ഉദ്യോസ്ഥന്മാര്‍ ഓടിനടന്നു ബാറുകള്‍ മണിചിത്രത്താഴിട്ടു പൂട്ടി. രാവിലെ വിറയലൊന്നുമാറ്റാമെന്നു കരുതി എത്തിയവര്‍, ഷട്ടറുകള് തുറക്കാത്ത ബാറുകള്‍ കണ്ടു തലകറങ്ങി- പലരും തറയില്‍ വീണു. പത്തനംതിട്ടയിലെ അമല, ഹേദ്ധേ, കോഴഞ്ചേരിയിലെ പാര്‍ക്ക് എന്നീ ബാറുകളുടെ ഷട്ടര്‍ ഇതുവരെ തുറന്നിട്ടില്ല. മിക്ക സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും, പ്രത്യേകിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരില്‍ പലരും ഒന്നു മിനുങ്ങിയിട്ടാണു ഹാജര്‍ പുസ്തകത്തില്‍ ഒപ്പിടുന്നത്. കേന്ദ്രത്തില്‍ നിന്നും ഹൈക്കമാന്‍ഡ് കെപിസിസി പ്രസിഡന്റായി നേരിട്ടു കെട്ടിയിറക്കിയ വീരനും, ധീരനും, ആദര്‍ശവാദിയുമായ വി.എം.സുധീരന്‍ ഉടുമ്പു പിടിക്കുന്നതു പോലെ ഒറ്റപ്പിടുത്തം. അടച്ച ബാറുകള്‍ ഇനി ഒരു കാരണവശാലും തുറക്കുകയില്ലെന്നു അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു. സരിത, ഗണ്‍മോന്‍, ജിക്കുമോന്‍ തുടങ്ങിയവര്‍ വിരിച്ച കരിനിഴലില്‍ താണുകൊണ്ടിരുന്ന കുഞ്ഞൂഞ്ഞിന്റെ ഇമേജ് വീണ്ടും ഇടിഞ്ഞു. മുസ്ലീം ലീഗിന്റേയും, മെത്രാന്മാരുടേയും പിന്തുണ കൂടി ലഭിച്ച സുധീരന്റെ ആദര്‍ശപരിവേഷം ആകാശത്തോളമുയര്‍ന്നു. വെമാപ്പള്ളി ഗുരുക്കളുടെ വിലാപത്തിന് ആരും ചെവി കൊടുത്തില്ല. അപകടം മണത്തറിഞ്ഞ കുഞ്ഞൂഞ്ഞ് മറിയാമ്മയോടും പോലും ആലോചിക്കാതെ ഒരു മിസൈല്‍ തൊടുത്തു. അവശേഷിച്ചിരിക്കുന്ന ബാറുകള്‍ കൂടി അടയ്ക്കുവാന്‍ ഉത്തരവിറക്കി സുധീരനെ മലയര്‍ത്തിയടിച്ചു. കുഞ്ഞൂഞ്ഞിനോടൊ കളി?
മദ്യ ഉപയോഗം കുറച്ചുകൊണ്ടുവരണമെന്ന് സുധീരന്‍ ആഹ്വാനം ചെയ്തു. ബാറുകളെല്ലാം അടച്ചുപൂട്ടി ഉമ്മന്‍ചാണ്ടി കൈയടി നേടി.
ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രചാരണത്തിനു ഉപയോഗിക്കരുതെന്ന് സുധീരന്‍ നിര്‍ദ്ദേശിച്ചു. ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നിരോധിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി വീണ്ടും സുധീരനേക്കാള്‍ ഉയരത്തില്‍ ചാടി സ്‌കോര്‍ ചെയ്തു. സ്ത്രീകള് ജീന്‍സ് ധരിക്കുന്നത് ഒഴിവാക്കണമെന്നു ദാസേട്ടന്‍ പറഞ്ഞതു ഏതായാലും നന്നായി. സുധീരനാണു പറഞ്ഞിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി സ്ത്രീകള്‍ അരയ്ക്കു താഴെ വസ്ത്രം ധരിക്കുന്നത് പൂര്‍ണ്ണായും നിരോധിച്ചേനെ!
പ്രചാരണത്തിനു പാലിക്കേണ്ട നിയമങ്ങളും നിബന്ധനകളും മറ്റും ഇലക്ഷന്‍ കമ്മീഷന്‍ നടപ്പില്‍ വരുത്തി. സ്വകാര്യ വ്യക്തികളുടെ വസ്തുവകകളിലോ, കെട്ടിടങ്ങളിലോ അവരുടെ രേഖാമൂലമുള്ള അനുവാദമില്ലാതെ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും, വഴിയാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലോ, ട്രാഫിക് ലൈറ്റുകളും, സൈനുകളും മറയ്ക്കുന്ന തരത്തിലോ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി.
ഈ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്നുള്ള ഉറപ്പു വരുത്തുവാനുള്ള ചുമതല കലക്ടര്‍ക്കായിരുന്നു.
പത്തനംതിട്ട പാര്‍ലമെന്റ് സീറ്റിലെ സ്ഥാനാര്‍ത്ഥി നാട്ടുകാരുടെ കണ്ണിലുണ്ണിയായ ആന്റോ ആന്റണി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മണ്ഡലമാകെ പര്യടനം നടത്തുകയാണ്. ഓരോ ദിവസവും ഓരോ ദിക്കിലേക്ക്. അങ്ങിനെ അദ്ദേഹം മൈലപ്രായിലുമെത്തി. എല്ലാ വര്‍ഡുകളില്‍ നിന്നുള്ള പ്രതിനിധികളും, കോണ്‍ഗ്രസ് ഭാരവാഹികളും, അനുഭാവികളും ഒന്നിനു പിറകേ ഒന്നായി ഹാരാര്‍പ്പണം നടത്തുകയാണ്. ഏതാണ് അന്‍പതുപേര്‍- ആകെയുള്ളത് അഞ്ചു കടലാസു മാലകള്‍. ഒരാള്‍ അര്‍പ്പിച്ചത് മറ്റൊരാള്‍ക്കു കൈമാറുന്നു. അകമ്പടിയില്ലാതെ റവന്യൂ മന്ത്രി അടൂര്‍ പ്രകാശും ആന്‌റോയ്ക്കു പിന്തുണയുമായി കൂടെയുണ്ട്.
പത്തനംതിട്ടയില്‍ പോയിട്ടു ഞങ്ങള്‍ തിരിച്ചു വരുന്ന സമയത്തായിരുന്നു മൈലപ്രായിലെ സ്വീകരണം. ഗതാഗത തടസ്സം കാരണം ഞാനുമവിടെയിറങ്ങി സമ്മേളനം പരിപാടികള്‍ വീക്ഷിച്ചു.
“അച്ചായനു ആന്റോയ്ക്കു മാലയിടണോ?” വിന്‍സെന്റ് ചോദിച്ചു. “എന്റെ പട്ടിപോകും” – അതായിരുന്നു എന്റെ മറുപടി.
കോളേജില്‍ പഠിക്കുന്ന കാലത്ത് അല്ല സ്വല്പം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു. കേരളാ കോണ്‍ഗ്രസ്സിന്റെ  സ്ഥാപക നേതാക്കന്മാരിലൊരാളായിരുന്ന വയലാ വല്യച്ചായന്‍ പത്തനംതിട്ട നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണാര്‍ത്ഥം 'തൊണ്ടതൊഴിലാളി' പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. വൈകുന്നേരം ഒരു മസാലദോശയും ചായയുമായിരുന്നു പ്രതിഫലം. എന്നാല്‍ അതില്‍കൂടുതല്‍ എന്നെ ആകര്‍ഷിച്ചത് പാവാടക്കാരികളും, ഹാഫ് സാരിധാരികളുമായ കോളേജ് കുമാരികളുടെ ലോലമായ കാതുകളില്‍ക്കൂടി എന്റെ ശബ്ദവീചികള്‍ അലയടിച്ചതാണ്. സത്യം പറയാമല്ലോ ഇന്നത്തെ ജീന്‍സുധാരികളേക്കാള്‍ സുന്ദരമായിരുന്നു അവരുടെ വേഷം.
ആന്റോ ആന്റണി മൈലപ്രായിലെ സ്വീകരണമേറ്റു വാങ്ങിയ ശേഷംസ അടുത്ത സ്വീകരണവേദിയായ കുമ്പഴയിലേക്കു നീങ്ങി. ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കുവാന്‍ പോലീസധികാരികള്‍ സൂക്ഷമനിരീക്ഷണം നടത്തുന്നുണ്ട്. പത്തനംതിട്ട സബ്കലക്ടറും, സബ് ഇന്‍സ്‌പെക്ടറും, ഒന്നു രണ്ടു പോലീസുകാരും ഒരു വീഡിയോഗ്രാഫറുമാണ് സംഘത്തിലുണ്ടായിരുന്നത്. കുമ്പഴ ജംഗ്ഷനില്‍ ആന്റോ  ആന്റണിയുടെ ഒരു ഫ്‌ളെക്‌സ് ബോര്‍ഡ് പരിധിലംഘിച്ചാണ് സ്ഥാപിച്ചിരുന്നത്. അവിടെ കൂടിനിന്ന പ്രവര്‍ത്തകരോടു അത് ഉടനേ എടുത്തു മാറ്റണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു: പ്രവര്‍ത്തകര്‍ അതു സമ്മതിച്ചു. കലക്ടറും സംഘവും രണ്ടു മണിക്കൂര്‍ കഴിഞ്ഞ് അതുവഴി തിരിച്ചു വന്നപ്പോഴും, ഫ്‌ളെക്‌സ് ബോര്‍ഡ് ആന്റോ ആന്റണിയുടെ അഭിവാദനങ്ങളുമായി അവിടെത്തന്നെ ഉയര്‍ന്നു നില്‍ക്കുന്നു.
എന്താ ഇതു മാറ്റാഞ്ഞത്? കലക്ടര്‍ അവിടെയുണ്ടായിരുന്ന പ്രവര്‍ത്തകരോടു ചോദിച്ചു.
“മാറ്റാന്‍ സൗകര്യമില്ല. താന്‍ എന്തോ ചെയ്യും?” ആവേശം കത്തിനിന്ന ഒരു പ്രവര്‍ത്തകന്‍ ഒരു മറുചോദ്യം തൊടുത്തു.
“ഞാനിവിടുത്തെ സബ്കലക്ടറാ!”
“താനേതു കോപ്പിലെ കലക്ടറായാലെന്താ?” എന്ന് ആക്രോശിച്ചു കൊണ്ട് പന്നിവേലി തങ്കച്ചന്‍ അദ്ദേഹത്തിന്റെ കോളറിനു കുത്തിപ്പിടിച്ചു. നേതാവിന്റെ പോരാട്ടം കണ്ടു ആവേശം പൂണ്ട പ്രവര്‍ത്തകരും ഉന്തും തള്ളിലും പങ്കു ചേര്‍ന്നു. പിന്നീടു കുമ്പഴ നിവാസികള്‍ കേട്ടത് “എന്റമ്മോ” എന്നു തൊണ്ട തുറന്നു കാറി വിളിക്കുന്ന പന്നിവേലി തങ്കച്ചന്റെ നിലവിളിയാണ്. നിമിഷങ്ങള്‍ക്കകം തങ്കച്ചനും അഞ്ചു അനുയായികളും പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ പോലീസു മുറയിലുള്ള സ്വീകരണം ഏററു വാങ്ങി- അടുത്തദിവസം അതിരാവിലെ മറ്റൊരു ലോക്കല്‍ നേതാവായ ചേലാട്ടു കുഞ്ഞൂട്ടി അവരെ ജാമ്യത്തിലിറക്കാന്‍ ഒരു വക്കീലുമായി സ്റ്റേഷനിലെത്തി. വക്കീലു വാ തുറക്കുന്നതിനു മുമ്പു തന്നെ കുഞ്ഞൂട്ടിയും സഹപ്രവര്‍ത്തകര്‍ക്കു കൂട്ടായി. തലേന്നു പകര്‍ത്തിയ വീഡിയോയില്‍ കലക്ടര്‍ക്കു നേരെ കൈ പൊക്കുന്ന കുഞ്ഞൂട്ടിയുടെ ദൃശ്യവും തെളിഞ്ഞിരുന്നു. ഇവരെ ജാമ്യത്തിലിറക്കുവാന്‍ മന്ത്രി അടൂര്‍ പ്രകാശ് കലക്ടറെ വിളിച്ചെന്ന് ആരോ പറയുന്നതു കേട്ടു.
“സുപ്രീം കോടതിവരെ പോകേണ്ടി വന്നാലും ഇവന്മാരെ ഞാനൊരു പാഠം പഠിപ്പിക്കുമെന്നുള്ള” കലക്ടറുടെ ഉറച്ച തീരുമാനം കേട്ടതോടെ മന്ത്രി കൈകഴുകി. ഏതായാലും പത്തനംതിട്ട സബ്ജയിലില്‍  കുറേ നാള്‍ അവര്‍ സുഖവാസമനുഭവിച്ചെന്നു കേട്ടു.
ഇലക്ഷന്‍ രംഗം ചൂടു പിടിക്കുകയാണ്. ഒരു ദിവസം ഞാന്‍ ഉച്ചയൂണു കഴിഞ്ഞ്, മന്ദമാരുതന്റെ തലോടവുമേറ്റ് ടോപ്പ് ലെസായി വരാന്തയിലിരിക്കുമ്പോള്‍ ഒരാള്‍ കടന്നു വരുന്നു,
പൊടിയന്‍ പുലയന്റെ മൂത്തമകന്‍ രാഘവന്‍!
ഇക്കരെയക്കരെയിക്കരെ! 10 (“താന്‍ എന്നാ കോപ്പു ചെയ്യും?” : രാജു മൈലപ്രാ)ഇക്കരെയക്കരെയിക്കരെ! 10 (“താന്‍ എന്നാ കോപ്പു ചെയ്യും?” : രാജു മൈലപ്രാ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക