Image

വര്‍ഷങ്ങള്‍ വര്‍ഷാന്തരങ്ങള്‍ (മണ്ണിക്കരോട്ട്)

മണ്ണിക്കരോട്ട് Published on 03 January, 2015
വര്‍ഷങ്ങള്‍ വര്‍ഷാന്തരങ്ങള്‍ (മണ്ണിക്കരോട്ട്)
എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ വയസ്സായി വാടിക്കരിഞ്ഞ് ഇതള്‍ കൊഴിഞ്ഞ് നിലംപതിയുന്നത്. ചിന്തിച്ചാല്‍, നിമിഷങ്ങള്‍ മണിക്കൂറുകളായി, മണിക്കൂറുകള്‍ ദിവസങ്ങളും ആഴ്ചകളും മാസങ്ങളുമായി ഒരു വര്‍ഷത്തിന് വിടപറയാനെന്തെളുപ്പം? എല്ലാം ഒരു ബിന്ദുവില്‍. ഒരു ബിന്ദുവില്‍ ഒന്ന് അവസാനിക്കുമ്പോള്‍ അതേ ബിന്ദുവില്‍തന്നെ മറ്റൊന്ന് പിറന്നുവീഴുന്നു. ഒന്ന് ഒടുങ്ങുമ്പോള്‍ മറ്റൊന്നു തുടങ്ങുന്നു. തുടക്കം ഒടുക്കത്തിന്റെ ആരംഭവും ഒടുക്കം തുടക്കത്തിന്റെ ആരംഭവും. ഇവിടെ വര്‍ഷങ്ങള്‍ ഉദിക്കുന്നു, അസ്തമിക്കുന്നു. പിന്നെയും ഉദിക്കുന്നു. അതും മറ്റൊരു അസ്തമനത്തിനുവേണ്ടിമാത്രം. പിറക്കുന്നു, മരിക്കുന്നു. പിന്നെയും പിറക്കുന്നു. ഒന്നും അന്ത്യമായി അവസാനിക്കുന്നില്ല. അനന്തമായ അന്ത്യം ആരുകണ്ടു? ആര്‍ക്കു നിശ്ചയിക്കാന്‍ കഴിയും? നിശ്ചയാതീതമായ ഒരു സത്യം. 
അതാണെല്ലോ നൂറ്റാണ്ടു മുമ്പ് നാലപ്പാട്ട് നാരായണ മേനോന്‍ ലോകത്തെ അറിയിച്ചത്; 
“അനന്ത, മജ്ഞാത, മവര്‍ണ്ണനീയ-
മീലോകഗോളം തിരിയുന്ന മാര്‍ഗ്ഗം;
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്‍ത്യന്‍ കഥയെന്തറിഞ്ഞു?”
കാലത്തിനുമേല്‍ യവനിക വീഴുന്നില്ല. ഇനിയും ഒരു കല്‍പാന്തകാലം ഉണ്ടാകുമോ? എന്നിരുന്നാലും ബ്രഹ്മാവ് വീണ്ടും സൃഷ്ടിതുടങ്ങുമെന്നാണെല്ലോ പ്രമാണം. എന്തായാലും കാലത്തിനുള്ളിലെ വിര്‍ഷങ്ങള്‍ക്കിടയില്‍ മനുഷ്യന്‍ ജീവിക്കുന്നു. ജീവിച്ചു മരിക്കുന്നു. തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്ന കുറേ വര്‍ഷങ്ങള്‍! കാലം കനിഞ്ഞുതന്നിട്ടുള്ള കുറെ വര്‍ഷാന്തരങ്ങള്‍! അവിടെയാണ് മനുഷ്യന്‍ ജീവിക്കേണ്ടത്. അവിടെ കാലത്തിനു കുറിച്ചിടത്തക്കവിധം എന്തെങ്കിലും നേടിയെടുക്കാന്‍ കഴിഞ്ഞുവോ? എങ്കില്‍ ജീവിതം ധന്യയായി. 
ഇവിടെയാണ് നാം പുതുവര്‍ഷത്തെ വരവേല്‍ക്കേണ്ടത്. പുതുവര്‍ഷം കെട്ടണയും മുമ്പേ പൂത്തുലഞ്ഞ് പൂക്കള്‍ വിരിഞ്ഞ് പരിമളം പരത്താന്‍ കഴിയണം. ആ പരിമളം പലര്‍ക്കും പ്രയോജനപ്രദമാ കണം. അപ്പോള്‍ പുതുവര്‍ഷം മറ്റുള്ളവര്‍ക്ക് മാതൃകയാകും. അവിടെ പുതുവര്‍ഷം വീണുടയുമ്പോഴും വീഴാതെ ജീവിക്കുന്ന ചൈതന്യം നിലനില്‍ക്കുന്നു, കലാന്തരത്തോളം. 
ഇവിടെ 2015-നെ നാം സര്‍വ്വാത്മനാ സ്വീകരിച്ചു കഴിഞ്ഞു. അല്ലാതെ മറ്റെന്തെങ്കിലും ചെയ്യാന്‍ മനുഷ്യന്‍ ബലഹീനനാണെന്നുള്ളതു സത്യം മാത്രം. ആ ബലഹീനതയില്‍ പുതുവര്‍ഷത്തിന് പുതുമയേകുന്നു, ആ പുതുമയില്‍ പഴയതിനെ മറക്കുന്നു. നല്ലതുതന്നെ. എന്നാല്‍ പുതുവര്‍ഷത്തിന്റെ ആവനാഴിയില്‍ എന്തെല്ലാം ഒളിഞ്ഞിരിക്കുന്നെന്ന് ആരുകണ്ടു? ഇതേ ആഹ്ലാദത്തിലല്ലേ 2014-നെ സ്വീകരിച്ചത്. എന്നിട്ട് ലോകം എന്തുനേടി? 
തീര്‍ച്ചയായും ശാസ്ത്രസാങ്കേതിക രംഗത്ത് അത്ഭുതകരമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ചിന്തിച്ചു നോക്കിയാല്‍ ഒന്നിലും ഒരു പുതുമയും കാണുകയില്ല. ഏറിയപങ്കും കേവലം നവീകരണം മാത്രം. അല്ലെങ്കില്‍ പണക്കാര്‍ കൂടുതല്‍ സാമ്പത്തിക മുന്നേറ്റം കൈവരിച്ചിരിക്കാം. എന്നാല്‍ എന്തെല്ലാം കൊടും ക്രൂരതകള്‍ക്കും കെടുതികള്‍ക്കുമാണ് 2014-സാക്ഷ്യം വഹിച്ചത്. ലോകത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും തടയാന്‍ കഴിയാത്തവിധം വളര്‍ന്നു പന്തലിച്ചു. നീറോ ചക്രവര്‍ത്തിയുടെ കാലത്തെക്കാളും കഠിനമായ കൊടും ക്രൂരതകളും പീഡനങ്ങളുമെല്ലാമല്ലേ ഇറാഖിലും സിറിയയിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അവിടെ ന്യൂനപക്ഷമായ ക്രൈസ്തവരോടും യസീദികളോടും ‘ ഐസിസ്’ എന്ന പേരില്‍ ഇസ്ലാം ഭീകരര്‍ സംഹാരതാണ്ഡവം നടത്തുകയായിരുന്നു. പച്ചയായ മനുഷ്യന്റെ തലവെട്ടിയെടുത്ത് പന്താക്കി പന്താടുന്ന ഭീകരത, കിരാത സംസ്‌ക്കാരത്തില്‍പോലും കിടിലം കൊള്ളിക്കുന്ന കാടത്തം.
2014-ന്റെ ഭീകരതയും പൈശാചികതയും മുതിര്‍ന്നവരോടു മാത്രമായിരുന്നില്ലെല്ലോ. നിഷ്‌ക്കളങ്കരായ കുട്ടികളെപ്പോലും വെറുതെ വിട്ടില്ല. വാസ്തവത്തില്‍ ഭീകരതയുടെ ഏറ്റവും വലിയ പൈശാചികമുഖം കുട്ടികളുടെ കൂട്ടക്കുരുതിയിലൂടെ അനാവരണം ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ മാസം പാകിസ്ഥാനിലെ പെഷ്വാറില്‍ നിഷ്‌ക്കളങ്കരായ പിഞ്ചുകുട്ടികളുടെ മേല്‍ ഭീകരര്‍ അരങ്ങേറിയ സംഹാരതാണ്ഡവം. ലോക മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് നൂറ്റിനാല്‍പതോളം പിഞ്ചുകുട്ടികള്‍ അക്രമികളുടെ തോക്കിനിരയായി പിടഞ്ഞുവീണു മരിച്ചു. അപ്പോഴും ഭീകരര്‍ ആക്രോശിച്ചു ‘അള്ളാഹു അക്ബര്‍’. നൈജീരിയായില്‍ ചിബോക്ക് എന്ന സ്ഥലത്ത് ബോക്കോ ഹറാം എന്ന ഇസ്ലാമിക് തീവ്രവാദി ഗ്രൂപ്പ് മുന്നോറോളം സ്‌ക്കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി. അവര്‍ എങ്ങനെയെന്നൊ എവിടെയെന്നൊ ഇപ്പേഴും നിശ്ചയമില്ല. ഇത് പലതില്‍ ചിലതുമാത്രം. അപകടങ്ങളും മറ്റ് കെടുതികളും വേറെ.
ഇന്‍ഡ്യയിലേക്കൊന്നു കണ്ണോടിച്ചാല്‍, ആദ്യശ്രമത്തില്‍തന്നെ യാതൊരു പിഴവും സംഭവിക്കാതെ തികഞ്ഞ പരിപൂര്‍ണ്ണതയോടെ മംഗളായനെ ചൊവ്വായുടെ ഭ്രമണ പഥത്തിലെത്തിച്ചത് ശാസ്ത്രസാങ്കേതിക മേഖലയില്‍ ഇന്‍ഡ്യയുടെ വന്‍ നേട്ടംതന്നെ. മറ്റൊരു രാജ്യത്തിനും ആദ്യം ശ്രമത്തില്‍ കഴിയാതിരുന്നത് ഇന്‍ഡ്യയ്ക്ക് കഴിഞ്ഞതില്‍ നമുക്ക് അഭിമാനിക്കാം. അതുപോലെ നേട്ടങ്ങളുടെ പട്ടികയില്‍ പലതും എടുത്തു പറയാനുണ്ട്. എന്നാല്‍ 25 ശതമാനത്തോളം പേര്‍ അതായത് ഏകദേശം അമേരിക്കയിലെ അത്രയും പേര്‍    ഇന്നും ദാരിദ്രരേഖയ്ക്ക് താഴെയാണെന്നുള്ള സത്യം ഓര്‍ക്കുമ്പോള്‍ ശാസ്ത്രസാങ്കിത രംഗത്തെ നേട്ടങ്ങളില്‍ കല്ലുകടി അനുഭവപ്പെടും.   
ഇന്‍ഡ്യയുടെ രാഷ്ട്രീയ രംഗത്തും ചരിത്രപരമായ മാറ്റമുണ്ടായി. പത്തുവര്‍ഷ് ഭരിച്ച് തമ്മില്‍ത്തല്ലും തൊഴിത്തില്‍കുത്തുമായി അഴിമതിയുടെ പടുകുഴിയില്‍ കരകയറാന്‍ കഴിയാത്തവിധം കൂപ്പുകുത്തിയ സര്‍ക്കാരിനെ തകിടം മറിച്ച് ബി.ജെ.പി അധികാരത്തിലേറി. എന്നാല്‍ ഇന്‍ഡ്യ ഒരു മതേതരരാഷ്ട്രമെന്ന പേരിന് കളങ്കം ചാര്‍ത്തിക്കൊണ്ട് നിര്‍ബന്ധ മതപരിവര്‍ത്തനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടായിട്ടുള്ളത് മതത്തിന്റെ പേരിലാണ്. ഇപ്പോള്‍ ഇറാക്കിലും സിറിയയിലും നടക്കുന്നതും അതുതന്നെ. ആ ഭീകരതയിലേക്കുള്ള കാല്‍വയ്പ് ഇന്‍ഡ്യയില്‍ ഉണ്ടാകരുതേയെന്ന് ആഗ്രഹിക്കുകയാണ്. 
എന്തായാലും പുതുവര്‍ഷത്തെ ആഹ്ലാദപൂര്‍വ്വം സ്വീകരിക്കുമ്പോള്‍ ലോകം നന്മയിലേക്കു നയിക്കപ്പെടാന്‍ പ്രാര്‍ത്ഥിക്കാം. നന്മയുടെ കിരണങ്ങള്‍കൊണ്ട് 2015-നെയും വരും വര്‍ഷങ്ങളേയും ധന്യമാക്കാം.

Join WhatsApp News
മനയ്ക്കലെ പയ്യൻ 2015-01-05 09:38:20
മണ്ണരിക്കോട്ടിന്റെ മൂത്തപ്പാ മതം മാറിയപ്പോൾ ഇത്തരത്തിൽ ഒരു ചിന്ത ആർക്കും ഉണ്ടാവാതെ പോയത് എന്തായിരുന്നു?  ബീ.ജെ.പി. നിർബന്ധിച്ചാ മതം മാറ്റുന്നതെന്നു ആരെങ്കിലും പരാതിപ്പെട്ടോ?എങ്കിൽ ഉമ്മച്ചൻ അതന്വേഷിച്ചോ? അരിയും കപ്പയും (ഇല്ലാത്തവർക്ക്) അതു നല്കിയല്ലേ ക്രിസ്ത്യാനിയും ഇസ്ലാമിയും മതം മാറ്റിയത്‌? ആരും അന്നതു വേണ്ടാന്നു പറഞ്ഞിരുന്നില്ലല്ലോ? പിന്നെന്തിനാ ബീജേപ്പി അരി കൊടുക്കുന്നതു കണ്ടു മുറു-മുറുക്കുന്നെ മണ്ണരിക്കോട്ടേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക