Image

പ്രണയം എന്താണെന്നറിയുക

കൊച്ചേച്ചി Published on 21 December, 2011
പ്രണയം എന്താണെന്നറിയുക
പ്രണയം ഈയിടെ ഇറങ്ങിയ ഒരു ചലചിത്രമാണ്. തിയേറ്ററിന്റെ ഹൃദയത്തുടിപ്പുകള്‍ക്കിടയിലിരുന്ന് ഞാനതു കണ്ടു. എനിക്കിഷ്ടപ്പെട്ടു. സ്‌നേഹിക്കാന്‍; പ്രണയിക്കാനറിയാവുന്ന മൂന്നുനാലു കഥാപാത്രങ്ങളിലൂടെ ഉരുത്തിരിയുന്ന ഒരു മനോഹരചിത്രമാണത്.

ഭാര്യാഭര്‍ത്താക്കന്മാര്‍ അന്യോന്യം അറിയുമ്പോഴുംമനസ്സിലാക്കുമ്പോഴുള്ള ഒരയവ്; ഏതു പ്രായത്തിലും പ്രണയിക്കാന്‍ കഴിയും എന്നതിന്റെ ഒരു നേര്‍ക്കാഴ്ച സ്ത്രീപുരുഷബന്ധം ലൈംഗികതയില്‍ മാത്രമാണെന്നു ധരിച്ചുവച്ചിരിക്കുന്നവര്‍ക്കൊരു താക്കീത്; തുടങ്ങി രണ്ടരമണിക്കൂര്‍ പ്രണയത്തിന്റെ ഒഴുക്കിലേക്ക്; അതിന്റെ തിരക്കിലേക്കു പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിന് ആ പ്രണയകാവ്യത്തിനു കഴിഞ്ഞിരിക്കുന്നു.

ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും ഒന്നിച്ചു ജീവിക്കേണ്ട സ്ത്രീയും പുരുഷനും പരസ്പരം അറിഞ്ഞ്; ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി സ്‌നേഹത്തിന്റെ ഊഷ്മളത നഷ്ടപ്പെടുത്താതെ മുമ്പോട്ടു പോകുമ്പോഴുള്ള ഈ സൗകുമാര്യത എല്ലാവര്‍ക്കും അറിയാമെങ്കിലും അതിനു കഴിയാതെ പോകുന്നവരാണ് അധികവും. വളരെ ശ്രദ്ധയോടെ കൗതുകത്തോടെ വിശ്വസ്തതയോടെ കൈകാര്യം ചെയ്യേണ്ട പ്രണയം നഷ്ടപ്പെട്ടാല്‍ ഒരു ഊഷരഭൂമിയില്‍ എത്തിപ്പെടുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. അവിടെ എല്ലാം യാന്ത്രികമാകുന്നു; ആവര്‍ത്തനങ്ങളാകുന്നു.

പ്രണയപൂര്‍ണതയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ പ്രണയത്തില്‍ നിന്നല്ലാതെ ജനിക്കുന്ന കുഞ്ഞുങ്ങളേക്കാള്‍ എല്ലാക്കാര്യത്തിലും വ്യത്യസ്തരായിരിക്കും. അവര്‍ മഹാത്മാക്കളാകാന്‍ സാധ്യതയുള്ളവരായിരിക്കും. സമൂഹത്തിലെ തിന്മകള്‍ക്ക് ഒരുപരിധിവരെ കാരണമാകുന്നത് അവര്‍ക്കു ജന്മം കൊടുത്ത മാതാപിതാക്കളുടെ അപ്പോഴത്തെ മാനസികാവസ്ഥയിലെ പാകപ്പിഴവുകളായിരിക്കും. മദ്യപിച്ചിരിക്കുന്ന ഒരാളില്‍ നിന്നും ഉത്കൃഷ്ടങ്ങളായ കലാസൃഷ്ടി ഉണ്ടാവുകയില്ല. ചിത്രമോ കവിതയോ ശില്പമോ ഉണ്ടാവുകയില്ല.
അതിനക്കാള്‍ എത്രയോ വിശിഷ്ടമായ സൃഷ്ടികര്‍മ്മമാണ്. ദമ്പതികള്‍ക്കു നിര്‍വഹിക്കാനുള്ളത്. അപ്പോള്‍ അവര്‍ വളരെ കരുതലോടെ അതിനെ സമീപിക്കേണ്ടതല്ലേ?

പ്രണയം പിടിച്ചു വാങ്ങാനാവുകയില്ല. നിര്‍ബന്ധിച്ചു കൊടുക്കാനുമാവുകയില്ല. അതു വിശിഷ്ടമായ ഒരു സമ്മാനം പോലെ വാങ്ങണം അതുപോലെ കൊടുക്കുകയും വേണം. സ്ത്രീയും പുരുഷനും തനിയെ കണ്ടുപോയാല്‍ ഒന്നിച്ചൊന്നു കഴിഞ്ഞുപോയാല്‍ കാമം മാത്രം പ്രധാനഘടകമാകുന്നിടത്ത് പ്രണയം നഷ്ടമാകുന്നു. വിശ്വാസം നഷ്ടമാകുന്നു. ഇഷ്ടാനിഷ്ടങ്ങളെ മനസ്സിലാകാതെ അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ചു സ്വാര്‍ത്ഥതയുടെ പരകോടിയില്‍ ബലാല്‍ക്കാരത്തിലൂടെ സായൂജ്യം കണ്ടെത്തുന്നവരില്ലെ? അവര്‍ മാനുഷിക വികാരമോ പ്രണയമോ ഇല്ലാത്തവരാണ്. അവര്‍ മൃഗങ്ങളില്‍ നിന്നും വ്യത്യസ്തരാകുന്നില്ല.

പ്രണയമുള്ളവന് ഈ പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളെയും മനസ്സുനിറഞ്ഞ് സ്‌നേഹിക്കാന്‍ കഴിയും. അതിലെ ഓരോ ഭാവഭേദങ്ങളെയും ആസ്വദിക്കാന്‍ കഴിയും. വിരിഞ്ഞു നില്‍ക്കുന്ന പൂവിന്റെയും സുന്ദരിയായ സ്ത്രീയുടെയും സൗന്ദര്യത്തെ പിച്ചിച്ചീന്താതെ ആസ്വദിക്കാന്‍ കഴിയും.
പ്രണയം എന്ന സിനിമ അതിന്റെ എല്ലാ ആവിഷ്‌ക്കാര ഭംഗിയോടും കൂടി ഒരുക്കിയിരിക്കുന്നു. പ്രണയമെന്തെന്നറിയാത്തവര്‍ അതു കണ്ടിരിക്കുന്നത് നല്ലത്.
പ്രണയം എന്താണെന്നറിയുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക