Image

ഡല്‍ഹി കത്ത്: ഒരു ഇതിഹാസത്തിന്റെ തിരോധാനത്തിന് 26 വയസ് ഒരു ഓര്‍മ്മ

പി.വി.തോമസ് Published on 19 January, 2015
 ഡല്‍ഹി കത്ത്: ഒരു ഇതിഹാസത്തിന്റെ തിരോധാനത്തിന് 26 വയസ് ഒരു ഓര്‍മ്മ
ഈ പംക്തിയില്‍ ഈ ആഴ്ച  സുനന്ദ പുഷ്കരിന്റെ മരണത്തെക്കുറിച്ച് ഏറിവരുന്ന നിഗൂഢതയും അതില്‍ ശശി തരൂരിന് മാധ്യമങ്ങളോടുള്ള അമര്‍ഷമോ ഡല്‍ഹി തെരഞ്ഞെടുപ്പോ വിഷയം ആക്കണമെന്ന് കരുതിയാണ്. അപ്പോഴാണ് ചില ദൃശ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു വാര്‍ത്താ ശകലത്തില്‍ മനസ് ഉടക്കിയത്. നിത്യഹരിത നായകന്‍ മരിച്ചിട്ട് 26 വര്‍ഷം കഴിയുന്നു (ജനുവരി 16). ഞാന്‍ പെട്ടെന്ന് പ്രേം നസീറുമായി ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ പത്മാലയ സ്റ്റിസിയോസില്‍ രണ്ട് മൂന്നു ദിവസം ചിലവഴിച്ചു കലയും രാഷ്ട്രീയവും ഒക്കെ സംസാരിച്ചതു ഓര്‍മ്മിച്ചുപോയി.

1988 ആണ് വര്‍ഷം എന്ന് തോന്നുന്നു. അദ്ദേഹം മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പ്. ഒരു ദിവസം വൈകുന്നേരം ഏതാണ്ട് എട്ട് മണിയോടടുത്ത് ഞാന്‍ അന്നത്തെ റിപ്പോര്‍ട്ടിംങ്ങ് ജോലികഴിഞ്ഞ് സോമാജി ഗുഡയിലുള്ള ഈനാട്-ന്യൂസ് ടൈം ദിനപത്രങ്ങളുടെ ഓഫീസില്‍ നിന്നും വീട്ടിലേക്ക് തിരിക്കുവാനായി തയ്യാറാവുകയായിരുന്നു. ഞാന്‍ ജോലി ചെയ്യുന്ന ന്യൂസ് ടൈം പത്രത്തിന്റെ ഓഫീസ് കടന്ന് കമ്പനിയുടെ പതാക കപ്പല്‍ എന്ന് പറയുന്ന 'ഈനാടി'ന്റെ ഓഫീസിലൂടെയാണ് ഞാന്‍ സ്ഥിരം പോരാറ്. കാരണം തെലുങ്കരായ കൂട്ടുകാരെ കാണാം. വാര്‍ത്തകളും നോട്ട്‌സും പങ്കിടാം. ജനറല്‍ ഡെസ്‌ക്കില്‍ എന്റെ കണ്ണുകള്‍ പരതിയപ്പോള്‍ ഒരു ക്ഷണക്കത്ത് കണ്ടു. ഞാന്‍ നോക്കി. പ്രശസ്ത തെലുങ്ക് ചലച്ചിത്ര നടന്‍ ശോഭന്‍ ബാബുവിന്റെ ചലച്ചിത്ര അഭിനയ ജീവിതത്തിന്റെ രജത ജൂബിലി ആഘോഷം. ഉദ്ഘാടനം പ്രേംനസീര്‍.

എനിക്ക് കൗതുകം ആയി. ആ ചടങ്ങിന്റെ മുഖ്യസംഘാടകന്‍ ഈനാട് ദിനപത്രത്തിലെ പത്രാധിപ സമതിയിലെ ഒരംഗം ആയിരുന്നു. അദ്ദേഹം അപ്പോള്‍ അവിടെ ഉണ്ടായിരുന്നു താനും. ഞാന്‍ ചടങ്ങിനെ കുറിച്ച് ചോദിച്ചു. പ്രേംനസീറിനെ എവിടെ കാണാമെന്നും ചോദിച്ചു. അദ്ദേഹം പ്രേംനസീര്‍ താമസിക്കുന്ന ഹോട്ടലിന്റെ പേര് പറഞ്ഞു തന്നു. ലക്കഡികാ ഫൂലിലെ അശോക ഹോട്ടല്‍. ഏതോ മലയാളം സിനിമയുടെ ഷൂട്ടിംഗ് പ്രമാണിച്ച് വന്നതാണ്. ഞങ്ങള്‍ അദ്ദേഹത്തെ മുഖ്യാതിഥി ആക്കി, എന്റെ സുഹൃത്ത് അലക്ഷ്യമായി പറഞ്ഞു. പ്രേം നസീര്‍ എന്ന പേര് കേട്ടപ്പോള്‍ എനിക്ക് സ്‌റ്റോറി ഐഡിയ ക്ലിക്ക് ചെയ്തു. അദ്ദേഹം രാഷ്ട്രീയത്തില്‍ ചേരുന്നു എന്ന ഊഹാപോഹങ്ങള്‍ ശക്തമായി പ്രചരിച്ചിരുന്ന കാലം ആയിരുന്നു അത്. തെന്നിന്ത്യയില്‍ എം.ജി.ആറിനും എന്‍.ടി.ആറിനും ശേഷം മറ്റൊരു സൂപ്പര്‍ താരം അഭ്രപാളിയില്‍ നിന്നും രാജ്യമീമാസയിലേക്ക് ചുവടുവയ്ക്കുന്നു. ആന്ധ്രയിലാകട്ടെ ഇതൊക്കെ വലിയ വാര്‍ത്തയും ആണ്. അപ്പോള്‍ അങ്ങനെ ഞാന്‍ അശോക ഹോട്ടലിലേക്ക് തിരിച്ചു. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നതാണെങ്കിലും അശോക ഹോട്ടല്‍ നഗരത്തിലെ മുന്തിയ ഹോട്ടല്‍ ഒന്നും അല്ല. സാധാരണ ഗതിയില്‍ ഹിന്ദി സിനിമയുടെയും മറ്റും ഷൂട്ടിംങ്ങിന് താരങ്ങള്‍ വന്നാല്‍ താമസിക്കുന്നത് ബന്ജര  ഹില്‍സിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ആണ്. മലയാള സിനിമയുടെ നിര്‍മ്മാണത്തിന്റെ ബജറ്റിംങ്ങിന്റെ ഭാഗം ആയിട്ടായിരിക്കാം ഇത്.

ഞാന്‍ അശോക ഹോട്ടലിന്റെ റിസപ്ഷനിലെത്തി പ്രേംനസീറിന്റെ മുറിയുടെ നമ്പര്‍ ചോദിച്ചു. എനിക്ക് അവര്‍ അത് പറഞ്ഞു തന്നു. ഞാന്‍ നേരേ ഒന്നാം നിലയിലെ ആ മുറിയിലേക്ക് നീങ്ങി. കതകില്‍ മുട്ടി. നിമിഷങ്ങള്‍ക്കകം മുറിതുറന്നു. സാക്ഷാല്‍ പ്രേംനസീര്‍ മുമ്പില്‍. മലയാളികളുടെ സ്വപ്‌നനായകന്‍. 'നദി'യിലെയോ അല്ലെങ്കില്‍ ആരംഭകാല ചിത്രങ്ങളിലെയോ പകിട്ട് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിലും പ്രേംനസീര്‍ പ്രേംനസീര്‍ തന്നെ. ജുബ്ബയും മുണ്ടും ആണ് വേഷം. അദ്ദേഹം എന്നെ കൗതുകത്തോടെ നോക്കി. ഞാന്‍ എന്നെ പരിചയപ്പെടുത്തി. അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. ഇന്റര്‍വ്യൂ എന്നും മറ്റും പറഞ്ഞാല്‍ എനിക്ക് ഉറങ്ങണം. നാളെ അതിരാവിലെ ഷൂട്ടിംങ്ങ് ഉണ്ട്. ഞാന്‍ പറഞ്ഞു ഞാന്‍ ഉദ്ദേശിച്ചത് ഇപ്പോള്‍ തന്നെ അഭിമുഖം വേണം എന്നല്ല. സൗകര്യം പോലെ  എന്നാണ്. എങ്കില്‍ നാളെ രാവിലെ പത്മാലയ സ്റ്റുഡിയോസിലേക്ക് വരിക. അല്ലെങ്കില്‍ വേണ്ട ഈ ഹോട്ടലിലേക്ക് വന്നാല്‍ മതി. നമുക്ക് ഒരുമിച്ച് അങ്ങോട്ട് പോകാം ഞാന്‍ സമ്മതിച്ചു. തിരിച്ച് പോന്നു അന്ന് രാത്രിയില്‍.

രാവിലെ തന്നെ ഹോട്ടലില്‍ എത്തി. ലോബിയില്‍ പറവൂര്‍ ഭരതന്‍ തനിച്ച് നില്‍പ്പുണ്ട്. ഞാന്‍ പരിചയപ്പെടുത്തി, സംസാരിച്ചു. അദ്ദേഹം പറഞ്ഞു സിനിമയുടെ പേര് 'കടത്തനാടന്‍ അമ്പാടി' എന്നാണ്. വളരെ പണം മുടുക്കി പിടിക്കുന്ന ഒരു പടം ആണ്. ഇതില്‍ വലിയസ്‌ഫോടനങ്ങള്‍ ഉണ്ട്. അപ്പോള്‍ എനിക്ക് ഒരു സംശയം. സ്‌ഫോടനമോ? എന്ത്? അണുസ്‌ഫോടനം അല്ല. മുന്തിയ കരിമരുന്ന് പ്രയോഗം. എനിക്ക് വീണ്ടും സംശയം വടക്കന്‍പാട്ടുകള്‍ എന്ന മിത്തിന്റെ കാലത്ത് കരിമരുന്ന് കണ്ട്പിടിച്ചിരുന്നോ? പോര്‍ച്ചുഗീസുകാരുടെ കാലത്തുപോലും (1498-) കോഴിക്കോട് സാമൂതിരിക്ക് ഇത് ലഭിക്കുന്നത് വളരെ പ്രയാസപ്പെട്ടിട്ട് ആണെന്ന് കേട്ടിട്ടുണ്ട്. അപ്പോള്‍ അദ്ദേഹം അല്പം അലോസരം കലര്‍ന്ന ഭാഷയില്‍ ദൂരേക്ക് നോക്കി പറഞ്ഞു; എന്തോ അതൊന്നും എനിക്കറിയില്ല. അപ്പോള്‍ ആ വഴിക്ക് ചിത്രത്തിന്റെ സംവിധായകനായ പ്രിയദര്‍ശന്‍ വന്നു. ഞാന്‍ അദ്ദേഹത്തോട് ചിത്രത്തിന്റെ കഥ ചോദിച്ചു. അദ്ദേഹം മിതഭാഷിയാണ്. വേറൊരാളെ പരിചയപ്പെടുത്തി കഥപറയുവാനായി. സംസാരശൈലി കണ്ടപ്പോള്‍ സിനിമക്കാരുടെ ജാഡ അദ്ദേഹത്തിന് നല്ലതുപോലെ ഉണ്ടെന്ന് തോന്നി. ഞാന്‍ കഥ ഒന്ന് ഓടിച്ച് കേട്ടിട്ട് പ്രംനസീറിനെ തെരച്ചിലായി. റിസപ്ക്ഷനിലെത്തി. അവര്‍ പറഞ്ഞു പ്രേംനസീര്‍ രാവിലെ തന്നെ സെറ്റിലേക്ക് പോയി. പക്ഷേ താങ്കളെ അവിടെ എത്തിക്കുവാന്‍ ഏര്‍പ്പാട് ചെയ്തിട്ടാണ് പോയത്. താങ്കള്‍ക്ക് നടി സ്വപ്‌നയുടെ കൂടെ പത്മാലയ സ്റ്റുഡിയോയിലേക്ക് പോകാം. എനിക്ക് ഈ നടിയെ അറിയില്ല. ഞാന്‍ കേരളം വിടുമ്പോള്‍ (1977)ഇങ്ങനെ ഒരു നടി ഉണ്ടായിരുന്നില്ല മലയാള സിനിമയില്‍.

സ്വപ്‌ന വന്നു. ഞങ്ങള്‍ കാറില്‍ പത്മാലയ സ്റ്റുഡിയോസിലേക്ക് യാത്രയായി. ഞങ്ങള്‍ അധികമൊന്നും സംസാരിച്ചില്ല. സംസാരിക്കുവാന്‍ വിഷയം ഉണ്ടായിരുന്നില്ല.

പത്മാലയിലെ മേക്കപ്പ് റൂമില്‍ പ്രേംനസീര്‍ മേക്കപ്പില്‍ ആയിരുന്നു. തൊട്ടടുത്ത് മോഹന്‍ലാലും മേക്കപ്പില്‍ തന്നെ. നസീര്‍ എന്നെ കണ്ടപ്പോള്‍ തന്നെ ക്ഷമാപണസ്വരത്തില്‍ പറഞ്ഞു. എനിക്ക് നേരത്തെ പോരേണ്ടതായിട്ട് വന്നു. ക്ഷമിക്കണം ഞാന്‍ എന്റെ അഭിമുഖം അവിടെ വച്ച് തന്നെ ആരംഭിച്ചു. താങ്കള്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുവാന്‍ പോകുന്നുവെന്ന് ഒട്ടേറെ വാര്‍ത്തകള്‍ ഉണ്ട്. ശരിയോ?

ശരിയാണ്. ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരികയാണ്. എനിക്ക് പലതും ചെയ്യണം. ചെയ്യുവാന്‍ ഉണ്ട്. 'ഉദാഹരണമായി?' ഉദാരണമായി മധ്യവര്‍ഗ്ഗം. അവര്‍ക്കുവേണ്ടി വാദിക്കുവാന്‍ ആരും ഇല്ല. ഏറ്റവും പാവപ്പെട്ടവര്‍ ഉണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ എല്ലാവരുടെയും രാഷ്ട്രീയം ആണ്. വലിയ പണക്കാര്‍ക്ക് ആരുടെയും ആവശ്യം ഇല്ല. പക്ഷേ, ഈ സാധാരണക്കാരുടെ പ്രശ്‌നം ആര് പരിഹരിക്കും? അവര്‍ പാവങ്ങള്‍ അല്ല. പണക്കാരും അല്ല. ഞാന്‍ അദ്ദേഹം പറഞ്ഞത് കേട്ടുകൊണ്ട് ഇരുന്നു. അദ്ദേഹത്തിന് എല്ലാ കാര്യങ്ങളിലും അഭിപ്രായം ഉണ്ടായിരുന്നു. വായന കാര്യമായിട്ടൊന്നും ഉണ്ടായിരുന്നെന്ന് തോന്നുന്നില്ലെങ്കിലും ഒരു രാഷ്ട്രീയ ജീവിയും ആയിരുന്നു നിത്യഹരിതനായകന്‍.

അക്കാലത്ത് ക്രിസ്തുവിന്റെ തിരുമുറിവുകളെ അധികരിച്ച് ഒരു നാടകം വന്നിരുന്നു. ആ നാടകവും ആയി ബന്ധപ്പെട്ട് ഒരു ആന്റണിക്കെതിരെ കേസും എടുത്തിരുന്നു. അന്ന് കേരളത്തില്‍ അത് ഒരു വലിയ വിവാദം ആയിരുന്നു. അദ്ദേഹം അതിനെക്കുറിച്ചും പ്രതികരിച്ചു. ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതി നിങ്ങള്‍ക്ക് ഒരു മതത്തെയും ആ മതത്തിന്റെ സ്ഥാപകനെയും ആക്ഷേപിക്കുവാന്‍ അവകാശം ഉണ്ടോ? ശരിയാണ്, ഇത് തന്നെയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഫ്രാന്‍സിലെ ആക്ഷേപ മാധ്യമത്തെ ആക്രമിച്ച ഭീകരവാദികളെ പിന്തുണച്ചുകൊണ്ട് പ്രസ്താവിച്ചതും. ഏതായാലും പ്രേംനസീറിന് ഇതിനെല്ലാം ഒരു വാക്ക് ഉണ്ടായിരുന്നു. ഞങ്ങള്‍ രാഷ്ട്രീയം സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ തൊട്ടടുത്ത കസേരയില്‍ മേക്കപ്പ് ചെയ്തുകൊണ്ട് മോഹന്‍ലാലും കുഞ്ചനും ഉണ്ടായിരുന്നു.

ഞാന്‍ അവരോട് ചോദിച്ചു: പ്രേംനസീര്‍ രാഷ്ട്രീയത്തില്‍ വരുന്നതിനോട് എന്താണ് നിങ്ങളുടെ അഭിപ്രായം? മറുപടി പറഞ്ഞത് മോഹന്‍ലാല്‍ ആണ്: സര്‍ ആ മണ്ടത്തരം ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. പ്രേംനസീര്‍ അപ്പോള്‍ ആ സ്വതസിദ്ധമായ ചിരിചിരിച്ചു.

അപ്പോള്‍ ഷൂട്ടിംങ്ങ് ഫ്‌ളോറിലേക്ക് അവരെ വിളിച്ചുകൊണ്ടു പോകുവാന്‍ ആള്‍ വന്നു. നസീര്‍ എന്നോട് പറഞ്ഞു: 'ബാക്കി അവിടെ'. അങ്ങനെ ഞങ്ങള്‍ താഴെ ഷൂട്ടിംങ്ങ് ഫ്‌ളോറിലേക്ക് പോയി. ഒരു കൊട്ടാരത്തിന്റെ സെറ്റായിരുന്നു അവിടെ. പൊന്നാപുരം കോട്ട ആണെന്നാണ് ഓര്‍മ്മ. അവിടെ  എന്തോ വീണ്ടെടുക്കുവാനാണ് തച്ചോളി ഒതേനന്റെ മകനായ അമ്പാടിയെന്ന മോഹന്‍ലാല്‍ വരുന്നത്. പ്രേംനസീര്‍ മോഹന്‍ലാലിന്റെ ഗുരുവും, പയ്യമ്പള്ളി ചന്തു. വില്ലന്‍ തമിഴിലെ പഴയനായകന്‍ ജയശങ്കറും. നസീര്‍, ഞങ്ങള്‍ ഒരുമിച്ച് ഇരിക്കവെ പറഞ്ഞു: ജയശങ്കര്‍ തമിഴിലെ പഴയ ഹീറോ ആണ്. ഇപ്പോള്‍ പടം ഒന്നും ഇല്ല. എന്നെ ജയ്ശങ്കറിനെ പരിചയപ്പെടുത്തി. പിന്നീട് ഉച്ചഭക്ഷണം വന്നു. എന്റെ ഭക്ഷണത്തില്‍ വളരെ ശ്രദ്ധാലു ആയിരുന്നു അദ്ദേഹം. ഞങ്ങള്‍ ഒരുമിച്ച് ഭഷണം കഴിക്കുകയാണ്. അദ്ദേഹത്തിന്റെ നോട്ടം എന്റെ പാത്രത്തില്‍ ആണ്. എനിക്ക് കോഴിക്കറികിട്ടിയോ? അല്ലെങ്കില്‍ എന്തെങ്കിലും ലഭിക്കാതെ ഉണ്ടോ? അങ്ങനെ ഒരു പ്രാവശ്യം കോഴിക്കറി എന്റെ പാത്രത്തിലേക്ക് വിളമ്പി ഇട്ടുകൊണ്ട് പറഞ്ഞു: കഴിക്ക് പടത്തിന്റെ മുതലാളി നല്ല പണക്കാരനാണ്. ആ പടം എടുത്തത് ഏതോ ഒരു ചിട്ട്ഫണ്ട് മുതലാളി ആയിരുന്നു. അദ്ദേഹം പിന്നീട് അറസ്റ്റിലായി. പടവും മുടങ്ങി. പിന്നെ വേറെ ആരോ ആണ് അത് മുഴുമിപ്പിച്ചത്. പടം പരാജയവും ആയിരുന്നു.

ഞങ്ങള്‍ ഷൂട്ടിംങ്ങ് ഫ്‌ളോറില്‍ ഇരിക്കുകയാണ്. ഷൂട്ടിംങ്ങ് തുടരുകയാണ്. പ്രേംനസീര്‍ എനിക്ക് നടക്കുവാന്‍ പോകുന്ന ചിത്രീകരണത്തെക്കുറിച്ച് കൃത്യമായ വിവരണം തരും. മോഹന്‍ലാല്‍ എന്ന അമ്പാടി കോട്ട ഭേദിക്കുവാന്‍ വരുന്നു. ജയശങ്കര്‍ എന്ന പൊന്നാപുരം കോട്ടാധിപന്‍ നിരോധിക്കുന്നു. പിന്നെ വാള്‍പയറ്റ്. ഇതെല്ലാം എനിക്ക് വ്യക്തമായി പ്രേംനസീര്‍ പറഞ്ഞുതരും. ഒരു പ്രാവശ്യം ക്യാമറാമാന്‍, എസ്.കുമാര്‍, ആണെന്നു തോന്നുന്നു, എന്തോ ഞങ്ങളോട് വിളിച്ചു പറഞ്ഞു. എനിക്ക് മനസിലായില്ല. നസീര്‍ എന്നോട് പറഞ്ഞു: 'മാറിക്കോ നമ്മള്‍ ഫീല്‍ഡില്‍ ആണ്.' എന്നിട്ട് അദ്ദേഹം അതിന്റെ അര്‍ത്ഥവും എന്നോട് പറഞ്ഞു: 'നമ്മള്‍ ഷൂട്ടിംങ്ങ് റെയ്ഞ്ചില്‍ ആണ്.'

എന്റെ ലക്ഷ്യം പ്രേംനസീറും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശവും ആയിരുന്നതു കൊണ്ട് മോഹന്‍ലാല്‍ കാര്യമായി എന്റെ റഡാറില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹം അന്ന് മലയാളത്തിലെ ഉദിച്ചുയരുന്ന ഒരുതാരം ആയിരുന്നു. കാണുന്നവരെല്ലാം പറയുന്ന ഒരു കാര്യം മോഹന്‍ലാലിന്റെ ആ പടത്തിലെ പ്രതിഫലം ആണ്. ഒന്നരലക്ഷം രൂപ ആണത്രെ. 1988-ല്‍ അത് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വലിയ ഒരു തുകയാണ്. ഷോട്ടുകള്‍ക്ക് ഇടക്ക് ലാല്‍ എന്റെ അടുത്ത് വരും. ഓരോ കാര്യങ്ങള്‍ക്ക് ഉത്തരം പറയും. യാതൊരുവിധ താരപരിവേഷവും ജാഡയും ഇല്ലാത്ത ഒരു മനുഷ്യന്‍ എന്നാണ് എനിക്ക് അദ്ദേഹത്തെ കുറിച്ച് തോന്നിയത്.

നസീര്‍ ഷോട്ടുകള്‍ കഴിഞ്ഞ് എന്റെ അടുത്ത് വന്നിരിക്കുമ്പോള്‍ കിതക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. വാള്‍ പയറ്റ് ആണ്. ഞാന്‍ വാളും പരിചയും എടുത്ത് നോക്കി. നല്ല കനം. അദ്ദേഹം ആ പ്രായത്തില്‍ മൂന്ന് മിനിറ്റ് നേരത്തെ വാള്‍പയറ്റിനു ശേഷം കിതക്കുന്നതില്‍ യാതൊരു അത്ഭുതവും തോന്നിയില്ല. മോഹന്‍ലാല്‍ പുല്ലുപോലെ വാള്‍പ്പയറ്റ് നടത്തി യാതൊരു കൂസലും ഇല്ലാതെ സഹതാരങ്ങളോട് കളി തമാശ പറഞ്ഞ് സമയം പോക്കുന്നത് കണ്ട് നസീര്‍ എന്നോട് പറഞ്ഞു: ഒരിക്കല്‍ ഞാന്‍ ചെയ്തുകൊണ്ടിരുന്ന റോള്‍ ആണ് ഇതെല്ലാം. ഒരു ആശ്വസിപ്പിക്കലിന്റെ ആവശ്യം ഇല്ലെങ്കിലും ഹിന്ദിക്കാരിയായ (പഞ്ചാബ്) സ്വപ്‌ന അപ്പോള്‍ പറയും: നസീര്‍ സര്‍, ഇപ്പോള്‍ ലാല്‍ അല്ലേ ചെറുപ്പക്കാരനായ ഹീറോ. നസീര്‍ സമ്മതിക്കും. ചിത്രത്തില്‍ പയ്യംവെള്ളി ചന്തുവിന്റെ ശിഷ്യന്‍ ആണ് തച്ചോളി അമ്പു ആയ ലാല്‍. നസീര്‍ ലാലിനെ നോക്കി പറഞ്ഞു: ഇവന്‍ എന്റെ പ്രിയ ശിഷ്യന്‍.

ചിത്രത്തിന്റെ ഷൂട്ടിംങ്ങ് വേളയില്‍ പ്രിയദര്‍ശന്‍ സിംഹാസനം പോലത്തെ ഒരു കസേരയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ഇത് തെല്ല് അത്ഭുതത്തോടെ വീക്ഷിച്ച എന്നോട് നസീര്‍ പറഞ്ഞു: ഇത് ഫൈറ്റ് സീന്‍ അല്ലേ. അതിന് പ്രത്യേക സംവിധായകന്‍ ഉണ്ട്. പാവം പ്രിയന്‍ ഇന്നലെ രാത്രി ഉറങ്ങിയിട്ടേയില്ല. രാത്രി മുഴുവന്‍ ഷൂട്ടിംങ്ങ് ആയിരുന്നു. അദ്ദേഹം അങ്ങനെ സെറ്റില്‍ ഒരു കാരണവരെപ്പോലെ നിറഞ്ഞു നിന്നിരുന്നു. ഷൂട്ടിംങ്ങിലെ കൊച്ചു കൊച്ചു കാര്യങ്ങളും വിശദീകരിച്ച് പറയും. ഉദാഹരണമായി താരങ്ങള്‍ കയറും കപ്പിയും ഉപയോഗിച്ച് പറന്ന് വരുന്നത്. അദ്ദേഹം പറഞ്ഞു, ഈ കയറും കപ്പിയും ഒക്കെ സിനിമയില്‍ മാച്ച് കളയും.  അന്തരീക്ഷത്തിലൂടെ പറന്ന് വരുന്നതുപോലെ തോന്നും. അതാണ് ടെക്ക്‌നോളജി. ഷൂട്ടിങ്ങിനിടയില്‍ ഒരു പുലി വരുന്ന സീന്‍ ഉണ്ട്. പുലി ഒരു അറ്റത്ത്. പുലിയുടെ ട്രെയിനറും പുലിക്കൂടും മറ്റെ അറ്റത്ത്. പുലി ഓടുകയാണ്. ഇടക്ക് കുഞ്ചനും മറ്റും. പുലി കുഞ്ചന്റെ അടുത്ത് വന്നപ്പോള്‍ ഒന്ന് നിന്നു. സാധാരണ ഗതിയില്‍ പുലി നേരേ ട്രെയിനറുടെ അടുത്തേക്കും കൂട്ടിലേക്കും ഓടുകയാണ് വേണ്ടത്. ഇത് നസീര്‍ എനിക്ക് പറഞ്ഞു തന്നു. പക്ഷേ പുലി കുഞ്ചന്റെ അടുത്ത് വന്നപ്പോള്‍ നിന്നു. സെറ്റിലുള്ള എല്ലാവരുടെയും ശ്വാസം ഒന്നോ രണ്ടോ സെക്കറ്റ് നേരത്തേക്ക് നിലച്ചുപോയ അവസരം ആയിരുന്നു അത്. നസീര്‍ എന്നോട് കാതില്‍ പറഞ്ഞു: ശരിയായിക്കൊള്ളും. പുലിയുടെ ഉന്നം ട്രെയിനറും കൂടും ആണ്, കുഞ്ചന്‍ അല്ല. അത് അങ്ങോട്ട് പോയിക്കൊള്ളും. അങ്ങനെ തന്നെ സംഭവിച്ചു. സീന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ കുഞ്ചന്‍ നസീറിനോട് പറയുന്നത് ഞാന്‍ കേട്ടു: ശരിക്കും ജീവന്‍ പോയി സാറേ ആ രണ്ടു സെക്കന്റ് നേരത്തേക്ക്.

ഞങ്ങള്‍ രാഷ്ട്രീയം ഉള്‍പ്പെടെ വളരെ കാര്യങ്ങള്‍ സംസാരിച്ചതിനിടെ നടി ഷീലയും വിഷയമായി. ഒരു നടനും നടിയും എന്നതിലപ്പുറം, അവര്‍ തമ്മില്‍ എന്തെങ്കിലും വ്യക്തിബന്ധം എപ്പോഴെങ്കിലും ഉണ്ടായിരുന്നുവോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രകോപിതനായി. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു: ഒരിക്കല്‍ ഒരു ഹോളിവുഡ് സംവിധായകന്‍ എന്നോട് അതിശയപൂര്‍വ്വം ചോദിച്ചു ഒരു നടിയുമായി നായിക-നായകന്മാരായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടും നിങ്ങള്‍ വിവാഹിതര്‍ ആയില്ലേ? അദ്ദേഹം പറഞ്ഞു നസീര്‍-ഷീല അഭിനയ ജീവിതം ലോക സിനിമയിലെ തന്നെ ഒരു അപൂര്‍വ്വ സംഭവം ആണ്. അതുകൊണ്ട് ആളുകള്‍ എന്തെങ്കിലും ഒക്കെ പറഞ്ഞെന്ന് ഇരിക്കും. അതത്ര കാര്യം ആക്കുവാനില്ല.

സംസാരത്തിനിടയില്‍ ഞാന്‍ പ്രേനസീറിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് കൗതുകപൂര്‍വ്വം ചോദിച്ചു. മൂന്നുനാല് പതിറ്റാണ്ടു കാലം നായകനായി വിരാജിച്ച ആളല്ലെ, കോടികള്‍ കാണാതിരിക്കുമോ എന്നതായിരുന്നു എന്റെ ഊഹം. അദ്ദേഹം അപ്പോള്‍ ഒരു മറുചോദ്യം ചോദിച്ചു: 'ആകട്ടെ താങ്കള്‍ ഒരു ഊഹം പറയൂ. എത്ര കാണുമായിരിക്കും.' ഞാന്‍ ഒരു ഊഹം പറഞ്ഞു. ഒരു പതിനഞ്ച് ഇരുപത് കോടി കാണുകയില്ലേ?  അദ്ദേഹം ചിരിച്ചു. നീണ്ടു നിന്ന ആചിരിയുടെ അവസാനം അദ്ദേഹം കൈകൊണ്ട് ഒന്നും ഇല്ല എന്ന് ആംഗ്യം കാണിച്ചു. അത്  ശരിയാണെന്ന് അദ്ദേഹം അറുപത്തിമൂന്നാമത്തെ വയസില്‍ മരിക്കുമ്പോള്‍ തെളിഞ്ഞു. മരിച്ചുകഴിഞ്ഞ് ശരീരം മദ്രാസില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കാര്‍ഗോ ആയിട്ടാണ് വിമാനത്തില്‍ കൊണ്ടുവന്നത്. ഒരു പ്രത്യേക വിമാനം വിട്ടുകൊടുക്കാമെന്ന് വായുസേന അദ്ദേഹത്തിന്റെ ബന്ധുവും കോണ്‍ഗ്രസ് എം.പി.യും ആയ തലൈക്കുന്നില്‍ ബഷീറിനോട് പറഞ്ഞെങ്കിലും വിമാനക്കൂലിയായ എണ്‍പതിനായിരം രൂപ അടയ്ക്കുവാന്‍ ഉണ്ടായിരുന്നില്ല. മലയാളത്തിന്റെ പ്രിയങ്കരനായ ആ നിത്യഹരിത നായകന്റെ ഗതി ഒന്നാലോചിച്ചു നോക്കുക. വളരെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം രൂപ മുടക്കിയിരുന്നു. ആന നടയ്ക്ക് ഇരുത്തുക, സ്‌ക്കൂള്‍ പണിയിക്കുക അങ്ങനെ വേറെയും. എന്നോട് അദ്ദേഹം പറയുകയുണ്ടായി. പാവപ്പെട്ടവരെ സഹായിക്കുവാന്‍ അദ്ദേഹം ഇപ്പോഴും എപ്പോഴും തയ്യാര്‍ ആണെന്ന്. പക്ഷേ ശരിയായ കേസ് ആയിരിക്കണം.

അദ്ദേഹം മലയാള സിനിമയെക്കുറിച്ചും ദീര്‍ഘമായി സംസാരിച്ചു. സമാന്തര സിനിമയെകുറിച്ച് (ആര്‍ട്ട് സിനിമ) നല്ല അഭിപ്രായം ആണ് പറഞ്ഞത്. പക്ഷേ, രണ്ടും കച്ചവട സിനിമയും സമാന്തര സിനിമയും- പരസ്പര പൂരകങ്ങള്‍ ആയിരിക്കണം. സമാന്തര സിനിമകൊണ്ട് മാത്രം സിനിമ നിലനില്‍ക്കില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഒട്ടേറെ നല്ല സംവിധായകന്‍ന്മാര്‍ മെയിന്‍ ലൈന്‍ സിനിമയിലും സമാന്തര സിനിമയിലും വന്നിട്ടുണ്ട്. അമ്പാടിയുടെ സംവിധായകനായ പ്രിയദര്‍ശനെ അദ്ദേഹം ഒരു ഉദ്ദാഹരണം ആയി ചൂണ്ടികാട്ടി. കുറെയൊക്കെ മോഷണവും നടക്കുന്നുണ്ട് ഹോളിവുഡില്‍നിന്നും.

പ്രിയദര്‍ശന്റെ താളവട്ടം ഒരു ഉദാഹരണം ആയി പറഞ്ഞു. 'അത് മോട്ടിച്ചതാ.' അടുത്തിരുന്ന  താരങ്ങളില്‍ ആരോ വിസ്മയത്തോടെ നസീറിനെ നോക്കിയെങ്കിലും അദ്ദേഹത്തിന് കൂസല്‍ ഇല്ല. ജയറാമിനെ പോലുള്ള പുതിയ നടന്‍ന്മാരെകുറിച്ച് വലിയ മതിപ്പോടെയാണ് സംസാരിച്ചത്. മമ്മൂട്ടിയെക്കുറിച്ചും.

ജയറാമൊക്കെ ഞങ്ങളെ , കളിയാക്കി (മിമിക്രി) നടൻ  ആയതാണ്. മമ്മൂട്ടി അടുത്ത ദിവസങ്ങളിലെന്നോ ഒരു ഗള്‍ഫു യാത്രക്ക് തയ്യാര്‍ ആവുക ആയിരുന്നു. നസീര്‍ പറഞ്ഞു: അവിടെ ലാത്തിച്ചാര്‍ജ്ജ് നടക്കും. അത്ര ആള്‍ക്കൂട്ടം ആയിരിക്കും. എന്നിട്ട് അദ്ദേഹം അദ്ദേഹത്തിന്റെ ഒരു ഗള്‍ഫ് അനുഭവം അനുസ്മരിച്ചു. ജനത്തിരക്ക്, കാരണം പോലീസ് ലാത്തിവീശി. ഒട്ടേറെ പേര്‍ക്ക് പരിക്കുപറ്റി. ആര്‍പ്പും അട്ടഹാസവും നിലവിളിയും കൊണ്ട് അന്തരീക്ഷം മുഖരിതമായി.

തലേ ദിവസത്തെ ഷൂട്ടിംങ്ങിനിടയില്‍ ഉണ്ടായ ഒരു അപകടത്തിന്റെ കഥ അദ്ദേഹം തെല്ലൊരു ഉല്‍ക്കണ്ഠയോടെ പങ്കുവച്ചു. ജൂബിലി ഹില്‍സില്‍ ഒരു കുതിരയോട്ടത്തിന്റെ ചിത്രീകരണം ആയിരുന്നു. നസീര്‍ കുതിരപ്പുറത്ത്. അതിവേഗത്തില്‍ പായുന്ന കുതിര ഒരു പാറക്കൂട്ടത്തിനടത്തു കൂടെ പായുകയാണ്. ഒരു പാറ വഴിയിലേക്ക് തള്ളിനിന്നിരുന്നു. ഭാഗ്യം കൊണ്ട് നസീര്‍ കുതിരപ്പുറത്ത് കമിഴ്ന്നു കിടന്ന് രക്ഷപ്പെട്ടു. ഞാന്‍ ഈ സംഭവം പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. അത് വായിച്ചിട്ട് അദ്ദേഹം പറഞ്ഞു എന്‍.റ്റി.ആര്‍ (അന്ന് ആന്ധ്രമുഖ്യമന്ത്രി എന്‍.റ്റി.ആര്‍.ആയിരുന്നു) ഇത് വായിച്ചാല്‍ വിളിക്കാതിരിക്കുകയില്ല. എന്‍.റ്റി.ആറിനെ കുറിച്ച് നസീറിന് വലിയ അഭിപ്രായം ആയിരുന്നു. യാതൊരു സ്ത്രീ വിഷയവും ഇല്ല. കുടി, വലി തുടങ്ങിയവ ഇല്ല. ശുദ്ധമാന്യന്‍.

പത്രത്തില്‍ വാര്‍ത്ത അച്ചടിച്ച് വന്നതിനു ശേഷം ഞാന്‍ നസീറിന് ഒരു കോപ്പി നല്‍കുവാനായി ഹോട്ടലില്‍ ചെന്നു. പ്രേംനസീര്‍ രാഷ്ട്രീയത്തിലേക്ക് എന്നായിരുന്നു തലക്കെട്ട്. അദ്ദേഹം അത് വായിച്ചു. കണ്‍ഗ്രാറ്റ്‌സ് എന്ന് എന്നോട് പറഞ്ഞു. ആ വാര്‍ത്ത പിറ്റെദിവസം മറ്റ് പത്രങ്ങളും ലിഫ്റ്റ് ചെയ്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. വാര്‍ത്ത പ്രസിദ്ധീകരിച്ച് ഏതാനും ആഴ്ചകള്‍ക്ക് ശേഷം നസീര്‍ ബഷീറും ഒത്ത് രാജീവ് ഗാന്ധിയെ കാണുകയുണ്ടായി. അതോടെ നസീറിന്റെ കോണ്‍ഗ്രസ് പ്രവേശനവും ഉറപ്പായി. എന്റെ ബൈലൈന്‍ വാര്‍ത്ത വായിച്ചതിനുശേഷം നസീര്‍ ഗൗരവപൂര്‍വ്വം പറഞ്ഞു. താങ്കള്‍ ഒരു മസാല ദോശ കഴിക്കണം. ഞാന്‍ സമ്മതിച്ചു. അദ്ദേഹം ഉടനെ ഒരു മസാല ദോശ ഓര്‍ഡര്‍ ചെയ്തു. റൂംബോയ് ദോശയും ആയി വന്നപ്പോള്‍ അദ്ദേഹത്തിന് ആ പ്ലെയിറ്റ് അത്ര പിടിച്ചില്ല. അത് തിരിച്ചും മറിച്ചും നോക്കിയിട്ട് വാഷ്‌ബെയ്‌സിന്റെ അടുത്തുപോയി പ്ലെയിറ്റ് ശരിക്കും കഴുകി വൃത്തിയായി എന്ന് ഉറപ്പ് വരുത്തിയിട്ട് അതില്‍ ദോശ സെര്‍വ്വ് ചെയ്തു. ഞാന്‍ കേരളത്തില്‍ വരുമ്പോള്‍ തിരുവനന്തപുരത്ത് വരണമെന്നും അദ്ദേഹത്തിന്റെ വീടു സന്ദര്‍ശിക്കണമെന്നും പറഞ്ഞു. പക്ഷെ, അത് നടന്നില്ല.

പ്രേംനസീര്‍ മലയാളസിനിമയുടെ ആരംഭ കാലഘട്ടത്തിലെ നായക മുഖങ്ങളില്‍ പ്രധാനി ആയിരുന്നു. മുഖസൗന്ദര്യം ആകാരസൗഷ്ഠവം എന്നിവകൊണ്ട് അനുഗ്രഹീതന്‍. അതുപോലെ തന്നെ ശബ്ദസൗകുമാര്യവും. മലയാളസിനിമയിലെ ഒട്ടേറെ മറക്കാനാവാത്ത ഗാനങ്ങള്‍ പാടി അഭിനയിക്കുവാനുള്ള  ഭാഗ്യവും അദ്ദേഹത്തിനുണ്ടായി. ഗാനാഭിനയം അദ്ദേഹത്തിന് ഒരു അനുഗ്രഹീത കല ആയിരുന്നു. 

അദ്ദേഹത്തെ ഒരിക്കല്‍ പരിചയപ്പെട്ടിട്ടുള്ളവര്‍ ഒരിക്കലും മറക്കുകയില്ല. സ്‌നേഹവും വിനയവും ആഭിജാത്യവും അദ്ദേഹത്തിന്റെ മുഖമുദ്രകള്‍ ആയിരുന്നു. സ്വന്തം ശൈലിയിലുള്ള അഭിനയപാടവും.
 ഡല്‍ഹി കത്ത്: ഒരു ഇതിഹാസത്തിന്റെ തിരോധാനത്തിന് 26 വയസ് ഒരു ഓര്‍മ്മ
Join WhatsApp News
വായനക്കാരൻ 2015-01-20 16:44:01
പ്രേം‌നസീറിനെക്കുറിച്ചുള്ള നല്ല കുറേ ഓർമ്മകൾ പങ്കുവച്ചതിന് നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക