Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-25: സാം നിലമ്പള്ളില്‍)

Published on 16 February, 2015
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-25: സാം നിലമ്പള്ളില്‍)
അദ്ധ്യായം ഇരുപത്തഞ്ച്‌.

ഡോക്‌ട്ടര്‍ കോഹന്‍ ജര്‍മന്‍കാരനാണ്‌. ഹിറ്റ്‌ലറോടോ നാസികളോടോ വിധേയത്വം ഉള്ളതുകൊണ്ടല്ല അയാള്‍ പോളണ്ടിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ എത്തിയത്‌. നിര്‍ബന്ധിത സൈനികസേവനമായിരുന്നു. അനുസരിച്ചില്ലെങ്കില്‍ ജയില്‍വാസമായിരിക്കും ശിക്ഷ. യൂണിവേര്‍സിറ്റിതന്ന ഡിഗ്രിയും ക്യാന്‍സല്‍ചെയ്യും. അതുകൊണ്ട്‌ മനസില്ലാമനസോടെ നാസികളെ സേവിക്കാന്‍ ഇറങ്ങിതിരിച്ചതാണ്‌. മനുഷ്യത്വരഹിതമായ പലപ്രവൃത്തികളും ചെയ്യാന്‍ നാസികള്‍ നിര്‍ബന്ധിക്കാറുണ്ടെങ്കിലും അയാള്‍ വഴങ്ങാറില്ല.

ഡോക്‌ട്ടര്‍ സിഗ്‌മണ്ട്‌്‌ റാസ്‌ച്ചറാണ്‌ അവന്റെ സൂപ്പര്‍വൈസര്‍, ചെകുത്താന്‍ മനുഷ്യരൂപമെടുത്തവന്‍. കുഞ്ഞുങ്ങളിലാണ്‌ അയാളുടെ ഗവേഷണം. ക്ഷയരോഗത്തിന്റെയും മറ്റ്‌ മാരകരോഗങ്ങളുടേയും അണുക്കളെ കുഞ്ഞുങ്ങളില്‍ കുത്തിവെച്ച്‌ രോഗത്തെപറ്റി പഠിക്കുകയാണ്‌ അയാളുടെ വിനോദം. വേറൊരു മനുഷമൃഗമാണ്‌ ഡോക്‌ട്ടര്‍ മെന്‍ഗലെ. മൃഗമെന്ന്‌ വിളിക്കുന്നത്‌ അവയെ അപമാനിക്കുതിന്‌ തുല്ല്യമാണ്‌. ഇയാള്‍ ചെകുത്താന്മാരുടെ രാജാവായ ലൂസിഫര്‍ തന്നെയാണ്‌. മനുഷ്യരെ ഗിനിപ്പന്നികളായി കണക്കാക്കിയാണ്‌ അയാളുടെ ഗവേഷണം. ജനിച്ചുവീണകുഞ്ഞിനെ അമ്മയില്‍നിന്ന്‌ അകറ്റി പട്ടിണിക്കിട്ട്‌ കൊല്ലുക. ആഹാരമില്ലാതെ എത്രദിവസം ഒരുകുഞ്ഞ്‌ ജീവിക്കുമെന്ന്‌ മനസിലാക്കാനാണ്‌ പരീക്ഷണം. പൂച്ചക്കണ്ണുള്ള കുട്ടികളുടെ കണ്ണില്‍ മഷികുത്തിവെച്ച്‌ നിറംമാറ്റാമോ എന്ന പരീക്ഷണം. ഇരട്ടകള്‍ ജനിക്കുന്നതിന്റെ രഹസ്യമറിയാന്‍ അവരെ കീറിമുറിച്ച്‌ അവയവങ്ങള്‍ പരിശോധിക്കുക. ഇങ്ങനത്തെ പരീക്ഷണങ്ങള്‍ നടത്താനുള്ള ജൂതക്കുട്ടികള്‍ ധാരാളം കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ ഉള്ളതുകൊണ്ട്‌ ഗിനിപ്പന്നികളെ അന്വേഷിച്ച്‌ വേറെങ്ങും പോകേണ്ടതില്ല.

`ഇതൊന്നും ദൈവത്തിന്‌ നിരക്കുന്ന കാര്യമല്ല, ഡോക്‌ട്ടര്‍.' സഹികെട്ടപ്പോള്‍ ഒരിക്കല്‍ ഡോക്‌ട്ടര്‍ കോഹന്‍ ചെകുത്താന്മാരോട്‌ പറഞ്ഞു.

`നീ നിന്റെ ജോലിചെയ്‌താല്‍ മതി; സുവിശേഷം പ്രസംഗിക്കേണ്ട.' ചെകുത്താന്‍ സിഗ്‌മണ്ട്‌ ഉപദേശിച്ചു. `മേലില്‍ ഇതാവര്‍ത്തിക്കരുതെന്ന്‌ നിനക്ക്‌ ഞാന്‍ വാണിങ്ങ്‌ തരുന്നു.'

അയാള്‍ നാസികള്‍ക്ക്‌ റിപ്പോര്‍ട്ടുചെയ്‌താല്‍ ഉണ്ടാകാവുന്ന അനന്തരഫലം ഓര്‍ത്ത്‌ ഡോക്‌ട്ടര്‍ കോഹന്‍ പലതും കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. എന്നെങ്കിലും ഈ ദുഷ്‌ടന്മാര്‍ പരാജയപ്പെട്ടാല്‍, നീതിയും ന്യായവും നടത്തുന്ന ഒരു സര്‍ക്കാര്‍ നിലവില്‍ വരികയാണെങ്കില്‍ ഏത്‌ കോടതിയിലും ഈ മനുഷ്യപിശാചുകള്‍ക്കെതിരെ തെളിവുകള്‍ നല്‍കാന്‍ താന്‍ തയ്യാറാണ്‌. അതിനായി താന്‍ കാണുന്ന ഓരോ ക്രൂരപ്രവൃത്തികളും തന്റെ രഹസ്യ ഡയറിയില്‍ രേഖപ്പെടുത്തി.

നാലുവയസുകാരന്‍ ടോയ്‌വിയെ ചിക്കന്‍പോക്‌സ്‌ പിടിപെട്ടവരുടെകൂടെയാണ്‌ പാര്‍പ്പിച്ചിരിക്കുന്നത്‌. അവനിലേക്ക്‌ രോഗംപകരാന്‍ എത്രദിവസങ്ങള്‍ എടുക്കും എന്നറിയാനാണ്‌ പഠനം. മൂന്നാഴ്‌ച കഴിഞ്ഞിട്ടും അവന്‌ രോഗം പിടിപെട്ടില്ല. അത്‌ ഡോക്‌ട്ടര്‍ മെന്‍ഗലയെ അത്ഭുതപ്പെടുത്തി. അവന്‌ ഇതിനുമുന്‍പ്‌ ചിക്കന്‍പോക്‌സ്‌ പിടിപെട്ടിട്ടില്ലെന്നാണ്‌ അവന്റെ അമ്മയില്‍നിന്ന്‌ മനസിലാക്കിയത്‌. അവനിലെ അത്ഭുതകരമായ പ്രതിരോധശക്തി എന്താണെന്ന്‌ മനസിലാക്കാന്‍ എല്ലാദിവസവും കുറേശ്ശെ രക്തമെടുത്ത്‌ ഗവേഷണം തുടങ്ങി. വേണ്ടത്ര ആഹാരമില്ലാതെ ശോഷിച്ച അവന്റെ ശരീരത്തില്‍നിന്ന്‌ ദിവസംതോറും രക്തം ഊറ്റിയെടുത്തപ്പോള്‍ കുഞ്ഞ്‌ മൃതപ്രായനായി. അസ്ഥികൂടമായി മാറിയ ടോയ്‌വിയെ അവസാനം വെറുതെവിടാനുള്ള `മനസലിവ്‌' ഡോക്‌ട്ടര്‍ മെന്‍ഗലേക്ക്‌ ഉണ്ടായി.

കാള്‍മാന്‍ അന്‍പത്‌ വയസുള്ള ഹൃദ്‌രോഗിയായിരുന്നു. നെഞ്ചുവേദന അനുഭവപ്പെടുന്നെന്ന്‌ പറഞ്ഞാണ്‌ അയാള്‍ ഡോക്‌ട്ടര്‍ സിഗ്‌മണ്ടിനെ സമീപിച്ചത്‌. കുറെദിവസങ്ങള്‍കൂടി സഹിച്ചിരുന്നെങ്കില്‍ വേദനയില്ലാത്ത ലോകത്തിലേക്ക്‌ പോകാനുള്ള പാസ്സ്‌പോര്‍ട്ട്‌ അയാള്‍ക്ക്‌ കിട്ടിയേനെ. അതിനുള്ള ക്ഷമയില്ലതെപോയതാണ്‌ കാള്‍മാന്‌ പറ്റിയ അബദ്ധം. ഒരു ഹൃദ്‌രോഗിയെ കിട്ടാന്‍ കാത്തിരുന്ന സിഗ്‌മണ്ട്‌ സന്തോഷപൂര്‍വം അയാളെ സ്വീകരിച്ചു.അനസ്‌തേഷ്യ കൊടുക്കാതെതന്നെ കാള്‍മാനെ കീറിമുറിച്ച്‌ അയാളുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചു. പച്ചക്ക്‌ നെഞ്ചുകീറിയതിലുള്ള വേദനകൊണ്ട്‌ നിലവിളിച്ച കാള്‍മാന്റെ വായില്‍ തുണികുത്തികയറ്റി നിശബ്‌ദനാക്കി. സിഗ്‌മണ്ടിന്റെ പഠനം കഴിയുന്നതിന്‌ മുന്‍പ്‌ കാള്‍മാന്‍ പരലോകത്തേക്ക്‌ യാത്രയായി. ഗ്യാസ്‌ചേമ്പറില്‍ക്കൂടി പോരുകയാരുന്നു ഇതിലും ഭേദമെന്ന്‌ യാത്രമദ്ധ്യേ അയാളുടെ ആത്മാവ്‌ വിചാരിച്ചുകാണും.

മൃതപ്രായനായ ടോയ്‌വിയെ ഡോക്‌ട്ടര്‍ കോഹനാണ്‌ ഏറ്റെടുത്തത്‌. നേഴ്‌സ്‌ മാഗിയുടെ സഹായത്തോടെ അവന്‌ നല്ല ഭക്ഷണംകൊടുത്ത്‌ ജീവന്‍ നിലനിറുത്തി. അവര്‍ രണ്ടുപേരും തങ്ങള്‍ക്കുള്ള റേഷന്‍ പാല്‌ അവനുനല്‍കി. ആരോഗ്യം വീണ്ടെടുത്ത കുഞ്ഞിനെ ചെകുത്താന്മാര്‍ കാണാതെ സംരക്ഷിക്കണമെന്ന്‌ അവന്റെ അമ്മയെ പറഞ്ഞ്‌ മനസിലാക്കി.

(തുടരും....)


ഇരുപത്തിനാലാം ഭാഗം വായിക്കുക
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-25: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക