Image

പ്രകാശം പരത്തുന്ന ശുംഭന്മാര്‍ (ലേഖനം) - ഷാജന്‍ ആനിത്തോട്ടം)

ഷാജന്‍ ആനിത്തോട്ടം Published on 17 February, 2015
പ്രകാശം പരത്തുന്ന ശുംഭന്മാര്‍ (ലേഖനം) - ഷാജന്‍ ആനിത്തോട്ടം)
പാതയോരത്തെ പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ചുകൊണ്ടുള്ള ബഹു:കേരള ഹൈക്കോടതിയുടെ ചരിത്രപരമായ വിധി തീര്‍പ്പിനെ വിമര്‍ശിച്ചുകൊണ്ട് സി.പി.ഐ (എം) നേതാവും മുന്‍ എം.എല്‍.എയുമായ എം.വി ജയരാജന്‍ നടത്തിയ 'ശുംഭന്‍' പരാമര്‍ശത്തിന് ബഹു: സുപ്രീം കോടതി അദ്ദേഹത്തിന് നല്‍കിയ നാലാഴ്ചത്തെ തടവുടശിക്ഷ പൊതുപ്രവര്‍ത്തകര്‍ക്കാകെ ബാധകമായ ചില പെരുമാറ്റ മര്യാദകളിലേയ്ക്കുള്ള വിരല്‍ചൂണ്ടലായി വിലയിരുത്തപ്പെടേണ്ടതാണ്. തനിക്കും പാര്‍ട്ടിക്കും അപ്രിയമായ വിധി പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്ജിമാരെ 'ശുംഭന്മാര്‍' എന്നു വിളിച്ചധിക്ഷേപിച്ച സഖാവ് ജയരാജന്‍ രണ്ട് വട്ടം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവും നിയമബിരുദധാരിയുമാണെന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. 

പ്രസ്തുത പരാമര്‍ശത്തിനെതിരെ സ്വമേഥയാ കേസെടുത്ത ഹൈക്കോടതി അദ്ദേഹത്തിന് ആറ് മാസത്തെ തടവുശിക്ഷയായിരുന്നു വിധിച്ചിരുന്നത്. അതനുസരിച്ച് ഏതാനും ദിവസം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞതിനുശേഷമാണ് സുപ്രീം കോടതിയില്‍ അദ്ദേഹം അപ്പീല്‍ പോവുകയും തുടര്‍ന്ന് ജാമ്യത്തിലിറങ്ങുകയും ചെയ്തത്. രാജ്യത്തിന്റെ പരമോന്നത  നീതിപീഠം തടവുശിക്ഷ നാലാഴ്ചയായി കുറച്ചുകൊണ്ട് അന്തിമവിധി പ്രഖ്യാപിക്കുകയും, തുടര്‍ന്ന് വീണ്ടും അദേഹത്തെ പൂജപ്പുര ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തിരിക്കുകയാണ്. മുമ്പ് തടവില്‍ കിടന്ന ദിവസങ്ങള്‍ കുറയ്ക്കുമ്പോള്‍ വെറും പത്തൊന്‍പത് ദിവസങ്ങള്‍ കൂടി മാത്രം ഇനിയദ്ദേഹത്തിന് കാരാഗൃഹത്തില്‍ കഴിഞ്ഞാല്‍ മതിയാകും. 'ദേ പോയി, ദാ വന്നു' എന്ന് പറഞ്ഞുകൊണ്ട് മടങ്ങി വന്ന അദ്ദേഹം തന്റെ തട്ടുപൊളിപ്പന്‍ പ്രസംഗങ്ങളും വിവാദപ്രസ്താവനകളും കൊണ്ട് പൊതുപ്രവര്‍ത്തനം സജീവമാക്കുന്നതിന് നാം വീണ്ടും സാക്ഷികളാകുവാന്‍ പോകുന്നു.

വിചാരണക്കിടക്കയിലോ വിവാദ പരാമര്‍ശം ചര്‍ച്ചയായ പൊതു സമൂഹത്തിലോ ഒരിക്കലും തന്റെ പദനിയോഗത്തില്‍ ജയരാജന്‍ സഖാവ് ഖേദം പ്രകടിപ്പിക്കുകയോ വിവാദപരാമര്‍ശം പിന്‍വലിക്കുകയോ ചെയ്തിരുന്നില്ല. പകരം, ശുംഭന്‍ എന്നാല്‍ പ്രകാശിക്കുന്നവന്‍ എന്നും അര്‍ത്ഥമുണ്ടെന്നും താനങ്ങിനെയാണുദ്ദേശിച്ചതെന്നും പറഞ്ഞ് ആടിനെ പട്ടിയാക്കാനുള്ള ഒരു വിഫലശ്രമം ഹൈക്കോടതിയിലെ വിചാരണയ്ക്കിടയില്‍ അദ്ദേഹം നടത്തുകയുണ്ടായി. പക്ഷേ, കേസ് പരിഗണിച്ച ബഹു: ജഡ്ജിമാര്‍ ശുംഭന്മാര്‍ അല്ലാത്തതുകൊണ്ട് ആ ശ്രമം വിലപ്പോയില്ല. ഒടുവില്‍ നൂറുകണക്കിന് സഖാക്കളുടെയും, അനുയായികളുടെയും അകമ്പടിയോടുകൂടി ഒരു വീരനായകന്റെ പരിവേഷത്തില്‍ അദ്ദേഹം തലസ്ഥാനത്തെ തടവറയിലേക്ക് യാത്രയാവുകയാണുണ്ടായത്. ചാനല്‍ ക്യാമറകളുടെ പ്രകാശവലയത്തില്‍ തടവറയുടെ കിളിവാതിലിലേയ്ക്കദ്ദേഹം തലകുനിച്ച് പ്രവേശിച്ചതോടുകൂടി ആ അധ്യായം അവസാനിച്ചു. പക്ഷേ, കഥയിവിടെ അവസാനിക്കുന്നില്ല. വെളിച്ചം പരത്തുന്ന ഒരുപാട് ശുംഭന്മാരെ നമുക്കിടയില്‍ നിലനിര്‍ത്തിക്കൊണ്ടാണ് സഖാവ് യാത്ര പോയിരിക്കുന്നത്. ആനന്ദലബ്ധിയ്ക്കിനിയെന്തു വേണം? 

ദേശീയ ഗെയിംസില്‍ നിന്നു തന്നെ തുടങ്ങാം. മുപ്പത്തഞ്ചാമത് നാഷണല്‍ ഗെയിംസിന് തിരശ്ശീല വീഴുമ്പോള്‍ കേരളമൊന്നാകെ അഭിമാനിക്കേണ്ടതാണ്. നേടിയ സ്വര്‍ണ്ണമെഡലുകളുടെ എണ്ണം മാത്രം നോക്കിയാല്‍ തന്നെ കേരളത്തിന് രണ്ടാം സ്ഥാനം ലഭിച്ചിരിക്കുന്നു. മൊത്തം മെഡലുകളുടെ എണ്ണവും നേടിയവരുടെ ദേശവും നോക്കിയാല്‍ ( ഒന്നാം സ്ഥാനത്തെത്തിയ സര്‍വ്വീസസിലെ മിക്ക താരങ്ങളും മലയാളികളാണ്) ഓവറോള്‍ കിരീടം നമുക്കു തന്നെയാണെന്ന് അഭിമാനത്തോടെ പറയാം. അവിടവിടെ ചില പാകപ്പിഴവുകളും നോട്ടപ്പിശകുകളുമുണ്ടായെങ്കില്‍ കൂടി കളിയില്‍ മാത്രമല്ല, സംഘടനമികവിലും നമ്മള്‍ കേമന്മാരാണെന്ന് രാജ്യത്തിന് മുഴുവന്‍ കാണിച്ചുകൊടുക്കാനുള്ള അവസരമായിരുന്നു ഇത്തവണത്തെ ദേശീയ കായികമേള. പത്രറിപ്പോര്‍ട്ടുകളും, മാധ്യമവിലയിരുത്തലുകളുമനുസരിച്ച് പങ്കെടുത്ത എല്ലാ കായികതാരങ്ങളും ഓഫീഷ്യലുകളും സര്‍വ്വോപരി ഇന്ത്യന്‍ ഒളിംപിക് അസ്സോസിയേഷനും നല്ല അഭിപ്രായമാണ് നല്‍കിയിരിക്കുന്നത്. 

ആത്മാര്‍ത്ഥമായി അഭിപ്രായം പറഞ്ഞകളിക്കാരെല്ലാവരും നമ്മുടെ സൗകര്യങ്ങളെയും സംഘാടക മികവിനെയും ആതിഥ്യമര്യാദയെയും അകമഴിഞ്ഞ് പ്രശംസിച്ചു. എന്തിലും ഏതിലും കുറ്റവും കുറവും കണ്ടുപിടിയ്ക്കാനും വിവാദം സൃഷ്ടിയ്ക്കുവാനും ഓടി നടക്കുന്ന മാധ്യമകേസരികള്‍ മാത്രം ഈ നന്മയെ കാണാതെ ചെറിയ കുറവുകളെയും പോരായ്മകളെയും പര്‍വ്വതീകരിച്ച് നമ്മുടെ തന്നെ യശസ്സിന് കളങ്കം ചാര്‍ത്താന്‍ ശ്രമിച്ചുവെന്ന് പറയാതെ വയ്യ.  “ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം” എന്നത് എത്ര അന്വര്‍ത്ഥം ? കളിക്കാരുമായും മുന്‍ കായികതാരങ്ങളുമായും നടത്തിയ ടെലിവിഷന്‍ അഭിമുഖങ്ങള്‍ ശ്രദ്ധിച്ചവര്‍ക്കറിയാം ഈ കായിക മേളയെപ്പറ്റി അവര്‍ നല്ല വാക്ക് പറയുമ്പോഴെല്ലാം ചോദ്യങ്ങള്‍ വഴിമാറ്റി കൊച്ചു കൊച്ചു ന്യൂനതകളിലേയ്ക്ക് അവരുടെ ശ്രദ്ധ തിരിച്ച അതിന്മേലുള്ള അവരുടെ അഭിപ്രായം തേടുന്ന ചാനല്‍ ശുംഭന്മാരുടെ അരോചക കാഴ്ചകളാണ് പലപ്പോഴും നാം ദൃശ്യമാധ്യമങ്ങളില്‍ കണ്ടിരുന്നത്. കേരള ടീമിന്റെ മൊത്തെ ചുമതലക്കാരനായ വില്‍സണ്‍ ചെറിയാനും ഒളിമ്പ്യന്മാരായ പി.ടി ഉഷയും, അഞ്ചു ബോബി ജോര്‍ജും, ഷൈനി വില്‍സണും ഒട്ടെല്ലാ പ്രതിഭകളും പറഞ്ഞ നല്ല വാക്കുകള്‍ മാത്രം മതി ഈ മേളയുടെ മികവിനെ വിലയിരുത്തുവാന്‍.

വലിയ വിജയമായി സമാപിച്ചെങ്കിലും ഇത്തവണത്തെ നാഷണല്‍ ഗെയിംസ് ഒരുപാട് വിവാദങ്ങള്‍ക്കും ഒട്ടേറെ അസംബന്ധനാടകങ്ങള്‍ക്കും അരങ്ങൊരുക്കിയെന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു.

അവിടെയാണ് നമ്മുടെ രാഷ്ട്രീയ-ശുംഭന്മാരുടെ തേര്‍വാഴ്ച നാം കണ്ടത്. ടീം തിരഞ്ഞെടുപ്പിലെ സ്വജ്ജനപക്ഷപാതത്തെപ്പറ്റിയും അവിഹിത ഇടപെടലുകളെപ്പറ്റിയും പി.ടി ഉഷ തന്നെ പരസ്യമായി വിമര്‍ശിച്ചു. കായിക ഉപകരണങ്ങള്‍ വാങ്ങിച്ചതിലെയും വേദികള്‍ തിരഞ്ഞെടുക്കുന്നതിലേയും അഴിമതിയെപ്പറ്റി ഒരുപാട് കഥകള്‍ കേള്‍ക്കുന്നു. 'ദീപസ്തംഭം മഹാശ്ചര്യം' , നമുക്കും കിട്ടണം പണം എന്ന മനോഭാവത്തില്‍ രാഷ്ട്രീയക്കാര്‍ അനാവശ്യമായി പല ഇടപെടലും നടത്തിയതായി വേണം അനുമാനിയ്ക്കുവാന്‍. സമഗ്രമായൊരു അന്വേഷണത്തോടുകൂടി ഈ കായികമേളയുടെ പിന്നാമ്പുറങ്ങളില്‍ നടന്ന അഴിമതിക്കഥകള്‍ പുറത്തുവരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. 

തങ്ങള്‍ക്കിണങ്ങാത്ത മേഖലയാണെങ്കില്‍ കൂടി ജനപ്രതിനിധിയെന്ന നിലയിലും പൊതുപ്രവര്‍ത്തകര്‍ എന്ന ലേബലിലും എന്തിലും ഏതിലും കയറി സ്ഥാനവും സമ്പത്തും പിടിച്ചെടുക്കുന്ന ഇത്തരക്കാരാണ് ഏത് പരിപാടിയുടെയും നിറം കെടുത്തുന്നത്. രണ്ട് വര്‍ഷം മുമ്പ് കേരളസാഹിത്യ അക്കാദമി സംഘടിപ്പിച്ച വിശ്വമലയാള സമ്മേളനത്തിലും അവരുടെ തേര്‍വാഴ്ച സജീവമായിരുന്നു.

ഗെയിംസിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകളോടനുബന്ധിച്ച് അരങ്ങേറിയ പൊറാട്ട് നാടകങ്ങള്‍ മേളയുടെ ചരിത്രത്തില്‍ കരിനിഴലായി അവശേഷിയ്ക്കും എന്ന് തീര്‍ച്ചയാണ്. “ലാലിസം” എന്ന പേരില്‍ അരങ്ങേറിയ തോന്ന്യാസം അതവതരിപ്പിയ്ക്കപ്പെട്ട രീതിയില്‍ അനുവദിക്കുവാന്‍ പാടില്ലാത്തയായിരുന്നു. പ്രോഗ്രാമിന്റെ മൊത്തം നിലവാരക്കുറവും ലൈവ് ഓര്‍ക്കസ്ട്രയെന്ന് പറഞ്ഞ് ജനത്തെ വിഢ്ഢികളാക്കി ഗായകരെല്ലാവരും മുന്‍കൂട്ടി റിക്കാര്‍ഡ് ചെയ്ത വരികള്‍ക്കൊപ്പം ചുണ്ടനക്കി നടത്തിയ അഭിനയവും ഒരിക്കലും നീതികരിക്കാനാവുന്നതല്ല. മോഹന്‍ലാലിനെപ്പോലുള്ള ഒരു അഭിനയപ്രതിഭ അദ്ദേഹത്തിന് വഴങ്ങാത്ത സാഹസത്തിന് ഇതുപോലുള്ള ഒരു വേദിയില്‍ മുതിരാന്‍ പാടില്ലായിരുന്നു. ലൈവ് പരിപാടി പ്രതീക്ഷിച്ച് വന്നവരുടെ മുമ്പില്‍ ഇത്തരം കോപ്രായങ്ങള്‍ കാണിച്ചപ്പോള്‍ സോഷ്യല്‍ മീഡിയ വഴി തുടങ്ങിവെച്ച വിമര്‍ശന ശരങ്ങള്‍ കുറിക്കുകൊണ്ടുവെന്ന് വേണം കരുതാന്‍. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ചിക്കാഗോയില്‍ നടത്തിയ സ്റ്റേജ് ഷോയില്‍ ( മറ്റ് ജനങ്ങളിലും അതാവര്‍ത്തിച്ചുവെന്ന് കേട്ടിരുന്നു) ആറ് പാട്ടുകളാണ് മോഹന്‍ലാല്‍ ഇങ്ങനെ പാടി കുളമാക്കിയത്. മികച്ചൊരു അഭിനേതാവായ മോഹന്‍ലാല്‍ എന്തിനാണിത്തരം ശുംഭത്തരം കാണിയ്ക്കുന്നതെന്ന് ഉറക്കെ ചിന്തിക്കുന്നവര്‍ ഇപ്പോള്‍ ഒരുപാടായിക്കഴിഞ്ഞു. സമാപനസമ്മേളനത്തിനിടയില്‍ നടന്ന കസേരകളിയ്‌ക്കൊടുവില്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതിഷേധസൂചകമായി വേദിവിട്ടിറങ്ങി സദസ്സിന് പുറകില്‍ പോയിരുന്നതും ശുംഭത്തരമല്ലാതെ മറ്റെന്താണ് ? വീട്ടുകാരന്‍ തന്നെ വിമതനായി മാറുന്ന ഇത്തരം പക്വതയില്ലായ്മയ്ക്ക് മറ്റൊരു വിശേഷണവുമില്ല.

പുതിയ വിവാദങ്ങളുടെ പിറവിയോടെ എന്തായാലും ബാര്‍ കോഴയും, കെ.എം മാണിയും വാര്‍ത്തകളുടെ പിന്നാമ്പുറങ്ങളിലേയ്ക്ക് മറഞ്ഞു എന്ന് വേണം കരുതാന്‍. കൊടുത്തതും കൊടുപ്പിച്ചതുമായ കോടികളുടെ കണക്കുകള്‍ കേട്ടും കണ്ടും നമ്മള്‍ മലയാളികല്‍ കുറേനാള്‍ അത്ഭുതപ്പെട്ടിരുന്നു. അമ്പതാണ്ടിന്റെ ജ്വലിയ്ക്കുന്ന പ്രതിഛായയില്‍ പ്രകാശം പരത്തിനിന്ന പാലായുടെ 'മാണിക്യവും' അങ്ങനെ സ്വന്തം നിഴലിനെപ്പോലും ഭയപ്പെടുന്ന അവസ്ഥയിലെത്തി. കെ.എം മാണി കൈക്കൂലിക്കാനാണെന്നതോ, ബജറ്റ് വിറ്റ് കാശാക്കുന്നവനാണെന്നതോ, അല്ലെന്നതോ കാലം തെളിയിക്കട്ടെ. എന്തായാലും ഡെന്‍മാര്‍ക്കില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നു എന്ന് പൊതുജനത്തെ വിശ്വസിപ്പിയ്ക്കുവാന്‍ ആരോപണം ഉന്നയിച്ചവര്‍ക്കും അതേറ്റുപിടിച്ചവര്‍ക്കും സാധിച്ചു. സ്വന്തം ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായ ആര്‍.ബാലകൃഷ്ണപിള്ളയെ പൂജപ്പുര ജയിലില്‍ 'ഉണ്ട തിന്നവന്‍' എന്ന് പരസ്യമായി വിളിച്ചാക്ഷേപിച്ചും കെ.എം മാണിയെ ന്യായീകരിച്ച എന്‍.എസ.്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഏത് രീതിയില്‍ നോക്കിയാലും പ്രകാശം പരത്തുന്ന നേതാവ് തന്നെയാണ്. മന്നത്ത് പത്മനാഭനും, കിടങ്ങൂര്‍ ഗോപാലകൃഷ്ണ പിള്ളയും പോലുള്ള മഹാരഥന്മാര്‍ ഇരുന്ന കസേരയിലിരുന്നാണ് അദ്ദേഹം ഇത്തരം ജല്പനങ്ങള്‍ നടത്തുന്നത്. പണ്ട് ഇതുപോലെ നടത്തിയ ഒരു വെളിപ്പെടുത്തല്‍ സൂര്യനെല്ലി കേസിന്റെ ഗതിമാറ്റിയതിന്റെ അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ടല്ലോ ? .

സര്‍ക്കാരിന്റെ അഴകൊഴുമ്പന്‍ മദ്യനയമങ്ങിനെ വിജയകരമായി നടപ്പിലാക്കി മുന്നേറുമ്പോള്‍ സ്വന്തം പാര്‍ട്ടിയദ്ധ്യക്ഷന്‍ തന്നെ അതിനെ തള്ളിപ്പറഞ്ഞുകൊണ്ട് പ്രകാശം പരത്തി നില്‍ക്കുന്നത് ജനം മൂക്കത്ത് വിരല്‍ വച്ച് കാണുന്നു. സമ്പൂര്‍ണ്ണ മദ്യനിരോധനമെന്ന അതിമനോഹരമായ നടക്കാത്ത സ്വപ്നവും കണ്ട് നടക്കുന്ന കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന് യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ചാണ്ടിയെയും, നടേശനെയും പോലുള്ള രാഷ്ട്രീയ ശത്രുക്കളോടുള്ള അതിരുകടന്ന അസഹിഷ്ണുത മാത്രമാണുള്ളതെന്ന് അദ്ദേഹത്തിന്റെ ട്രാക്ക് റിക്കോര്‍ഡ് പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ഏറ്റവും ഒടുവില്‍ അരുവിപ്പുറത്ത് വേദിയില്‍ തന്റെ  ഒപ്പമിരുന്ന ഗോകുലം ഗോപാലനെ 'മദ്യവ്യവസായി'യെന്ന് അധിക്ഷേപിച്ച് അത്തരക്കാരുടെയൊപ്പം വേദി പങ്കിടില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചത് മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തി തന്നെയായിരുന്നു. സുധീരന്‍ അറിഞ്ഞോ അറിയാതെയോ ജനപഷയാത്രയ്ക്ക് ഒരുപാട് മദ്യവ്യാപാരികളില്‍ നിന്ന് പണം പിരിച്ചിട്ടുണ്ടെന്ന് അവര്‍ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. പത്തുവര്‍ഷത്തിലധികം തൃശൂരിലുള്ള ഒരു അബ്കാരിയുടെ സ്വന്തം കാറിലായിരുന്നു സുധീരന്‍ യാത്രയ ചെയ്തിരുന്നത് എന്ന് കാറുടമതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ആദര്‍ശം പറഞ്ഞാല്‍ മാത്രം പോരാ പ്രവൃത്തിയിലും കാണിക്കണമെന്ന് അദ്ദേഹം മറന്നു പോകുന്നു. പിസിസി പ്രസിഡന്റാകുന്നതിന് മുമ്പ് സര്‍ക്കാരിനെയും പാര്‍ട്ടിനേതൃത്വത്തെയും അനുദിനമെന്നോണം പരസ്യമായി വിമര്‍ശിച്ച അദ്ദേഹം പദവിയേറ്റെടുത്തതിനുശേഷം തന്നെ വിമര്‍ശിച്ച് ഷാനിമോള്‍ ഉസ്മാനെപ്പോലെയുള്ള ഒരു വനിതാ നേതാവിനെതിരെ അച്ചടക്കലംഘനത്തിന് നോട്ടീസ് നല്‍കി. വിമര്‍ശനം തന്നെപ്പറ്റിയാവുമ്പോള്‍ കടുത്ത അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ധീരതയല്ല, ശുംഭത്തരം തന്നെയാണ്.

വാക്കിലും പ്രവൃത്തിയിലും ശുംഭത്തരം പ്രകടിപ്പിക്കുന്ന മഹത്‌വ്യക്തികള്‍ രാഷ്ട്രീയത്തിലും കലാകായിക രംഗങ്ങളിലും മാത്രമല്ല ഉള്ളത്. നമ്മുടെ മതനേതാക്കളില്‍ തന്നെ എത്രയോ പേര്‍ ഇങ്ങനെ പ്രകാശം പരത്തി നില്‍ക്കുന്നു ? സര്‍ക്കാരിന്റെ മദ്യനയത്തിലും അടച്ചു പൂട്ടിയ ബാറുകള്‍ തുറക്കുന്നതിലും പ്രതിഷേധിച്ച് വിവിധ നഗരങ്ങളില്‍ നില്‍പ്പുസമരങ്ങളും പ്രതിഷേധയോഗങ്ങളും സംഘടിപ്പിച്ച മതനേതാക്കള്‍ ആര്‍ക്കെങ്കിലും തങ്ങളുടെ സഭയ്‌ക്കോ സംഘടനകള്‍ക്കോ മദ്യവ്യവസായികളുടെ സംഭാവന വേണ്ടായെന്ന് പ്രഖ്യാപിയ്ക്കുവാനുള്ള ചങ്കുറപ്പാണോ ? പള്ളിപ്പെരുന്നാളുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും ക്ഷേത്രങ്ങളുടെ ഉത്സവങ്ങള്‍ക്കും കനത്ത സംഭാവന അബ്കാരികളില്‍ നിന്നും വാങ്ങുന്നവര്‍ക്ക് എങ്ങിനെയാണ് മദ്യനയത്തിനെതിരെ വിമര്‍ശിക്കാനാവുക ? സമുദായനേതൃത്വങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നടത്തിപ്പിനും നേതൃത്വപദവികളിലും മദ്യവ്യവസായികള്‍ക്ക് അവരുടെ സാമ്പത്തികസഹായങ്ങള്‍ക്കനുസരിച്ച് സ്ഥാനമുറപ്പിച്ച് നല്‍കുന്നവര്‍ മദ്യവ്യവസായികള്‍ക്കും അബ്കാരികള്‍ക്കും മാന്യത നല്‍കുന്നുണ്ട്. 

സര്‍ക്കാരിന്റെ മദ്യനയത്തെ ഞങ്ങള്‍ എതിര്‍ക്കും, പക്ഷേ, മദ്യമുതലാളിമാരുടെ പണം ഞങ്ങള്‍ വാങ്ങുകയും ചെയ്യും എന്നത് എത്ര ഗുരുതരമായ ഇരട്ടത്താപ്പും  ആത്മവഞ്ചനയുമാണ്? 
പട്ടിക ഇവിടെ അവസാനിക്കുന്നില്ല. ആത്മവഞ്ചനയും ജനദ്രോഹനടപടികളും കൊണ്ട് സൂഹത്തെ മലീമസമാക്കുമ്പോഴും മാന്യതയുടെ മുഖംമൂടിയണിഞ്ഞ് ജനങ്ങളെ വിഢ്ഢികളാക്കുകയും ചെയ്യുന്ന ഇത്തരം ശുംഭന്മാര്‍ നയിക്കുന്നിടത്തോളം കാലം നമ്മുടെ നാടും ജനങ്ങളും അധോഗതിയിലേക്ക് നീങ്ങും. ഇവരുടെ കപടമുഖം തുറന്നുകാട്ടുന്ന മാധ്യമപ്രവര്‍ത്തകര്‍ പക്ഷേ, അപ്പഴപ്പോള്‍ കിട്ടുന്ന വിവാദപ്രശ്‌നങ്ങളിലേക്ക് ഓടിപ്പോകുന്നു. നികുതിദായകരെ കൊള്ളയടിക്കുന്നതില്‍ അവരും മോശക്കാരല്ല. 

കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡിന്റെ പ്രത്യേക സ്‌കീം പ്രകാരം തിരുവനന്തപുരത്ത് പേരൂര്‍ക്കടയിലുള്ള ജേര്‍ണലിസ്റ്റ് കോളനിയില്‍ വീടുകള്‍ കരസ്ഥമാക്കിയ അന്‍പതില്‍ പരം മാധ്യമപ്രവര്‍ത്തകര്‍ ഒരു ദശാബ്ദത്തിലധികമായി തവണകളൊന്നുമടക്കയ്ക്കാതെ സര്‍ക്കാരിനെ വഞ്ചിയ്ക്കുന്നത് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം കുറേ നാളുകള്‍ക്ക് മുമ്പ് വെളിച്ചത്ത് കൊണ്ടുവന്നിരുന്നു. കള്ളരേഖകള്‍ ചമച്ചാണ് പലരും ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയതെന്നും ഒറ്റത്തവണപോലും തുകയടയ്ക്കാതെ ഇവരില്‍ പലരും വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി അവ വാടകയ്ക്ക് മറ്റുള്ളവര്‍ക്ക് നല്‍കുകയും ചെയ്തു എന്നുമാണ് പത്രം ലോകത്തെ അറിയിച്ചത്. വിവരാവകാശ നിയമപ്രകാരം ഷാജു ഫിലിപ്പ് എന്ന പത്രപ്രവര്‍ത്തകന്‍ കണ്ടെത്തിയ കണക്കുകളനുസരിച്ച് കേരളത്തിലെ മുഖ്യധാരാ പത്രങ്ങളുടെയും ചാനലുകളുടെയുമെല്ലാം ജേര്‍ണലിസ്റ്റുകള്‍ ഈ പട്ടികയിലുണ്ട്. ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന അവരില്‍ പലരും (സ്ത്രീ-പുരുഷവ്യത്യാസമില്ലാതെ) നമുക്ക് സുപരിചിതരുമാണ്.

മാറിമാറി വന്ന ഗവണ്‍മെന്റുകളില്‍ സമ്മര്‍ദ്ദം ചെലുത്തി തുക എഴുതിത്തള്ളാന്‍ ശ്രമിച്ച ഇത്തരം മാധ്യമ ശുംഭന്മാര്‍ എങ്ങിനെയാണ് മറ്റുള്ളവരുടെ അഴിമതിക്കും തട്ടിപ്പിനുമെതിരെ തൂലിക ചലിപ്പിക്കുന്നത്? ഒടുവില്‍ പൊതുജനം തന്നെ ശുംഭന്മാരാകുന്നു; 

പ്രജ്ഞയും പ്രകാശവുമില്ലാത്ത വെറും ശുംഭന്മാര്‍ !!
പ്രകാശം പരത്തുന്ന ശുംഭന്മാര്‍ (ലേഖനം) - ഷാജന്‍ ആനിത്തോട്ടം)
Join WhatsApp News
Aniyankunju 2015-02-17 20:10:18
The author of this article fails to mention the fact that the Supreme Court summarily removed the two High Court judges (who sentenced MV Jayarajan to 6 months Rigorous imprisonment, and addressed him as a worm) from hearing any criminal case, and assigned them to hear only Motor Vehicle accidents claims cases. 

The SC allowed bail to Jayarajan.  

Lately, the home minister and Minister Thiruvanchoor Radhakrishnan visited Jayarajan in his prison cell.  A long list of UDF Big shots paid courtesy visit to Jayarajan, declaring moral support to Jayarajan, who had the balls to take on the "Shumbhattharam" of the "kanaka simhaasanathil kayari irikkunnavanmaar". 
CID Moosa 2015-02-17 20:46:14
അനിയൻ കുഞ്ഞു ഒരു ചാരനാണെന്നുള്ളതിനു  തർക്കം ഇല്ല. അല്ലെങ്കിൽ വിദ്യാധരന്റെ വെരോരവധാരം   ഇദ്ദേഹത്തിന്റെ കയ്യിൽ  ഇല്ലാത്ത രേഖകളൊന്നും ഇല്ല.  എന്തായാലും ഒരു കണ്ണ് ഇയാളുടെമേൽ ഇരിക്കുന്നത് നല്ലതാണ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക