Image

ജയലളിതക്കു മുമ്പില്‍ നിശബ്‌ദമാകുന്ന കേന്ദ്രസര്‍ക്കാര്‍

Published on 26 December, 2011
ജയലളിതക്കു മുമ്പില്‍ നിശബ്‌ദമാകുന്ന കേന്ദ്രസര്‍ക്കാര്‍
കേരളത്തിലെ രാഷ്‌ട്രീയക്കാര്‍ ഇപ്പോള്‍ ഇപ്പോഴെങ്കിലും ലജ്ജിക്കാമെന്ന്‌ തോന്നുന്നു. കുറഞ്ഞ പക്ഷം കേരളത്തിലെ കോണ്‍ഗ്രസ്‌ നേതൃത്വമെങ്കിലും അതിന്‌ തയാറാവേണ്ടതാണ്‌. ഇത്രയുംനാള്‍ കേന്ദ്രം ഇടപെടുമെന്ന കച്ചിതുരുമ്പിലാണ്‌ മുല്ലപ്പെരിയാല്‍ വിഷയത്തില്‍ നമ്മുടെ രാഷ്‌ട്രീയക്കാര്‍ മുഖം മറച്ചു നിന്നത്‌. എന്നാല്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയും പ്രധാനമന്ത്രിയുടെയും കൂടികാഴ്‌ചയില്‍ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും കേരളത്തിന്‌ ആശാവഹമായി ഒന്നും സംഭവിച്ചിട്ടില്ല എന്നു തന്നെ മനസിലാക്കണം. കുറഞ്ഞ പക്ഷം ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ഒരു ചര്‍ച്ചക്കു പോലും പ്രധാനമന്ത്രി ആശാവഹമായ രീതിയില്‍ നീക്കങ്ങള്‍ നടത്തിയിട്ടില്ല.

പക്ഷെ അണക്കെട്ട്‌ എന്ന ആവിശ്യത്തില്‍ നിന്നും പിന്തിരിയാന്‍ കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വങ്ങളെ ഉപദേശിക്കണമെന്ന്‌ പ്രധാനമന്ത്രിയെ ധരിപ്പിക്കാനും, അണക്കെട്ടിലെ ജലനിരപ്പ്‌ 142 അടിയാക്കണമെന്ന്‌ ആവിശ്യപ്പെടാനും ജയലളിതയ്‌ക്ക്‌ കഴിയുകയും ചെയ്‌തു. എന്നാല്‍ തമിഴ്‌നാടിന്റെ നിലപാടുകളില്‍ അയവു വരുത്താനോ, വിഷയത്തെ അതിന്റെ നിജസ്ഥിതിയോടെ നോക്കി കാണാനോ ഉള്ള ഒരു ഉപദേശവും ജയലളിതയ്‌ക്കോ തമിഴ്‌നാടിനോ ലഭിച്ചിട്ടില്ല. ഇപ്പോഴും മുല്ലപ്പെരിയാറിലെ കേരളത്തിന്റെ ആശങ്ക അസ്ഥാനത്താണെന്ന നിലപാടില്‍ തന്നെ തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ നില്‍ക്കുന്നു. ഇവിടെയാണ്‌ എന്തുകൊണ്ട്‌ തമിഴ്‌നാടിന്‌ മുമ്പില്‍ കേന്ദ്രം നിശബ്‌ദത പാലിക്കുന്നു എന്ന ചോദ്യം ഉയരുന്നത്‌.

സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയുമായി നടത്തിയ കൂടികാഴ്‌ചയില്‍ പ്രധാനമന്ത്രി കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വങ്ങളുടെ നിലപാടുകളെ കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിച്ചിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഇടപെടുന്നതിന്‌ പരിമിതകളുണ്ടെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. സമരത്തില്‍ നിന്ന്‌ പിന്മാറാന്‍ ഉപദേശിക്കുകയും ചെയ്‌തു. എന്നാല്‍ തമിഴ്‌നാടിനെ ഈ രീതിയില്‍ ശാസിക്കാനുള്ള ധൈര്യം ഇതുവരെ പ്രധാനമന്ത്രിയുടെയോ കേന്ദ്രഭരണകൂടത്തിന്റെയോ ഭാഗത്തു നിന്നുണ്ടായിട്ടില്ല. കേന്ദ്രഇടപെടലുകളില്‍ താക്കീത്‌ നല്‍കികൊണ്ട്‌ ജയലളിത അയച്ച കത്തുകളോട്‌ പോലും ശക്തമായി ഒന്ന്‌ പ്രതികരിക്കാന്‍ കേന്ദ്രം ധൈര്യപ്പെട്ടിട്ടില്ല. കേന്ദ്രമന്ത്രി സഭയിലെ മുന്‍നിരക്കാനായ പ്രതിരോധ മന്ത്രി എ.കെ ആന്റണി പോലും വലിയൊരളവു വരെ മൗനത്തിലാണ്‌.

കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും തമിഴ്‌നാടിനോടുള്ള നിലപാട്‌ ചിദംബരത്തിന്റെ വാക്കുകളിലൂടെയാണ്‌ വ്യക്തമായി പുറത്തു വന്നത്‌. പ്രധാന മന്ത്രിക്കു ശേഷം കേന്ദ്രമന്ത്രി സഭയിലെ പ്രമുഖന്‍ എന്ന്‌ കണക്കാക്കപ്പെടുന്ന ചിദംബരം തമിഴ്‌നാട്ടില്‍ വെച്ചു തന്നെ കേരളത്തിന്‌ എതിരായി സംസാരിച്ചത്‌ ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌. മുല്ലപ്പെരിയാര്‍ കോടതി വിധി തമിഴ്‌നാടിന്‌ അനുകൂലമാകുമെന്നും, കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ ഉപതിരഞ്ഞെടുപ്പ്‌ മുമ്പില്‍ കണ്ട്‌ രാഷ്‌ട്രീയ നാടകങ്ങള്‍ നടത്തുകയാണെന്നുമായിരുന്നു ചിദംബരത്തിന്‌ പ്രസ്‌താവനകള്‍. കോടതി വിധിയെക്കുറിച്ച്‌ അഭിപ്രായം പറയാന്‍ ചിദംബരം ആരെന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടു പോലും ചിദംബരം പറഞ്ഞത്‌ പകുതി മാത്രമേ പിന്‍വലിച്ചുള്ളു. ഇതില്‍ നിന്നു തന്നെ കേന്ദ്രത്തിന്റെ താത്‌പര്യങ്ങള്‍ ഏത്‌ വഴിക്ക്‌ എന്നത്‌ വ്യക്തമാണ്‌.

ഇതിനു പിന്നിലെ രാഷ്‌ട്രീയത്തിലേക്ക്‌ കടന്നു പോകേണ്ടത്‌ കുറഞ്ഞ പക്ഷം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്കപ്പെടുന്ന ഒരു വിഭാഗം ജനതയുടെയെങ്കിലും ആവശ്യമാണ്‌. കേന്ദ്രത്തിന്റെ താത്‌പര്യങ്ങള്‍ക്ക്‌ പിന്നില്‍ അധികം വിദൂരത്തിലല്ലാത്ത ലോക്‌സഭാ ഇലക്ഷന്‍ മാത്രമല്ല ഉള്ളത്‌. തമിഴ്‌നാട്‌ സംസ്ഥാന സര്‍ക്കാരിന്റെയും തമിഴ്‌ രാഷ്‌ട്രീയ നേതൃത്വങ്ങളുടെയും അനുഗ്രഹം കേന്ദ്രസര്‍ക്കാരിന്‌ ആവിശ്യം വരുന്ന മറ്റൊന്നു കൂടിയുണ്ട്‌. അത്‌ `കൂടംകുളം' ആണവപദ്ധതിയാണ്‌. റഷ്യയുടെ സഹകരണത്തോടെ തമിഴ്‌നാട്ടിലെ കൂടംകുളത്ത്‌ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തന്നെ കമ്മീഷന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കൂടംകുളം ആണവപദ്ധതി പ്രവര്‍ത്തനമാരംഭിക്കണമെങ്കില്‍ തമിഴ്‌നാട്‌ സര്‍ക്കാരിന്റെയും ശക്തരായ പ്രാദേശിക രാഷ്‌ട്രീയ നേതൃത്വങ്ങളുടെയും സമ്മതം കൂടിയേ കഴിയു. ഇവിടെയാണ്‌ കേന്ദ്രസര്‍ക്കാര്‍ യഥാര്‍ഥത്തില്‍ തമിഴ്‌നാടിനെ ഭയക്കുന്നത്‌.

കൂടംകുളം ആണവപദ്ധതിയുടെ നിലവിലുള്ള അവസ്ഥയെ ചുരുക്കി ഇങ്ങനെ വിലയിരുത്താം. കൂടംകുളത്തെ ആണവനിലയം എല്ലാ നിര്‍മ്മാണവും പൂര്‍ത്തിയായി കഴിഞ്ഞിരിക്കുന്നു. അവിടെ സ്ഥാപിച്ചിരിക്കുന്ന രണ്ടു റിയാക്‌ടറുകള്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സജ്ജവുമാണ്‌. എന്നാല്‍ തദ്ദേശവാസിയരുടെയും സമീപ പ്രദേശങ്ങളിലെ ജനങ്ങളുടെയും കൂട്ടായ സമരം പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിന്‌ തടസമാണ്‌. ജനകീയ സമരം കാരണം തമിഴ്‌നാട്‌ സര്‍ക്കാര്‍ ജനങ്ങളുടെ ആശങ്ക അകറ്റിയതിനു ശേഷം മാത്രമേ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ പാടുള്ളു എന്ന്‌ നിയമസഭയില്‍ പ്രമേയം പാസാക്കി. ഡി.എം.കെയുടെയും വിജയകാന്തിന്റെയുമൊക്കെ താത്‌പര്യവും ഇങ്ങനെ തന്നെയായിരുന്നു.

ഇതോടെ കേന്ദ്രസര്‍ക്കാര്‍ കൂടംകുളം പദ്ധതിയുടെ കാര്യത്തില്‍ തികച്ചും സമര്‍ദ്ദത്തിലായി. കൂട്ടുമുന്നണിയിലെ ഘടകക്ഷിയായ ഡി.എം.കെയെക്കൊണ്ട്‌ കൂടംകുളം വിഷയത്തില്‍ നിലപാട്‌ മയപ്പെടുത്താന്‍ കോണ്‍ഗ്രസിന്‌ കഴിഞ്ഞുവെങ്കിലും ജയലളിത ഇപ്പോഴും ജനങ്ങളുടെ സമ്മതമില്ലാതെ കുടുംകുളം പദ്ധതി നടപ്പാക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ്‌. ഇവിടെയാണ്‌ പ്രാദേശിക രാഷ്‌ട്രീയ കക്ഷികള്‍ക്ക്‌ മേല്‍ക്കൈയുള്ള തമിഴ്‌നാടിനെ കോണ്‍ഗ്രസ്‌ കേന്ദ്രനേതൃത്വം ഭയക്കുന്നത്‌. തമിഴ്‌നാടിനെ പ്രത്യേകിച്ചും ജയലളിതയെ ഏതുവിധത്തിലും പിണക്കുന്നത്‌ കൂടംകുളം പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിനെ ദോഷകരമായി ബാധിക്കും. ഇവിടെ കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിന്‌ മുമ്പില്‍ തീര്‍ച്ചയായും മുട്ടുമടക്കുന്നുണ്ട്‌. കൂടംകുളം കേന്ദ്രകരിച്ച്‌ ആണവ പദ്ധതിക്കെതിരെ ശക്തമായി നില്‍ക്കുന്ന സമരത്തിനെ നിര്‍വീര്യമാക്കണമെങ്കില്‍ തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ നേതൃത്വങ്ങളുടെ പൂര്‍ണ്ണ പിന്തുണയുണ്ടെങ്കിലേ സാധ്യമാകു. ഇതുകൊണ്ടു തന്നെ കേന്ദ്രം ഒരു രീതിയിലും തമിഴ്‌നാടിനെ പിണക്കുന്ന ഒരു നിലപാടിലേക്ക്‌ പോകുമെന്ന്‌ കരുതാന്‍ വയ്യ. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്റെ താത്‌പര്യങ്ങള്‍ വിരുദ്ധമായി കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും സംസാരിച്ചാല്‍ കൂടി അത്‌ ബാധിക്കുക കൂടംകുളം പദ്ധതിയുടെ മുമ്പോട്ടുള്ള പോക്കിനെയായിരിക്കുമെന്ന്‌ ഏറ്റവും നന്നായി അറിയാവുന്നത്‌ പ്രധാനമന്ത്രിക്ക്‌ തന്നെയായിരിക്കും.

ഇതിനു പുറമേയാണ്‌ വരാന്‍ പോകുന്ന ലോക്‌സഭാ ഇലക്ഷനിലെ രാഷ്‌ട്രീയ സമവാക്യങ്ങള്‍. ജയലളിതയെ കൂട്ടുപിടിക്കാന്‍ ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജയലളിതയെ പിണക്കിയുള്ള ഒരു നീക്കത്തിനും കോണ്‍ഗ്രസിന്‌ താത്‌പര്യമുണ്ടാകില്ല. തമിഴ്‌നാട്ടിലെ പ്രബല പ്രാദേശിക രാഷ്‌ട്രീയ കക്ഷികളെ പിണക്കുന്നതിനേക്കാള്‍ നല്ലത്‌ തങ്ങളുടെ കേരളാ ഘടകത്തെ ശാസിച്ചിരുത്തുന്നതാണ്‌ എന്ന്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ കരുതുന്നുണ്ടാവണം.

ചിദംബരം തമിഴ്‌നാട്ടില്‍ നടത്തിയ കേരളാ വിരുദ്ധ പ്രസംഗത്തിനു പിന്നില്‍ മറ്റൊരു രാഷ്‌ട്രീയം കൂടിയുണ്ടായിരുന്നു. ചിദംബരത്തിന്റെ തമിഴ്‌നാട്‌ സന്ദര്‍ശനത്തിന്റെ തൊട്ടു മുമ്പുള്ള ദിവസം ലോക്‌സഭയില്‍ അഴിമതിയാരോപണത്തില്‍ ചിദംബരത്തിന്റെ രാജിക്കായി മുറവിളി കൂട്ടിയവരില്‍ അണ്ണാഡി.എം.കെ എം.പിമാരുമുണ്ടായിരുന്നു. മൊത്തത്തില്‍ തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ കക്ഷികളെ കൈയ്യിലെടുക്കാനുള്ള ഒരു രാഷ്‌ട്രീയ തന്ത്രം തന്നെയായിരുന്നു ചിദംബരത്തിന്റെ കേരളാ വിരുദ്ധ പ്രസംഗം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന രാഷ്‌ട്രീയ തന്ത്രങ്ങളെ കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്ക്‌ സമര്‍ദ്ദങ്ങള്‍ മുഖേന അതിജീവിക്കാന്‍ കഴിയുമെന്ന ഒരു പ്രതീക്ഷയും വേണ്ടതാനും. തമിഴ്‌നാടും കേരളവും തമ്മില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു രാഷ്‌ട്രീയ ധാരണയില്‍ എത്തുകയോ അല്ലെങ്കില്‍ സുപ്രീം കോടതിയുടെ വിധിയോ മാത്രമേ ഇനി കേരളത്തിലെ ജനങ്ങള്‍ക്ക്‌ പ്രതീക്ഷിക്കാന്‍ വക നല്‍കുന്നുള്ളു. ഇതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ രാഷ്‌ട്രീയ നേതൃത്വങ്ങളില്‍ നിന്ന്‌ ഇനിയെങ്കിലുമുണ്ടാകുമെന്ന്‌ കരുതാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക