Image

ഒഐസിസി യുകെ കെ. കരുണാകരന്‍ അനുസ്‌മരണം നടത്തി

വിനോദ്‌ ചന്ദ്രന്‍ Published on 27 December, 2011
ഒഐസിസി യുകെ കെ. കരുണാകരന്‍ അനുസ്‌മരണം നടത്തി
ലണ്ടന്‍: `ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ തീരുമാനങ്ങള്‍ എടുക്കുവാനും അത്‌ വേഗത്തില്‍ നടപ്പില്‍ വരുത്തുവാനും കഴിഞ്ഞ നേതാക്കളില്‍, ഇന്ദിരാജിക്കുശേഷം, രാഷ്‌ട്രം ഓര്‍മിക്കുക ലീഡര്‍ കെ. കരുണാകരനെയാവും - ഒഐസിസി യുകെ സംഘടിപ്പിച്ച കെ. കരുണാകരന്‍ അനുസ്‌മരണ യോഗം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ നല്‍കിയ ടെലിഫോണ്‍ സന്ദേശത്തില്‍ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു.

കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ലീഡറുടെ ദീര്‍ഘവീക്ഷ?ണത്തിന്റെയും മികവിന്റെയും ഉത്തമ ഉദാഹരണങ്ങളാണ്‌ നെടുമ്പാശേരി വിമാനത്താവളവും വല്ലാര്‍പാടം കണ്ടയ്‌നറും ടെര്‍മിനലും ചേര്‍ത്തല അരൂര്‍ വരെ എത്തിനില്‍ക്കുന്ന ദേശീയ നാലുവരി പാതയും. സ്‌പീഡ്‌ പ്രോഗ്രാം എന്ന ജനസമ്പര്‍ക്ക പരിപാടിയിലൂടെ ജനങ്ങളെ മുഖാമുഖം കണ്ടുകൊണ്ട്‌ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുന്ന ജനസമ്പര്‍ക്ക പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചു. തനിക്കു ശേഷം കടന്നുവന്ന ഭരണാധികാരികള്‍ക്ക്‌ മാര്‍ഗദീപമാകുവാന്‍ അദ്ദേഹത്തിന്റെ സംഘടനാ മികവിന്‌ കഴിഞ്ഞു - രമേശ്‌ ചെന്നിത്തല പറഞ്ഞു.

വിമര്‍ശനങ്ങളെ എന്നും ചെറുപുഞ്ചിരിയോടെ പതറാതെ നേരിട്ട ലീഡര്‍ കെ. കരുണാകരന്‍ നക്‌സല്‍ പ്രസ്‌ഥാനങ്ങളെ വളരാതെ അടിച്ചമര്‍ത്തി കേരളത്തിന്റെ സമാധാന അന്തരീക്ഷം സംരക്ഷിച്ച ഭരണാധികാരിയായിരുന്നു എന്ന്‌ അനുസ്‌മരണ സന്ദേശത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും ഒഐസിസിയുടെ ചുമതലയുമുള്ള കെ.സി. രാജന്‍ പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ മാന്നാര്‍ അബ്‌ദുല്‍ ലത്തീഫ്‌, അജയ്‌ തറയില്‍, ജോസഫ്‌ വാഴയ്‌ക്കന്‍ എംഎല്‍എ, കെ.പി. ധനപാലന്‍ എംപി, മാവേലിക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. കെ.ആര്‍. മുരളീധരന്‍ എന്നിവരും ലീഡറെ അനുസ്‌മരിച്ചു.

തുടര്‍ന്നു നടന്ന യോഗത്തില്‍ ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ എം.എ. ഷുക്കൂര്‍, കോണ്‍ഗ്രസ്‌ നേതാവും ഒഐസിസി യുകെ രക്ഷാധികാരിയും കെപിസിസി അംഗവുമായ അഡ്വ. എം.കെ. ജിനദേവ്‌, എം.എം. നസീര്‍, എം.ജെ. ജോബ്‌, അഡ്വ. പ്രവീണ്‍കുമാര്‍, ജി. സതികുമാര്‍, ജോസി സെബാസ്‌റ്റിയന്‍ എന്നിവര്‍ അനുസ്‌മരണ സന്ദേശങ്ങള്‍ നല്‍കി.

ഒഐസിസി മാഞ്ചസ്‌റ്റര്‍ നോര്‍ത്ത്‌ വെസ്‌റ്റ്‌ റീജന്‍ പ്രസിഡന്റ്‌ ബെന്നിച്ചന്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഒഐസിസിയുടെ ദേശീയ പ്രസിഡന്റ്‌ വിനോദ്‌ ചന്ദ്രന്‍, ദേശീയ ജനറല്‍ സെക്രട്ടറി ലക്‌സണ്‍ കല്ലുമാടിക്കല്‍, മാഞ്ചസ്‌റ്റര്‍ റീജന്‍ ജനറല്‍ സെക്രട്ടറി സൈലസ്‌ ഏബ്രഹാം, കെഎസ്‌യു വയനാട്‌ മുന്‍ ജില്ലാ സെക്രട്ടറി ബിജു ജോര്‍ജ്‌ എന്നിവര്‍ അനുസ്‌മരണ പ്രഭാഷണം നടത്തി. യോഗത്തില്‍ റീജന്‍ ജനറല്‍ സെക്രട്ടറി സൈലസ്‌ ഏബ്രഹാം സ്വാഗതവും ട്രഷറര്‍ ജോയി കുര്യാക്കോസ്‌ കൃതജ്‌ഞതയും പറഞ്ഞു.
ഒഐസിസി യുകെ കെ. കരുണാകരന്‍ അനുസ്‌മരണം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക