Image

സൗദി ബജറ്റിന്‌ മന്ത്രിസഭ അംഗീകാരം നല്‍കി

Published on 27 December, 2011
സൗദി ബജറ്റിന്‌ മന്ത്രിസഭ അംഗീകാരം നല്‍കി
റിയാദ്‌: സൗദി അറേബ്യയുടെ ചരിത്രത്തിലെ ഭീമന്‍ ബജറ്റിന്‌ മന്ത്രിസഭ അംഗീകാരം നല്‍കി. അബ്ദുല്ല രാജാവിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍ യമാമ പാലസില്‍ ചേര്‍ന്ന മന്ത്രിസഭയാണ്‌ ധനമന്ത്രി ഡോ. ഇബ്രാഹീം അല്‍ അസ്സാഫ്‌ അവതരിപ്പിച്ച ബജറ്റിന്‌ അംഗീകാരം നല്‍കിയത്‌.

നടപ്പുവര്‍ഷത്തെ ബജിറ്റിനേക്കാള്‍ 162 ബില്യന്‍ റിയാല്‍ വരവും 110 ബില്യന്‍ റിയാല്‍ ചെലവും കൂടുതല്‍ പ്രതീക്ഷിക്കുന്നതാണ്‌ 2012ലേക്കുള്ള ബജറ്റ്‌. 12 ബില്യന്‍ റിയാലാണ്‌ മിച്ചം പ്രതീക്ഷിക്കുന്നത്‌.

രാജ്യത്ത്‌ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വികസന പദ്ധതികള്‍ക്കാണ്‌ ബജറ്റില്‍ ഏറ്റവും കൂടുതല്‍ സംഖ്യ വകയിരുത്തിയിരിക്കുന്നത്‌. വികസന പദ്ധതികള്‍ക്ക്‌ 265 ബില്യന്‍ റിയാല്‍ നീക്കിവെച്ച ബജറ്റിലിലെ സംഖ്യ ഉപയോഗിച്ച്‌ ഭീമന്‍ പദ്ധതികള്‍ താമസം കൂടാതെ നടപ്പാക്കാന്‍ അബ്ദുല്ല രാജാവ്‌ നിര്‍ദേശിച്ചിട്ടുണ്ട്‌. നടപ്പു വര്‍ഷത്തില്‍ 256 ബില്യനുണ്ടായിരുന്ന വികസന പദ്ധതികളുടെ വിഹിതം 265 ബില്യനായി ഉയര്‍ത്തിയതോടെ ഏറ്റവും കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന നിര്‍മാണ മേഖലയില്‍ തൊഴിലവസരങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കും.

168 ബില്യന്‍ വകയിരുത്തിയ വിദ്യാഭ്യാസത്തിനാണ്‌ ബജറ്റില്‍ രണ്ടാമത്തെ പരിഗണന നല്‍കിരിക്കുന്നത്‌. 2011ലേതിനേക്കാള്‍ 18 ബില്യന്‍ റിയാല്‍ ഈ ഇനത്തില്‍ കൂടുതല്‍ ചെലവഴിക്കും. 700 സ്‌കൂളുകള്‍ ബജറ്റ്‌ വര്‍ഷത്തില്‍ പുതുതായി നിര്‍മിക്കും. ആരോഗ്യ മേഖലക്ക്‌ 87ബില്യന്‍, തദ്ദേശ ഭരണ സേവന മേഖലക്ക്‌ 29 ബില്യന്‍, ഗതാഗതവാര്‍ത്താവിനിമയ രംഗത്തെ പദ്ധതികള്‍ക്ക്‌ 35 ബില്യന്‍, കാര്‍ഷികവ്യവസായജല മേഖലക്ക്‌ 58 ബില്യന്‍ എന്നിവയാണ്‌ ബജറ്റിലെ മറ്റു സുപ്രധാന നിര്‍ദേശങ്ങള്‍.

ആരോഗ്യ മേഖലയില്‍ വകയിരുത്തിയ സംഖ്യ ഉപയോഗിച്ച്‌ വരും വര്‍ഷത്തില്‍ 17പുതിയ ആശുപത്രികള്‍ നിര്‍മിക്കും. ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സിന്‌ 20.4 ബില്യന്‍, ഉപ്പുജല ശുദ്ധീകരണത്തിന്‌ 15.4 ബില്യന്‍, റെയില്‍വേക്ക്‌ 1.7 ബില്യന്‍, ജുബൈല്‍യാമ്പു റോയല്‍ കമ്മീഷന്‌ എട്ട്‌ ബില്യന്‍, സൗദി അറേബ്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌ ഓര്‍ഗനൈസേഷന്‌ (സാസോ) 183 ദശലക്ഷം, സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്‍റ്‌ അതോറിറ്റിക്ക്‌ (സാഗിയ) 154 ദശലക്ഷം റിയാല്‍ തുടങ്ങിയവയാണ്‌ ബജറ്റില്‍ വകയിരുത്തിയ പ്രധാനപ്പെട്ട മറ്റിനങ്ങള്‍.

540 ബില്യന്‍ റിയാല്‍ വരവ്‌ പ്രതീക്ഷിച്ചിരുന്ന നടപ്പ്‌ ബജറ്റ്‌ അവസാനിക്കുമ്പോള്‍ യഥാര്‍ഥ വരവ്‌ 1,110 ബില്യനില്‍ എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. കഴിഞ്ഞ ഡിസംബറില്‍ മന്ത്രിസഭ അംഗീകരിച്ച ബജറ്റില്‍ പ്രതീക്ഷിച്ചിതിനേക്കാള്‍ 106 ശതമാനം വരവുണ്ടാക്കിയതിന്‍െറ 93ശതമാനം പങ്കും പെട്രോള്‍ ഉല്‍പന്നങ്ങള്‍ക്കാണ്‌. നടപ്പ്‌ ബജറ്റ്‌ അവസാനിക്കുമ്പോള്‍ ചെലവിനത്തില്‍ പ്രതീക്ഷിച്ച 580 ബില്യന്‍ 39 ശതമാനം വര്‍ധനവില്‍ 804 ബില്യനായി ഉയരുമെന്നം പ്രതീക്ഷിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക