Image

വോക്കിംഗില്‍ മതമൈത്രിയുടെ പ്രതീകമായി മാറിയ ക്രിസ്‌മസ്‌ പുതുവത്സരാഘോഷം

ടോമിച്ചന്‍ കൊഴുവനാല്‍ Published on 28 December, 2011
വോക്കിംഗില്‍ മതമൈത്രിയുടെ പ്രതീകമായി മാറിയ ക്രിസ്‌മസ്‌ പുതുവത്സരാഘോഷം
വോക്കിംഗ്‌: ആഘോഷ പുല്‍ക്കൂടൊരുക്കി, മത മൈത്രിയുടെയും സമഭാവനയുടെയും പ്രതീകമായി നടന്ന ക്രിസ്‌മസ്‌ ദിനാഘോഷം വോക്കിംഗ്‌ മലയാളി അസോസിയേഷന്‍നെ സംബന്ധിച്ചിടത്തോളം അഭിമാനകരമായി മാറി.

അടല്‍സ്‌റ്റോണ്‍ കമ്യുണിറ്റി സെന്ററില്‍ നടന്ന ആഘോഷ പരിപാടി സീറോ മലബാര്‍ ലണ്‌ടന്‍ സൗത്ത്‌വാര്‍ക്ക്‌ രൂപത ചാപ്ലെയിന്‍ ഫാ. ബിജു കോച്ചേരിനാല്‍പ്പതില്‍ നല്‍കിയ ക്രിസ്‌മസ്‌ സന്ദേശത്തോടെയാണ്‌ ആരംഭിച്ചു. ജാതിമത ഭേദമെന്യേ എല്ലാ മത വിഭാഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്‌ട്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ സന്തോഷ്‌ കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഏഷ്യാനെറ്റ്‌ യൂറോപ്പ്‌ ഡയറക്ടര്‍ എസ്‌. ശ്രീകുമാര്‍ ക്രിസ്‌മസ്‌ ആഘോഷങ്ങളുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ വോക്കിംഗ്‌ മലയാളി അസോസിയേഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയും യുക്‌മയുമായി സഹകരിച്ച്‌ വോക്കിംഗില്‍ ഏഷ്യാനെറ്റ്‌ സാന്റാ യാത്രക്ക്‌ നല്‍കിയ സ്വീകരണത്തെയും ശ്രീകുമാര്‍ പ്രത്യേകം അഭിനന്ദിച്ചു.

2010-11 വര്‍ഷം മാത്രം ഇരുപതിലധികം പ്രോഗ്രാമുകള്‍ നടത്തി യുകെയിലെ മികച്ച അസോസിയേഷനുകളിലോന്നായി വോക്കിംഗ്‌ മലയാളി അസോസിയേഷന്‍ മാറിയെന്നും, അടുത്ത വര്‍ഷവും ഇതിലും മികച്ച രീതിയില്‍

നിലവാരമുള്ള നിരവധി പ്രോഗ്രാമുകള്‍ ആസുത്രണം ചെയ്‌തു നടത്തുമെന്നും പ്രസിഡന്റ്‌ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

യുക്‌മ പ്രസിഡന്റ്‌ വര്‍ഗീസ്‌ ജോണ്‍ ക്രിസ്‌മസ്‌ കേക്ക്‌ മുറിക്കുകയും യുക്‌മയുടെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുത്തു കൊണ്‌ടിരിക്കുന്ന വോക്കിംഗ്‌ മലയാളി അസോസിയേഷനു എല്ലാവിധ ഭാവുകങ്ങളും നേര്‍ന്ന്‌ ആശംസ നടത്തി.

യുക്‌മ ദേശീയ സെക്രട്ടറി എബ്രഹാം ലുക്കോസ്‌ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ക്ക്‌ ആശംസ അറിയിക്കുകയും യുക്‌മയുടെ ക്രയിസിസ്‌ ഫണ്‌ടിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചു വിശദമായി സംസാരിക്കുകയും ചെയ്‌തു. ക്രയിസിസ്‌ ഫണ്‌ടില്‍ വോക്കിംഗ്‌ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ ചേരുന്നതിന്റെ ഔപചാരിക ഉദ്‌ഘാടനകര്‍മ്മം സി.എ. ജോസഫില്‍ നിന്ന്‌ അംഗത്വ അപേക്ഷ സ്വീകരിച്ചുകൊണ്‌ട്‌ യുക്‌മ പ്രസിഡന്റ്‌ വര്‍ഗീസ്‌ ജോണ്‍ നിര്‍വഹിച്ചു. അസോസിയേഷന്‍ സെക്രട്ടറി ആല്‍ബിന്‍ ഏബ്രഹാം സ്വാഗതവും ട്രഷറര്‍ അജിത നമ്പിയാര്‍ നന്ദിയും പറഞ്ഞു.

വ്യത്യസ്‌തയര്‍ന്ന കലാപരിപാടികളും, മികവാര്‍ന്ന അവതരണ ശൈലിയും ആഘോഷപരിപാടികള്‍ക്ക്‌ നിറം പകര്‍ന്നു. അസോസിയേഷന്‍ അംഗങ്ങളുടെ കുട്ടികള്‍ അവതരിപ്പിച്ച അവതരണ ഗാനം, സ്‌കിറ്റ്‌, സിനിമാറ്റിക്‌ ഡാന്‍സുകള്‍, സംഗീതം മറ്റു കലാ പ്രകടനങ്ങള്‍, മോളി ക്ലീറ്റസ്‌ അവതരിപ്പിച്ച ഡാന്‍സ്‌ എന്നിവ ഉന്നത നിലവാരം പുലര്‍ത്തി. ക്രിസ്‌മസ്‌പാപ്പയോടൊപ്പം അജുവും കുട്ടികളും അവതരിപ്പിച്ച പാപ്പാ വിശേഷങ്ങള്‍ എന്ന പ്രതേക പരിപാടിയും,യുകെയിലെ അറിയപെടുന്ന നര്‍ത്തകി ആതിര ജീവന്‍ അവതരിപ്പിച്ച മോഹിനിയാട്ടവും, പ്രശസ്‌ത പുല്ലാങ്കുഴല്‍ വിദഗ്‌ധന്‍ പ്ലാറ്റോയുടെ പുല്ലാങ്കുഴല്‍ സംഗീതവും വോക്കിംഗിലെ മലയാളികള്‍ക്ക്‌ പുതുമയാര്‍ന്ന കലാപരിപടികളായി മാറി. അഞ്ചു വയസിനു മുകളിലുള്ള 164 പേരും, കുട്ടികളും ഉള്‍പ്പടെ ഇരുന്നൂറിലധികം മലയാളികള്‍ പങ്കെടുത്ത ക്രിസ്‌മസ്‌ ആഘോഷ പരിപാടിക്ക്‌

നേത്രുത്വം കൊടുക്കാനായി അസോസിയേഷന്‍ പ്രസിഡന്റും, സെക്രട്ടറിയും, യുക്‌മ പ്രസിഡന്റും ഉള്‍പ്പെടുന്ന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയുടെയും, അംഗങ്ങളുടെയും കൂട്ടായ പരിശ്രമമാണ്‌ ഈ വിജയത്തിന്‌ പിന്നിലെന്ന്‌ ട്രഷറര്‍ അജിത നമ്പിയാര്‍ തന്റ നന്ദി പ്രസംഗത്തില്‍ പറഞ്ഞു. യുക്‌മ കലാമേളയില്‍ വിജയികളായവര്‍ക്ക്‌ എസ്‌. ശ്രീകുമാറും, എബ്രഹാം ലൂക്കോസും പ്രത്യേക സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.

റാഫിള്‍ നറുക്കെടുപ്പില്‍ ഒന്നാം സ്ഥാനം ലഭിച്ച ഹസ്‌ന ഷാഹൂല്‍ലിന്‌ മെറ്റ്‌ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കണ്‍സള്‍ട്ടന്റ്‌ ജോസഫ്‌ സി. എബ്രഹാം സ്‌പോണ്‍സര്‍ ചെയ്‌ത ഒന്നാം സമ്മാനം വൈസ്‌ പ്രസിഡന്റ്‌ ഫെലിക്‌സ്‌ ജോസഫും, ബോള്‍ പാസ്‌ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ഡോളി ജെയിന്‍, രണ്‌ടാം സ്ഥാനം കരസ്ഥമാക്കിയ ജെസി ജോസ്‌ എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ ഏഷ്യാനെറ്റ്‌ ഡയറക്ടര്‍ ശ്രീകുമാറും വിതരണം ചെയ്‌തു.

ആഘോഷ പരിപാടിയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും എക്‌സിക്യൂട്ടീവ്‌ കമ്മറ്റി അംഗങ്ങള്‍ ക്രിസ്‌മസ്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. അസോസിയേഷന്‍ നടത്തുന്ന ഡാന്‍സ്‌ ക്ലാസുകളിലെ നൃത്ത അധ്യാപകരായ കലാഭവന്‍ നയിസ്‌,അജിത നമ്പിയാര്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. രണ്‌ടു മുതല്‍ എട്ടു വരെ പ്ലാന്‍ ചെയ്‌തു നടത്തിയ പ്രോഗ്രാം രാത്രി 9.30ഓടെ അവസാനിച്ചു. വിഭവ സമൃദ്ധമായ സ്‌നേഹ വിരുന്നും യുകെയിലെ സ്‌റ്റേജ്‌ ഷോ ടീം ആയ രാഗ ഹൈവേകൊമ്പ്‌ അവതരിപ്പിച്ച ഗാനമേളയും, സ്‌കിറ്റും ആഘോഷ പരിപാടിയിലെ ഏറ്റവും ആകര്‍ഷണീയമായിരുന്നു.

ബോബി ജോണ്‍ന്റെയും, ആശയുടെയും നേതൃത്വത്തില്‍ ഒരു പറ്റം കലാ പ്രതിഭകള്‍ സദസിനെയെല്ലാം ഒരേപോലെ തുള്ളിച്ചുകൊണ്‌ട്‌ നടത്തിയ ഗാനമേളയും, ഹാസ്യം നിറഞ്ഞു തുളുമ്പിയ സ്‌കിറ്റും പ്രൊഫഷണല്‍ ടീമുകളെ വെല്ലുന്ന തരത്തിലുള്ള അതിഗംഭീര പ്രകടനങ്ങളായിരുന്നു.
വോക്കിംഗില്‍ മതമൈത്രിയുടെ പ്രതീകമായി മാറിയ ക്രിസ്‌മസ്‌ പുതുവത്സരാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക