Image

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണത്തിന് സാദ്ധ്യത ഉണ്ടോ? പ്രസക്തി ഉണ്ടോ? ഫലം ഉണ്ടോ? (ഡല്‍ഹികത്ത്: പി.വി. തോമസ്)

പി.വി. തോമസ് Published on 25 March, 2015
  കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണത്തിന് സാദ്ധ്യത ഉണ്ടോ? പ്രസക്തി ഉണ്ടോ? ഫലം ഉണ്ടോ? (ഡല്‍ഹികത്ത്: പി.വി. തോമസ്)
ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും ഇടതുപക്ഷം അഥവാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തുടച്ച് മാറ്റപ്പെടുകയാണോ?
തലക്കെട്ടില്‍ ചോദിച്ചതു പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനര്‍ ഏകീകരണത്തിന് സാധ്യത ഉണ്ടോ? പ്രസക്തി ഉണ്ടോ? അല്ലെങ്കില്‍ അത് കൊണ്ട് എന്തെങ്കിലും ഫലമുണ്ടോ? മറ്റൊരു രീതിയില്‍ ചോദിച്ചാല്‍ ഇന്ത്യയില്‍ ഇനി ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് എന്തെങ്കിലും പ്രസക്തി ഉണ്ടോ? കമ്മ്യൂണിസ്റ്റ് ഏകീകരണം നടന്നാല്‍ അത് കോണ്‍ഗ്രസ്-ബി.ജെ.പി. ആപ്പ്- പ്രാദേശിക മേധാവിത്വമുള്ള ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റിമറിക്കുമോ?
ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ കാരണം 2012 ല്‍ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗമായ സീതാ റാം യെച്ചൂരിയും 2013 ല്‍ മുതിര്‍ന്ന സി.പി.എം. നേതാവായ എം.എ. ബേബിയും ഇപ്പോള്‍ സി.പി.ഐ. ദേശീയ ജനറല്‍ സെക്രട്ടറി ആയ സുധാകര്‍ റെഡ്ഡിയും പുനര്‍ ഏകീകരണം എന്ന വിഷയം ഉന്നയിച്ച സാഹചര്യത്തിലാണ്. ഇതേ ചോദ്യം ഇതിന് മുമ്പും പല അവസരങ്ങളിലും ഉയര്‍ന്ന് വന്നിട്ടുണ്ട്. പക്ഷെ അപ്പോഴെല്ലാം സി.പി.എം. പോളിറ്റ് ബ്യൂറോ അതിനെതിരെ കടുത്ത നിലപാടാണ് എടുത്തിട്ടുള്ളത്.
ഇപ്പോള്‍ വീണ്ടും ഈ ചോദ്യം അതായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനര്‍ ഏകീകരണം ആവര്‍ത്തിക്കപ്പെടുകയാണ്. ഇതിന് പ്രത്യേക ഒരു കാരണവും ഉണ്ട്. ഏപ്രില്‍ മാസത്തില്‍ സി.പി.എമ്മിന്റേയും സി.പി.ഐ.യുടേയും മൂന്ന് വര്‍ഷത്തില്‍ ഒരിക്കലുള്ള രാഷ്ട്രീയ മാമാങ്കമായ പാര്‍ട്ടി കോണ്‍ഗ്രസ് വിശാഖപട്ടണത്തും പോണ്ടിച്ചേരിയിലും നടക്കുകയാണ്. ഈ പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനര്‍ ഏകീകരണവും പരസ്പര സഹകരണവും നയപരിപാടികളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാവിയും ചര്‍ച്ച ചെയ്യപ്പെടുവാന്‍ പോവുകയാണ്.
എന്തുകൊണ്ടാണ് കമ്മ്യൂണിസറ്റ് പ്രസ്ഥാനത്തിന് ഇപ്പോഴത്തെ ഈ അപജയങ്ങള്‍ സംഭവിച്ചത്? 1952 ല്‍ ഇന്ത്യയിലെ ആദ്യത്തെ പാര്‍ലമെന്റില്‍, അതായത്/ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രി ആയിരുന്ന സമയത്ത് ലോകസഭയിലെ പ്രധാന പ്രതിപക്ഷമായിരുന്നു അവിഭക്ത സി.പി.ഐ. നേതാവ് എ.കെ.ജി.യും. സീറ്റ് നാല്പതിലേറെ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വതന്ത്രാനന്തര ഇന്ത്യയില്‍ വലിയ ഒരു രാഷ്ട്രീയ ശക്തി ആയിരുന്നു. സ്വതന്ത്ര്യ സമരത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിര്‍ണായകമായ ഒരു പങ്ക് വഹിച്ചിരുന്നു. ഉത്തര്‍പ്രദേശിലും ബീഹാറിലും പഞ്ചാബിലും ബംഗാളിലും ആന്ധ്രാപ്രദേശിലും കേരളത്തിലും തമിഴ്‌നാട്ടിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വലിയ സ്വാധീനം ഉണ്ടായിരുന്നു.
പക്ഷെ എന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇതുപോലെയുള്ള തകര്‍ച്ചയെ നേരിടുന്നത്? അമ്പത്തിയൊന്നു വര്‍ഷം മുമ്പ് നടന്ന അതായത് 1964 ല്‍, ആ പിളര്‍പ്പ് കൊണ്ടാണോ? അതോ യൂറോപ്യന്‍ രാഷ്ട്രീയ സാഹചര്യത്തിലെ വര്‍ഗ്ഗ വ്യത്യാസത്തെ മാത്രം ഉള്‍ക്കൊണ്ടുകൊണ്ട് ഇന്ത്യയിലെ ജാതി രാഷ്ട്രീയത്തെ അവഗണിച്ചതുകൊണ്ടാണോ? അതോ നേതൃത്വത്തിന്റെ പരാജയമാണോ? ഇത് മാര്‍ച്ച് 22ന് നടന്ന പോളിറ്റ് ബ്യൂറോ അംഗീകരിക്കുക ഉണ്ടായി. പ്രാദേശിക പാര്‍ട്ടികളുടെ ആവിര്‍ഭാവം തീര്‍ച്ചയായിട്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ യു.പി.യിലും ബീഹാറിലും പഞ്ചാബിലും ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും ബംഗാളില്‍ വരെയും ബാധിച്ചു. ആപ്പിന്റെ ഡല്‍ഹിയിലെ അവതരണവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോടുള്ള വലിയൊരു ചോദ്യമാണ്. ആശയത്തിന്റെയും പ്രസ്ഥാനത്തിന്റെയും നേതൃത്വത്തിന്റെയും ജീര്‍ണതയും മാറുന്ന രാഷ്്ട്രീയ സാഹചര്യത്തിനൊപ്പം അഴിച്ചു പണികള്‍ നടത്താതെ കടുംപിടുത്തം പിടിച്ചതും കമ്മ്യൂണിസത്തെ ഇന്ത്യയില്‍ ദുര്‍ബലമാക്കി. 1952 ലെ പ്രധാന പ്രതിപക്ഷം എന്ന കഥ പോട്ടെ. അതിനു ശേഷവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകവും സ്തുത്യര്‍ഹവുമായ പങ്ക് വഹിച്ചിട്ടുണ്ട്. ബോഫേഴ്‌സ് പീരങ്കി കോഴ കേസിലും ബാബറി മസ്ജിദ് തകര്‍ന്ന് വീണപ്പോഴും ജനവിരുദ്ധമായ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടപ്പോഴും മുഴങ്ങി കേട്ട ശബ്ദം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടേതായിരുന്നു. പാര്‍ലമെന്റിനകത്തും പുറത്തും ഒട്ടേറെ ജനകീയ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുവാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. ഇന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കപ്പെടുമ്പോഴും കര്‍ഷക വിരോധിയായ ഭൂമി ഏറ്റെടുക്കല്‍ നിയമം കൊണ്ടുവരപ്പെടുമ്പോഴും നിസ്സഹായമായ ഒരു നോക്കുകുത്തി ആയി നില്‍ക്കുവാനേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സാധിക്കുന്നു എന്നുള്ളത് തികച്ചും പരിതാപകരമാണ്. 1996-ല്‍ അറുപതില്‍ പരം അംഗങ്ങളോടെ കേന്ദ്ര കൂട്ടുകക്ഷി ഗവണ്‍മെന്റിന്റെ ചുക്കാന്‍ പിടിച്ചതാണ് സി.പി.എമ്മും സി.പി.ഐ.യും ഉള്‍പ്പെടുന്ന ഇടതുപക്ഷ സഖ്യം. ഇന്ന് സി.പി.എമ്മിന് ലോകസഭയിലുള്ള അംഗസംഖ്യ വെറും ഒമ്പത് മാത്രമാണ്. അതായത് ഒറ്റ അക്കസംഖ്യ, രണ്ട് സി.പി.എം. സ്വതന്ത്രര്‍, സിനിമാ നടന്‍ ഇന്നസെന്റ് ഉള്‍പ്പെടെ ജയിച്ചിട്ടുണ്ടെന്നുള്ളത് വസ്തുതയാണ്. സി.പി.ഐക്കാകട്ടെ ഒരേ ഒരംഗം മാത്രമാണുള്ളത്. മുപ്പത്തിനാലു വര്‍ഷം തുടര്‍ച്ചയായി പശ്ചിമബംഗാള്‍ ഭരിച്ച സി.പി.എമ്മിന് രണ്ടേ രണ്ട് അംഗങ്ങളെ മാത്രമാണ് 2014 ലെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുവാന്‍ സാധിച്ചത്. ബംഗാളില്‍ അധികാരം നഷ്ടപ്പെട്ടു എന്നത് മാത്രമല്ല അവിടെ പാര്‍ട്ടി മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെടുന്നു എന്നതാണ് ദയനീയ സത്യം. സി.പി.എമ്മിനെ തള്ളി തൃണമൂല്‍/ കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നു. ഇപ്പോള്‍ ബി.ജെ.പി. സി.പി.എമ്മിനെ തള്ളി രണ്ടാം സ്ഥാനത്തേയ്ക്ക് വരുവാനുള്ള പടയൊരുക്കമാണ്. എന്താണ് സംഭവിക്കുന്നത്? ബംഗാളിലും ഇന്ത്യമൊത്തത്തിലും ഇടതുപക്ഷത്തില്‍ പ്രത്യേകിച്ചും ഓര്‍മ്മിക്കണം 1996ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി പദം സി.പി.എം. നെ തേടി എത്തിയതാണ്. മുന്‍പ്രധാനമന്ത്രി വി.പി.സിങ്ങിന്റെ നിര്‍ദ്ദേശപ്രകാരം അന്നത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ആയിരുന്ന ജ്യോതി ബാസുവിനെ പ്രധാനമന്ത്രി ആക്കുവാന്‍ ഭരണസഖ്യം തീരുമാനിച്ചതാണ്. പക്ഷെ സി.പി.എം.ന്റെ കേന്ദ്ര കമ്മറ്റിയും പോളിറ്റ് ബ്യൂറോയും ഭൂരിപക്ഷ അഭിപ്രായപ്രകാരം ആ അസുലഭ അവസരത്തെ തള്ളിക്കളഞ്ഞു. അന്നത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ആയിരുന്ന ജ്യോതി ബാസുവിനെ പ്രധാ്‌നമന്ത്രി ആക്കുവാന്‍ ഭരണസഖ്യം തീരുമാനിച്ചതാണ്. പക്ഷെ സി.പി.എം.ന്റെ കേന്ദ്ര കമ്മറ്റിയും പോളിറ്റ് ബ്യൂറോയും ഭൂരിപക്ഷ അഭിപ്രായപ്രകാരം ആ അസുലഭ അവസരത്തെ തള്ളിക്കളഞ്ഞു. സി.പി.എം ന് ഭൂരിപക്ഷം ഇല്ലാത്ത ഒരു സംവിധാനത്തില്‍ ഒരു സി.പി.എം. നേതാവ് പ്രധാനമന്ത്രി ആവുന്നത് സ്വീകാര്യമല്ലെന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട് ഇതിനെ ചരിത്രപരമായ മണ്ടത്തരം എന്നാണ് ജ്യോതി ബാസുപോലും വിശേഷിപ്പിച്ചത്. മിക്ക രാഷ്ട്രീയ നിരീക്ഷകര്‍ക്കും ഇതേ അഭിപ്രായം തന്നെയാണ് ഉണ്ടായിരുന്നത്. 1957-ല്‍ ലോകത്തില്‍ ആദ്യമായി ബാലറ്റ് പെട്ടിയിലൂടെ അധികാരത്തില്‍ വന്ന (കേരളം 7 -ഇ.എം.എസ്. നമ്പൂതിരിപ്പാട് ഗവണ്‍മെന്റ്) സി.പി.എംന് ആ സുവര്‍ണ്ണദശ ഇനി ഉണ്ടാകുമോ? കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണത്തിലൂടെ അത് സാധ്യമാണോ? അല്ലെങ്കില്‍ അങ്ങനെയൊരു പുനര്‍ ഏകീകരണത്തിന് സാധ്യതയുണ്ടോ? പരിശോധിക്കാം.
2012-ലെ സി.പി.എം. സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസുകളിലും പുനര്‍ ഏകീകരണം/ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുമെന്ന് കരുതിയിരുന്നതാണ്. പക്ഷെ അങ്ങനെയൊരു വിഷയം അജണ്ടയില്‍ പോലുമില്ലായിരുന്നു. തിരുവനന്തപുരം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ തീരുമാനിച്ചത് പോലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സഹകരണമാണ് പ്രായോഗികത എന്നായിരുന്നു പൊതുവെ ഉള്ള അഭിപ്രായം. ലയനം തത്വാധിഷ്ഠിതമായിട്ട് മാത്രമേ സാധിക്കുകയുള്ളൂ.  അരനൂറ്റാണ്ടിലേറെയുള്ള വേര്‍പിരിയല്‍ ഒട്ടേറെ ആദര്‍ശപരവും സമീപനപരവുമായിട്ടുള്ള വിടവുകള്‍ സൂക്ഷിച്ചിട്ടുണ്ട്. ഒരു ലയനം ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പുനരുത്ഥാനത്തിന് വഴിതെളിക്കുമോ? അതോ അത് കൂടുതല്‍ അന്തശ്ചിദ്രത്തിലേയ്ക്ക് നയിക്കുമോ? 1921 ല്‍(താഷ്‌ക്കെന്റിലും) 1923 ല്‍ (കാണ്‍പൂരിലുമായി ജ•ം കൊള്ളുകയും 1964-ല്‍ രണ്ടായി വിഭജിക്കപ്പെടുകയും 1967 ല്‍ വീണ്ടും വിഭജിക്കപ്പെടുകയും ചെയ്ത നക്‌സലൈറ്റ് പ്രസ്ഥാനം) പിന്നീട് ഒട്ടേറെ/ഉപ വിപ്ലവ സംഘടനകളായി ഛിന്നഭിന്നമായി പോവുകയും ചെയ്ത ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒരു ലയനത്തിന് ഇനി ബാല്യമുണ്ടോ? 1964ല്‍ വേര്‍പിരിയുമ്പോള്‍ സി.പി.എം.ന് സി.പി.ഐ. ഒരു റിവിഷനിസ്റ്റ് സംഘടന ആയിരുന്നു. 1967-ല്‍ നക്‌സലൈറ്റുകള്‍ക്ക് സി.പി.എം. നിയോ റിവിഷനിസ്റ്റ് സംഘടന ആയിരുന്നു. അമ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം  എന്താണ് ഒരു ലയനത്തിന്റെ പ്രസക്തിയും സാധ്യതയും സാധൂകരണവും?
സി.പി.എം. ന്റെ അഭിപ്രായപ്രകാരം സി.പി.ഐ. പ്രചരിപ്പിക്കുന്നതു പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ് സോവിയറ്റ് യൂണിയനോ ചൈനയോ ഇടപെട്ടതുമൂലമല്ല. മറിച്ച് അത് അവിഭക്ത സി.പി.ഐ.ല്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഒരു ദശകത്തിലേറെയായി നിലനിന്ന നിരന്തര ആശയദ്വന്ദയുദ്ധത്തിന്റെ ഫലമാണ്. വര്‍ഗസഹകരണം ഇതിലെ ഒരു പ്രധാന ഘടകം ആയിരുന്നു. ചുരുക്കി പറഞ്ഞാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു വിഭാഗം ഭരണകക്ഷിയായ കോണ്‍ഗ്രസ്സിനോടുള്ള നിലപാട് മാറ്റി കൂറ് പ്രഖ്യാപിച്ചു.
ഇതിന് കോണ്‍ഗ്രസ്സ്- നെഹ്‌റു അനുകൂലികളായ കമ്മ്യൂണിസ്റ്റുകാര്‍ ചൂണ്ടിക്കാട്ടിയത് നെഹ്‌റു സര്‍ക്കാരിന്റെ വിദേശ നയത്തില്‍ വന്ന മാറ്റമാണ്. അതായത് റഷ്യയെ അനുകൂലിച്ചുകൊണ്ടുള്ള നയം. ഇതോടൊപ്പം തന്നെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കരടു രേഖയേയും ഇവര്‍ പ്രകീര്‍ത്തിച്ചു. ഇതില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിനെ കുറിച്ചും ഭൂപരിഷ്‌കരണ നിയമങ്ങള്‍ കൊണ്ടുവരേണ്ടതിനെ കുറിച്ചും പറഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആവഡി കോണ്‍ഗ്രസ്സില്‍ നെഹ്‌റു ഒരു സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥിതിക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും രേഖപ്പെടുത്തുക ഉണ്ടായി. പിന്നീട് സി.പി.എം. ആയി മാറിയവര്‍ക്ക് ഈ സമീപനം ഒട്ടും സ്വീകാര്യമായിരുന്നില്ല. ചുരുക്കത്തില്‍ സി.പി.ഐല്‍ കുത്തുകക്കാരെയും സാമ്രാജ്യത്വത്തെയും ഫ്യൂഡലിസത്തേയും പിന്തുണയ്ക്കുന്നവരും അല്ലാത്തവരും തമ്മില്‍ സംഘടനമായി. ഇവര്‍ തമ്മില്‍ സ്റ്റേറ്റിന്റെ വര്‍ഗ്ഗ സ്വഭാവത്തെ ചൊല്ലിയും ഭിന്നത ഉണ്ടായി. ഇപ്പോഴത്തെ സി.പി.എം.ന്റെ അഭിപ്രായത്തില്‍ നെഹ്‌റു ഗവണ്‍മെന്റിന്റെ വര്‍ഗ്ഗ സ്വഭാവം ബൂര്‍ഷ്വാസി-ഭൂഉടമകളുടേതായിരുന്നു. തിരുത്തല്‍ വാദികളായ പി.സി. ജോഷിയും എസ്.എ.ഡാങ്കെയും വലതുപക്ഷ ശക്തികളെ അതായത് അന്നത്തെ. ജനസംഘവും ആര്‍.എസ്.എസും ഏറ്റവും വലിയ പ്രതിയോഗികളായി കണ്ടു. എതിര്‍കക്ഷി ആകട്ടെ കോണ്‍ഗ്രസ്സിനേയും നെഹ്‌റുവിന്റെ രാഷ്ട്രീയ നയത്തേയും മുഖ്യശത്രു ആയി കണ്ടു. സമരം മൂര്‍ച്ചിച്ചു.
1959 നവംബറില്‍ ഡാങ്കെ പാര്‍ട്ടിയുടെ നാഷ്ണല്‍ കൗണ്‍സിലില്‍ ഒരു നോട്ട് സമര്‍പ്പിച്ചു. നെഹ്‌റുവിന് പൂര്‍ണ്ണപിന്തുണ നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇതില്‍ വാദിച്ചു. വരും മാസങ്ങളിലും വിജയവാഡയില്‍ നടന്ന ആറാം പാര്‍ട്ടി കോണ്‍ഗ്രസ്സിലും ഒട്ടേറെ സംഘട്ടനങ്ങള്‍ ഉണ്ടായി. ഇവര്‍ പാര്‍ട്ടി പ്രോഗ്രാം, ആനുകാലിക രാഷ്ട്രീയ നയങ്ങള്‍, ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടുന്ന ആദര്‍ശപരമായ വെല്ലുവിളികള്‍ സംബന്ധിച്ചുള്ളവയായിരുന്നു. വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഇരു വിഭാഗങ്ങളും സോഷ്യലിസത്തേയും സാമ്രാജ്യത്വത്തേയും ചൊല്ലി കലഹിച്ചു. ഡാങ്കെയുടേയും ജോഷിയുടേയും ഒരു കരടു രേഖ കോണ്‍ഗ്രസിനെ ഒരു പുരോഗമന പാര്‍ട്ടിയായി ചിത്രീകരിച്ചത് പാര്‍ട്ടിയെ ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചു.
1962- ല്‍ ഇന്തോ-ചൈന യുദ്ധത്തെ തുടര്‍ന്ന് ഒട്ടേറെ കമ്മ്യൂണിസ്റ്റ് നേതാക്ക•ാരെ അറസ്റ്റ് ചെയ്തു. അവരെ ചൈനീസ് ചാര•ാരെന്നാണ് മുദ്രകുത്തിയത്. അപ്പോള്‍ ജോഷിയുടെയും ഡാങ്കെയുടെയും നേതൃത്വത്തിലുള്ള തിരുത്തല്‍വാദികള്‍ നെഹ്‌റു ഗവണ്‍മെന്റിനെ അനുകൂലിക്കുകയും തടവിലാക്കപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാക്ക•ാരെ തള്ളിപറയുകയും ചെയ്തതായി ആരോപണം ഉണ്ടായി. ഇതോടെ കമ്മ്യൂണിസ്റ്റ് വിരുദ്ധരായ ജനസംഘം ആര്‍.എസ്.എസും സ്വതന്ത്ര പാര്‍ട്ടിയും സി.പി.ഐ.യെ ആക്രമിക്കുവാനുള്ള പുതിയ പോര്‍മുഖം തുറന്നു.
സി.പി.എം. ന്റെ രേഖ പ്രകാരം 1963 ജൂണില്‍ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ തടവിലാക്കപ്പെട്ട നേതാക്ക•ാരെ മോചിപ്പിക്കുവാനായി പ്രക്ഷോപണം സംഘടിപ്പിച്ചപ്പോള്‍ ക്ഷുഭിതനായ ഡാങ്കെ അവരോട് ആക്രോശിച്ചത്രേ 'ഈ മഹാത്മാക്കള്‍ ജയിലില്‍ കിടന്നാല്‍ സ്വര്‍ഗ്ഗം ഇടിഞ്ഞു വീഴുകയില്ല.'വിമതന്‍മാരുടെ അഭിപ്രായത്തില്‍ (ഇപ്പോഴത്തെ സി.പി.എം.) തിരുത്തല്‍വാദികള്‍ മാര്‍ക്‌സിസ്റ്റ്- ലെനിനിസ്റ്റ് തിയറിയെ  ചവിട്ടി മെതിക്കുകയായിരുന്നു. സമരം രൂക്ഷമാവുകയായിരുന്നു പാര്‍ട്ടിയില്‍ രണ്ട് സമാന്തര പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ തിരുത്തല്‍ വാദികളും വിമത•ാരും സംഘടിപ്പിച്ചു. ഒരെണ്ണം 1964 ഒക്ടോബര്‍-നവംബറിലും രണ്ടാമത്തേത് 1964 ഡിസംബറിലും ആയിരുന്നു. ഈ സമാന്തര പാര്‍ട്ടി കോണ്‍ഗ്രസ്സുകളില്‍ തിരുത്തല്‍ വാദികളും വിമത•ാരും പരസ്പര വിരുദ്ധമായ രാഷ്ട്രീയ പ്രോഗ്രാമുകളും പ്രമേയങ്ങളും അവതരിപ്പിച്ചു. ഇതിലെല്ലാം ഭീകരമായ ഭിന്നത പ്രത്യക്ഷമായിരുന്നു. ഭരിക്കുന്ന ഗവണ്‍മെന്റിന്റേയും രാജ്യത്തിന്റേയും വര്‍ഗ്ഗ സ്വഭാവ പഠനവും ഗവണ്‍മെന്റിന്റെ ദേശ-വിദേശ നയങ്ങളും മുതലാളിത്ത വ്യവസ്ഥിതിയോടുള്ള സമീപനവും ദേശീയ ജനാധിപത്യവും പഠനവിഷയമായി. വര്‍ഗ്ഗ വൈരുധ്യ പഠനവും ഇന്ത്യന്‍ വിപ്ലവത്തോടുള്ള സമീപനവും ഇരു വിഭാഗങ്ങളും ചര്‍ച്ചാ വിഷയമാക്കി. ഭിന്നത രൂക്ഷമായി. ഇപ്പോഴത്തെ സി.പി.എം. ലുള്ളവരുടെ അഭിപ്രായത്തില്‍ സി.പി.ഐയിലെ ഔദ്യോഗിക പക്ഷം ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ നേതൃത്വം  അംഗീകരിക്കുകയും തൊഴിലാളി വര്‍ഗ്ഗത്തിന്റെ നേതൃത്വത്തെ നിരാകരിക്കുകയും ചെയ്തു. സി.പി. എമ്മിന്റെ അഭിപ്രായത്തില്‍ ഇതായിരുന്നു ഭിന്നതയുടെ മൂലകാരണം. സി.പി.എം. തൊഴിലാളി വര്‍ഗ്ഗത്തെ ഏറ്റവും പ്രധാനമായി തിരിച്ചറിഞ്ഞു. ഔദ്യോഗിക പക്ഷമാകട്ടെ വലതുപക്ഷ തീവ്രവാദത്തെ കോണ്‍ഗ്രസ്സിനേക്കാള്‍ അപകടകാരികളായി കണ്ടു. അതുപോലെ തന്നെ സി.പി.ഐ. കോണ്‍ഗ്രസ്സുമായും മറ്റ് പ്രാദേശിക കക്ഷികളുമായും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കൂട്ടു ചേര്‍ന്നതിനെ സി.പി.എം. അംഗീകരിക്കുന്നില്ല. അത് സി.പി.ഐ.യുടെ വര്‍ഗ്ഗ സഹകരണത്തിന്റെ മലീമസമായ വശമായി സി.പി.എം. വിശ്വസിക്കുന്നു. 1971- ല്‍ പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സി.പി.എം. ഏറ്റവും വലിയ ഒറ്റ പാര്‍ട്ടി ആയി വന്നിട്ടും സി.പി.ഐ.യുടെ പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടും അന്ന് അത് നല്‍കാതെ ജനവിധി സി.പി.എമ്മിന് എതിരാണെന്ന് പറഞ്ഞ് സി.പി.ഐ. ഒഴിഞ്ഞ് മാറിയത് സി.പി.എം മറക്കുന്നില്ല. സി.പി.ഐ. അടിയന്തരാവസ്ഥയെ പിന്തുണച്ചതും അടിയന്തരാവസ്ഥാ കാലത്ത് (1975-77) സി.പി.എം. നേതാക്കള്‍ ജയിലില്‍ അടയ്ക്കപ്പെട്ടപ്പോള്‍ ഇന്ദിരാഗാന്ധിക്കൊപ്പം നിന്നതും സി.പി.എം. മറക്കുന്നില്ല. ബൂര്‍ഷ്വാസി നാഷ്ണലിസവും പ്രോലിറ്റേറിയന്‍ ഇന്റര്‍നാഷണലിസവും രണ്ട് പാര്‍ട്ടികള്‍ക്കും യോജിക്കാനാവാത്ത രണ്ട് മേഖലകളാണ്.
ഇവിടെ ഇപ്പോള്‍ മനസ്സിലാക്കുന്ന ഒരു കാര്യം തലനാരിറ കീറിയുള്ള ആദര്‍ശ രാഷ്ട്രീയമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇപ്പോഴത്തെ ഇന്ത്യയിലെ പ്രശ്‌നം എന്നതാണ്. പ്രത്യുത അവരുടെ നിലനില്പിന്റെ പ്രശ്‌നമാണ് ഏറ്റവും പ്രധാനം. സ്ഥാപനത്തിന് 94 വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടിക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതിന്റെ പ്രസക്തി വീണ്ടെടുക്കേണ്ടിയിരിക്കുന്നു. പാര്‍ട്ടിയുടെ എതിര്‍പ്പിന്റെ അടയാള ചിഹ്നങ്ങളായ അനീതിയും അസമത്വവും അഴിമതിയും ചൂഷണവും ദാരിദ്ര്യവും വളരുന്നതല്ലാതെ കുറയുന്നില്ല. എന്നിട്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജനങ്ങളുടെ ഇടയില്‍ സ്വാധീനം ചെലുത്തുവാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിന്റെകാരണം   ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണ വിഷയമാണ്.


  കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണത്തിന് സാദ്ധ്യത ഉണ്ടോ? പ്രസക്തി ഉണ്ടോ? ഫലം ഉണ്ടോ? (ഡല്‍ഹികത്ത്: പി.വി. തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക