Image

ജനസമ്പര്‍ക്കത്തിലൊതുങ്ങരുത്‌ യുഡിഎഫ്‌ ഭരണം

ജി.കെ Published on 30 December, 2011
ജനസമ്പര്‍ക്കത്തിലൊതുങ്ങരുത്‌ യുഡിഎഫ്‌ ഭരണം
ഭരണത്തിലേറിയശേഷം യുഡിഎഫ്‌ സര്‍ക്കാര്‍ നടപ്പാക്കിയ ഏറ്റവും ജനപ്രിയ പരിപാടി എന്തെന്ന ചോദ്യത്തിന്‌ ഉത്തരം ലളിതമാണ്‌. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടിയുടെ ജനസമ്പര്‍ക്ക പരിപാടി തന്നെ. തുടര്‍ച്ചയായി മണിക്കൂറുകളോളം ജനങ്ങളുടെ പരാതി കേള്‍ക്കുകയും അവയില്‍ കഴിയുന്നതിനെല്ലാം അപ്പോള്‍ തന്നെ പരിഹാരം കാണാനുമുള്ള മുഖ്യമന്ത്രിയുടെ ഉദ്ദേശശുദ്ദിയെ ഒരിക്കലും ചോദ്യം ചെയ്യാനാവില്ല.

പത്തോളം ജില്ലാ ആസ്ഥാനങ്ങളില്‍ ഇതിനകം ജനങ്ങളില്‍ നിന്ന്‌ പരാതികള്‍ നേരിട്ട്‌ സ്വീകരിച്ച്‌ രണ്‌ടര ലക്ഷത്തോളം അപേക്ഷകളില്‍ മുഖ്യമന്ത്രി നേരിട്ട്‌ തീരുമാനമെടുത്തു കഴിഞ്ഞു. മണിക്കൂറുകളോളം ഒരേ സ്ഥലത്ത്‌ ആയിരങ്ങളുടെ ആവലാതികള്‍ക്ക്‌ ചെവികൊടുക്കാന്‍ കാണിക്കുന്ന സൗമനസ്യം തന്നെ അനേകം പേര്‍ക്ക്‌ ആശ്വാസം പകര്‍ന്നിട്ടുണ്‌ട്‌. ഉമ്മന്‍ചാണ്‌ടിയുടെ കഠിനാധ്വാനവും ക്ഷമയും പ്രകാശിതമാകുന്നുണ്‌ട്‌ ഇത്തരം പരിപാടികളില്‍. എന്നാല്‍ യുഡിഎഫ്‌ ഭരണം വെറും ജനസമ്പര്‍ക്കത്തില്‍ മാത്രമൊതുങ്ങുകയാണോ എന്നൊരും സംശയവും 2011 വിടവാങ്ങുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ ഉയരുന്നുണ്‌ട്‌.

കാരണം ഭരണത്തിന്റെ വ്യവസ്ഥാപിത സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമല്ലാതാവുമ്പോഴാണ്‌ ഭരണക്രമത്തില്‍ കാര്യക്ഷമതയില്ലായ്‌മയും അഴിമതിയും കടന്നുകൂടുന്നതും ജനസമ്പര്‍ക്ക പരിപാടികള്‍ പോലുള്ള മാമാങ്കങ്ങള്‍ അനിവാര്യമാകുന്നതും. അതുകൊണ്‌ടു തന്നെ ഭരണക്രമത്തിന്റെ പോരായ്‌മകള്‍ ഇല്ലാതാക്കി ഭരണയന്ത്രം മെച്ചപ്പെടുത്തലാണ്‌ സര്‍ക്കാറിന്റെ നായകനെന്ന നിലക്ക്‌ മുഖ്യമന്ത്രിയുടെ പ്രാഥമിക ഉത്തരവാദിത്തം. അഞ്ചു ലക്ഷത്തിലേറെ വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലൂടെയാണ്‌ ഭരണം ജനങ്ങളിലേക്കെത്തുന്നത്‌. സര്‍ക്കാര്‍ ഓഫിസുകള്‍ നിലനില്‍ക്കുന്നതു തന്നെ വ്യവസ്ഥാപിതമായി ജനങ്ങള്‍ക്ക്‌ സേവനം ലഭ്യമാക്കുന്നതിനുവേണ്‌ടിയാണ്‌. അത്‌ ലഭിക്കാത്ത അവസ്ഥയില്‍, കുറച്ചുപേര്‍ക്കെങ്കിലും കുറച്ചെങ്കിലും ആശ്വാസം കിട്ടിയാലാകട്ടെ എന്ന സമീപനത്തില്‍ സൗമനസ്യവും അനുകമ്പയുമുണ്‌ട്‌ എന്നാല്‍ ഭരണപാടവമില്ല.

റേഷന്‍ കാര്‍ഡിനും ക്ഷേമപെന്‍ഷനും എപിഎല്‍, ബിപിഎല്‍ മാറ്റം പോലുള്ളവക്കും ദുരിതാശ്വാസത്തിനുമൊക്കെയുള്ള അപേക്ഷകളില്‍ യഥാസമയം തീരുമാനമെടുത്ത്‌ സേവനം നല്‍കേണ്‌ട ചുമതല ഉദ്യോഗസ്ഥര്‍ക്കുണ്‌ട്‌. അതിന്‌ അവര്‍ക്ക്‌ ശമ്പളം കൊടുക്കുന്നുമുണ്‌ട്‌. എന്നാല്‍, അലസത കൊണ്‌ടും കൈക്കൂലി പ്രതീക്ഷിച്ചും മറ്റും അപേക്ഷകള്‍ വെച്ചുതാമസിപ്പിക്കുന്നത്‌ പതിവാകുന്നതാണ്‌ ജനസമ്പര്‍ക്ക പരിപാടികള്‍ നടത്തേണ്‌ട ഗതികേടിലേക്ക്‌ മുഖ്യമന്ത്രിയെ എത്തിക്കുന്നതെന്ന്‌ ഉമ്മന്‍ ചാണ്‌ടി ആദ്യം തിരിച്ചറിയുകയാണ്‌ വേണ്‌ടത്‌.

ദശലക്ഷക്കണക്കിന്‌ അപേക്ഷകളില്‍ നന്നേ ഒരു ചെറിയഭാഗത്തിന്‌ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി മോക്ഷം ലഭിക്കുന്നതുകൊണ്‌ട്‌ ഭരണം മെച്ചപ്പെടില്ലെന്ന്‌ മുഖ്യമന്ത്രി മനസ്സിലാക്കണം. ഒരുപക്ഷേ, സര്‍ക്കാര്‍ ഓഫിസുകളുടെ കെടുകാര്യസ്ഥതക്ക്‌ പരോക്ഷമായ അംഗീകാരവും സ്വീകാര്യതയും കിട്ടാന്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടികള്‍ കാരണമായാല്‍ അതിനെ കുറ്റം പറയാനാവില്ല.

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ജനങ്ങളിലേക്ക്‌ നേരിട്ടറങ്ങിവന്ന്‌ വില്ലേജ്‌ ഓഫിസര്‍ ചെയ്യേണ്‌ട ജോലികള്‍ പോലും ചെയ്യുന്നത്‌ കാണാനും കേള്‍ക്കാനും ഒരു രസമൊക്കെയുണ്‌ട്‌. എന്നാല്‍ വ്യവസ്ഥാപിത രീതികളെ മറികടന്നുകൊണ്‌ട്‌ നടത്തപ്പെടുന്ന ഇത്തരം പ്രവര്‍ത്തനങ്ങളുടെ മറ്റൊരുവശം അത്ര സുഖകരമല്ലാത്തതാണ്‌. പ്രജകളെ നേരിട്ടു കണ്‌ട്‌ നടത്തുന്ന ഈ ഇഷ്ടദാനങ്ങള്‍ പഴയ നാടുവാഴി ഭരണത്തെ അനുസ്‌മരിപ്പിക്കുന്നതാണ്‌. ഭരണത്തെ വ്യക്തി കേന്ദ്രിതമാക്കാന്‍ മാത്രമെ ഇത്തരം പരിപാടികള്‍ ഉപകരിക്കൂ എന്നൊരുവാദവും ശക്തമായി നിലനില്‍ക്കുന്നുണ്‌ട്‌. ഇത്‌ തികച്ചും ജനായത്ത വിരുദ്ധവുമാണ്‌.

മുഖ്യമന്ത്രി നേരിട്ട്‌ നല്‍കുന്ന സഹായവും സേവനവും തന്നിഷ്ട പ്രകാരമുള്ളതല്ല; എന്നാല്‍, വ്യവസ്ഥാപിത സംവിധാനങ്ങളില്‍ കുറുക്കുവഴി ഉണ്‌ടാക്കലാണത്‌. മന്ത്രിമാരോടും ഭരണകക്ഷിയോടും ഉദ്യോഗസ്ഥരോടും ജനങ്ങള്‍ക്ക്‌ വിധേയത്വം വളര്‍ത്താന്‍ ഇതുപയോഗിക്കപ്പെടാമെന്ന ഭീഷണിയും നിലനില്‍ക്കുന്നു.

ഇതിനെല്ലാം പുറമെ സര്‍ക്കാര്‍ ഓഫിസുകളില്‍ അപേക്ഷ നല്‍കിയവര്‍ക്ക്‌ കാര്യക്ഷമമായ ഭരണത്തില്‍ ഒരിക്കലും അനുഭവിക്കേണ്‌ടതില്ലാത്ത ദുരിതങ്ങളാണ്‌ ജനസമ്പര്‍ക്ക പരിപാടികളില്‍ ഉണ്‌ടാകുന്നത്‌. വൃദ്ധരും അവശരും വികലാംഗരുമെല്ലാം മുഖ്യമന്ത്രിയെ കാണാന്‍ വല്ലാതെ പാടുപെടേണ്‌ടിവരുന്നു. തിക്കിത്തിരക്കി വരുന്ന ജനങ്ങള്‍ പല നിരകളിലൂടെ കടന്നെത്തിക്കഴിഞ്ഞാല്‍ പലപ്പോഴും സംഭവിക്കുക, അപേക്ഷകള്‍ മുഖ്യമന്ത്രി മുഖേന വില്ലേജ്‌ ഓഫിസിലോ മറ്റോ എത്തിച്ചേരുമെന്നതു മാത്രമാണ്‌.

മുമ്പേ അവിടങ്ങളില്‍ കൊടുത്ത അപേക്ഷകളില്‍ തീര്‍പ്പ്‌ അപ്പപ്പോള്‍ എടുത്താല്‍ ജനങ്ങളോ മുഖ്യമന്ത്രിയോ ഇത്ര കഷ്ടപ്പെടേണ്‌ടതില്ലായിരുന്നുവെന്ന സത്യം അപേക്ഷ സ്വീകരിക്കുന്ന മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും ഓര്‍ക്കുന്നുമില്ല. ഇനി ഇത്തരത്തില്‍ ജനസമ്പര്‍ക്ക പരിപാടി വഴി ഓഫിസുകളിലേക്ക്‌ അയക്കപ്പെടുന്ന ഫയലുകള്‍ക്ക്‌ എന്ത്‌ സംഭവിക്കുമെന്ന്‌ കാണാനിരിക്കുന്നതേയുള്ളൂ. അവയില്‍ നടപടി ഉണ്‌ടാകുന്നുവെങ്കില്‍തന്നെ, മുമ്പേ കെട്ടിക്കിടക്കുന്ന മറ്റ്‌ ഫയലുകള്‍ക്കുമേല്‍ ചുവപ്പുനാട ഒന്നുകൂടി മുറുകാന്‍ ഈ ഒഴികഴിവ്‌ മതിയാകും.

ജനങ്ങള്‍ക്കവകാശപ്പെട്ട സേവനം ഭരണാധിപരുടെ ഔദാര്യത്തിന്റെ രൂപത്തിലല്ല ജനങ്ങളിലെത്തേണ്‌ടത്‌. തന്നെ തേടിയെത്തുന്നവരുടെ പ്രശ്‌നങ്ങള്‍ മാത്രമല്ലല്ലോ ഒരു നാടിന്റെ മുഖ്യമന്ത്രിക്ക്‌ പരിഹരിക്കാനുള്ളത്‌. എല്ലാവര്‍ക്കും സേവനം ലഭ്യമാക്കാനുള്ള സമഗ്രമായ ജനസമ്പര്‍ക്കജനസേവന സംവിധാനമാകണം ഭരണകൂടം. അങ്ങനെയാവട്ടെയെന്ന്‌ എല്ലാവരെയും പോലെ നമുക്കും ആശിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക