Image

ലെജിസ്ലേറ്റര്‍ ആനി പോളിന്‌ പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 30 December, 2011
ലെജിസ്ലേറ്റര്‍ ആനി പോളിന്‌ പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി
ന്യൂയോര്‍ക്ക്‌: ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യാ കാത്തലിക്‌ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ റോക്‌ലാന്റ്‌ കൗണ്ടിയില്‍ നിന്ന്‌ ലെജിസ്ലേറ്റര്‍ ആയി വിജയിച്ച ശ്രീമതി ആനി പോളിന്‌ വമ്പിച്ച സ്വീകരണം നല്‍കി.

ഡിസംബര്‍ 17 ശനിയാഴ്‌ച വൈകീട്ട്‌ 7:30ന്‌ ഗ്രീന്‍ബര്‍ഗിലെ റോയല്‍ പാലസ്‌ റസ്റ്റോറന്റില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ നിരവധി പേര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ സന്നിഹിതരായിരുന്നു. ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യാ കാത്തലിക്‌ അസ്സോസിയേഷന്‍ ആക്ടിംഗ്‌ പ്രസിഡന്റ്‌ ജേക്കബ്ബ്‌ കല്ലുപുരയ്‌ക്കല്‍, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സിന്റെ തോമസ്‌ കൂവള്ളൂര്‍ എന്നിവരായിരുന്നു ഈ സ്വീകരണച്ചടങ്ങ്‌ സംഘടിപ്പിക്കുന്നതിന്‌ മേല്‍നോട്ടം വഹിച്ചത്‌.

നിഖിത മേനോന്റെ പ്രാര്‍ത്ഥനാഗാനത്തോടെ ചടങ്ങിന്‌ തുടക്കം കുറിച്ചു. ജേക്കബ്ബ്‌ കല്ലുപുരയ്‌ക്കല്‍ സദസ്സിന്‌ സ്വാഗതമാശംസിച്ചു. നാഷണല്‍ അസ്സോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ നഴ്‌സസ്‌ ഓഫ്‌ അമേരിക്ക (NAINA) പ്രസിഡന്റ്‌ സോളിമോള്‍ ആനി പോളിന്‌ ആശംസകളര്‍പ്പിക്കുകയും ഇന്ത്യന്‍ നഴ്‌സസ്‌ അസ്സോസിയേഷന്‌ ആനി നല്‍കിയിട്ടുള്ള സേവനങ്ങളെ പ്രകീര്‍ത്തിച്ച്‌ സംസാരിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ നഴ്‌സസ്‌ അസ്സോസിയേഷന്റെ വകയായ പ്രശസ്‌തി ഫലകം സമ്മാനിക്കുകയും ചെയ്‌തു.

വിവിധ സാമൂഹ്യ-സാംസ്‌ക്കാരിക-മത സംഘടനകളിലെ നിരവധി പ്രമുഖര്‍ ആനി പോളിന്‌ ആശംസകളര്‍പ്പിക്കാന്‍ എത്തിയിരുന്നു. യോങ്കേഴ്‌സ്‌ സിവിക്‌ അസ്സോസിയേഷന്‍ പ്രതിനിധി ഹാരി സിംഗ്‌, ഇന്ത്യാ കാത്തലിക്‌ അസ്സോസിയേഷന്‍ ട്രസ്റ്റീ ബോര്‍ഡ്‌ മെംബറും ഫൊക്കാന എക്‌സി. വൈസ്‌ പ്രസിഡന്റുമായ ലീലാ മാരേട്ട്‌, ഫൊക്കാന റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ വിന്‍സന്റ്‌ സിറിയക്‌, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ്‌ ഷാജി ആലപ്പാട്ട്‌, കേരള സമാജം ഓഫ്‌ ഗ്രെയ്‌റ്റര്‍ ന്യൂയോര്‍ക്ക്‌ പ്രസിഡന്റ്‌ സണ്ണി പണിക്കര്‍, വൈസ്‌ പ്രസിഡന്റ്‌ ജോണ്‍ പോള്‍, സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്സ്‌ പ്രതിനിധികളായ ജോസ്‌ ഞാറക്കുന്നേല്‍, ഷോളി കുമ്പിളുവേലി, ജോസ്‌ കാഞ്ഞമല, കേരള സമാജം ഓഫ്‌ ഗ്രെയ്‌റ്റര്‍ ന്യൂയോര്‍ക്കിന്റെ നിയുക്ത വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ കാനാട്ട്‌, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സ്‌ പ്രസിഡന്റ്‌ എം.കെ. മാത്ര}സ്‌, ജോസ്‌ കാടാപ്പുറം (കൈരളി ടി.വി.), ജോര്‍ജ്ജ്‌ ജോസഫ്‌ (ഇ-മലയാളി ഡോട്ട്‌ കോം), നായര്‍ ബനവലന്റ്‌ അസ്സോസിയേഷനെ പ്രതിനിധീകരിച്ച്‌ ജയപ്രകാശ്‌ നായര്‍, അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ (ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍), ഷീല ശ്രീകുമാര്‍ (കേരള അസ്സോസിയേഷന്‍ ഓഫ്‌ ന്യൂജെഴ്‌സി), ജോര്‍ജ്ജ്‌ ജോസഫ്‌ (മെറ്റ്‌ലൈഫ്‌), റവ. ഗീവര്‍ഗീസ്‌ എബ്രഹാം (ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌), ഫോമയെ പ്രതിനിധീകരിച്ച്‌ ഗോപിനാഥ കുറുപ്പ്‌ എന്നിവര്‍ ആശംസകളര്‍പ്പിക്കാന്‍ എത്തിയവരില്‍ പെടുന്നു.

തെരഞ്ഞെടുപ്പില്‍ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ച്‌ ആനി പോളിന്റെ കാമ്പയിന്‍ മാനേജര്‍  ഇന്നസന്റ്‌ ഉലഹന്നാന്‍ സദസ്സിന്‌ വിവരിച്ചുകൊടുത്തു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഷോളി കുമ്പിളുവേലി എഴുതി തയ്യാറാക്കിയ നിവേദനം സദസ്സ്‌ അംഗീകരിക്കുകയും, പ്രസ്‌തുത നിവേദനം മുഖ്യമന്ത്രിക്ക്‌ കൈമാറാനും തീരുമാനിച്ചു.

ഇന്ത്യാ കാത്തലിക്‌ അസ്സോസിയേഷനിലും, ഇതര സാമൂഹ്യ സാംസ്‌ക്കാരിക മേഖലകളില്‍ പ്രശംസനീയമായ സേവനങ്ങള്‍ കാഴ്‌ച വെച്ചവരേയും തദവസരത്തില്‍ ഫലകങ്ങള്‍ നല്‍കി ആദരിച്ചു. ലെജിസ്ലേറ്റര്‍ ആനി പോള്‍, ഡമോക്രാറ്റിക്‌ സിവിക്‌ അവാര്‍ഡ്‌ ജേതാവ്‌ ഇന്നസന്റ്‌ ഉലഹന്നാന്‍, ജോസ്‌ കാനാട്ട്‌, ലീലാ മാരേട്ട്‌, വിന്‍സന്റ്‌ സിറിയക്‌, ഷാജി ആലപ്പാട്ട്‌, ജോണ്‍ പോള്‍, എം.കെ. മാത്യൂ സ്‌, കെ.ജെ. ഗ്രിഗറി എന്നിവരെയാണ്‌ ആദരിച്ചത്‌.

ബോര്‍ഡ്‌ ചെയര്‍മാന്‍ കെ.ജെ. ഗ്രിഗറി എല്ലാവര്‍ക്കും നന്ദി പറഞ്ഞു. വര്‍ഗീസ്‌ പോത്താനിക്കാട്‌, ലീന ആലപ്പാട്ട്‌ എന്നിവരായിരുന്നു എം.സി.മാര്‍. വിഭവസമൃദ്ധമായ അത്താഴവിരുന്നോടെ സമ്മേളനം സമാപിച്ചു.
ലെജിസ്ലേറ്റര്‍ ആനി പോളിന്‌ പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക