Image

ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-18

Published on 31 December, 2011
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-18
ഈ അവസരത്തിലാണ് ആസ്യ എന്ന പട്ടണത്തില്‍ നിന്നൊരു ബന്ധു എന്നെ സന്ദര്‍ശിച്ചത്. കച്ചോടസംബന്ധമായ എന്തോ കാര്യത്തിന് ഇയാള്‍ മഗ്ദലനില്‍ വന്നതാണ്. ഞാന്‍ ആസ്യയില്‍ പോയി കുറെ നാള്‍ താമസിക്കണമെന്നും, ദൈവനാമം പ്രകീത്തിക്കാനും, ആതുരശുശ്രൂഷ ചെയ്യാനുമുള്ള സാഹചര്യം അവിടെ ഉണ്ടായേക്കുമെന്നും എന്റെ ബന്ധു പറഞ്ഞു.
അതനുസരിച്ച് വസന്തകാലം വന്നപ്പോള്‍ ഞാനും, സബദും, അല്‍ക്കയും മാനസാന്തരപ്പെട്ട് യേശുവില്‍ വിശ്വസിച്ചിരുന്ന രണ്ടുമൂന്നനുചരന്മാരും കൂടെ ആസ്യയിലേക്കുപോയി. ആസ്യ ഒരിടത്തരം പട്ടണമാണ്‍.
ആസ്യയില്‍ നിന്ന് വളരെയകലെയല്ലാത്ത ഒരു ചെറിയ ഗ്രാമത്തിലാണ് ഞാനും കൂട്ടരും താമസമുറപ്പിച്ചത്. ചെറുതെങ്കിലും വൃത്തിയുള്ള വീട്. അതിനോടുചേര്‍ന്ന് ഒരു പൂന്തോട്ടവുമുണ്ടായിരുന്നു. വാസ്തവത്തില്‍ ഈ തടടത്തിന്റെ ഭംഗി കണ്ടാണ് ആ ഒഴിഞ്ഞവീട് ഞാനെടുത്തത്. തിരക്കേറിയ പട്ടണമദ്ധ്യത്തില്‍ താമസിക്കാന്‍ ഞാനിഷ്ടപ്പെട്ടില്ല.
ദൈവവചനം പ്രചരിപ്പിക്കാന്‍ എന്റെ ബന്ധുവുമായാലോചിച്ച് ഞാന്‍ സ്വീകരിച്ച പരിപാടി ഇതായിരുന്നു. ആദ്യമായി സബദും, ഞങ്ങളുടെ കൂടെ മഗ്ദലനില്‍ നിന്നുവന്ന ഗായോസെന്ന യുവാവും കൂടെ പട്ടണത്തില്‍ പോയി. ആളുകള്‍ കൂടുന്ന ഏതെങ്കിലും സ്ഥലത്തുചെന്ന് ദൈവരാജ്യം വരാന്‍ സമയമടുത്തിരിക്കുന്നു. നിങ്ങള്‍ ദൈവവചനം കേള്‍ക്കണം എന്ന് ഉറക്കെ വിളിച്ചു പറയും.
ഇതുകേട്ട് ചിലര്‍ വെറും ജിജ്ഞാസ കൊണ്ടെങ്കിലും സബദിനോടും കൂട്ടുകാരനോടും ഇതിനേക്കുറിച്ച് കൂടുതല്‍ ചോദിക്കുമെന്നും ആ സമയം അവരെ ഏതെങ്കിലും ഒഴിഞ്ഞ സ്ഥലത്തു കൊണ്ടിരുത്തി യേശുവിന്റെ മാഹാത്മ്യം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും തീരുമാനിച്ചു. ഇങ്ങനെ ഒരാഴ്ചയോളം ആരോടെങ്കിലും സംസാരിക്കാന്‍ സന്ദര്‍ഭം കിട്ടിയാല്‍ അവരെ വീട്ടിലേക്ക് ക്ഷണിച്ച് ദേവവാക്യം കൂടുതല്‍ പഠിപ്പിക്കാനുമായിരുന്നു ഞാന്‍ പദ്ധതിയിട്ടിരുന്നത്.
ക്രമേണ ഞങ്ങളുടെ കൂട്ടായ്മയ്ക്ക് വേണ്ടത്ര ശക്തിയും ഉറപ്പും കിട്ടി. തുടക്കത്തില്‍ അഞ്ചോ ആറോ ആളുകളുമായാരംഭിച്ച സംവാദം നാലഞ്ചു മാസം കൊണ്ട് നൂറോളം ആളുകളെ ആകര്‍ഷിച്ചു. ആദ്യമൊക്കെ വീട്ടില്‍വെച്ചാണ് ഞാന്‍ പഠനം നടത്തുകയും ശിഷ്യരോട് സംസാരിക്കുകയും ചെയ്തിരുന്നത്. ആളുകളുടെ എണ്ണം കൂടിയതോടെ പ്രാര്‍ത്ഥന വീടിനു കിഴക്കുഭാഗത്തുള്ള വിശാലമായ പറമ്പിലേക്കു മാറ്റി. അവിടെ ഇതിനായി മേല്‍ക്കട്ടി ഇട്ട് മോടിപിടിപ്പിച്ച് ചുറ്റും മറച്ച ഒരു കൂടാരവും ഞങ്ങള്‍ കെട്ടിയുണ്ടാക്കി.
കൂട്ടായ്മക്കാരോട് സംസാരിക്കുമ്പോള്‍ യേശുവിന്റെ ഉപമകള്‍ അവര്‍ക്ക് വിശദീകരിച്ചു കൊടുക്കും. മിക്കവര്‍ക്കും ഒന്നും മനസ്സിലാവില്ല. ഇതെന്നെ ഒട്ടും നിരാശപ്പെടുത്തിയില്ല. വീണ്ടും വീണ്ടും പലതരത്തിലുള്ള ഉദാഹരണങ്ങള്‍ കൊണ്ട് അവയുടെ അര്‍ത്ഥം അവരെ മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിക്കും. ചോദ്യോത്തര രീതിയിലുള്ള സംവാദം ചിലപ്പോള്‍ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കും. ആഴ്ചയില്‍ രണ്ടു പ്രാവശ്യമാണ് ഞങ്ങള്‍ കൂടിയിരുന്നത്.
എന്നാല്‍ ഞങ്ങളുടെ കൂട്ടായ്മയില്‍ തന്നെയുള്ള ചില അന്ധവിശ്വാസികള്‍ ദൈവമാര്‍ഗ്ഗത്തെ ദുഷിച്ച് സംസാരിക്കുന്നുണ്ടെന്ന് എനിക്ക് ഒരു ദിവസം അറിവുകിട്ടി. സാത്താന്റെ കടുംപിടുത്തത്തില്‍ നിന്നവര്‍ക്ക് മോചനം കിട്ടിയിരുന്നില്ല. അവരെ ഞാന്‍ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിച്ചു. സബദനോട് അക്കൂട്ടരെ പ്രത്യേകം പഠിപ്പിക്കാന്‍ ഏര്‍പ്പാടു ചെയ്തു. അവരില്‍ പലര്‍ക്കും അടങ്ങിയിരുന്ന് ശ്രദ്ധയോടെ എന്തെങ്കിലും കേള്‍ക്കാനുള്ള അച്ചടക്കം പോലുമില്ലായിരുന്നു. അത്തരക്കാരെ കൈകാര്യം ചെയ്യാനുള്ള സാമര്‍ത്ഥ്യം സബദിനുണ്ടായിരുന്നു.
ഭൂരിപക്ഷം ആളുകളും എന്റെ സുവിശേഷ പ്രസംഗം ഭക്തിയോടും വിനയത്തോടുമാണ് കേട്ടിരുന്നത്.
ഈ സന്ദര്‍ഭത്തിലാണ് ദേശാന്തരികളായി നടക്കുന്ന ചില യഹൂദമന്ത്രവാദികള്‍ ഞങ്ങളുടെ കൂട്ടായ്മയെപ്പറ്റി എങ്ങനെയോ അറിഞ്ഞത്. യേശുവിന്റെ തിരുനാമം അവരുടേതായ അത്യാചാര നടപടികളില്‍ അവരും ഉപയോഗിച്ചു തുടങ്ങി.
സബദ് ഒരു ദിവസം എന്നോടു പറഞ്ഞു:- “മേരീ, സ്‌കേവാ എന്നൊരു യഹൂദന്റെ മക്കള്‍ പട്ടണത്തില്‍ ഓടിനടന്ന് ജനങ്ങളുടെ സൂക്കേടുകള്‍ക്ക് ശാന്തിവരുത്താമെന്നും, സൗഭാഗ്യം നേടിക്കൊടുക്കാമെന്നും മറ്റും പറഞ്ഞ് വ്യാമോഹിപ്പിച്ച് പണം തട്ടിയെടുക്കുന്നു. യേശുവിന്റെ അനുഗ്രഹം അവര്‍ക്കുമുണ്ടെന്നാണ് ഈ ദുരാത്മാക്കള്‍ അവകാശപ്പെടുന്നത്.”
“ജനങ്ങളവരെ വിശ്വസിക്കുന്നുണ്ടോ?” ഞാനശ്ചര്യത്തോടെ ചോദിച്ചു.
“ഉവ്വ്, മിക്കവരും വേണ്ടത്ര വിവേചന ബുദ്ധിയില്ലാത്തവരാണല്ലോ. ഇക്കൂട്ടര്‍ ചെയ്യുന്ന പ്രവൃത്തികള്‍ ലജ്ജാവഹമാണ്. ചിലര്‍ക്കുവേണ്ടി യാഗം നടത്തും. ആടും കോഴിയും ബലിയര്‍പ്പിക്കും. ഇതെല്ലാം സൗഭാഗ്യം കിട്ടാനുള്ള മാര്‍ഗ്ഗമാണെന്നാണ് ഈ ദുഷ്ടക്കൂട്ടം ആളുകളെ വിശ്വസിപ്പിച്ചിരിക്കുന്നത്.” സബദ് പറഞ്ഞു.
“നമുക്ക് ഇതില്‍ എന്ത് ചെയ്യാനാവും?” എനിക്ക് ഉല്‍ക്കണ്ഠയായി.
“ഞാനൊന്നു ശ്രമിച്ചുനോക്കട്ടെ” എന്നു മാത്രമെ സബദപ്പോള്‍ മറുപടി പറഞ്ഞുള്ളൂ.
രണ്ടുമൂന്നു ദിവസം കഴിഞ്ഞ് സ്‌കേവായുടെ ഏഴു മക്കളും ആസ്യയില്‍ നിന്ന് ഓടിപ്പോയ കഥ സബദ് എന്നെ പറഞ്ഞുകേള്‍പ്പിച്ചു.
സംഭവം നടന്നതിങ്ങനെയാണ്. സബദിന് അയാളുടെ പാഠശാലയില്‍വന്ന് സുവിശേഷം പഠിച്ചുകൊണ്ടിരുന്ന അതികായനും റോമന്‍ സൈന്യത്തിലെ ഒരു സാര്‍ജന്റുമായ ശിഷ്യനുണ്ടായിരുന്നു. യേശുവിന്റെ സത്‌പേരിനു കളങ്കം വരുത്തുന്ന പ്രവൃത്തികള്‍ ചെയ്ത് പണം തട്ടിയെടുക്കുന്ന കൂട്ടരെക്കുറിച്ച് അയാളോടൊന്ന് സൂചിപ്പിക്കയേ വേണ്ടിയിരുന്നുള്ളൂ.
സാര്‍ജന്റ് അവരെ നേരിട്ടുതന്നെ എതിര്‍ക്കാന്‍ നിശ്ചയിച്ചു. പതിവുപോലെ ആസ്യയിലെ പ്രധാന കവലയില്‍ ഒരു ധൂപക്കൂറ്റി പുകപ്പിച്ചു വെച്ച്, അതിനടുത്ത് ചിലപാട്ടുകളും ഉടുക്കുകൊട്ടുമായി ഏഴുപേര്‍ കൂടിയിരുന്നു. ഇവരുടെ ആശീര്‍വാദം നേടാന്‍ അഞ്ചാറുപേര്‍ കോഴിക്കുഞ്ഞുങ്ങളേയും, മറ്റൊരുവന്‍ ഒരു കുഞ്ഞാടിനെയും കൊണ്ട് അവിടെയെത്തിയിരുന്നു.
സാര്‍ജന്റിന്റെ കൂടെ മൂന്നു യോദ്ധാക്കളാണുണ്ടായിരുന്നത്. അയാള്‍ ആള്‍ക്കൂട്ടത്തിലേക്ക് കടന്നുചെന്ന് മന്ത്രവാദികളോടു അധികാരഭാവത്തില്‍ ചോദിച്ചു:- “നിങ്ങളരാണ്? എന്തിനാണ് യേശുദേവന്റെ പേരില്‍ ഈ ഹീനകര്‍മ്മങ്ങള്‍ ചെയ്യുന്നത്?”
“താനാരാണ് ചോദിക്കാന്‍ ? ഞങ്ങള്‍ മതപ്രചാരകരാണെന്നറിയില്ലേ?” എന്ന് ധിക്കാരത്തോടെ അവര്‍ മറുപടി പറഞ്ഞു.
പറഞ്ഞു നിര്‍ത്തിയില്ല, സാര്‍ജന്റ് അതില്‍ മുതിര്‍ന്നവന്റെ ചെന്നയ്ക്ക് ഒരു വീക്കുവെച്ചു കൊടുത്തു. അത് തടുക്കാന്‍ ഓടിവന്ന മറ്റൊരുത്തന്റെ കാല് ഒരു യോദ്ധാവ് അയാളുടെ കുന്തംകൊണ്ട് തല്ലിയൊടിച്ചു. ഇനിയും അവിടെനിന്നാല്‍ രക്ഷയില്ലെന്നു മനസ്സിലാക്കി സ്‌കേവായുടെ മക്കള്‍ അവിടെനിന്നും ഓടിപ്പോയി.
ആ സംഭവം ആസ്യയിലുള്ള എല്ലാ യഹൂദരും യവനരും, എഫേസ്യരുമറിഞ്ഞു. ആദ്യം അവര്‍ ഭയപ്പെട്ടു. പിന്നെ യേശുവിന്റെ മഹത്വത്തെ വാഴ്ത്തി.
സ്‌കേവായുടെ മക്കളെ കൂടാതെ ക്ഷുദ്രപ്രയോഗം ചെയ്ത് പണം സമ്പാദിച്ചിരുന്ന മറ്റുചിലരും ആസ്യയിലുണ്ടായിരുന്നു സ്‌കേവായുടെ മക്കള്‍ പലായനം ചെയ്ത വിവരം അിറഞ്ഞ് അവരും ഭയപ്പെട്ടു. ക്ഷുദ്രപ്രയോഗം വിവരിക്കുന്ന ഗ്രന്ഥങ്ങളും അവര്‍ സൂക്ഷിച്ചിരുന്ന കണക്കു പുസ്തകങ്ങളും പ്രധാന കവലയില്‍ കൊണ്ടുവന്ന് തീയിലിട്ട് നശിപ്പിച്ചു.
ഇങ്ങനെ യേശുവിന്റെ മഹത്വം ആസ്യ മുഴുവനും പരന്ന കാലത്ത്, ഞങ്ങളുടെ കൂട്ടായ്മയുടെ പ്രവര്‍ത്തനഫലമായി അവിടെ നടന്ന മറ്റൊരു കലഹത്തിന്റെ കഥയും ഞാനിവിടെ പറയാം.
ആസ്യ നാനാജാതിക്കാര്‍ താമസിച്ചിരുന്ന ഒരു പട്ടണമാണെന്നും അവരില്‍ എഫേസ്യരായിരുന്നു കൂടുതലെന്നും മുമ്പ് പറഞ്ഞല്ലോ. വിഗ്രഹാരാധകരായ അവര്‍ ആര്‍ത്തമിസ് എന്ന ദേവിയെയാണ് പൂജിച്ചിരുന്നത്.
ആര്‍ത്തുമിസ് ദേവിയുടെ ഒരുവലിയ ക്ഷേത്രവും നഗരത്തിന്റെ പ്രധാനഭാഗത്ത് അവര്‍ പണിതിരുന്നു. ക്ഷേത്രത്തിനകത്ത് ചെമ്പുതകിടുകൊണ്ടുണ്ടാക്കിയ വലിയ ഭിത്തികളില്‍ വെള്ളിയില്‍ നിര്‍മ്മിച്ച ദേവിയുടെ അനേകം രൂപങ്ങള്‍ കെട്ടിത്തൂക്കിയിരുന്നു. ദേവിയെ പ്രീണിപ്പിക്കാന്‍ ഭക്തജനങ്ങള്‍ക്കവരുടെ ഉപഹാരമായി അര്‍പ്പിച്ചവയാണത്.
ദിവസവും കാലത്തും വൈകീട്ടും പൂജാരികള്‍ ക്ഷേത്രനടയില്‍ കൂടിയിരിക്കും. പൊതുജനങ്ങള്‍ക്ക് നേരിട്ട് അകത്തേക്ക് പ്രവേശനമില്ല. ആളുകള്‍ കൊണ്ടുവരുന്ന അര്‍ഘ്യങ്ങള്‍ പൂജാരികള്‍ സ്വീകരിക്കും. നേര്‍ച്ച വസ്തുക്കളുടെ മൂല്യമനുസരിച്ച് എന്തെങ്കിലും പ്രസാദമായി നല്‍കും. മിക്കപ്പോഴും ഒരരളിപ്പൂവോ, ഒരപ്പമോ ആയിരിക്കും നല്‍കുക.
ആര്‍ത്തമിസ് ദേവിയെ തൊഴാന്‍ ഏഫേസ്യര്‍ ദിവസേന പോകും. ഓരോ ആവശ്യങ്ങള്‍ അവര്‍ക്ക് ദേവിയെ അിറയിക്കാനുണ്ട്. കുട്ടികളുടെ രോഗം മാറിക്കിട്ടണം; കുടുംബനാഥന്റെ തൊഴില്‍ കാത്തുരക്ഷിക്കണം, പ്രായമായ പെണ്‍മക്കള്‍ക്ക് യോജിച്ച വരനെ കണ്ടെത്തണം ഇങ്ങനെ ഒരു നൂറുകൂട്ടം കാര്യങ്ങള്‍ .
ആര്‍ത്തമിസ് ദേവിക്കുള്ള നേര്‍ച്ചകളില്‍ പ്രധാനമായത് വെള്ളികൊണ്ട് നിര്‍മ്മിച്ച ദേവിയുടെ രൂപമാണ്. എല്ലാ ഏഫേസ്യരും അവരുടെ ജീവിതത്തല്‍ ഒരു പ്രാവശ്യമെങ്കിലും ആര്‍ത്തമിസ് ദേവിയുടെ വെള്ളി വിഗ്രഹം നടയ്ക്ക് വെയ്ക്കും. ഓരോരുത്തരുടെ സാമ്പത്തികസ്ഥിതിയനുസരിച്ച് വിഗ്രഹത്തിന്റെ വലിപ്പം കൂടിയോ കുറഞ്ഞോയിരിക്കുമെന്നേയുള്ളൂ. ഈ ചടങ്ങിന് ഒരു കച്ചവടസ്വാഭാവം കൂടെയുണ്ട്. വിഗ്രഹങ്ങള്‍ ക്ഷേത്രത്തില്‍ കെട്ടിത്തൂക്കാന്‍ ഇടമില്ലാതെ വരുമ്പോള്‍ പൂജാരികളുടെ തലവന്‍ അതെല്ലാമെടുത്ത് വില്‍ക്കും. അതില്‍ നിന്നു കിട്ടുന്ന പണം അയാള്‍ മറ്റു പൂജാരികളുമായി പങ്കുവെക്കും. ഈ ഇടപാട് വളരെ രഹസ്യമായിട്ടാണ് നടത്തിയിരുന്നത്. നടയ്ക്ക് വെച്ച വിഗ്രഹങ്ങളെല്ലാം ദേവിയുടെ പ്രധാന പ്രതിമയ്ക്ക് ചുറ്റും അടുക്കിവെച്ചിരിക്കുമെന്നാണ് ഏഫേസ്യരുടെ വിശ്വാസം. അതുകൊണ്ടാണ് പൂജാരികള്‍ ജനങ്ങളെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കാതിരുന്നത്.
സ്വര്‍ണ്ണവും വെള്ളിയും വില്‍ക്കുന്ന ദെമത്രിയോസ് ആയിരുന്നു ഈ കച്ചോടത്തില്‍ പൂജാരികളെ സഹായിച്ചിരുന്നത്. കുടിലബുദ്ധിയായ ഇയാള്‍ നിരവധി തൊഴിലാളികളെ അയാളുടെ വലിയ കടയിലിരുത്തി വെള്ളികൊണ്ട് ആര്‍ത്തമിസ് ദേവിയുടെ വിഗ്രഹങ്ങള്‍ ഉണ്ടാക്കി ഏഫേസ്യര്‍ക്ക് വിറ്റിരുന്നു. ഇതുകൊണ്ട് ഒട്ടേറെ പണവും അയാള്‍ സമ്പാദിച്ചു.
എന്റെ സുവിശേഷം കേള്‍ക്കാന്‍ കൂടുതലാളുകള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു തുടങ്ങിയതോടെ ദെമത്രിയോസിസ് അയാളുടെ കച്ചോടത്തിന്‍ കോട്ടം തട്ടുമെന്ന് ആശങ്കയുണ്ടായി. ജനങ്ങളുടെ അന്ധവിശ്വാസം അകറ്റാന്‍ എന്റെ പ്രഭാഷണത്തില്‍ കൈകൊണ്ടുണ്ടാക്കുന്ന വിഗ്രഹങ്ങള്‍ ദൈവങ്ങളല്ലെന്ന കാര്യം ഞാന്‍ ഊന്നിപ്പറഞ്ഞിരുന്നു. ഇതാണയാളെ രോഷം കൊള്ളിച്ചത്. എന്റെ ഉപദേശം കേട്ട് എഫേസ്യര്‍ വിഗ്രഹങ്ങള്‍ പണം കൊടുത്തു വാങ്ങാഞ്ഞാല്‍ അയാളുടെ വരുമാനം തകരാറിലാകുമല്ലോ.
എന്റെ പ്രചരണം എങ്ങനെയെങ്കിലും മുടക്കണമെന്ന് ദെമത്രിയോസ് തീരുമാനിച്ചു. അതിന് സ്‌നേഹിതന്മാരോടാലോചിച്ച് ഒരു കലാപമുണ്ടാക്കാനുള്ള പദ്ധതിയിട്ടു. വെള്ളി വിഗ്രഹമുണ്ടാക്കുന്ന നൂറു പണിക്കാര്‍ ഒരു വെള്ളിയാഴ്ച ദിവസം പട്ടണത്തിന്റെ മദ്ധ്യത്തിലുള്ള മൈതാനത്തില്‍ ഒത്തുകൂടി. എല്ലാവരും ഏഫേസ്യരായിരുന്നു. ചിലര്‍ ഓരോന്ന് ഉറക്കെ വിളിച്ചുപറയുന്നതും മറ്റുചിലര്‍ ആര്‍പ്പുവിളിച്ചുകൊണ്ട് കൈയ്യും കാലും ഇളക്കി നൃത്തം ചവിട്ടുന്നതും സബദ് കണ്ടു. അയാളീ വിവരം എന്നോടുവന്ന് പറഞ്ഞു. കൂട്ടംകൂടി നിന്നവര്‍ പൊതുവെ അക്രമാസക്തരായിരുന്നത്രെ!
ഹാലിളകിയ പണിക്കാരെ നയിച്ചുകൊണ്ട് ദെമത്രിയോസും അവരുടെ മദ്ധ്യത്തിലുണ്ടായിരുന്നു.
സായാഹ്നമായപ്പോള്‍ പണിക്കാരെല്ലാം എത്തിച്ചേര്‍ന്നു. അവിടെ അല്‍പ്പം ഉയരത്തില്‍ കെട്ടിയുണ്ടാക്കിയിരുന്ന പീഠത്തില്‍ കയറിനിന്ന് ദെമത്രിയോസ് ഒരു ചെറിയ പ്രസംഗം ചെയ്തു. മേരി എന്ന മഗ്ദലനക്കാരത്തി നമ്മുടെ നാട്ടില്‍വന്ന് അവിശ്വാസം പ്രചരിപ്പിക്കുന്നുവെന്നും അവരുടെ കുപ്രചരണം തടഞ്ഞില്ലെങ്കില്‍ കാലാന്തരത്തില്‍ ആര്‍ത്തമിസ് ദേവിയുടെ ക്ഷേത്രം തന്നെ തീരാകളങ്കമായിരിക്കുമെന്നുമാണ് അയാള്‍ പറഞ്ഞതിന്റെ സാരം.
ദേവിയുടെ മാഹാത്മ്യം നശിക്കുമെന്നും, ക്ഷേത്രം തന്നെ തകരുമെന്നും കേട്ടതോടെ അവിടെ കൂടിയിരുന്നവര്‍ കൂടുതല്‍ ക്ഷുഭിതരായി. “ഏഫേസ്യരുടെ ആര്‍ത്തമിസ് ദേവി എന്നാളും വാഴട്ടെ!” എന്ന് ഒരേ ശബ്ദത്തില്‍ അവര്‍ ആര്‍ത്തുവിളിച്ചു.
ചെറുപ്പക്കാരായ കുറെ പണിക്കാര്‍ വഴിയിലിരുന്ന് ധാന്യങ്ങളും ജപമാലകളും വില്‍ക്കുന്ന കച്ചോടക്കാരുടെ സാധനങ്ങള്‍ കവര്‍ന്നെടുക്കുകയും, പണം തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ അഞ്ചെട്ടുപേര്‍ ചേര്‍ന്ന് എന്റെകൂടെ വന്നിരുന്ന ഗായോസിനെ പിടികൂടി കയ്യും കാലും കെട്ടി പൊക്കിയെടുത്ത് മൈതാനത്തുകൊണ്ടുവന്നു. ഇതുകണ്ടുനിന്നിരുന്ന സബദ് അയാളെ ദേഹോപദ്രവമേല്‍പ്പിക്കുമോ എന്ന് ഭയന്ന് വിവരം ഓടിവന്ന് എന്നോടു പറഞ്ഞു. ആദ്യം എന്തുചെയ്യണമെന്നറിയാതെ ഞാനല്‍പ്പം വിഷമിച്ചെങ്കിലും ഒടുവില്‍ എന്തും വരട്ടെയെന്നു കരുതി ജനങ്ങള്‍ കൂടിയിരിക്കുന്നിടത്തുചെന്ന് അവരോട് ന്യായവാദം ചെയ്യാന്‍ തന്നെ തീരുമാനിച്ചു.
യേശുവിനെ മനസ്സില്‍ ധ്യാനിച്ച് അങ്ങോട്ടു പുറപ്പെടാന്‍ ഇറങ്ങുമ്പോള്‍ രണ്ടുമൂന്ന് ശിഷ്യന്മാര്‍ ഓടിവരുന്നതുകണ്ടു. അടുത്തെത്തി എന്റെ കാല്‍ക്കല്‍ വീണ് “അങ്ങോട്ടു പോകരുതേ!” എന്ന് യാചനാസ്വരത്തില്‍ അപേക്ഷിച്ചു. എന്റെ മാര്‍ഗ്ഗം തടഞ്ഞ് ഒരാള്‍ നിലത്തു കിടക്കുകയും ചെയ്തു.
ഇതേയവസരത്തില്‍ ആസ്യയിലെ എന്റെ സ്‌നേഹിതനായ ദശാധിപന്‍ അദ്ദേഹത്തിന്റെ ആളുകളേയും എന്റെയടുക്കല്‍ പറഞ്ഞയച്ചു. ലഹളസ്ഥലത്തേക്ക് ഞാന്‍ പോകരുതെന്നായിരുന്നു അവരുടെ സന്ദേശം. ഞാന്‍ തിരിച്ചു വീട്ടില്‍ക്കയറി എന്റെ ശിഷ്യരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
ദെമത്രിയോസിന്റെ പ്രസംഗം കേട്ട് കോപിച്ചിളകിയ ആളുകള്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദേശം കൊടുക്കാന്‍ അവിടെ ആരുമില്ലായിരുന്നു. “ആര്‍ത്തമിസ് ദേവി നെടുനാള്‍ വാഴട്ടെ!” എന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് രണ്ടുമൂന്നു പണിക്കാര്‍ അടുത്തുണ്ടായിരുന്ന ഒരു കെട്ടിടം തീവെച്ചു നശിപ്പിക്കാന്‍ അങ്ങോട്ടോടി. ഇരുട്ട് അല്‍പ്പാല്‍പ്പം പരന്നതോടെ തീവെട്ടിയും അവര്‍ കൈയ്യില്‍ കരുതിയിരുന്നു. റോമന്‍ സൈനികര്‍ക്കു താമസിക്കാന്‍ ആസ്യ നഗരസഭ കെട്ടിക്കൊടുത്ത ഒരു ബാരക്ക് ആയിരുന്നു അത്.
തീവെട്ടിയുമായി കോപിച്ചിളകിയ ആളുകള്‍ തങ്ങളുടെ നേരെ വരുന്നതുകണ്ട സൈനികരില്‍ ചിലര്‍ ചാടിയെഴുന്നേറ്റു. ഓടിവന്ന പണിക്കാരില്‍ ആദ്യത്തവനെ ഒരു സൈനികന്‍ അയാളുടെ വാളുകൊണ്ട് മുറിച്ചു ദൂരെയെറിഞ്ഞു. കാര്യം അപകടമാകുമെന്ന് മനസ്സിലാക്കിയ ദെമത്രിയോസ് ആസ്യയിലെ ഭരണത്തലവന്റെ വീട്ടിലേക്ക് ഓടി. വൃദ്ധനായ ഭരണത്തലവന്‍ ബുദ്ധിമാനും, നയജ്ഞനുമായിരുന്നു. മൈതാനത്ത് നടന്ന സംഭവങ്ങളെല്ലാം അറിഞ്ഞപ്പോള്‍ അദ്ദേഹം ദെമത്രിയോസിനോടൊത്ത് അവിടെ ചെന്ന് ഇളകിമറിഞ്ഞിരുന്ന ജനങ്ങളോട് ശാന്തരായിരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. അയാളുടെ പ്രസ്താവം ആദ്യം ആരും ചെവിക്കൊണ്ടില്ലെങ്കിലും, റോമന്‍ ബാരക്‌സില്‍ നിന്ന് ഉച്ചത്തില്‍ ഒരു വാങ്ക് വിളികേട്ടതും, ഇരുപതോ ഇരുപത്തഞ്ചോ സൈനികര്‍ കവാത്തുമുറിയില്‍ അവരുടെ മുന്നിലേക്കിറങ്ങിവന്നതും ജനങ്ങള്‍ക്കിടയില്‍ അച്ചടക്കം ഉണ്ടാക്കി.
“നമ്മുടെ പട്ടണം ലോകാവസാനത്തോളം ആര്‍ത്തമിസ് ദേവിക്ക് കാവലിരിക്കുമെന്നും, അവരുടെ കീര്‍ത്തി എന്നും കാത്തുസൂക്ഷിക്കുമെന്നും ഉളള കാര്യത്തില്‍ ആരും സംശയിക്കേണ്ടെന്നും” ഭരണത്തലവന്‍ ആമുഖമായി പ്രസ്താവിച്ചു.
“ഗായോസിനെ ഇവിടെ കൊണ്ടുവന്ന് അപമാനിക്കാന്‍ നിങ്ങള്‍ ശ്രമിച്ചല്ലോ. അയാള്‍ ക്ഷേത്രം കവര്‍ച്ച ചെയ്യുന്നവനോ, ദേവിയെ ദുഷിക്കുന്നവനോ അല്ല? എന്നാല്‍ ദെമത്രിയോസിനും, അയാളുടെ പണിക്കാര്‍ക്കും എന്തെങ്കിലും ന്യായമായ പരാതികളുണ്ടെങ്കില്‍ അതുകേള്‍ക്കാന്‍ ഇവിടെ വ്യവസ്ഥയുണ്ട്. ന്യായാധിപ കൗണ്‍സിലിനു മുന്‍പില്‍ അവര്‍ വ്യവഹരിക്കട്ടെ! മറ്റുവല്ല കാര്യങ്ങളിലും തര്‍ക്കമുണ്ടെങ്കില്‍ ധര്‍മ്മസഭയില്‍ ഹാജരാവട്ടെ! അല്ലാതെ ആള്‍ക്കൂട്ടം കൂടി നാം ആക്രമം കാണിച്ചാല്‍ റോമന്‍ അധികാരികള്‍ നമ്മുടെ പേരില്‍ കുറ്റം ചുമത്താനിടയുണ്ട്. ഇന്നിവിട വരുത്തിവെച്ച വിനയ്ക്ക് ആര് സമാധാനം പറയും? അതുകൊണ്ട് എല്ലാവരും അവരവരുടെ വീട്ടിലേക്ക് പോകുക” എന്നുപറഞ്ഞ് ഭരണാധിപന്‍ ഒരുതരത്തില്‍ ആള്‍ക്കൂട്ടം പിരിച്ചുവിട്ടു. അദ്ദേഹം ഗായോസിനെ ബന്ധനത്തില്‍ നിന്നു മോചിപ്പിച്ച് സബദിനോടൊപ്പം എന്റെയടുത്തേക്കയക്കുകയും ചെയ്തു.
ഈ സംഭവത്തിനുശേഷം അധികം നാള്‍ ഞാന്‍ ആസ്യയില്‍ താമസിച്ചില്ല. തിരിച്ചു മഗ്ദലിനിലേക്ക് പുറപ്പെടാന്‍ സമയമായപ്പോള്‍ ശിഷ്യരെല്ലാം വീടനടുത്തുള്ള കൂടാരത്തില്‍ സമ്മേളിച്ചു. അവരെ അഭിസംബോധന ചെയ്ത് ഞാനിങ്ങനെ പറഞ്ഞു.
“ആസ്യയില്‍ വന്ന ദിവസം മുതല്‍ നിങ്ങളോരോരുത്തരും എന്നോടു വളരെ കരുണ കാണിച്ചിരുന്നു. യഹൂദരുടെ വൈരംകൊണ്ട് എനിക്ക് ഒട്ടേറെ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിവന്ന വിവരം നിങ്ങള്‍ക്കറിയാം. എന്നാല്‍ അതെല്ലാം ദൈവനാമത്തില്‍ ഞാന്‍ ക്ഷമിക്കുകയും അവര്‍ക്ക് മാപ്പ് കൊടുക്കുകയും ചെയ്തിരിക്കുന്നു.
എന്റെ സുവിശേഷ പ്രവര്‍ത്തനംകൊണ്ട് നിങ്ങള്‍ക്കെല്ലാം യേശുവില്‍ വിശ്വാസവും ഭക്തിയും ജനിച്ചിരിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ദൈവത്തിന്റെ ആലോചനകള്‍ ഒന്നുംതന്നെ ഞാന്‍ നിങ്ങളില്‍ നിന്നും മറച്ചുവെച്ചിട്ടില്ല. ഇപ്പോള്‍ എന്നെ പോകാനാനുവദിക്കണം നിങ്ങള്‍ക്ക് നന്മവരട്ടെ”!.
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-18
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക