Image

ഫുജൈറ ടാങ്കര്‍ ദുരന്തം: മരിച്ചവരില്‍ മലയാളി യുവാവും

Published on 31 December, 2011
ഫുജൈറ ടാങ്കര്‍ ദുരന്തം: മരിച്ചവരില്‍ മലയാളി യുവാവും
ഫുജൈറ: കഴിഞ്ഞ ദിവസം ഫുജൈറ തുറമുഖത്ത്‌ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ചു മരിച്ച മൂന്നുപേരില്‍ ഒരാള്‍ മലയാളിയെന്നു സ്‌ഥിരീകരിച്ചു. കോഴഞ്ചേരി കാട്ടൂര്‍ കാറ്റാടിക്കല്‍ പെരുന്തോലില്‍ പരേതനായ രാമകൃഷ്‌ണപിള്ളയുടെ മകന്‍ രാധാകൃഷ്‌ണനാണ്‌ (44) മരിച്ചത്‌. കപ്പലില്‍ വെല്‍ഡിങ്‌ നടത്തുന്നതിനിടെ ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടി മരിച്ചതായാണു വിവരം. മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍.

പൊട്ടിത്തെറിയില്‍ പരുക്കേറ്റ രണ്ടുപേരുടെ നില അതീവഗുരുതരമായി തുടരുന്നു. അപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ രണ്ടുപേരെ കാണാതായതായും വിവരമുണ്ട്‌. കോണ്‍ട്രാക്‌ടിങ്‌ കമ്പനി ജീവനക്കാരനായ എറണാകുളം സ്വദേശിയെയാണു കാണാതായതെന്ന്‌ അറിയുന്നു. മറ്റേയാള്‍ കപ്പലിലെ ജീവനക്കാരനാണെന്നാണു സൂചന. ഇവര്‍ പൊട്ടിത്തെറിച്ച ടാങ്കറില്‍ അകപ്പെട്ടതാണോ കടലില്‍ വീണതാണോ എന്നു വ്യക്‌തമായിട്ടില്ല. തുറമുഖത്തു നിന്നു 12 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം.

അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഒരാള്‍ പാക്കിസ്‌ഥാന്‍ സ്വദേശിയാണ്‌. 60 ശതമാനത്തിലേറെ പൊള്ളലേറ്റ ഇദ്ദേഹത്തിന്റെ ഒരു കണ്ണ്‌ നഷ്‌ടപ്പെട്ടുവെന്നാണു വിവരം. മറ്റേയാള്‍ എവിടത്തുകാരനാണെന്ന്‌ അറിവായിട്ടില്ല. വേറെ എട്ടുപേര്‍ക്കും പരുക്കുള്ളതായാണു സൂചന.

വ്യാഴാഴ്‌ച രാത്രി ഏഴരയോടെയാണു ദുരന്തമുണ്ടായത്‌. അറ്റകുറ്റപ്പണി നടത്തുകയായിരുന്ന ഒഴിഞ്ഞ ടാങ്കറിനാണു തീപിടിച്ചത്‌. വന്‍ശബ്‌ദം കേട്ടതായി പരിസരത്തുള്ളവര്‍ പറയുന്നു. ടാങ്കറില്‍ എണ്ണയുണ്ടായിരുന്നുവെങ്കില്‍ വന്‍ദുരന്തത്തിനു കാരണമാകുമായിരുന്നുവത്രെ. മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യക്കാര്‍ ജോലിചെയ്യുന്ന തുറമുഖമാണിത്‌.അപകടകാരണത്തെക്കുറിച്ച്‌ ഊര്‍ജിത അന്വേഷണം നടത്തിവരികയാണ്‌. അപകടമുണ്ടായ ഉടന്‍ ആംബുലന്‍സുകളും പൊലീസ്‌ വാഹനങ്ങളും തുറമുഖത്തേക്കു കുതിച്ചെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക