Image

വരാനിരിക്കുന്നത് പ്രത്യാശയുടെ പുതുവര്‍ഷമെന്ന് ഒബാമ (അങ്കിള്‍സാം)

Published on 31 December, 2011
വരാനിരിക്കുന്നത് പ്രത്യാശയുടെ പുതുവര്‍ഷമെന്ന് ഒബാമ (അങ്കിള്‍സാം)
ഹോണോലൂലു: വരാനിരിക്കുന്നത് പ്രതീക്ഷകളുടെയും പ്രത്യാശകളുടെയും പുതുവര്‍ഷമാണെന്ന് പ്രസിഡന്റ് ബറാക് ഒബാമ. പേ റോള്‍ ടാക്‌സ് ഡീല്‍ ബില്‍ പാസാക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രകടിപ്പിച്ച ഐക്യം സാമ്പത്തിക രംഗത്തും തന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുവെന്നും ജനങ്ങള്‍ക്കുള്ള പ്രതിവാര സന്ദേശത്തില്‍ ഒബാമ പറഞ്ഞു.

അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളികളും വലിയ നേട്ടങ്ങളും സമ്മാനിച്ച വര്‍ഷമാണ് കടന്നു പോവുന്നത്. ഇറാഖിലെ യുദ്ധം അവസാനിച്ചതും ഒസാമാ ബിന്‍ ലാദനെ വധിച്ചതും സാമ്പത്തിക രംഗത്ത് ഉണര്‍വ് ദൃശ്യമായകും നേട്ടങ്ങളാണ്. 2012 കൂടുതല്‍ നേട്ടങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒബാമ പറഞ്ഞു.

ഒബാമയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി റോംനി

ന്യൂയോര്‍ക്ക്: പുതുവര്‍ഷത്തില്‍ പ്രസിഡന്റ് ബറാക് ഒബാമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി മോഹികളില്‍ മുമ്പനായ മിറ്റ് റോംനി രംഗത്തെത്തി. ഹവായിയില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ പോയ ഒബാമയുടെ നടപടിയെയാണ് റോംനി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. അമേരിക്കന്‍ ജനത തണുപ്പിലും മഴയിലും കാറ്റിലും ബുദ്ധിമുട്ടുമ്പോള്‍ പ്രസിഡന്റ് സുഖവാസത്തിനായി ഹവായിലേക്ക് പോയിരിക്കുകയാണെന്ന് റോംനി പറഞ്ഞു.

അദ്ദേഹം അവിടെ ഗോള്‍ഫ് കളിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടര കോടി ജനങ്ങള്‍ തൊഴിലില്ലായ്മകൊണ്ട് ബുദ്ധിമുട്ടുമ്പോഴാണ് പ്രസിഡന്റിന്റെ സുഖവാസമെന്നും റോംനി ആരോപിച്ചു. ഇതില്‍കൂടുതല്‍ നിങ്ങള്‍ ഒബാമയില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്‌ടോ എന്ന ചോദ്യത്തോടെയാണ് ജനുവരി മൂന്നിന് ഇയോവയില്‍ നടക്കുന്ന ജഒപി തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റാലിയില്‍ റോംനി പ്രസംഗം അവസാനിപ്പിച്ചത്.

യുഎസ് ജനസംഖ്യ 2012 ജനുവരി ഒന്നിന് 31.28 കോടിയാവും

ഡാളസ്: 2012 ജനുവരി ഒന്നിന് അമേരിക്കന്‍ ജനസംഖ്യ 31.28 കോടി കവിയുമെന്ന് യുഎസ് സെന്‍സസ് ബോര്‍ഡ് റിപ്പോര്‍ട്ട്. ഡിസംബര്‍ 29ലെ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ചു യുഎസിലെ ജനസംഖ്യ 31, 27,67, 974 കോടിയാണ്. 2011 ജനുവരി ഒന്നിന് ഉണ്ടായിരുന്നതില്‍നിന്നും 0.7 ശതമാനം (22.5 ലക്ഷം) വര്‍ധനവാണ് 2011 ഡിസംബര്‍ 29ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ എട്ടു സെക്കന്‍ഡിലും ഒരു ജനനവും പന്ത്രണ്ടു സെക്കന്‍ഡില്‍ ഒരു മരണവും നാല്‍പ്പതു സെക്കന്‍ഡില്‍ ഒരു കുടിയേറ്റവും ഉള്‍പ്പെടെ ഓരോ പതിനേഴു സെക്കന്‍ഡിലും ശരാശരി ഒരാളുടെ വര്‍ധനവാണ് 2012ല്‍ പ്രതീക്ഷിക്കുന്നതെന്ന് സെന്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന ജനസംഖ്യയുള്ള സംസ്ഥാനം കാലിഫോര്‍ണിയായും തൊട്ടടുത്ത് ടെക്‌സസ്, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങളാണ്. റോഡ്‌ഐലന്റ്, മിഷിഗണ്‍, മയില്‍ എന്നീ മൂന്നു സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറവ് ജനങ്ങളുള്ളത്.ഡിസംബര്‍ 29ന് ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ലോകജനസംഖ്യ 698.45 കോടിയാണ്. ഇതില്‍ ഒന്നാം സ്ഥാനം ചൈനയ്ക്കും (133.67 കോടി), രണ്ടാം സ്ഥാനം ഇന്ത്യക്കും (118.91 കോടി), മൂന്നാം സ്ഥാനം അമേരിക്കക്കുമാണ് (31.28 കോടി).

കാന്‍സര്‍ ബാധ: ഷാവേസിന്റെ ആരോപണം തികച്ചും നിന്ദ്യമെന്ന് യുഎസ്

വാഷിങ്ടണ്‍: ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ഇടതുപക്ഷ നേതാക്കള്‍ക്കു തുടര്‍ച്ചയായി കാന്‍സര്‍ പിടിപെടുന്നതിനു പിന്നില്‍ യുഎസ് ആണെന്ന വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ആരോപണം തികച്ചും നിന്ദ്യമാണെന്ന് യുഎസ്. ഷാവേസിന്റെ ആരോപണത്തെക്കുറിച്ചു സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വിക്‌ടോറിയ നുലന്‍ഡ് പ്രതികരിച്ചതിങ്ങനെ-"ഭയങ്കരവും നിന്ദ്യവും. അത് കൂടുതല്‍ പ്രതികരണം അര്‍ഹിക്കുന്നില്ല.

അര്‍ജന്റീന പ്രസിഡന്റ് ക്രിസ്റ്റീന കിര്‍ഷ്‌നര്‍ക്കു കാന്‍സര്‍ ബാധിച്ചു എന്ന വാര്‍ത്തയോട് പ്രതികരിക്കവേയാണ് യുഎസിന്റെ കറുത്തകരങ്ങളാവാം ഇതിനു പിന്നിലെന്നു ഷാവേസ് ആശങ്ക പ്രകടിപ്പിച്ചത്. ഷാവേസും കാന്‍സര്‍ ബാധിതനാണ്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ മറ്റുപല പ്രസിഡന്റുമാരും മുന്‍ പ്രസിഡന്റുമാരും കാന്‍സര്‍ ബാധിതരായിട്ടുണ്ട്-പരാഗ്വേ പ്രസിഡന്റ് ഫെര്‍ണാന്‍ഡോ ലൂഗോ, ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ്, മുന്‍ പ്രസിഡന്റ് ലുല ഡ സില്‍വ. ഇവരുടെയെല്ലാം പേരുകള്‍ എടുത്തു പറഞ്ഞാണ് കാന്‍സര്‍ വരുത്തുന്ന സാങ്കേതിക വിദ്യ യുഎസ് വികസിപ്പിച്ചെടുത്തിട്ടുണ്ടാവാമെന്നു ഷാവേസ് ആരോപിച്ചത്.

ഹോര്‍മുസ് കടലിടിക്കിലൂടെ രണ്ടു പടകപ്പലുകള്‍ കടന്നതായി യുഎസ്

വാഷിംഗ്ടണ്‍: ഇറാന്റെ ഭീഷണി അവഗണിച്ചു തന്ത്രപ്രധാന സമുദ്രപാതയായ ഹോര്‍മുസ് കടലിടുക്കിലൂടെ തങ്ങളുടെ രണ്ടു പടക്കപ്പലുകള്‍ കടന്നതായി അമേരിക്കന്‍ നാവികസേന. യു.എസ്.എസ്.എസ്. ജോണ്‍ സി സ്‌റ്റെന്നിസും യു.എസ്.എസ്. മൊബൈല്‍ ബേയുമാണ് കടലിടുക്കു താണ്ടിയതെന്നു നാവികസേനാ വക്താവ് അറിയിച്ചു. കപ്പലുകളുടെ കടലിടുക്കിലൂടെയുള്ള സഞ്ചാരം തടസപ്പെടുത്തുംവിധം ഇറാന്‍ നാവികസേനയുടെ ഭാഗത്തുനിന്ന് യാതൊരു നീക്കവുമുണ്ടായില്ലെന്ന് അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി. മുന്‍കരുതലുകള്‍ സ്വീകരിച്ചായിരുന്നു കപ്പലുകളുടെ യാത്ര. കടലിടുക്ക് അടച്ചുപൂട്ടി ജലപാതയിലൂടെയുള്ള ഗതാഗതം തടസപ്പെടുത്തുമെന്നു കഴിഞ്ഞദിവസം ഇറാന്‍ ഭീഷണി മുഴക്കിയ സാഹചര്യത്തിലായിരുന്നു അമേരിക്കന്‍ നാവികസേനയുടെ ഈ നീക്കം.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസപ്പെടുത്താനുള്ള ടെഹ്‌റാന്റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് അമേരിക്ക വ്യക്തമാക്കിയതോടെ ഇറാനുമായുള്ള സംഘര്‍ഷം മൂര്‍ധന്യാവസ്ഥയിലെത്തുമെന്ന് ആശങ്ക പരന്നിരുന്നു.

യു.എസ്-പാക് ബന്ധം മെച്ചപ്പെടുത്താന്‍ രഹസ്യചര്‍ച്ച

ഇസ്‌ലാമാബാദ്: കലുഷിതമായ യുഎസ്-പാക് സൈനികസഹകരണം പഴയനിലയിലാക്കാന്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ ലഫ്. ജനറല്‍ ഷൂജ പാഷ ഖത്തറില്‍വെച്ച് അമേരിക്കന്‍ അധികൃതരുമായി രഹസ്യചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡിന്റെ ആസ്ഥാനമായ ഖത്തറില്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയുടെ നിര്‍ദേശപ്രകാരമമാണ് പാഷ സന്ദര്‍ശനം നടത്തിയതെന്ന് പാക് പത്രം "ഡോണ്‍' റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറില്‍ താമസിക്കവേ പാഷ അമേരിക്കന്‍ ഉദ്യോഗസ്ഥരെ കണ്ടതായി പാശ്ചാത്യ നയതന്ത്രജ്ഞന്‍ സ്ഥിരീകരിച്ചതായും പത്രം വെളിപ്പെടുത്തി. ഔദ്യോഗികമായി പ്രഖ്യാപിക്കാതെയുള്ള ഖത്തര്‍ സന്ദര്‍ശനം കഴിഞ്ഞ് ബുധനാഴ്ചയാണ് പാഷ തിരിച്ചെത്തിയത്. അല്‍ക്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദനെ ഏകപക്ഷീയ സൈനിക നടപടിയിലൂടെ അമേരിക്ക വധിച്ചതിനെത്തുടര്‍ന്ന് മോശമായ ഉഭയകകക്ഷിബന്ധം നാറ്റോ വ്യോമാക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തോടെ തീര്‍ത്തും വഷളായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക