Image

വര്‍ണ്ണപ്രഭയോടെ ഹൂസ്റ്റണ്‍ എക്യുമെനിക്കല്‍ ക്രിസ്‌തുമസ്‌

ജോര്‍ജ്‌ കാക്കനാട്ട്‌ Published on 31 December, 2011
വര്‍ണ്ണപ്രഭയോടെ ഹൂസ്റ്റണ്‍ എക്യുമെനിക്കല്‍ ക്രിസ്‌തുമസ്‌
ഹൂസ്റ്റണ്‍: തിരുപ്പിറവി ലോകത്തിനു സമ്മാനിച്ച സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്‌തുമസ്‌ ആഘോഷങ്ങള്‍ ഹൂസ്റ്റണിലെ എക്യുമെനിക്കല്‍ സമൂഹം ആഘോഷപൂര്‍വം കൊണ്ടാടി. പുല്‍ക്കൂട്ടിലെ വിസ്‌മയവും ശാന്തിയും ലോകരക്ഷകന്റെ മനുഷ്യനിലേക്കുള്ള പ്രയാണവും അനുസ്‌മരിച്ചു നടന്ന പരിപാടികള്‍ ഡിസംബര്‍ 25-ാം തീയതി വൈകിട്ട്‌ സ്റ്റാഫോര്‍ഡ്‌ ഇമ്മാനുവേല്‍ സെന്ററില്‍ അരങ്ങേറി. ഹൂസ്റ്റണ്‍ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ നെടുംതൂണായ സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയൂസ്‌ തിരുമേനിയുടെ ആരംഭ പ്രാര്‍ത്ഥനയോടുകൂടി തുടങ്ങിയ പരിപാടികള്‍ മുഖ്യാതിഥി അമേരിക്കയിലെ ക്‌നാനായ മെത്രാപ്പോലീത്ത അഭിവന്ദ്യ ആയൂബ്‌ മാര്‍ സില്‍വാനിയോസ്‌ നിലവിളക്ക്‌ കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു.

30 വര്‍ഷം പിന്നിട്ട എക്യുമെനിക്കല്‍ കൂട്ടായ്‌മ ഹൂസ്റ്റണിലെ ക്രിസ്‌ത്യാനികളുടെ ഏറ്റവും വലിയ ഉത്സവമായി മാറിയതിന്റെ പിന്നിലെ സൗമനസ്യത്തെപ്പറ്റി, അതിലൂടെ ഉടലെടുക്കുന്ന നന്മകളെപ്പറ്റി അടിവരയിട്ടു പറഞ്ഞുകൊണ്ട്‌ പ്രസിഡന്റ്‌ റവ.ഫാ. റോയി വര്‍ഗീസ്‌ എത്തിച്ചേര്‍ന്ന ജനസമൂഹത്തെ സ്വാഗതം ചെയ്‌തു. ക്രിസ്‌തുമസ്‌ സന്ദേശം നല്‍കിയ അഭിവന്ദ്യ ആയൂബ്‌ മാര്‍ സില്‍വാനിയോസ്‌ തിരുമേനി ക്രിസ്‌തുമസിന്റെ അന്തസത്തയെപ്പറ്റി, ക്രിസ്‌തുമസ്സിലൂടെ ലഭിക്കുന്ന പ്രത്യാശാപൂര്‍ണമായ ഒരു കടന്നുവരവിനെപ്പറ്റി, രക്ഷകന്റെ ജനനത്തിരുനാള്‍ ആഘോഷിക്കുമ്പോഴുണ്ടാകുന്ന സൃഷ്‌ടിയുടെ അടുക്കലേക്കുള്ള സൃഷ്‌ടാവിന്റെ വരവ്‌, നക്ഷത്രത്തിന്റെ ദര്‍ശനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു ജീവിതം അതിലൂടെ ക്രിസ്‌തുവിനെ ദര്‍ശിക്കുവാനുള്ള അവസരം വന്നതിന്റെ ഒന്നത്യത്തെപ്പറ്റി എടുത്തുപറഞ്ഞു. ഈ കൂടിവരവ്‌ നമുക്ക്‌ ക്രിസ്‌തുവിനെ ദര്‍ശിക്കുവാനുള്ള മറ്റൊരു അവസരമാകട്ടെ എന്ന്‌ ആശംസിച്ചു. സിജി ടി. എബ്രഹാം യൂത്ത്‌സന്ദേശം നല്‍കിയതിനെത്തുടര്‍ന്ന്‌ വിവിധ ഇടവകകളെ പ്രതിനിധീകരിച്ച്‌ വിവിധ പ്രോഗ്രാമുകള്‍ അരങ്ങേറി.

ക്രിസ്‌തുമസ്സിന്റെ ആശയം ഉള്‍ക്കൊണ്ട്‌ നടന്ന വിവിധ പരിപാടികള്‍ കാണികള്‍ക്ക്‌ നവ്യാനുഭവമായി. ഫാ. മാമ്മന്‍ മാത്യു കോര്‍ഡിനേറ്ററായി നടന്ന ഹൂസ്റ്റണിലെ ബിസിനസ്‌ സംരംഭകരുടെ സംഭാവനയായ ഡോര്‍ പ്രൈസ്‌ ഈ വര്‍ഷത്തെ പരിപാടികള്‍ക്ക്‌ ആവേശം പകര്‍ന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഈ വര്‍ഷം സഭാകൂട്ടായ്‌മകളുടെ സഹകരണം കൂടുതല്‍ വ്യക്തമായിരുന്നു.

2011-ലെ ക്രിസ്‌തുമസ്‌ ആഘോഷങ്ങള്‍ക്ക്‌ ക്രിസ്റ്റഫര്‍ മാത്യു അച്ചന്റെ പ്രാര്‍ത്ഥനയോടും ആര്‍ച്ച്‌ ബിഷപ്പ്‌ ആയൂബ്‌ മാര്‍ സില്‍വാനിയോസിന്റെ ആശീര്‍വാദത്തോടുംകൂടി തിരശ്ശീല വീണു. എക്യുമെനിക്കല്‍ സെക്രട്ടറി എല്‍ദോ പീറ്റര്‍ സ്വാഗതവും മോസ്സസ്‌ പണിക്കര്‍ നന്ദിപ്രകാശനവും നടത്തി. പ്രോഗ്രാമിന്റെ എം.സി. ആയി ഷിജി മാത്തന്‍ പ്രവര്‍ത്തിച്ചു. പബ്ലിക്‌ റിലേഷന്‍ കോര്‍ഡിനേറ്റര്‍ റവ. കെ.ബി. കുരുവിളയച്ചന്റെ നേതൃത്വവും വിവിധ കമ്മറ്റികളുടെ അശ്രാന്തപരിശ്രമങ്ങളും പരിപാടികള്‍ക്ക്‌ പൂര്‍ണവിജയം നേടിക്കൊടുത്തു.
വര്‍ണ്ണപ്രഭയോടെ ഹൂസ്റ്റണ്‍ എക്യുമെനിക്കല്‍ ക്രിസ്‌തുമസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക