Image

മദ്യപാനത്തിന്റെ പരിണതഫലങ്ങള്‍, ഒരു ഏപ്രില്‍മാസ ചിന്ത (ജി പുത്തന്‍കുരിശ്‌)

Published on 23 April, 2015
മദ്യപാനത്തിന്റെ പരിണതഫലങ്ങള്‍, ഒരു ഏപ്രില്‍മാസ ചിന്ത (ജി പുത്തന്‍കുരിശ്‌)
നാളെത്ത നല്ല ദിവസത്തിനായി ഇന്ന്‌ സഹായം തേടുക എന്നതാണ്‌ മദ്യാസക്‌തിയുടെ ഭവിഷ്യത്തിനെക്കുറിച്ചു ബോധവത്‌ക്കരിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ഈ വര്‍ഷത്തെ ഏപ്രില്‍ മാസ മുദ്രാവാക്യം. ലോകം എമ്പാടുമായി ഏകദേശം നൂറ്റി നാല്‍പ്പതു മില്ലിയണിലേറെ മനുഷ്യര്‍ മദ്യപാനത്തിന്റെ അടിമകളായിട്ടുണ്ടെന്നാണ്‌ ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ കാണിക്കുന്നത്‌. അമേരിക്കയിലെ ചെറുപ്പക്കാരുടെ ഇടയിലെ ഏറ്റവും അപകടകാരിയായ മയക്കു മരുന്നുകളിലൊന്നാണ്‌ അമിതമായ മദ്യപാനമെന്നാണ്‌ അതേ കണക്കെടുപ്പിലെ മറ്റൊരു സൂചന. ഒരു പതിനാറു വയസ്സുകാരന്‍ മറ്റേതു രോഗത്തേക്കാളും മദ്യപാനംകൊണ്ട്‌ മരിക്കാനാണ്‌ സാധ്യതയെന്നാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. അമിതമായ മദ്യപാനവും അതു സൃഷ്‌ടിക്കുന്ന ദുരന്തങ്ങളും കുടുംബ ജീവിതത്തെ തകര്‍ക്കുകയും സാമൂഹ്യ ജീവിതത്തെ എന്നത്തെക്കാളും ദുഷ്‌ക്കരമാക്കുകയും ചെയ്യുന്നു.

മദ്യത്തോടുള്ള ആസക്‌തിയെന്നു പറയുന്നത്‌ ഏറ്റവും കൂടുതല്‍ മദ്യം സാത്‌മീകരിക്കാനുള്ള ശരീരത്തിന്റെ സഹനശക്‌തിയും പിന്നീട്‌ അതിനെ നിയന്ത്രിക്കാനാവാതെ വരുന്നതുമായ അവസ്ഥയാണ്‌. മദ്യാസക്‌തിയുടെ ഭവിഷ്യത്തെന്നു പറയുന്നത്‌ മനസ്സിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കല്‍, മാനസ്സിക രോഗങ്ങളുടെ സാദ്ധ്യത കൂടുതല്‍, വിഷാദരോഗം, ആത്‌മഹത്യക്കുള്ള പ്രവണത തുടങ്ങിയവയാണ്‌. രണ്ടു മണിക്കൂറിനുള്ളില്‍ മദ്യപാനത്തിലൂടെ ഒരു യുവാവിന്റെ രക്‌തത്തിലെ മദ്യത്തിന്റെ അളവ്‌ ഭൂജ്യം ദശാംശം ഭ്യൂജ്യം എട്ടാകുകയും, ആ അളവില്‍ ഒരാഴ്‌ച മദ്യപിക്കുമ്പോളുമാണ്‌ ആ വ്യക്‌തിയുടെ മാനസ്സികാവസ്‌ത ആപല്‍ഘട്ടത്തിലേക്ക്‌ നീങ്ങുന്നത്‌. സ്‌ത്രീകളെ സംബന്ധിച്ചടത്തോളം അതേ അളവില്‍ ഒരാഴ്‌ചമാത്രം മദ്യപിച്ചാല്‍ മതി ഈ ആപല്‍ഘട്ടത്തിലെത്തുവാന്‍.

തുടരെയുള്ള മദ്യപാനം ശാരീരികമായി പലരോഗങ്ങളേയും ക്ഷണിച്ചു വരുത്തുന്നു. കരള്‍ വീക്കം, ദഹനത്തിനാവശ്യമായ രാസസംയുക്‌തങ്ങളെ ഉത്‌പാദിപ്പിക്കുന്ന പാങ്‌ക്രിയാസിനുണ്ടാകുന്ന തകരാറ്‌, അപസ്‌മാരം, പെപ്‌റ്റിക്‌ അള്‍സര്‍, ലൈഗംഗികമായുള്ള ശേഷിക്കുറവ്‌ തുടങ്ങിയവ അതില്‍ ചിലതാണ്‌. അമിതമായ മദ്യപാനം ഹൃദയാഘാദം, ക്യാന്‍സര്‍ തുടങ്ങിയ മാരകരോഗത്തെ ക്ഷണിച്ചു വരുത്തുന്നു. പലരോഗങ്ങളേയും ചെറുത്തു നില്‌ക്കാനുള്ള ശരീരത്തിന്റെ കഴിവും, അസ്‌തി ക്ഷയവും സംഭവിക്കാം. സ്‌ത്രീകള്‍ പുരുഷന്മാരേക്കാള്‍ വളരെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളെ നേരിടേണ്ടി വരുന്നു. അവരുടെ മദ്യപാനത്തില്‍ നിന്നുള്ള മരണ നിരക്കും പുരുഷന്മാരേ അപേക്ഷിച്ച്‌ കൂടുതലാണ്‌. സ്‌ത്രീകള്‍ക്ക്‌ ഗര്‍ഭധാരണത്തിനുള്ള അവസരങ്ങള്‍ കുറയുകയും സ്‌തനാര്‍ബുദത്തിനുള്ള സാദ്ധ്യത കൂടുകയും ചെയ്യും.

മദ്യപാനത്തിന്റെ മറ്റൊരു ദുരന്തമാണ്‌ പലതരത്തിലുള്ള മനോരോഗങ്ങള്‍. പല സംഗതികളെയും തിരിച്ചറിയാനുള്ള കഴിവ്‌ നഷ്‌ടപ്പെടുക. ഓര്‍മ്മക്കുറവ്‌ ഇവയെല്ലാം അമിതമായ മദ്യപാനത്തില്‍ നിന്നുണ്ടാകുന്ന രോഗങ്ങളാണ്‌. ഓര്‍മ്മക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങളില്‍ പത്തുശതമാനവും മദ്യപാനവുമായി ബന്ധപ്പെട്ടതാണ്‌. കൂടുതല്‍ മദ്യം കഴിക്കുന്നത്‌ മസ്‌തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. പിന്നീട്‌ ശരീരാരോഗ്യത്തെ തകരാറിലാക്കുന്നു. സാമൂഹ്യ ജീവതത്തില്‍ നിത്യമായി കാണാറുള്ള പലതരത്തിലുള്ള കഴിവുകളും പ്രകടിപ്പിക്കാനുള്ള കഴിവും മദ്യപാനികള്‍ക്ക്‌ നഷ്‌ടപ്പെടുന്നു. ഇതില്‍ പ്രധാനമായി മുഖത്ത്‌ പ്രകടമാകുന്ന ഭാവ വിത്യാസങ്ങളെ തിരിച്ചറിയാനുള്ള കഴിവ്‌ നഷ്‌ടപ്പെടുക, ആരെങ്കിലും തമാശകള്‍ പറഞ്ഞാല്‍ അത്‌ ഗ്രഹിക്കാനുള്ള കഴിവില്ലായ്‌മ, സംഗീതത്തിനൊത്ത്‌ പാടാനുള്ള കഴിവില്ലായ്‌മ എന്നിവയാണ്‌. മദ്യപാനവുമായുള്ള മാനസ്സിക രോഗങ്ങളുടെ മുന്‍പന്തിയില്‍ നില്‌ക്കുന്നത്‌ ആകാംഷ, വിഷാദരോഗം തുടങ്ങിയവയാണ്‌.

മദ്യപാനത്തില്‍ നിന്നുണ്ടാകുന്ന തകര്‍ച്ചയും അമിതമായ മദ്യത്തിന്റെ ഉപയോഗവും സാമൂഹ്യപരമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമായി തീരുന്നു. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനുള്ള പ്രേരകമായി മദ്യം വര്‍ത്തിക്കുന്നു. സ്‌ത്രീകളേയും കുഞ്ഞുങ്ങളേയും ഉപദ്രവിക്കുക, ബലാല്‍സംഗം, മോഷണം, മറ്റുളളവരെ ഉപദ്രവിക്കല്‍ ഇവയെല്ലാം മദ്യപാനത്തില്‍ നിന്നുണ്ടാകുന്നതാണ്‌. മദ്യപാനത്തിന്റെ ഫലമായി പലര്‍ക്കും ജോലി യും വീടും നഷ്‌ടമാകുന്നു. വിവാഹമോചനത്തിനും കാരണമായി തീരുന്നു. അവസാനം മദ്യപാനികള്‍ സമൂഹത്തില്‍ നിന്നു വീടുകളില്‍നിന്നും പുറതള്ളപ്പെടുകയും ചെയ്യുന്നു. മദ്യപാന ലഹരിയിലാണ്ടുപോയ കേരളത്തെക്കുറിച്ചും അത്‌ വരുത്തി വയ്‌ക്കുന്ന വിനകളേക്കുറിച്ചും ഇവിടെ വിവരിക്കുവാന്‍ സ്ഥലപരിമിതി അനുവദിക്കുന്നില്ല. ജോര്‍ജ്‌ വാഷ്‌ങടണ്‍ പറഞ്ഞതുപോലെ, വേദനിക്കുന്ന ഒരു തലയും വിറയ്‌ക്കുന്ന ഒരു ചുണ്ടും, കര്‍മ്മത്തില്‍ നിന്ന്‌ മാറ്റി നിറുത്തുന്ന കരങ്ങളും മാത്രമായിരിക്കും ഒരു മദ്യപാനിയുടെ മുതല്‍ക്കൂട്ട്‌.

ജി. പുത്തന്‍കുരിശ്‌
മദ്യപാനത്തിന്റെ പരിണതഫലങ്ങള്‍, ഒരു ഏപ്രില്‍മാസ ചിന്ത (ജി പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക