Image

രാഹുല്‍ ഗാന്ധിയ്‌ക്ക്‌ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുവാന്‍ ആകുമോ? (ഡല്‍ഹി കത്ത്‌: പി.വി. തോമസ്‌)

Published on 27 April, 2015
രാഹുല്‍ ഗാന്ധിയ്‌ക്ക്‌ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുവാന്‍ ആകുമോ? (ഡല്‍ഹി കത്ത്‌: പി.വി. തോമസ്‌)
ഇത്‌ ഇപ്പോള്‍ ഇന്‍ഡ്യ മുഴുവന്‍ ചോദിക്കുന്ന ചോദ്യം ആണ്‌. മോണിലാല്‍ നെഹ്‌റുവിന്റെയും ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരഗാന്ധിയുടെയും രാജീവ്‌ഗാന്ധിയുടെയും സോണിയഗാന്ധിയുടെയും വംശപരമ്പരയിലെ ഇളംകണ്ണിയായ രാഹുല്‍ഗാന്ധിക്ക്‌ കോണ്‍ഗ്രസിന്‌ ഒരു പുതുജീവന്‍ നല്‍കുവാനും അധികാരത്തിലേക്ക്‌ തിരികെ കൊണ്ടുവരുവാനും സാധിക്കുമോ? 2014-ലെ ലോകസഭതെരഞ്ഞെടുപ്പിലെ വന്‍പരാജയത്തെ തുടര്‍ന്ന്‌ ഈ ചോദ്യം രാജ്യമെമ്പാടും അലയടിച്ചുയര്‍ന്നെങ്കിലും ഇപ്പോള്‍ അത്‌ പൂര്‍വ്വാധികം ശക്തിയോടെ ഉയര്‍ന്ന്‌ വന്നിരിക്കുകയാണ്‌. ഇതിന്‌ കാരണം രാഹുലിന്റെ പെട്ടെന്നുള്ള തിരോധാനവും-സബാട്ടിക്കല്‍- തിരിച്ച്‌ വരവും ആണ്‌. കാരണം ഇന്‍ഡ്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഇതുവരെയും ഒരു രാഷ്ട്രീയ നേതാവിനെയും ഇങ്ങനെ പൊടുന്നനെ കാണാതായിട്ടില്ല. സ്വാതന്ത്ര്യ സമരകാലത്തും കമ്മ്യൂണിസ്റ്റ്‌ മൂവ്‌മെന്റ്‌ കാലത്തും നക്‌സലൈറ്റ്‌ മുന്നേറ്റകാലത്തും അടിയന്തിരാവസ്ഥകാലത്തും നേതാന്‍മാര്‍ അണ്ടര്‍ഗ്രൗണ്ടില്‍(ഒളിതാവളം) പോയതായി കേട്ടിട്ടുണ്ട്‌. പക്ഷേ, സാധാരണ സാഹചര്യത്തില്‍ ആദ്യമായിട്ടാണ്‌ ഒരു നേതാവ്‌ സ്വയം അപ്രത്യക്ഷനാകുന്നത്‌. ഏതായാലും അദ്ദേഹം തിരിച്ച്‌ വന്നുവല്ലൊ ആശ്വാസമായി. ജനം, പ്രത്യേകിച്ചും കോണ്‍ഗ്രസുകാര്‍, ഉത്സുകരും അതേപോലെ തന്നെ ഉത്‌ക്കുലാകുണ്ടരും ആണ്‌. രാഹുലില്‍ കോണ്‍ഗ്രസിന്‌ ഒരു തിരിച്ചു വരവിന്‌ ബാല്യം ഉണ്ടോ? ഇതാണ്‌ മില്യണ്‍ ഡോളര്‍ ചോദ്യം. ഇത്‌ സമഗ്രമായി പഠിക്കേണ്ടിയിരിക്കുന്നു, വസ്‌തുനിഷ്‌ഠമായി വിലയിരുത്തേണ്ടിയിരിക്കുന്നു. നെഹ്‌റു കുടുംബത്തില്‍ ജനിച്ചു എന്നതൊഴിച്ചാല്‍ കോണ്‍ഗ്രസിന്റെ അത്യൂന്നത പദവിയിലേക്കും ഇന്‍ഡ്യയുടെ പ്രധാനമന്ത്രി പദത്തിലേക്കും കടന്നുചെല്ലുവാന്‍ എന്താണ്‌ അദ്ദേഹത്തിന്റെ യോഗ്യത? നെഹ്‌റുവും ഇന്ദിരഗാന്ധിയും രാജീവ്‌ ഗാന്ധിയും ഒഴിച്ചാല്‍ മൂന്നുപേരാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ നെഹ്‌റു കുടുംബത്തിനു വെളിയില്‍ നിന്നും പ്രധാനമന്ത്രി ആയിട്ടുള്ളത്‌. ഇവര്‍ ലാല്‍ ബഹദൂര്‍ ശാസ്‌ത്രിയും, പി.വി.നരസിംഹറാവുവും, മന്‍മോഹന്‍ സിംങ്ങും ആണ്‌. ശാസ്‌ത്രി ഇന്ദിര ഗാന്ധിക്ക്‌ മുമ്പുള്ള ഒരു ചെറിയ സോപ്പ്‌ ഗ്യാപ്പ്‌ അറേഞ്ച്‌മെന്റ്‌ ആയിരുന്നു (1964-1965). നരസിംഹറാവു മറ്റൊരു ഗത്യന്തരവും ഇല്ലാതിരുന്നതിനാല്‍ രാജീവിന്റെ വധത്തെ തുടര്‍ന്ന്‌ പ്രധാനമന്ത്രി ആയതാണ്‌(1991-96). മന്‍മോഹന്‍സിംങ്ങ്‌ ആകട്ടെ (2004-2014)സോണിയയുടെ മനസാക്ഷിയുടെ സൂക്ഷിപ്പുകാരനും ആയിരുന്നു. അല്ലെങ്കില്‍ രാഹുലിനുവേണ്ടി പ്രധാനമന്ത്രി കസേര ചൂടാക്കിവയ്‌ക്കാന്‍ നിയോഗിക്കപ്പെട്ട ആളും. പക്ഷേ, നെഹ്‌റു കുടുംബത്തിന്‌ വെളിയില്‍ നിന്നും ഒട്ടേറെപ്പേര്‍ ഇന്‍ഡ്യന്‍ നാഷ്‌ണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ്‌ ആയിട്ടുണ്ട്‌. സ്വാതന്ത്ര്യസമരത്തിനു മുമ്പും പിമ്പും ഉള്ള 130 വര്‍ഷങ്ങളില്‍. സ്വാഭാവികമായും.

ഇപ്പോള്‍ ഇവിടെ രാഹുല്‍ ആണ്‌ വിഷയം. രാഹുല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷന്‍ ആകുമോ? അങ്ങനെ മുതുമുത്തച്ഛന്‍ മോട്ടിലാല്‍ നെഹ്‌റുവിന്റെയും മുത്തച്ഛന്‍ നെഹ്‌റുവിന്റെയും മുത്തശ്ശി ഇന്ദിരാഗാന്ധിയുടെയും അച്ഛന്‍ രാജാവ്‌ ഗാന്ധിയുടെയും അമ്മ സോണിയയുടെയും പദവിയിലേക്ക്‌ എത്തുമോ? അല്ലെങ്കില്‍ രാഹുല്‍ ഇന്‍ഡ്യയുടെ പ്രധാനമന്ത്രി ആകുമോ? അങ്ങനെ നെഹ്‌റുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയും പിന്‍ഗാമി ആകുമോ? രാഹുല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ്‌ ആകുന്നത്‌ അത്ര ദുഷ്‌ക്കരമല്ല. കാരണം അതു പാര്‍ട്ടി തീരുമാനിച്ചാല്‍ മതി. പാദസേവയും കുടുംബാരാധനയും മുഖമുദ്രയായിട്ടുള്ള ഒരു പാര്‍ട്ടിയില്‍ അത്‌ അത്ര ദുഷ്‌കരവും അല്ല. പക്ഷേ, പ്രധാനമന്ത്രി? 120 കോടി ജനങ്ങള്‍ ഉള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ വിധി നിര്‍ണ്ണായകന്‍. അത്‌ ചിന്തിക്കേണ്ട ഒരു കാര്യം തന്നെയാണ്‌. ശരിക്കും കോണ്‍ഗ്രസ്‌ അദ്ധ്യക്ഷസ്ഥാനത്തേക്കും പ്രധാനമന്ത്രി പദത്തിലേക്കും രാഹുല്‍ യോഗ്യന്‍ ആണോ?

അദ്ദേഹത്തിന്റെ രണ്ടാം വരവോടെയാണ്‌ ഈ ചോദ്യങ്ങള്‍ പ്രസക്തമാകുന്നത്‌. ഒന്നാം സ്ഥാനത്തേക്ക്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍-അദ്ദേഹത്തിന്‌ എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാവുന്നതേയുള്ളൂ. കാരണം അമ്മയാണ്‌ ഇപ്പോള്‍ ആസ്ഥാനത്ത്‌. ഏത്‌ നിമിഷം വേണമെങ്കിലും അനായാസേന അത്‌ കൈക്കലാക്കാം എന്ന്‌ പ്രതീക്ഷിക്കുന്നു രാഹുലിന്റെ ആരാധകവൃന്ദം. പക്ഷേ, പ്രധാനമന്ത്രി പദം വിദൂരമാണ്‌. കാരണം അവിടെ ഒഴിവില്ല. നരേന്ദ്രമോഡിയാണ്‌ ആ സ്ഥാനത്ത്‌. അദ്ദേഹം അത്‌ അങ്ങനെയൊന്നും വിട്ടുകൊടുക്കുവാന്‍ തയ്യാറുമല്ല. ഇവിടെ സോണിയയോ മോഡിയോ രാഹുലിനായി സ്ഥാനത്യാഗം ചെയ്യുമോ എന്നതല്ല വിഷയം. രാഹുല്‍ ആത്യാഗം ചെയ്യുമോ എന്നതല്ല വിഷയം. രാഹുല്‍ അതിന്‌ യോഗ്യന്‍ ആണോ എന്നതാണ്‌ പ്രശ്‌നം.

രാഹുല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചിട്ട്‌ ഒരു ദശാബ്ദത്തിലേറെയായി. ആദ്യം എം.പി.യഉം പിന്നീട്‌ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയും അതിനു ശേഷം .ഇപ്പോള്‍ ഉപാധ്യക്ഷനും. എന്താണ്‌ ഇദ്ദേഹത്തിന്റെ നേട്ടങ്ങള്‍ ഒരു ജനറല്‍ സെക്രട്ടറി എന്ന നിലയില്‍? എടുത്തു പറയത്തക്കതായിട്ട്‌ ഒന്നുമില്ല. ഇദ്ദേഹം പാര്‍ട്ടിയിലേയ്‌ക്ക്‌ യുവ രക്തം കൊണ്ടുവരുമെന്നും പാര്‍ട്ടിക്ക്‌ ഒരു പുതിയ ഉണര്‍വ്വ്‌ നല്‍കുമെന്നും പറഞ്ഞു പരത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല. ഒരു എം.പി. എന്ന നിലയിലും അദ്ദേഹത്തിന്‌ എടുത്ത്‌ പറയത്തക്കതായി യാതൊരു സംഭാവനയും ഇല്ല. സദസ്സില്‍ ഹാജരാകുന്നത്‌ തന്നെ അത്ര സാധാരണമല്ല. ചര്‍ച്ചകളിലും വാദപ്രതിവാദങ്ങളിലും മറ്റ്‌ പാര്‍ലമെന്ററി പരിപാടികളിലും സജീവമായി ഇടപെടുന്നതും അപൂര്‍വ്വം. പ്രധാനമന്ത്രി മന്‍മോഹന്‍സിംങ്ങ്‌ പലകുറി അദ്ദേഹത്തെ മന്ത്രിസഭയില്‍ ചേരുവാന്‍ ക്ഷണിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല. എന്തുകൊണ്ട്‌? അദ്ദേഹം ഉത്തരവാദിത്വം ഇല്ലാത്ത അധികാരം ആണോ കാംക്ഷിച്ചിരുന്നത്‌ (power without responsibility). മന്‍മോഹന്‍ സിംങ്ങിന്റെ ഒരു വലിയ വിമര്‍ശകനും ആയിരുന്നു രാഹുലെന്ന്‌ ഇത്തരുണത്തില്‍ ഓര്‍മ്മിക്കണം. ഉദാഹരണമായി കുറ്റവാളികളായ രാഷ്ട്രീയക്കാരുടെ പാര്‍ലമെന്റ്‌ യോഗ്യത റദ്ദാക്കിയ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിച്ചപ്പോള്‍ ഒരു പ്രസ്‌ കോണ്‍ഫ്രന്‍സില്‍ വെച്ച്‌ പരസ്യമായി ഇത്‌ എന്ത്‌ `അസംബന്ധമാണെന്ന'്‌ ആണ്‌ രാഹുല്‍ ആക്രോശിച്ചത്‌. ആരാണ്‌ ഈ എക്‌സ്‌ട്രാ കോണ്‍സ്‌റ്റിറ്റിയൂഷ്‌ണല്‍ അധികാരം രാഹുലിന്‌ നല്‍കിയത്‌? കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷന്‍ എന്ന നിലയിലും അദ്ദേഹം എടുത്ത്‌ പറയത്തക്ക യാതൊരു സംഭാവനയും നല്‍കിയിട്ടില്ല. കോണ്‍ഗ്രസിന്റെ മൂന്നാമത്തെ ഏറ്റവും വലിയ സാരഥി എന്ന നിലയില്‍- സോണിയ, മന്‍മോഹന്‍സിംങ്ങ്‌ കഴിഞ്ഞാല്‍- അദ്ദേഹം കോണ്‍ഗ്രസിനു വേണ്ടി ഒറ്റ തെരഞ്ഞെടുപ്പ്‌ പോലും ജയിച്ച കഥയില്ല. ആകെ എല്ലാവരും എടുത്ത്‌ പറയുന്ന ഒരു കഥ 2009 ലെ ഉത്തര്‍പ്രദേശിലെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ്‌. ആ തെരഞ്ഞെടുപ്പില്‍ രാഹുലിന്റെ കടുംപിടുത്തപ്രകാരം കോണ്‍ഗ്രസ്‌ ഒരു കക്ഷിയുമായിട്ടും കൂട്ടുചേര്‍ന്നില്ല. എന്നാല്‍ 23 സീറ്റുകള്‍ ജയിച്ചു. 2004-ല്‍ കോണ്‍ഗ്രസ്‌ ജയിച്ചത്‌ വെറും 9 സീറ്റുകളില്‍ ആയിരുന്നു എന്ന്‌ ഓര്‍മ്മിക്കണം. ഈ 23 സീറ്റുകളുടെ വിജയം രാഹുലിന്‌ പാര്‍ട്ടിയിലും പാര്‍ട്ടിക്ക്‌ പുറത്തും വലിയ ഖ്യാതി നേടികൊടുത്തു. പക്ഷെ അതിന്‌ ശേഷം അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ്‌ തന്ത്രം ഒറ്റ നിയമസഭാ തെരഞ്ഞെടുപ്പിലോ ഉപതെരഞ്ഞെടുപ്പിലോ ലോക്‌സഭാ തെരഞ്ഞെടുപ്പിലോ ഫലിച്ചില്ല. അദ്ദേഹം ഒരിക്കലും ഒരു വോട്ട്‌ ക്യാച്ചര്‍ ആയിരുന്നില്ല; ക്രൗഡ്‌ പുള്ളര്‍ ആയിരുന്നില്ല. തെരഞ്ഞെടുപ്പിന്റെ വിജയഘടകം ആയിരുന്നില്ല. അതുപോലെ തന്നെ സംഘടനാ തലത്തില്‍ അദ്ദേഹം ഒരു ദീര്‍ഘ വീക്ഷണം ഉള്ള സംഘാടകന്‍ ആയിരുന്നില്ല. അദ്ദേഹത്തിന്റെ ഒട്ടേറെ പദ്ധതികള്‍ പാളുകയും ചെയ്‌തു. ഇതില്‍ ചിലതാണ്‌ ഇന്റര്‍വ്യൂവിലൂടെ കാര്യകര്‍ത്താക്കളെ തെരഞ്ഞെടുക്കുക എന്നത്‌. പൊതുജന അഭിപ്രായത്തിലൂടെ പാര്‍ട്ടിയുടെ ഇലക്ഷന്‍ മാനിഫെസ്റ്റോ രൂപപ്പെടുത്തുക എന്നത്‌. പ്രൈമറിയിലൂടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക തുടങ്ങിയവ. നിശ്ചയമായും അദ്ദേഹം ആദര്‍ശവാദിയും ആദര്‍ ശുദ്ധിയുള്ളവനും അഴിമതിയുടെ കറ പുരളാത്തവനും ആണ്‌. തികഞ്ഞ ജനാധിപത്യവാദിയും മതേതരവാദിയും ആണെന്ന്‌ നിസംശയം പറയാം. പക്ഷെ പ്രായോഗിക രാഷ്ട്രീയത്തില്‍ ഈ ഒരു ദശാബ്ദക്കാലം അദ്ദേഹത്തിന്‌ ഒന്നും നേടുവാനായില്ല.

ഇവിടെ ഉയര്‍ന്ന്‌ വരുന്ന ഒരു പ്രധാന ചോദ്യം കോണ്‍ഗ്രസിന്‌ നെഹ്‌റു കുടുംബത്തിന്‌ അപ്പുറം ഒരു നേതൃഭാവി ഉണ്ടോ എന്നുള്ളതാണ്‌. 1984-ല്‍ ഇന്ദിരാ ഗാന്ധി വെടിയേറ്റ്‌ കൊല്ലപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിന്‌ വേണമെങ്കില്‍ കുടുംബവാഴ്‌ചയെ തള്ളികളയാമായിരുന്നു. പക്ഷെ അതുണ്ടായില്ല. പകരം രാജീവ്‌ ഗാന്ധിയെ പ്രധാനമന്ത്രിയായി അവരോധിച്ചു. പ്രണാബ്‌ മുഖര്‍ജിയെ പോലുള്ള മുതിര്‍ന്ന നോതാക്കന്മാര്‍ തയ്യാറായിരുന്നു എങ്കില്‍ പാര്‍ട്ടി ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ കോക്‌പിറ്റില്‍ നിന്നും രാജീവിനെ പുറത്ത്‌ കൊണ്ടുവന്ന്‌ സൗത്ത്‌ അവന്യൂവില്‍ പ്രതിഷ്‌ഠിക്കുക ആയിരുന്നു. രാജീവ്‌ ഒരു വിജയമോ പരാജയമോ ആയിരുന്നു എന്നതല്ല ഇവിടെ പരാമര്‍ശന വിഷയം. കുടുംബവാഴ്‌ച തുടരുക മാത്രമാണ്‌ ചെയ്‌തു എന്നതാണ്‌. 1991-ല്‍ രാജീവ്‌ വധിക്കപ്പെട്ടപ്പോള്‍ പാര്‍ട്ടി ശരിക്കും ഒരു വഴി തിരിവില്‍ ആയിരുന്നു. ഡൈനാസ്റ്റിയില്‍ നിന്നും ആരും പ്രധാനമന്ത്രി ആകുവാന്‍ ഉണ്ടായിരുന്നില്ല. വിരഹാര്‍ത്തയായ സോണിയ വിലാപത്തില്‍ ആയിരുന്നു. രാഹുല്‍ ആകട്ടെ പയ്യനും. അങ്ങനെയാണ്‌ കുടുംബ വാഴ്‌ചയ്‌ക്ക്‌ അപ്പുറം നരസിംഹറാവുവിന്റെ വാഴ്‌ച അരങ്ങേറിയത്‌. റാവുവിന്റേത്‌ ഒരു ന്യൂനപക്ഷ കോണ്‍ഗ്രസ്‌ ഗവണ്‍മെന്റ്‌ ആയിരുന്നെങ്കിലും അത്‌ അഞ്ച്‌ വര്‍ഷവും തികച്ച്‌ ഭരിച്ചു. രാജ്യം ഇടിഞ്ഞു വീണില്ല. പക്ഷെ ബാബറി മസ്‌ജിദ്‌ ഇടിഞ്ഞു വീണു. ഗവണ്‍മെന്റിനെ നിലനിര്‍ത്തുവാനായുള്ള ജെ.എം.എം. കോഴകേസ്‌ സംഭവിച്ചു. പക്ഷെ സാമ്പത്തിക ഉദാരവത്‌കരണവും സാമ്പത്തിക പരിഷ്‌കരണങ്ങളും റാവു ഗവണ്‍മെന്റിന്റെ നേട്ടം ആയിരുന്നു. ഏതായാലും സോണിയ ഒരിക്കലും റാവു ഭരണത്തില്‍ തൃപ്‌ത ആയിരുന്നില്ല. പ്രത്യേകിച്ചും ബാബറി മസ്‌ജിദിന്റെ തകര്‍ച്ചയില്‍, രാജീവ്‌ വധക്കേസ്‌ അന്വേഷണത്തിന്റെ സാവധാനത്തില്‍. അതില്‍ റാവു ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വം ചരിത്രപരമായൊരു സത്യമാണ്‌. അതുകൊണ്ടാണ്‌ രാഹുല്‍ ഒരിക്കല്‍ പറഞ്ഞത്‌ നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ ആയിരുന്നു 1992-ല്‍ ഇന്ത്യ ഭരിച്ചിരുന്നതെങ്കില്‍ ബാബറി മസ്‌ജിദ്‌ തകരുക ഇല്ലായിരുന്നു എന്ന്‌. ഇതുപോലെ തുറന്നടിച്ചുള്ള ഒട്ടേറെ പ്രസ്‌താവനകള്‍, കുര്‍ത്തയുടെ കൈ ചുരുട്ടി കയറ്റിക്കൊണ്ട്‌ ആവേശഭരിതനായ രാഹുല്‍ നടത്തിയിട്ടുണ്ട്‌. മറ്റൊന്നാണ്‌ പാക്കിസ്ഥാനെ വിഭജിച്ച്‌ ബംഗ്ലാദേശ്‌ സൃഷ്ടിച്ചതില്‍ അദ്ദേഹം കോണ്‍ഗ്രസിനും നെഹ്‌റു കുടുംബത്തിനും(ഇന്ദിരാ ഗാന്ധി) ക്രെഡിറ്റ്‌ നല്‍കിയത്‌. മറ്റൊരിക്കല്‍ ഒരു ഉത്തര്‍പ്രദേശ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണ യോഗത്തില്‍ വെച്ച്‌ ക്ഷുഭിതനായ രാഹുല്‍ സമാജ്‌ വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ്‌ പ്രചരണപത്രിക പരസ്യമായി കീറികളയുക ഉണ്ടായി. ഈ വക പ്രസ്‌താവനകളും പ്രകടനങ്ങളും എന്താണ്‌ സൂചിപ്പിക്കുന്നത്‌? പക്വമതിയായ ഒരു രാഷ്ട്രീയ നേതാവിന്റെ സ്വാഭാവത്തെയോ അതോ ജനങ്ങളുടെ കയ്യടിക്കായി എന്തും വിളിച്ച്‌ പറയുന്ന ഒരു നേതാവിന്റെ ദൗര്‍ബല്യത്തെയോ? ഇതില്‍ നിന്നെല്ലാം രാഹുല്‍ വളരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാരണം പാര്‍ട്ടിയുടെ അധികാരം രാഹുല്‍ ഏറ്റെടുക്കേണ്ട സമയം സമാഗതമായിരിക്കുക ആണ്‌. 69 വയസുള്ള സോണിയ ഗാന്ധി നല്ല ആരോഗ്യ അവസ്ഥയില്‍ അല്ല ഇപ്പോള്‍. 2004 ലേയും 2009 ലേയും ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന്‌ വേണ്ടി ജയിച്ച സോണിയ ഇന്ന്‌ ഒരു തളര്‍ന്ന പടക്കുതിരയാണ്‌. വ്യക്തി പ്രഭാവത്തിന്‌ മങ്ങലുണ്ടെന്ന്‌ ഇതിന്‌ അര്‍ത്ഥമില്ല. പക്ഷെ ഒരു പിന്‍ഗാമിയുടെ ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്ന്‌ വരികയാണ്‌. അത്‌ കുടംബത്തിന്‌ ഉള്ളില്‍ നിന്നോ അതോ പുറത്ത്‌ നിന്നോ ആണെന്നതാണ്‌ ചോദ്യം. കുടുംബത്തിന്‌ ഉള്ളില്‍ നിന്ന്‌ ആണെങ്കില്‍ രാഹുലോ പ്രിയങ്കയോ എന്നതാണ്‌ ചോദ്യം. കുടുംബത്തിന്‌ വെളിയില്‍ നിന്ന്‌ ആണെങ്കില്‍ ജ്യോതി രാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്‌, ജിതിന്‍ പ്രസാദ്‌, മിലിന്റ്‌ ദിയോര എന്നീ ചില പേരുകള്‍ ഉണ്ട്‌. പക്ഷെ കുടുംബത്തിന്‌ വെളിയില്‍ നിന്ന്‌ ആര്‍ക്കും സാധ്യത കാണുന്നില്ല. കാരണം കോണ്‍ഗ്രസ്‌ എന്ന ബ്രഹ്‌ദ്‌ പാര്‍ട്ടിയെ ഒന്നിച്ച്‌ നിര്‍ത്തുന്ന കണ്ണി നെഹ്‌റു കുടുംബമാണ്‌. അപ്പോള്‍ അടുത്ത നേതാവും നെഹ്‌റു കുടുംബത്തില്‍ നിന്ന്‌ തന്നെ ആയിരിക്കും. അങ്ങനെയെങ്കില്‍ രാഹുല്‍ തന്നെ ആയിരിക്കും കോണ്‍ഗ്രസിന്റെ അടുത്ത സാരഥി. അത്‌ ഇന്നോ നാളയോ എന്ന്‌ മാത്രമേ ചോദ്യമുള്ളൂ.

ഇവിടുത്തെ പ്രധാന വിഷയം കോണ്‍ഗ്രസിന്റെ നേതാവ്‌ സോണിയയോ രാഹുലോ പ്രിയങ്കയോ എന്നതല്ല. എവിടെയാണ്‌ കോണ്‍ഗ്രസ്‌ എന്നതാണ്‌. തോറ്റ്‌ നിലംപരിശായ കോണ്‍ഗ്രസിനെ ആര്‍ക്ക്‌ ഉദ്ധരിക്കുവാന്‍ സാധിക്കും? തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും തെലുങ്കാനയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും രാജസ്ഥാനിലും പഞ്ചാബിലും യു.പി.യിലും ബീഹാറിലും ബംഗാളിലും ഒഡീഷയിലും ഛത്തീസ്‌ഘട്ടിലും ഝാര്‍ഖണ്ടിലും അസ്സമില്‍ പോലും എന്താണ്‌ കോണ്‍ഗ്രസിന്റെ ഭാവി? ഇവിടെ എല്ലാം കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുവാനുള്ള മാന്ത്രിക വടി രാഹുലിന്റെ കയ്യില്‍ ഉണ്ടോ? പാര്‍ട്ടിയുടെ മുന്‍നിര നേതൃത്വം ഇന്ന്‌ ഒരു പറ്റം വന്ദ്യവയോധികന്മാരാല്‍ നിറഞ്ഞിരിക്കുകയാണ്‌. പാര്‍ട്ടിയുടെ ഖജാന്‍ജിയായ മോത്തിലാല്‍ മൊഹറയുടെ പ്രായം 87 ആണ്‌. മുന്‍നിര നേതാക്കന്മാര്‍ എല്ലാം 75നും 80നും മുകളിലാണ്‌. ഇതില്‍ കരണ്‍ സിംങ്ങും മന്‍മോഹന്‍ സിംങ്ങും മൊഹ്‌ഷീന കിദ്വായിയും വീരഭദ്രസിംങങും ശിവരാജ്‌ പാട്ടീലും എ.കെ. ആന്റണിയും എച്ച്‌.ആര്‍. ഭരദ്വാവജും വയലാര്‍ രവിയും ഷീലാ ദീക്ഷിത്തും അമരീന്ദര്‍ സിംങ്ങും അഹമ്മദ്‌ പട്ടേലും കമല്‍നാഥും പൃഥിരാജ്‌ ചൗഹാനും അജിത്‌ ജോഗിയും കെ.വി. തോമസും ജനാര്‍ദ്ദനന്‍ ദ്വിവേദിയും ഓസ്‌കര്‍ ഫര്‍ണാണ്ടസും വീരപ്പമൊയ്‌ലിയും മധൂസൂദനന്‍ മിസ്‌ത്രിയും മണി ശങ്കര്‍ അയ്യരും ആര്‍.കെ. ധവാനും ഉള്‍പ്പെടുന്നു. പഴയ സഞ്‌ജയ്‌ ബ്രിഗേഡിന്റെ ഭാഗമായ അംബിക സോണിയും ഗുലാം നബി ആസാദും ആനന്ദ്‌ ശര്‍മ്മയും ആണ്‌ താരതമ്യേന ചെറുപ്പക്കാര്‍. ഇവരുടെ പ്രായം അറുപതുകളില്‍ ആണ്‌. കോണ്‍ഗ്രസ്‌ ഇപ്പോഴും യുവജനങ്ങളെ മുന്‍നിര്‍ത്തി പുനരുജ്ജീവിവനത്തിന്‌ തയ്യാറാകുവാന്‍ സന്നദ്ധം അല്ലെന്ന്‌ ഉള്ളതിന്‌ ഉദാഹരണമാണ്‌ 80 വയസ്‌ അടുക്കാറായ വയലാര്‍ രവിയെ രാജ്യസഭയിലേക്ക്‌ ഇപ്പോള്‍ കെട്ടി എഴുന്നള്ളിച്ച്‌ കൊണ്ടുവരുന്നത്‌. ഇദ്ദേഹം കഴിഞ്ഞ പത്ത്‌ വര്‍ഷകാലത്തോളം കേന്ദ്രമന്ത്രി ആയിരുന്നു. അഞ്ചു പ്രാവശ്യത്തോളം രാജ്യസഭാ അംഗമായിരുന്നു. ഇനിയും എന്തിനാണ്‌ ഈ പുരാവസ്‌തുവിനെ പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ പുനരധിവസിപ്പിക്കുന്നത്‌? പാര്‍ട്ടിക്ക്‌ ചെറുപ്പക്കാരായ ആരെയും പ്രമോട്ട്‌ ചെയ്യുവാനോ പ്രൊജക്ട്‌ ചെയ്യുവാനോ ഇല്ലേ? രാഹുല്‍ ഗാന്ധിക്ക്‌ ഇതില്‍ ഒന്നും പറയുവാന്‍ ഉണ്ടായിരിക്കുക ഇല്ല.

കോണ്‍ഗ്രസിന്റെ അധികാരം രാഹുലിലേയ്‌ക്ക്‌ അടുക്കുകയാണ്‌. പക്ഷെ അദ്ദേഹം ജനങ്ങളിലേയ്‌ക്ക്‌ ഏറെ അടുക്കേണ്ടിയിരിക്കുന്നു. എസ്‌.പി.ജി.യുടെ സംരക്ഷണത്തില്‍ ദളിത്‌ ഭവനത്തില്‍ അന്തിയുറങ്ങുന്നതും ഭക്ഷണം കഴിക്കുന്നതും നല്ലത്‌ തന്നെ. പക്ഷെ അതിലൊക്കെ ജനം വീഴുന്ന കാലം കഴിഞ്ഞു പോയി. അതുപോലെ തന്നെ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ചുള്ള കര്‍ഷക റാലിയിലേയും(ഏപ്രില്‍ 19) അതേ വിഷയം സംബന്ധിച്ച്‌ ലോക്‌സഭയിലും(ഏപ്രില്‍ 20) നടത്തിയ പ്രസംഗവും ഉജ്ജ്വലമായി. ലോക്‌സഭയില്‍ നെറ്റ്‌ ന്യൂട്രാലിറ്റി സംബന്ധിച്ച ഇടപെടലും ഗംഭീരം ആയിരുന്നു. പക്ഷെ ഇതിനപ്പുറം, സാന്ദ്രമായ കര്‍മ്മപദ്ധതി വേണം. തുടര്‍ച്ച വേണം. സ്ഥിരത വേണം. അതിന്‌ ദീര്‍ഘ വീക്ഷണം വേണം. ജനങ്ങളുമായിട്ട്‌ മറയില്ലാത്ത ബന്ധം വേണം. അതിന്‌ അദ്ദേഹം ജനങ്ങോട്‌ കുമ്പസാരിക്കണം. ആ 56 ദിവസകാലത്തെ അജ്ഞാതവാസകാലത്ത്‌ അദ്ദേഹം എവിടെ ആയിരുന്നു? എന്ത്‌ ചെയ്യുകയായിരുന്നു? ഒരു നേതാവും അനുയായികളും തമ്മില്‍ മറയില്ലാത്ത ബന്ധം വേണം. അവിടെയാണ്‌ വിശ്വാസവും വിശ്വാസ്യതയും ഉണ്ടാകുന്നത്‌. കേദാര്‍നാഥിലേക്കുള്ള പദയാത്ര നല്ലതുതന്നെ. അതുപോലൊരു പദയാത്ര ഇന്‍ഡ്യയുടെ ഹൃദയത്തിലേക്കും നടത്തണം. കേദാര്‍നാഥും മൃദുഹിത്വയിലേക്കുള്ള യാത്രയാണെങ്കില്‍ അത്‌ കുറുക്കുവഴിയാണ്‌. ശാശ്വതം അല്ല.
രാഹുല്‍ ഗാന്ധിയ്‌ക്ക്‌ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുവാന്‍ ആകുമോ? (ഡല്‍ഹി കത്ത്‌: പി.വി. തോമസ്‌)
Join WhatsApp News
pravasi 2015-04-28 17:25:11
same old wine in a new bottle. nothing can be done by this amul baby
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക