Image

യെല്ലേന്തു വനത്തിലെ നക്‌സല്‍ ഒളിതാവളത്തിലേക്ക് ഒരു യാത്ര. (ഡല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 04 May, 2015
യെല്ലേന്തു വനത്തിലെ നക്‌സല്‍ ഒളിതാവളത്തിലേക്ക് ഒരു യാത്ര. (ഡല്‍ഹികത്ത്: പി.വി.തോമസ്)
നക്‌സലിസം അഥവാ ഇടതുപക്ഷ തീവ്രവാദ രാഷ്ട്രീയം അഥവാ മാവോയിസം ആണ് ഇന്‍ഡ്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര സുരക്ഷ ഭീഷണി എന്ന് പറഞ്ഞത് ഇന്‍ഡ്യയുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംങ്ങ് ആണ്. അദ്ദേഹത്തിന്റെ പിന്‍ഗാമിയും വലതുപക്ഷ(സംഘപരിവാര്‍) തീവ്രരാഷ്ട്രീയത്തിന്റെ വക്താവും പ്രധാനമന്ത്രിയും ആയ നരേന്ദ്രമോഡിയും മന്‍മോഹന്‍ സിംങ്ങിന്റെ ഈ പ്രസ്താവനയോട് യോജിക്കുന്നു.

ലോകത്തിലെ മൂന്നാമത്തെയോ നാലാമത്തയോ പട്ടാളശക്തിയായ ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ ആഭ്യന്തര സുരക്ഷയുടെ വെല്ലുവിളിയായി വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന നക്‌സലിസത്തിന് ഇപ്പോള്‍ അരനൂറ്റാണ്ട് കാലത്തെ പഴക്കം ഉണ്ട്. കൃത്യമായി പറഞ്ഞാല്‍ 48 വര്‍ഷം. 1967 മെയ് മാസത്തില്‍-മെയ് മാസത്തിന്റെ ഓര്‍മ്മ. ജങ്കള്‍സന്താനം കനുസന്യാലും ചാരു മജും ദാറും ബീജം വിതച്ച് പശ്ചിമബംഗാളിലെ ഡാല്‍ജിലിങ്ങ് മലമടക്കുകളിലെ നക്‌സല്‍ബാരിയില്‍ പൊട്ടിമുളച്ച് ശ്രീകാകുളത്തും(ആന്ധ്രപ്രദേശ്) പുല്പള്ളിയിലും(കേരളം) പടയോട്ടം നടത്തിയ നക്‌സല്‍പ്രസ്ഥാനം ഇന്ന് ബീഹാറിലും ഛാത്തിസ്ഘട്ടിലും ഝാര്‍ഖണ്ഡിലും മദ്ധ്യപ്രദേശിലും വന്‍കോളിളക്കം സൃഷടിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ വയനാട്ടിലും അട്ടപ്പാടിയിലും അത് ഒരു തിരിച്ചു വരവിന് കോപ്പു കൂട്ടുകയാണ്.

ഈ പ്രസ്ഥാനത്തിന്റെ ആദ്യകാലങ്ങളില്‍ അതിനെ കൃത്യമായി നിരീക്ഷിച്ചിരുന്ന ഒരു രാഷ്ട്രീയ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ ഞാന്‍ ആന്ധ്രപ്രദേശില്‍ ഒരു പത്രറിപ്പോര്‍ട്ടര്‍ ആയി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ എന്റെ ഒരു വലിയ ആഗ്രഹം ആയിരുന്നു വനാന്തരത്തിലെ ഒരു നക്‌സല്‍ ഒളിതാവളം സന്ദര്‍ശിക്കുകയെന്നത്. 1980-കളില്‍ ആന്ധ്രപ്രദേശ് നക്‌സലൈറ്റുകളുടെ വിഹാരകേന്ദ്രം ആയിരുന്നു. പത്രത്തിനുവേണ്ടി(ഈനാട്- ന്യൂസ്‌ടൈംഗ്രൂപ്പ്) നക്‌സലൈറ്റ് ബീറ്റ് കവര്‍ ചെയ്തുകൊണ്ടിരുന്ന റിപ്പോട്ടര്‍ എന്ന നിലയില്‍ നക്‌സലൈറ്റ് പ്രസ്ഥാനവും അതിന്റെ നേതാക്കന്‍മാരും ആയി നല്ല ബന്ധം ഉണ്ടായിരുന്നു അന്ന് എനിക്ക്. പ്രധാന നേതാക്കന്‍മാര്‍ എല്ലാം അണ്ടര്‍ ഗ്രൗണ്ടില്‍ ആയിരുന്നു. അന്ന് എല്ലാം അണ്ടര്‍ഗ്രൗണ്ടില്‍ ആയിരുന്നു. അന്ന് മുഖ്യമായും മുന്ന് നക്‌സലൈറ്റ് ഗ്രൂപ്പുകള്‍ ആയിരുന്നു ആന്ധ്രപ്രദേശില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഏറ്റവും പ്രധാനമായ ഗ്രൂപ്പ് കൊണ്ടപ്പള്ളി സീതാരാമയ്യയുടെ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് ആയിരുന്നു(പി.ഡബ്ലിയൂ.ജി.). പിന്നെ ചന്ദ്രപ്പുള്ള റെഢിയുടെ സി.പി.ഗ്രൂപ്പ്. മൂന്നാമത്തേത് പയല വാസുദേവ റാവുവിന്റെ പി.വി.ഗ്രൂപ്പ്. കൊണ്ടപ്പള്ളിയുടെ പി.ഡബ്ലിയൂ.ജി. ആന്ധ്രയില്‍ ഒരു ടെറര്‍ ആയിരുന്നു. മറ്റുള്ളവരും ഒട്ടും മോശമല്ലായിരുന്നു. ദിവസവും നക്‌സലൈറ്റ് ആക്രമണങ്ങളും കൊലപാതകങ്ങളും കൊള്ളിവയ്പുകളും കേള്‍ക്കാമായിരുന്നു. റെയില്‍വെ സ്റ്റേഷനുകള്‍ കത്തിയ്ക്കുക,  പോലീസ് സ്‌റ്റേഷനുകള്‍ ആക്രമിക്കുക, ഭൂഉടമകളെ ദിഗ്രഹിക്കുക എന്നിവയെല്ലാം നിത്യ സംഭവങ്ങള്‍ ആയിരുന്നു. ഞാന്‍ ഇവ എല്ലാം സംഭവ സ്ഥലത്ത് എത്തി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാട്ടുകിഴങ്ങ് ഭക്ഷിച്ച് ജീവിക്കുന്ന ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. വനത്തില്‍ നിന്നും കുത്തി കുഴിച്ചെടുക്കുന്ന വിഷാംശമുള്ള കാട്ടു കിഴങ്ങ് പലതവണ തിളപ്പിച്ച് അവയുടെ കട്ട് അഥവാ വിഷാംശം നശിപ്പിച്ചില്ലെങ്കില്‍ മരണം ഉറപ്പാണ്. അങ്ങനെ മരണം സംഭവിച്ച വനാതിര്‍ത്തിയിലെ ആദിവാസ ഗ്രാമങ്ങളില്‍ ഞാന്‍ പോയിട്ടുണ്ട്. ഈ കാട്ടുകിഴങ്ങ് ഭക്ഷിച്ച് രണ്ട് ദിവസമായി അബോധാവസ്ഥയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ചാണകം മെഴുകിയ കൂരയുടെ തറയില്‍ കിടക്കുന്ന ഒരു 80 വയസ്സുകാരിയെ കണ്ടിട്ടുണ്ട്. ഇതേ ഗ്രാമത്തില്‍ തന്നെ ഒരു നക്‌സല്‍ ആക്രമണം നടക്കുകയും വര്‍ഗ ശത്രു എന്ന് വിളിക്കപ്പെടുന്ന ഗ്രാമത്തിലെ പ്രധാന ധനാഢ്യനെ നിഗ്രഹിച്ചത് കവര്‍ ചെയ്യുവാനായും ഞാന്‍ പോയിട്ടുണ്ട്. ഈ വര്‍ഗ ശത്രു ഒരു പലചരക്ക് കടക്കാരനാണ്. രണ്ട് ലക്ഷം രൂപയുടെ ആസ്തി കാണും. പക്ഷെ വിഷം തീണ്ടിയ കാട്ടുകിഴങ്ങ് ഭക്ഷിച്ചും ഭക്ഷിക്കാതെയും ജനം മരിക്കുന്ന ആ ആദിവാസ ഗ്രാമത്തില്‍ അയാളൊരു ബൂര്‍ഷ്വാസിയാണ്.

ഈ വക വൈചിത്യങ്ങളുടെയും വൈപരീത്യങ്ങളുടെയും സാമ്പത്തിക അസമത്വങ്ങളുടെയും ഇടയിലായിരുന്നു അന്നത്തെ ആന്ധ്ര.

ഡക്കാണ്‍ സമതലത്തിലെ ഈ സംസ്ഥാനം കവര്‍ ചെയ്യുവാനായി പത്ത് വര്‍ഷത്തെ ഹിമാലയന്‍ ജീവിത്തില്‍ നിന്നും(ഡറാഡൂണ്‍-ഷിംല) എത്തുമ്പോള്‍ എന്റെ മനസില്‍ അവിടുത്തെ നക്‌സലൈറ്റ് പ്രസ്ഥാനം ആയിരുന്നു ഏറ്റവും ആദ്യം. ഭാഗ്യത്തിന് ആ ബീറ്റ് തന്നെ കിട്ടുകയും ചെയ്തു. കൃഷ്ണ-ഗോദാവരി തടത്തിലെ മനുഷ്യരുടെ ജീവിത കഥ എനിക്ക് നല്‍കിയ ജീവിതാനുഭവം ഉദാത്തമായിരുന്നു.

തെലുങ്കാന, രായലസീമ, ആന്ധ്ര എന്നീ മൂന്ന് വ്യത്യസ്ത പ്രവശ്യകള്‍ ഉള്‍പ്പെടുന്നതായിരുന്നു അന്ന് ആന്ധ്രാപ്രദേശ്. തെലുങ്കാന പ്രദേശത്ത് ആദിവാസ ജനസംഖ്യ അധികമുള്ള ദണ്ഡകാരുണ്യം വനശൃംഖല കേന്ദ്രീകരിച്ചായിരുന്നു നക്‌സലൈറ്റ് പ്രസ്ഥാനം പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്. ഇതിനെ ചുവന്ന ഇടനാഴി എന്നും വിളിച്ചിരുന്നു. ഇത് ഒരു സമാന്തര രാഷ്ട്രീയ ശക്തി ആയിരുന്നു, സമാന്തര ഗവണ്‍മെന്റ് ആയിരുന്നു. കൊണ്ടപ്പള്ളി സീതാരാമയ്യയും ചന്ദ്രപിള്ളാ റെഡ്ഡിയും പയല വാസുദേവ റാവുവും ആന്ധ്രയേയും അവിടുത്തെ ഗവണ്‍മെന്റിനേയും ചൂഷകരായ ജ•ികളേയും കിടിലം കൊള്ളിച്ച കാലമായിരുന്നു അത്. എഴുപതുകളില്‍ സര്‍ക്കാര്‍ കവിതകള്‍ പോലും കണ്ടുകെട്ടി. കവികളെ നക്‌സലൈറ്റുകള്‍ ആയി മുദ്രകുത്തി ജയിലില്‍ അടച്ചു. ഗൂഢാലോചന കേസില്‍ പ്രതികളാക്കി. സെക്കന്തരാബാദ് ഗുഢാലോചന കേസ് അതില്‍ ഒന്നായിരുന്നു. അതിലെ പ്രതികൡ ഒരാളായിരുന്ന വിപ്ലവ കവി, ചെരബന്ധു രാജു നിരോധിക്കപ്പെട്ട തന്റെ 'വന്ദേമാതരം' എന്ന കവിതയില്‍ എഴുതി:
വന്ദേമാതരം-എന്റെ പ്രിയപ്പെട്ട മാതൃഭൂമി,
അവിടുന്നാണ് അച്ഛനും, അമ്മയും, ദൈവവും,
തെരിവു തെമ്മാടികളുമായി ശയിക്കുന്നതാണ് നിന്റെ ചാരിത്ര്യം,
അന്താരാഷ്ട്രീയ കമ്പോളങ്ങളില്‍ സ്വന്തം
മാറിടം പണയം വെയക്കുന്ന സുന്ദരിയാണു നീ,
ധനികന്‍മാരുടെ കരവലയങ്ങളില്‍ നിര്‍വൃതി
കൊള്ളുന്ന മാദക യൗവ്വനം ആണ് നിന്റേത്,
ഒരിക്കലും ഉണര്‍ത്താനാവാത്ത മദന പരവശതയിലാണു നീ,
വിളഞ്ഞു നില്‍ക്കുന്ന നിന്റെ വയലുകളെ ഉഴുതു മറിക്കുന്ന,
എലികളേയും തുരപ്പ•ാരേയും പോറ്റി
വളര്‍ത്തുന്ന ഭാരതിയാണു നീ,
പട്ടിണി കിടക്കുന്നവന്റെ വായ്ക്കുള്ളില്‍ ഒരിക്കലും എത്താത്ത
നിത്യഹരിത ഭൂമിയാണു നീ-
വന്ദേമാതരം, വന്ദേമാതരം'
ശ്രീരംഗം ശ്രീനിവാസ റാവു(ശ്രീ.ശ്രീ) അദ്ദേഹത്തിന്റെ നിരോധിക്കപ്പെട്ട 'കൊടുങ്കാറ്റ്' എന്ന കവിതയില്‍ ഇങ്ങനെ പ്രതികരിച്ചു: 'മൗനത്തെ നിരാകരിച്ച്,
പ്രതികാര വാഞ്ചയോടെ,
ഒരു കൊടുങ്കാറ്റ് പോലെ പടര്‍ന്നുയര്‍ന്ന്,
പ്രജഞയുടെ ആശ്വങ്ങളെ ചാട്ടയടിച്ചുണര്‍ത്തി,
കോപാക്രാന്തനായി,
ഇന്ത്യന്‍ കുരുക്ഷേത്രത്തില്‍,
സായുധ വിപ്ലവത്തിന്റെ,
അര്‍ജ്ജുന്‍മാര്‍ക്ക് സാരഥിയായി,
സംഹാരത്തിന്റെ രഥം തെളിയിക്കുവാനും,
ഒരു ചുവന്ന ഭഗവത് ഗീതയുടെ തീ നാവുകള്‍ക്ക് ഉത്തേജനം
നല്‍കുവാനും ' തയ്യാറാകണമെന്ന്. ഗദ്ദര്‍ എന്ന നാടോടി കവി നക്‌സലൈറ്റ് പ്രസ്ഥാനത്തിന് ഉത്തേജകമായി ആന്ധ്ര എമ്പാടും പാടിനടക്കുന്നുണ്ടായിരുന്നു.
ഇങ്ങനെ ഇരിയ്ക്കവേ ആണ് ഒരു ദിവസം രാത്രി ഏതാണ്ട് എട്ടുമണിയോട് അടുത്ത് എനിക്ക് ഹൈദരാബാദിലെ സോമാജി ഗൂഢയിലുള്ള ന്യൂസ് ടൈം- ഈ നാട് ഓഫീസിലേയ്ക്ക് അപ്രതീക്ഷിതമായ ഒരു ടെലിഫോണ്‍ കോള്‍ ലഭിക്കുന്നത്.
'നാളെ രാവിലെ താങ്കള്‍ അഞ്ചു മണിക്ക് ഗൗളിഗുഢ ബസ് ടെര്‍മിനലില്‍ വരിക.'
'മനസിലായില്ല. താങ്കള്‍ ആരാണ്?'
'ഞാനാണ് നമ്മു. താങ്കള്‍ പറഞ്ഞതനുസരിച്ച് അണ്ടര്‍ ഗ്രൗണ്ട് സന്ദര്‍ശനത്തിന് ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.'

ഞാന്‍ ഒരു നിമിഷം ആലോചിച്ചു. ശരിയാണ്. നമ്മുവിനെ എനിക്കറിയാം. നക്‌സലൈറ്റാണ്. പല പ്രാവശ്യം നക്‌സല്‍ വാര്‍ത്തകള്‍ക്കായിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. ഞാന്‍ പറഞ്ഞു 'മനസിലായി. വരാം. എഡിറ്ററുമായിട്ട് ഒന്ന് സംസാരിക്കട്ടെ.'

അദ്ദേഹത്തിന് അതൊന്നും കേള്‍ക്കുവാനുള്ള സാവകാശം ഉണ്ടായിരുന്നില്ല 'എങ്കില്‍ പറഞ്ഞതുപോലെ നാളെ രാവിലെ അഞ്ചു മണിക്ക് ഗൗളിഗുഢ ബസ് സ്റ്റാന്‍ഡില്‍.' എന്നു പറഞ്ഞ് അദ്ദേഹം ടെലിഫോണ്‍ ലൈന്‍ കട്ട് ചെയ്തു.

ഞാന്‍ എഡിറ്ററുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞു ഉറപ്പുണ്ടെങ്കില്‍ മാത്രം പോയാല്‍ മതി. അപകടം ഉണ്ട്. കാരണം ചെയര്‍മാന്‍(രാമോജി റാവു) ഒരു കമ്മ്യൂണിസ്റ്റ് റിവിഷനിസ്റ്റ് ആണെന്നോ മറ്റോ പറഞ്ഞ് എന്തെങ്കിലും സംഭവിച്ചാല്‍? ഞാന്‍ പറഞ്ഞു. 'അതൊന്നും സാരമില്ല.' അങ്ങനെ ഫൈനല്‍ അപ്രൂവലും നേടി എഡിറ്ററുമായി കൈ കൊടുത്ത് യാത്രപറഞ്ഞിറങ്ങി.  സ്വാതന്ത്ര്യ സമ്പാദനത്തിനു ശേഷം ഇന്ത്യകണ്ട ഏറ്റവും ശക്തമായ ഒരു സായുധ വിപ്ലവ സംഘത്തെ അതിന്റെ ഈറ്റില്ലത്തില്‍ വെച്ച് നേരിട്ട് കാണുന്നതിന്റെ ത്രില്ലായിരുന്നു എനിക്ക്. ജന്തള്‍ സന്താളും കനു സന്യാലും ചാരു മജുംദാറും പുല്‍പ്പള്ളിയിലെ വര്‍ഗീസും ഒക്കെ എന്റെ ഉറക്കം കെടുത്തിയ യൗവ്വന രാത്രികളുടെ ഓര്‍മ്മയ്ക്കായി ദണ്ഡകാരണ്യത്തിലേയ്ക്ക് ഒരു യാത്ര.

രാവിലെ തന്നെ ഗൗളി ഗുഢ ബസ് ടെര്‍മിനലില്‍ എത്തി. വാച്ചില്‍ നോക്കിയപ്പോള്‍ അഞ്ചുമണി ആയി. നമ്മു പറഞ്ഞ സമയം. പുറത്ത് വെട്ടം വീണ് തുടങ്ങിയിട്ടേ ഉള്ളൂ. അരണ്ട വെളിച്ചത്തില്‍ ഹൈദരാബാദിന്റെ തകര്‍ന്ന ഗാഭീര്യങ്ങള്‍ ഉടഞ്ഞു ചിതറിയ സ്മാരക ശിലകള്‍ പോലെ മൂസി നദിയുടെ കരയില്‍ പതിയെ തെളിഞ്ഞു വരുന്നത് കാണാമായിരുന്നു.
'താമസിച്ചില്ലല്ലോ അല്ലേ?' തോളില്‍ ഒരു കനത്ത കൈ പതിഞ്ഞു. നോക്കി. നമു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. 'ഞാന്‍ നമ്മു അല്ല മധുവാണ്. പോകാം.'
'നമ്മള്‍ എങ്ങോട്ടാണ് പോവുക?'

അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല. കൂടെ വരുവാന്‍ ആംഗ്യം കാണിച്ചിട്ട് നടന്ന് തുടങ്ങി. പുറപ്പെടുവാന്‍ തയ്യാറായി കിടക്കുന്ന ഒരു ബസ്സിലേയ്ക്ക് ഓടി കയറി. പുറകെ ഞാനും. സ്ഥലപ്പേര് തെലുങ്കില്‍ എഴുതിയിരിക്കുന്നതിനാല്‍ എങ്ങോട്ടെന്ന് മനസിലായില്ല. അദ്ദേഹം രണ്ട് ടിക്കറ്റ് എടുത്തു. സ്ഥലപ്പേര് പറയുന്നത് കേട്ടു. ഖമ്മം. വണ്ടി നീങ്ങി. വെളിയില്‍ ചാറ്റല്‍ മഴയും തണുത്ത കാറ്റും അല്പം കോടമഞ്ഞും ഉണ്ട്. നഗരാതിര്‍ത്തി വിട്ട് വണ്ടി ഗ്രാമങ്ങളിലൂടെ അതി ശീഘ്രം പായുകയാണ്. അപ്പോഴേയ്ക്കും നേരം നല്ലതുപോലെ വെളുത്തു. മഴയ്ക്ക് ശക്തി കൂടി. കരിമ്പന കാടുകളിലൂടെ കാറ്റ് കടന്ന് പോകുമ്പോഴുള്ള ഇടി മുരള്‍ച്ച പോലെ ശബ്ദം പരന്നു.
എന്റെ സഹയാത്രികന്‍ മധു ഈ ലോകത്തെങ്ങും അല്ലാത്തതു പോലെ വെളിയിലേയ്ക്ക് നോക്കി ഇരിപ്പാണ്. വസൂരികല പിടിച്ച കറുത്ത കല്ലു പോലത്തെ മുഖം. കരിവീട്ടിയുടെ നിറം.
'നമ്മു എവിടെ?' ഞാന്‍ ചോദിച്ചു. പരുക്കന്‍ ശബ്ദത്തില്‍ മറുപടി. 'വന്നില്ല. ഇത് എന്റെ ഡ്യൂട്ടിയാണ്.' ആള്‍ അധികം സംസാരിക്കുന്ന പ്രകൃതക്കാരന്‍ അല്ലെന്ന് തോന്നുന്നു. എങ്കിലും ചോദിച്ച ചോദ്യങ്ങള്‍ക്ക് ഹൃസ്വവും വ്യക്തവുമായ ഉത്തരങ്ങള്‍ തന്നു. മധു 12 കൊലക്കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ്. കേസുകളെ കുറിച്ചുള്ള കിള്ളിക്കിഴിച്ചുള്ള ചോദ്യങ്ങള്‍ അദ്ദേഹത്തിന് ഇഷ്ടമല്ല.

'എന്നെങ്കിലും പോലീസ് പിടിച്ചാല്‍?' ഞാന്‍ ചോദിച്ചു. മധു ചിരിച്ചു. ആദ്യമായി. പക്ഷെ ഒന്നും മിണ്ടിയില്ല.

പിന്നീട് വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിവസം ഡല്‍ഹിയിലെ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ ആസ്ഥാന കെട്ടിടത്തിന് മുമ്പില്‍ വെച്ച് യാദൃശ്ചികമായി കാണുക ഉണ്ടായി. പര്‌സപരം തിരിച്ചറിഞ്ഞു. ഒരു മാറ്റവുമില്ലാത്ത മുഖവും പ്രകൃതവും. പരിചയം പുതുക്കിയപ്പോഴും വിശേഷങ്ങള്‍ ചോദിച്ചപ്പോഴുമെല്ലാം ആ പഴയ നിസംഗത തന്നെ. വൈകുന്നേരം ഹൈദരാബാദിന് മടങ്ങുമെന്ന് പറഞ്ഞു. ശരിയെന്ന് പറഞ്ഞ് ഞാന്‍ കൈകുലുക്കി.

ഏതാനും മാസങ്ങള്‍ക്ക് ശേഷം മധു ഒരു പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി അറിഞ്ഞു.
വണ്ടി ഖമ്മത്തെത്തി. ബസ് സ്റ്റാന്റില്‍ മധു എന്നെ ഒരു സ്ത്രീയെ പരിചയപ്പെടുത്തി. 'ഇനിയങ്ങോട്ടുള്ള യാത്രയില്‍ ഇവരാണ് നിങ്ങളുടെ കൂടെ വരിക.' ഞാന്‍ പകച്ചു പോയി. അതു കണ്ടിട്ട് അയാള്‍ പറഞ്ഞു 'ഞങ്ങളുടെ തന്നെ ആളാണ്.' ആ സ്ത്രീയുടെ പേര് ചോദിച്ച് കണ്ണെടുക്കുമ്പോള്‍ മധു നിന്ന സ്ഥലം ശൂന്യം. അയാള്‍ അപ്രത്യക്ഷനായി. ഞാന്‍ ആ സ്ത്രീയോട് ചോദിച്ചു. 'മധു എവിടെ?'

'പോയി. ഇനി നിങ്ങള്‍ അയാളെ കാണുകയില്ല.' ഏകദേശം 35 വയസ് പ്രായമുള്ള സ്ത്രീയാണ് അവര്‍. പേര് ലക്ഷമമ്മ. കറുത്തിട്ടാണ്. നല്ല ഉറച്ച ശരീരം. ശരീത്തില്‍ ഒരു ആഭരണം പോലുമില്ല. ഞാന്‍ ചോദിച്ചു 'ഇനി നമ്മള്‍ എങ്ങോട്ടാണ്?
'അതാ ആ ബസിലേയ്ക്ക്', യാത്ര തുടങ്ങാന്‍ തയ്യാറായി എഞ്ചിന്‍ സ്റ്റാര്‍ട്ടായി കിടക്കുന്ന ഒരു ബസിലേയ്ക്ക് ചൂണ്ടി ലക്ഷമമ്മ പറഞ്ഞു.

അവിടെയും ബസിന്റെ ബോര്‍ഡ് തെലുങ്കില്‍ തന്നെ. എനിക്ക് ഒന്നും മനസിലാകുന്നില്ല. അവര്‍ പറഞ്ഞു.

'വരിക വേഗം.'

ഓടിയും നടന്നുമായി ബസില്‍ ചാടിക്കയറി. ലക്ഷമമ്മ ഒരു സ്ത്രീയുടെ ഒപ്പം സ്ഥാനം പിടിച്ചു. എനിക്ക് മറ്റൊരു സീറ്റ് ചൂണ്ടികാണിച്ച് തന്നു. ഞാന്‍ അവിടെ ഇരുന്നു. ബസ് ഓടിക്കൊണ്ട് ഇരിക്കുകയാണ്.

'ഈ ബസ് എങ്ങോട്ടാണ്?' ഞാന്‍ അടുത്തിരുന്ന ആളോട് ചോദിച്ചു.
അദ്ദേഹം അതിശയത്തോടെ എന്നെ നോക്കി. അപ്പോഴാണ് എനിക്ക് മണ്ടത്തരം മനസിലായത്. എങ്ങോട്ടാണ് പോകുന്നത് എന്നറിയാതെ യാത്ര ചെയ്യുന്ന സഹസഞ്ചാരിയെ അയാള്‍ അടിമുടി നോക്കി. എല്ലാം നോക്കിക്കൊണ്ടിരുന്ന എന്റെ ഗൈഡ് ലക്ഷമമ്മ 'അവിടെ ഇരുന്നാല്‍ മതി' എന്ന് ആംഗ്യം കാണിച്ചു.

ഉച്ചയാകാറായി. വണ്ടി വരണ്ടുണങ്ങിയ വിജനമായ ഭൂപ്രദേശങ്ങളിലൂടെ പരക്കം പായുകയാണ്.
'ഈ ബസ് എങ്ങോട്ടാണ്?' ഞാന്‍ അടുത്തിരുന്ന ആളോട് ചോദിച്ചു.
അദ്ദേഹം അതിശയത്തോടെ എന്നെ നോക്കി. അപ്പോഴാണ് എനിക്ക് മണ്ടത്തരം മനസിലായത്. എങ്ങോട്ടാണ് പോകുന്നത് എന്നറിയാതെ യാത്ര ചെയ്യുന്ന സഹസഞ്ചാരിയെ അയാള്‍ അടിമുടി നോക്കി. എല്ലാം നോക്കിക്കൊണ്ടിരുന്ന എന്റെ ഗൈഡ് ലക്ഷമമ്മ 'അവിടെ ഇരുന്നാല്‍ മതി' എന്ന് ആംഗ്യം കാണിച്ചു.

ഉച്ചയാകാറായി. വണ്ടി വരണ്ടുണങ്ങിയ വിജനമായ ഭൂപ്രദേശങ്ങളിലൂടെ പരക്കം പായുകയാണ്. തെലുങ്കാനയുടെ പ്രത്യേക ഭൂപ്രകൃതി. അധികം പച്ചപ്പില്ല. കടല പാടങ്ങള്‍. പരുത്തി അവിടിവിടെ വിളഞ്ഞു നില്‍പ്പുണ്ട്. മൊത്തം ഊഷരഭൂമിയാണ്. ഇടയ്ക്കിടയ്ക്ക് മുളകു പാടങ്ങള്‍ ചെമ്പട്ട് വിരിച്ചിട്ടുണ്ട്. പിന്നെ കടുകുമണി ചെടിയുടെ മഞ്ഞപ്പൂക്കള്‍. സൂര്യകാന്തി പൂക്കളുടെ പ്രഭ. വളരെ ചുരുക്കമായി നെല്‍ വയലുകളുടെ മങ്ങിയ പച്ചപ്പ്. മിക്കവാറും നോക്കെത്താത്ത ദൂരത്തോളം പരന്ന് കിടക്കുന്ന തരിശു നിലങ്ങളാണ്. വണ്ടി കടന്നു പോകുന്ന കുഗ്രാമങ്ങളില്‍ കടകമ്പോളങ്ങളായി നാലോ അഞ്ചോ മുറുക്കാന്‍ കടകളും ഒന്നോ രണ്ടോ ചായകടകളും ഉണ്ടാവും. പക്ഷെ ഒരു നാടന്‍ ചാരായ കട ഏതു കുഗ്രാമത്തിലാണെങ്കിലും ഉറപ്പാണ്. അല്‍പം കൂടെ വലിയ ഗ്രാമമാണെങ്കില്‍ ഒരു സിനിമാ തിയേറ്റര്‍ നിശ്ചയമാണ്. ആന്ധ്രാപ്രദേശിലെ ഗ്രാമങ്ങളുടെ ഒരു പ്രത്യേകത അവിടെ ഒരു പക്ഷെ പള്ളിക്കൂടമോ ആശുപത്രിയോ ഒരു മരുന്നു കട പോലുമോ കണ്ടെന്നിരിക്കുകയില്ല. പക്ഷെ ചാരായകടയും സിനിമാ തിയേറ്ററും വേശ്യാലയവും നിശ്ചയമായിട്ടും ഉണ്ടാവും.
വണ്ടി ഒരു ചെറിയ ബസ് സ്റ്റാന്റില്‍ കയറി നിന്നു. സ്ഥലം മനസിലാക്കുവാനായി കടകളുടെ ബോര്‍ഡ് വായിക്കുവാന്‍ ശ്രമിച്ചു. എഴുത്ത് മിക്കവാറും തെലുങ്കില്‍ തന്നെയാണ്. ഒരിടത്ത് ഇംഗ്ലീഷില്‍ എഴുതി വെച്ചിരിക്കുന്നത് കണ്ടു. യെല്ലേന്തു എന്ന്.

'ഇത് യെല്ലേന്തു ആണ്. ഇവിടെ ആകെ ഒരു ലോഡ്‌ജേ ഉള്ളൂ താമസിക്കുവാന്‍ പറ്റിയതായിട്ട്. നേരേ പോയി ഇടത്തോട്ട് തിരിഞ്ഞാല്‍ കാണാം. നാളെ രാവിലെ ഞങ്ങളുടെ ആള്‍ക്കാര്‍ അവിടെ വന്നുകൊള്ളും.' ഇത്രയും പറഞ്ഞിട്ട് ലക്ഷമമ്മ ആള്‍കൂട്ടത്തിനിടയില്‍ മറഞ്ഞു.
യെല്ലേന്തു ഒരു കൊച്ചു പട്ടണമാണ്. പൊട്ടി പൊളിഞ്ഞ റോഡുകളും കുടുസു കടകളും ഒന്നോ രണ്ടോ ഹോട്ടലുകളും ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന കുപ്പക്കൂനകളും അതില്‍ നുരച്ചു നടക്കുന്ന പന്നിക്കൂട്ടങ്ങളും പട്ടികളും എല്ലാമുണ്ട്. ആന്ധ്രയിലെ ഒട്ടു മിക്കവാറും സ്ഥലങ്ങളില്‍ കാണാവുന്ന വര്‍ണ്ണപകിട്ടാര്‍ന്ന ഉയരം കുറഞ്ഞ അംബേദ്കര്‍ പ്രതിമകള്‍  എല്ലാ നാലകവലകളിലും കാണാം. തെലുങ്ക് സിനിമാ നട•ാരെ പോലെ മഞ്ഞ പാന്റും നീല കോട്ടും കടുംചുവപ്പ് നിറമുള്ള ടൈയും കെട്ടി ഒരു കയ്യില്‍ ഭരണഘടനയുടെ കോപ്പി മാറോട് അടക്കി പിടിച്ച് മറ്റേ കൈ ആകാശത്തേയ്ക്കു ചൂണ്ടി നിലകൊള്ളുന്ന ഈ കുള്ളന്‍ പ്രതിമകള്‍ക്ക് പിമ്പില്‍ ശക്തമായ രാഷ്ട്രീയ സന്ദേശമുണ്ട്.
അവസാനം ഇരുളും വെള്ളവും ചെളിയും നിറഞ്ഞ റോഡ് കടന്ന് ലോഡ്ജ് എന്ന ഭീകര പ്രദേശത്ത് എത്തി. ഒരു കുടുസു മുറി. കൂട്ടിന് ക്ഷുദ്രകീടങ്ങളുണ്ട്. മൂട്ട, എലി, പാറ്റ, ചിലന്തി തുടങ്ങിയവ. എങ്ങനെ ഒരു രാത്രി കഴിക്കുമെന്ന് ഓര്‍ത്തു പോയി. മുറി പൂട്ടി പുറത്തൊക്കെയൊന്ന് കറങ്ങാമെന്ന് കരുതിയപ്പോള്‍ മുറിക്ക് പൂട്ടില്ല. അതു പൂട്ടേണ്ട ആവശ്യമില്ലെന്നും എല്ലാം ഭദ്രമാണെന്നും ലോഡ്ജ് ഉടമ ഉറപ്പ് നല്‍കി. ആ ഉറപ്പില്‍ ഇരുട്ടുവോളം പുറത്തലഞ്ഞു. നാട്ടുവര്‍ത്തമാനങ്ങള്‍ ചോദിച്ചറിഞ്ഞു.

യെല്ലേന്തുവിനു ചുറ്റും വനമാണ്. ഘോരവനം. അതിനുള്ളിലാണ് നക്‌സല്‍ ഒളിത്താവളങ്ങള്‍. അവിടെയാണ് എനിക്ക് പോകേണ്ടത്. ഈ വനത്തിനു ചുറ്റും ആയിരക്കണക്കിന് ഏക്കര്‍ വരുന്ന കൃഷിഭൂമികള്‍. ഇതൊക്കെ വലിയ ഭൂവുടമയുടെ നേര്‍ക്ക് ആക്രമണമുണ്ടായി. 
ഭൂമിയെ ചൊല്ലിയുള്ള ഇതുപോലുള്ള സംഘര്‍ഷം തന്നെയാണ് നക്‌സലിസത്തിന് ബീജാവാപം നടത്തിയത്. 1967 മെയ് 23ന് നക്‌സല്‍ ബാരിയിലെ ഒരു സംഘം ആദിവാസി കര്‍ഷകര്‍ ജങ്കള്‍ സന്താളിന്റെ നേതൃത്വത്തില്‍ പോലീസുമായി ഏറ്റുമുട്ടി. ഈ ഭൂസമരം നക്‌സലിസമായി രൂപാന്തരപ്പെട്ടു. നക്‌സലൈറ്റുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസം)യില്‍ നിന്നും വിപ്ലവത്തിന്റെ പേരില്‍ തെറ്റി പിരിഞ്ഞവര്‍ ആയിരുന്നു. നക്‌സല്‍ മൂവ്‌മെന്റ് ബംഗാള്‍ മുഴുവന്‍ കത്തിപ്പടര്‍ന്നു. അത് യുവജനങ്ങളുടെ ഒരു സായുധ മുന്നേറ്റമായി മാറി. ആദിവാസികളും കര്‍ഷക തൊഴിലാളികളും ഭൂരഹിതരും എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികളും പി.എച്ച്.ഡി. ഗവേഷകരും തോളോടു തോള്‍ ചേര്‍ന്ന് സമര സന്നദ്ധരായി. ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ പരാജയമായിരുന്നു നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഉത്ഭവ കാരണം. പട്ടിണിയും തൊഴിലില്ലായ്മയും സാമ്പത്തിക ചൂഷണവും സാമൂഹ്യ അനീതിയും സായുധ വിപ്ലവത്തില്‍ അധിഷ്ഠിതമായ മാവോ സൂക്തങ്ങളുടെ സ്വാധീനവും ഈ തീ ആളി കത്തിച്ചു. നൂറു കണക്കിന് യുവാക്കളെ പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ വെടിവെച്ചു കൊന്നു. പ്രത്യേകിച്ചും സിദ്ധാര്‍ത്ഥ ശങ്കര്‍ റോയിയുടെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് ആയിരക്കണക്കിന് യുവജനങ്ങളെ ജയിലിലടച്ചു. കല്‍ക്കട്ട പ്രസിഡന്‍സി കോളേജ് പോലുള്ള ശേഷ്ഠ വിദ്യാലയങ്ങളുടെ കെമിസ്ട്രി ലാബുകള്‍ ബോംബ് ഉണ്ടാക്കുന്ന ഫാക്ടറികളായി മാറി. അന്തരീക്ഷം സ്‌ഫോടനാത്മമായി. നക്‌സലൈറ്റ് പ്രസ്ഥാനം ബംഗാളില്‍ നിന്നും ആന്ധ്രയിലേയ്ക്കും കേരളത്തിലേയ്ക്ക് വരെയും ഒരു സായുധ കലാപമായി വ്യാപിച്ചു. ഇതിനെ ചൈനയിലെ പെക്കിങ്ങ് റേഡിയോ 'ഇന്ത്യയ്ക്ക് മുകളില്‍ വസന്തത്തിന്റെ ഇടിമുടക്കം'  എന്ന് വിശേഷിപ്പിച്ചു. നക്‌സലൈറ്റുകള്‍ അതിനെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു: ചൈനയുടെ ചെയര്‍മാന്‍(മാവോസെതുങ്ങ്) ഞങ്ങളുടെ ചെയര്‍മാന്‍. മാവോയെ ഉത്ദ്ധരിച്ചുകൊണ്ട് അവര്‍ പാടി: അധികാരം തോക്കിന്റെ കുഴലിലൂടെ വരുന്നു.(ജീംലൃ ളഹീം െവേൃീൗഴവ വേല യമൃൃലഹ ീള മ ഴൗി) ഇന്ത്യയിലെ ഗ്രാമഗ്രാമാന്തരങ്ങള്‍ തോറും ഈ മാവോ സൂക്തം കൊണ്ടു നിറഞ്ഞു. കേരളത്തിലെ പുല്‍പ്പള്ളിയില്‍ കുന്നിക്കല്‍ നാരായണന്റെയും മകള്‍ അജിതയുടേയും നേതൃത്വത്തില്‍ നക്‌സലൈറ്റുകള്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചതും ഭൂവുടമകളുടെ തലയറുത്ത് മുറ്റത്ത് പ്രതിഷ്ഠിച്ചതും ചരിത്രമാണ്. വര്‍ഗീസ് എന്ന ചെറുപ്പക്കാരനായ നക്‌സലൈറ്റ് നേതാവിനെ തിരുനെല്ലി കാടുകളില്‍ വെച്ച് വെടി വെച്ച് കൊന്നതും ചരിത്രമാണ്. എന്നാണ് ബംഗാള്‍ കഴിഞ്ഞാല്‍ നക്‌സലിസം ഏറ്റവും ആഴത്തില്‍ വേരോടിച്ചത് ആന്ധ്രപ്രദേശിലായിരുന്നു. അതിന്റെ ഹൃദയഭാഗത്താണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. അവരുടെ വനാന്തരത്തിലെ ഒരു ഒളിത്താവളത്തിലേയ്ക്ക് പോകുവാന്‍ എന്റെ മനസ്സ് വെമ്പുകയായിരുന്നു.

പിറ്റേന്ന് രാവിലെ വെട്ടം വീഴുന്നതിന് മുമ്പെ തന്നെ കതകില്‍ ഒരു മുട്ടു കേട്ടു. വാതില്‍ തുറന്നപ്പോള്‍ മുമ്പില്‍ മറ്റൊരു അപചരിതന്‍ 'റെഡി?' അയാള്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു 'തയ്യാറാകുവാന്‍ അല്‍പം നേരം വേണം.' അധികം താമസിക്കെരുതെന്ന് പറഞ്ഞ് അയാള്‍ പോയി. തയ്യാറായി ലോഡ്ജിന് പുറത്ത് ഞാന്‍ വരുമ്പോള്‍ റോഡില്‍ പച്ചനിറമുള്ള ഒരു പഴയ ലാന്‍ഡ് റേഞ്ചര്‍ ജീപ്പ് കാത്തുകിടപ്പുണ്ടായിരുന്നു. ജീപ്പില്‍ വേറെ രണ്ടു പേരും മുറിയില്‍ വന്ന അപരിചിതനും ഉണ്ടായിരുന്നു. വണ്ടി വിട്ടു. കാക്കിയണിഞ്ഞ കാട്ടുപ്രദേശങ്ങളിലേയ്ക്ക്. പൊടിപടലം പച്ചകാടുകളെകാക്കിയാക്കിയിരുന്നു!

കൂടെ വന്ന അപരിചിതന്‍ മധുവിനേയും ലക്ഷമമ്മയേയും വെച്ച് നോക്കുമ്പോള്‍ വാചാലന്‍ ആയിരുന്നു. അദ്ദേഹം ഇംഗ്ലീഷിലാണ് സംസാരിച്ചത്. ആ പ്രദേശത്തെക്കുറിച്ചും അവിടുത്തെ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചും നക്‌സല്‍ പ്രസ്ഥാനത്തെക്കുറിച്ചും വാചാലമായി സംസാരിച്ചു. കൂടെ ഉണ്ടായിരുന്നവര്‍ കേട്ടിരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല. ഡ്രൈവര്‍ അയാളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അയാളും ഒരു നക്‌സലൈറ്റ് ആയിരുന്നു എന്ന് വ്യക്തമായിരുന്നു. ഉച്ചയോളം വണ്ടി ഓടി. പല ഗ്രാമങ്ങളിലും കയറിയിറങ്ങി വനാതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ ആദിവാസി ഗ്രാമങ്ങളെ ഫോറസ്റ്റ് വില്ലേജുകള്‍ എന്നാണ് പറയുന്നത്. ഈ ഗ്രാമീണര്‍ നക്‌സലൈറ്റ് അനുഭാവികളാണ്. ഇവരുടെ അറിവോ സമ്മതമോ ഇല്ലാതെ ഒരു ഈച്ചക്കുപോലും വനത്തിലേക്കോ വാനാന്തരത്തിലെ നക്‌സലൈറ്റ് ഒളിത്താവളങ്ങളിലേക്കോ കടക്കുവാന്‍ സാധിക്കുകയില്ല. പോലീസുകാരുടെ ജീപ്പ് എങ്ങാന്‍ ആ പ്രദേശത്ത് പ്രത്യക്ഷപ്പെട്ടാല്‍ വിവരം അപ്പോള്‍ ഒളിത്താവളങ്ങളില്‍ എത്തും. അതിനുള്ള പ്രത്യേക ആശയ വിനിമയ സംവിധാനം അവര്‍ക്കുണ്ട്. പോലീസുകാരെ പോലെ തന്നെ അവിടെയെത്തുന്ന അപരിചിതരും നോട്ടപ്പുള്ളികളാണ്.

'അണ്ണ' എന്നാണ് ഗ്രാമവാസികള്‍ നക്‌സലൈറ്റുകളെ വിളിക്കുന്നത്. അണ്ണ•ാരോട് വലിയ ഭയഭക്തി ബഹുമാനമാണ്. അവരെയും അവരുടെ അതിഥികളെയും ആവുന്ന വിധം സല്‍ക്കരിക്കും. പരിപൂര്‍ണ ദരിദ്രരാണ് ഈ ഗ്രാമവാസികള്‍. ആരോഗ്യ സൗകര്യങ്ങളില്ല, സ്‌ക്കൂളുകളില്ല. എന്നു വേണ്ട യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളുമില്ല. പുറം ലോകവുമായി യാതൊരു ബന്ധവുമില്ല. അണ്ണമാര്‍ രംഗത്തെത്തുന്നതിന് മുമ്പ് ഇവര്‍ ഇനിമാരുടേയും കോണ്‍ട്രാക്ടര്‍മാരുടേയും കങ്കാണിമാരുടേയും ചൂഷണത്തിന്റെയും ഗവണ്‍മെന്റിന്റെ അവഗണനയുടേയും ഇരകള്‍ ആയിരുന്നു. ഇന്ന് അവര്‍ക്കുവേണ്ടി എല്ലാ കാര്യങ്ങളും നടത്തി കൊടുക്കുന്നത് അണ്ണമാരാണ്. ഇവര്‍ക്കുവേണ്ടി ജ•ിയുമായി വഴക്കടിക്കുന്നതും അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥ•ാരെ നിലയ്ക്കു നിര്‍ത്തുന്നതും ചൂഷകരായ കോണ്‍ട്രാക്ടര്‍മാരെ വരുതിയ്ക്ക് വരുത്തുന്നതും അണ്ണ•ാരാണ്.
ഉച്ച കഴിഞ്ഞു. പൊള്ളുന്ന വെയില്‍. വല്ലാത്ത പുകച്ചിലും. ഗ്രാമസന്ദര്‍ശങ്ങളുടെ വിരസത അനുഭവിച്ച് മടുത്തപ്പോള്‍ കൂടെയുണ്ടായിരുന്ന അപരിചിതനോട് ചോദിച്ചു 'ഇനിയെപ്പോഴാണ് വനത്തിലേയ്ക്ക്?' അയാളുടെ മറുപടി നിരാശാജനകമായിരുന്നു. ഇന്ന് ഇനിയത് നടക്കുമെന്ന് തോന്നുന്നില്ല. കാരണം പോലീസ് ഇറങ്ങിയിട്ടുള്ളതായി അറിവ് ലഭിച്ചിട്ടുണ്ട്.' വല്ലാത്ത വിഷമം തോന്നി. ഒരു യാത്ര പാഴിലായ സങ്കടം. പിന്നെയും സഞ്ചാരം തുടര്‍ന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു: 'പോലീസ് ഇറങ്ങിയിട്ടുണ്ടെങ്കില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുമോ? അപകടമുണ്ടോ?' ഇല്ല താങ്കളുടെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം. പോലീസിനെ ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യാം. പക്ഷെ ഞങ്ങളുടെ എതിര്‍ ഗ്രൂപ്പുകളില്‍(നക്‌സലൈറ്റ്) ആരെങ്കിലും ആക്രമിച്ചാല്‍ ഫലം ഗുരുതരമായിരിക്കും. താങ്കള്‍ താങ്കളുടെ രക്ഷ നോക്കിക്കൊള്ളണം.' എനിക്ക് ഭയം തോന്നി. കുറച്ച് കഴിഞ്ഞപ്പോള്‍ ജീപ്പ് നിര്‍ത്തി. പിന്നെ നടപ്പ് ആരംഭിച്ചു. ചോള വയലുകള്‍, ചെറിയ ഗോതമ്പ് പാടങ്ങള്‍, തരിശു ഭൂമി, ഒരു ചെറിയ തോട് ഇവയെല്ലാം കടന്ന് മൂന്നു നാലു മണിക്കൂറുകളോളം നടന്നു. ഭൂപ്രകൃതി ആകെ മാറുകയാണ്. വൈകുന്നേരം ആവുകയാണ് അപ്പോള്‍ ഞങ്ങള്‍ വനാതിര്‍ത്തിയില്‍ എത്തി. ഇനിയങ്ങോട്ട് ഇടതൂര്‍ന്ന വനമാണ്.
'നമ്മള്‍ എങ്ങോട്ടാണ് പോകുന്നത്?'
അയാള്‍ നിസംഗതയോടെ പറഞ്ഞു 'അങ്ങോട്ട് തന്നെ- ഒളിത്താവളത്തിലേയ്ക്ക്.' എന്തേ പരിപാടി മാറ്റാന്‍' ഞാന്‍ ചോദിച്ചു. അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല.
നക്‌സലൈറ്റുകള്‍ ഒളിത്താവളങ്ങളിലേക്ക് പോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ ഒന്നും മുന്‍കൂട്ടി ബ്രീഫ് ചെയ്യാറില്ല. ഒരു സസ്‌പെന്‍സ്. എല്ലാം നടക്കുമ്പോള്‍ അറിഞ്ഞാല്‍ മതി. അതാണ് രഹസ്യം. ഒറ്റുകൊടുക്കരുത്. അതിനുള്ള കരുതല്‍.

ഞങ്ങളുടെ നാലംഗ ഘോഷയാത്ര മുമ്പോട്ട് നീങ്ങി. കുറേ കഴിഞ്ഞപ്പോള്‍ ആനക്കൊട്ടിലുകള്‍ പോലെ ഒരു പറ്റം ആദിവാസി കുടിലുകള്‍ കാണുമാറായി. വളരെ ഉയരമുള്ള മുഖപ്പും മേല്‍ക്കൂരയും ഉള്ള കുടിലുകള്‍. കാട്ടുമുളയില്‍ തീര്‍ത്ത് പുല്ലു മേഞ്ഞവ ആയിരുന്നു അവ. കുടിലുകള്‍ക്ക് ഉള്ളില്‍ നിന്നും ആദിവാസികള്‍ അണ്ണ•ാരെ നമിക്കുന്നത് കാണാമായിരുന്നു. ആരും ഒന്നും സംസാരിച്ചില്ല.
ഒരു കുടിലിനുള്ളില്‍ നിന്നും ഏഴെട്ട് വയസ് വരുന്ന ഒരു ബാലന്‍ ഇറങ്ങി വന്നു. 'ഇനി ഇവനാണ് നയിക്കുക. കൂടെ പൊയ്‌ക്കൊള്ളുക.' അവരില്‍ ഒരാള്‍ പറഞ്ഞു. അവര്‍ അവിടെ വെച്ച് പിരിഞ്ഞു. ഇനി എന്റെ യാത്ര ആ ബാലന്റെ കൂടെയായി. പിന്നെയും നടപ്പു തന്നെ. ചെറിയ കാടുകള്‍, തരിശു ഭൂമി, കൊച്ചുകുന്നുംപുറം, താഴ് വര, അരുവി എല്ലാം കടന്ന് യാത്ര തുടര്‍ന്നുകൊണ്ടേ ഇരുന്നു. ബാലനും മിണ്ടാട്ടമൊന്നുമില്ല.

ഇന്ന് നക്‌സലൈറ്റ് പ്രസ്ഥാനത്തെകുറിച്ച് ആലോചിക്കുമ്പോള്‍ പ്രത്യേകിച്ചും ഛത്തീസ്ഘട്ടിലേയും ദന്തേവാദയിലേയും മറ്റും ചോരപ്പുഴകള്‍ കാണുമ്പോള്‍ ആ പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാക്ക•ാരായ ത്രിമൂര്‍ത്തികളുടെ അന്ത്യം ഓര്‍മ്മ വരുന്നു. ചാരു മജുംദാര്‍ 1972-ല്‍ ജയിലില്‍ വെച്ചാണ് മരിക്കുന്നത്. അദ്ദേഹം ഒരു കടുത്ത ആസ്മ രോഗി ആയിരുന്നു. ഒട്ടേറെ പീഢനങ്ങള്‍ക്ക് ഇരയായിരുന്നു. കനു സന്ന്യാണ്‍ 1981-ല്‍ അദ്ദേഹത്തിന്റെ സിലിഗുഡിയിലെ ചെറ്റക്കുടിലില്‍ തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്. നിര്‍ദ്ധനനായിരുന്ന അദ്ദേഹത്തിന് അവസാന കാലത്ത് ആഹാരത്തിനു പോലും വകയുണ്ടായിരുന്നില്ല. നക്‌സല്‍ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായ ജങ്കള്‍ സന്താള്‍  എന്ന ആദിവാസി 1989-ല്‍ മരിച്ചു. അവസാനകാലത്ത് അദ്ദേഹം ഒരു കടുത്ത മദ്യപാനിയായി മാറിയിരുന്നു. നക്‌സല്‍ ബാരിയിലെ ചാരായ കടകളില്‍ മദ്യം ഇരന്നു വാങ്ങി കുടിക്കുന്ന ആ ആദിവാസി വിപ്ലവകാരിയെ പലരും സഹതാപത്തോടെ വീക്ഷിച്ചിരുന്നു.
ഞാനും ആദിവാസി ബാലനും വനത്തിനുളളിലൂടെ യാത്ര തുടര്‍ന്നു. ഒരിടത്ത് രണ്ടു പേര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ഒലീവ് ഗ്രീന്‍ യൂണിഫോം ആയിരുന്നു ധരിച്ചിരുന്നത്. അവരുടെ തോളില്‍ തോക്കുണ്ടായിരുന്നു. അവിടെ വെച്ച് ബാലന്‍ മടങ്ങി.

പിന്നെ യാത്ര ഈ രണ്ട് അപരിചിതരുടെ കൂടെയായി. ഉള്‍വനത്തിന്റെ അന്ധകാര നിബിഢമായ ഘോരതയിലൂടെ. ഇപ്പോഴും യാതൊരു സംസാരവുമില്ല. നടപ്പ് മാത്രം. കാട്ടിലെ ചീവീടുകളുടെ കാതു തുളയ്ക്കുന്ന ശബ്ദമുണ്ട്. ചിലപ്പോള്‍ അതുമില്ല. ശ്മശാന നിശ്ബ്ദത മാത്രം. ചിലപ്പോള്‍ ഒരു പക്ഷിയുടെ ചിറകടിയോ കരച്ചിലോ അല്ലെങ്കില്‍ വന്യജീവികളുടെ അലര്‍ച്ചയോ കേള്‍ക്കാം. ചിലയിടങ്ങളില്‍ അരണ്ട വെളിച്ചം മാത്രം. അതുകഴിഞ്ഞ് വെളിമ്പ്രദേശത്തേക്ക് കയറും. പിന്നെ യാത്ര ഇടതൂര്‍ന്ന വനത്തിലൂടെ തന്നെ.

അങ്ങനെ കുറെയധികം സഞ്ചരിച്ച് കഴിഞ്ഞപ്പോള്‍ തേനീച്ചക്കൂട്ടിലെ എന്നപോലെ ഒരു ആരവം കേട്ടു. പക്ഷെ ഒന്നും കാണാനാവുന്നില്ല. മരങ്ങളും വള്ളികളും അല്ലാതെ. തോക്ക്ധാരികള്‍ പെട്ടെന്ന് നടപ്പിന്റെ വേഗത കുറച്ചു. ഒരു വള്ളിപ്പടര്‍പ്പ് കടന്ന് നിവര്‍ന്നപ്പോള്‍ പത്ത് പതിനഞ്ച് പേരുടെ ഒരാള്‍ക്കൂട്ടം കണ്ടു. മനുഷ്യര്‍. ഒലീവ് ഗ്രീന്‍ യൂണിഫോമും തോളില്‍ തൂങ്ങുന്ന തോക്കും ആയിരുന്നു അവരുടെ അടയാളം. അവര്‍ വട്ടമിട്ടിരിക്കുകയാണ്. നടുവില്‍ സാധാരണ വസ്ത്രം ധരിച്ച രണ്ടു മൂന്ന് പേര്‍.' ഇതാണ് ഞങ്ങളുടെ കോടതിയും വിചാരണയും. ആ നടുവിലിരിക്കുന്നവര്‍ വലിയ ജന്‍മികളാണ്. താങ്കള്‍ക്കും ഈ വിചാരണയില്‍ പങ്കു ചേരാം. ഞങ്ങളുടെ ഈ ഒളിത്താവളത്തിലേയ്ക്ക് സ്വാഗതം. ഈ വിചാരണ കഴിഞ്ഞ് ഞങ്ങളുടെ ദലം ഇവിടം വിടുന്നതു വരെ താങ്കള്‍ക്ക് ഇവിടെ കൂടാം', കൂടെ വന്നവരില്‍ ഒരാള്‍ പറഞ്ഞു. വിചാരണ തുടങ്ങി.


യെല്ലേന്തു വനത്തിലെ നക്‌സല്‍ ഒളിതാവളത്തിലേക്ക് ഒരു യാത്ര. (ഡല്‍ഹികത്ത്: പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക