രണ്ട് വര്‍ഷത്തിലേറെയായി സഭാ പണ്ഡിതനും എഴുത്തുകാരനുമായ ചാക്കോ കളരിയ്ക്കലിന്റെ നേതൃത്വത്തില്‍ പ്രതിമാസ ടെലികോണ്‍ഫ്രന്‍സ്സ് വഴി അമേരിക്കയില്‍ സജീവമായി പ്രവര്‍ത്തിയ്ക്കുന്ന കെ.സി.ആര്‍.എം. നോര്‍ത്ത് അമേരിക്കയുടെ പ്രഥമ ദേശീയ സമ്മേളനം ഓഗസ്റ്റ് 10 ശനിയാഴ്ച ചിക്കാഗോയില്‍ വച്ച് നടത്തപ്പെടുന്നതാണ്. സമ്മേളനത്തിന് വേദിയാകുന്നത് മോണ്ട്‌പ്രോസ്പക്ടിലെ 834 ഈസ്റ്റ് റാണ്ട് റോഡില്‍ സ്ഥിതി ചെയ്യുന്ന ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളാണ്(സ്യൂട്ട് 13). നവീകരണത്തിലൂടെ കത്തോലിക്കാ സഭയെ കൂടുതല്‍ സ്വീകാര്യവും മഹത്വപ്പെടുത്തുവാനും ആഗ്രഹിയ്ക്കുന്ന ചിക്കാഗോയിലും അമേരിയ്ക്കയിലെ ഇതര നഗരങ്ങളില്‍ നിന്നുമുള്ള നിരവധി വിശ്വാസികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും.
രാവിലെ കൃത്യം 9.30ന് സമ്മേളനം ഉത്ഘാടനം ചെയ്യപ്പെടും. ഉത്ഘാടന കര്‍മ്മത്തിനും അദ്ധ്യക്ഷപ്രസംഗത്തിനും ശേഷം ഇപ്പോള്‍ കേരള സമൂഹത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ചര്‍ച്ച് ആക്ടിനെ കുറിച്ച് പ്രബന്ധം അവതരിയ്ക്കപ്പെടും. അച്യുതാനന്ദന്‍ ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥനമാനിച്ച് അന്തരിച്ച മുന്‍ സുപ്രീം കോടതി ജഡ്ജി വി.ആര്‍.കൃഷ്ണയ്യര്‍ തയ്യാറാക്കി 2009ല്‍ അന്നത്തെ നിയമമന്ത്രി വിജയകുമാറിന് കൈമാറിയതാണ് ചര്‍ച്ച് ആക്ട്. വിശ്വാസികളില്‍ ബഹുഭൂരിപക്ഷത്തിനും ബില്‍ നിയമമായി മാറണമെന്ന ആഗ്രഹമുള്ളപ്പോഴും, സഭാ നേതൃത്വത്തിന് തങ്ങളുടെ സ്വാധീനം നഷ്ടപ്പെടുമോയെന്ന ഭയത്താല്‍ സ്വീകരിച്ചിട്ടുള്ള വിരുദ്ധനിലപാടാണ് ഇടത്‌വലത് ഭരണകൂടങ്ങളെ നിയമനിര്‍മ്മാണവുമായി മുന്നോട്ടു പോകുവാന്‍ നിരുത്സാഹപ്പെടുത്തുന്നത്. വിശ്വാസ സമൂഹത്തിന്റെ ശക്തമായ സമ്മര്‍ദ്ദമാര്‍ഗ്ഗങ്ങള്‍ വഴി മാത്രമേ പ്രസ്തുത നിയമം പ്രാബല്യത്തില്‍ വരുകയുള്ളൂ എന്നതാണ് കെ.സി.ആര്‍.എം. നോര്‍ത്ത് അമേരിക്കയുടെ ഉറച്ച വിശ്വാസം.
പ്രബന്ധാവതരണത്തെ തുടര്‍ന്ന് വിഷയത്തെക്കുറിച്ച് 2 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചര്‍ച്ച നടത്തപ്പെടും. ചര്‍ച്ച് ആക്ടിനെകുറിച്ച് ശ്രോതാക്കള്‍ക്കുള്ള സംശയങ്ങള്‍ക്ക് പ്രസിഡന്റ് ചാക്കോ കളരിക്കല്‍ മറുപടി നല്‍കും. 2009മുതല്‍ ഈ നിയമത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുള്ള അദ്ദേഹം വിഷയത്തെ ആസ്പദമാക്കി നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുള്ളതുമാണ്.
ലഞ്ചിന് ശേഷം 2 ജങന് ചേരുന്ന മദ്ധ്യാഹ്ന സെഷനില്‍ സംഘടനയുടെ സ്ഥാപനം, റെജിസ്‌ട്രേഷന്‍, ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് സെക്രട്ടറി ജെയിംസ് കുരിക്കാട്ടില്‍ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കും. തുടര്‍ന്ന് സംഘടനയെ വടക്കെഅമേരിക്കയിലെ ഏറ്റവും ശക്തമായൊരു ആത്മായ സംഘടനയാക്കി മാറ്റുവാനുള്ള ചര്‍ച്ചകള്‍ക്ക് അദ്ദേഹം തന്നെ നേതൃത്വം നല്‍കും.
ഓഗസ്റ്റ് 10 സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി ലൂക്കോസ് പാറേട്ടിന്റെ(പ്രസിഡന്റ് കാനാ) നേതൃത്വത്തില്‍ ഒരു കമ്മറ്റി സജീവ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ടോമി മേത്തിപ്പാറ, ജോയി ഒറവണക്കുളം, ജോസ് കല്ലിടിക്കില്‍(ചിക്കാഗോ), ജെയിംസ് കുരിക്കാട്ടില്‍(ഡിട്രോയിറ്റ്), ജോര്‍ജ് നെടുവേലില്‍(ഫ്‌ളോറിഡ), ജോര്‍ജ് തൈല(ന്യൂയോര്‍ക്ക്), മേരി ജോസ് (ക്ലീവ്‌ലന്‍ഡ്) എന്നിവരാണ് കമ്മിറ്റിയിലെ ഇതര അംഗങ്ങള്‍. സമ്മേളനത്തോടനുബന്ധിച്ച് പ്രകാശനം ചെയ്യുന്ന സൊവനീറിലേയ്ക്ക് ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍ എന്നിവ സംഭാവന ചെയ്യുവാന്‍ ആഗ്രഹിയ്ക്കുന്നവര്‍ സൊവനീറിന്റെ ചുമതലയുള്ള സെക്രട്ടറി ജെയിംസ് കുരിക്കാട്ടിലുമായി ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിയ്ക്കുന്നു. കൂടാതെ ഫാമിലി ഫോട്ടോ നല്‍കി ഈ സംരഭത്തെ സഹായിയ്ക്കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും അദ്ദേഹവുമായി ബന്ധപ്പെടാം.
ഈ മെയില്‍ kureekkattil@gmail.com ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. സായാഹ്നം 5.30ന് സമ്മേളനം സമാപിയ്ക്കും. തുടര്‍ന്ന് നടത്തപ്പെടുന്ന സോഷ്യല്‍ ഹൗറില്‍ ഗാനമേളയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കെ.സി.ആര്‍.എം. നോര്‍ത്ത് അമേരിക്കയുടെ ഈ പ്രഥമ സമ്മേളനത്തിലേയ്ക്ക് ചിക്കാഗോയിലേയും അമേരിക്കയുടെ ഇതരഭാഗത്തുമുള്ള കത്തോലിക്കാ സഭാംഗങ്ങള്‍ക്കൊപ്പം, ഇതര ക്രിസ്തീയ സഭാംഗങ്ങളേയും, പുരോഹിതരേയും, സന്യസ്തരേയും, എല്ലാ മനുഷ്യസ്‌നേഹികളേയും സംഘാടക സമിതി ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. ഇതര നഗരങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് ഹോട്ടല്‍ സൗകര്യങ്ങളെക്കുറിച്ച് വിവരം ആവശ്യമെങ്കില്‍, ടോമി മേത്തിപ്പാറയുമായി ബന്ധപ്പെടാവുന്നതാണ്(ഫോണ്‍7734050411).
ജോസ് കല്ലിടിക്കില്‍, ചി്ക്കാഗോ, വൈസ് പ്രസിഡന്റ്
സഭയുടെ സ്വത്തിനെ പറ്റി മാത്രമേ ഇവര്‍ക്ക് ആകുലതയുള്ളോ? അത് ഞങ്ങള്‍ വിശ്വാസികള്‍ വിഷമിച്ചോളാം. ആദ്യം നിങ്ങള്‍ എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകുക. കുമ്പസാരിക്കുക, കുര്‍ബാന കൈക്കൊള്ളുക. ഇതൊന്നും ചെയ്യാതെ എന്തു കത്തോലിക്കന്‍?
സഭയെ എങ്ങനെ നാറ്റിക്കാം എന്നു കരുതി നടക്കുന്നവരെ വിശ്വാസി സമൂഹം അംഗീകരിക്കില്ല.
വിശ്വാസി