Image

'അബ്ദുള്ളക്കുട്ടിയുടേത് അച്ചടക്കലംഘനമല്ല'

Published on 04 January, 2012
'അബ്ദുള്ളക്കുട്ടിയുടേത് അച്ചടക്കലംഘനമല്ല'
തിരുവനന്തപുരം: സി.പി.എം. നിയന്ത്രണത്തിലുള്ള വിസ്മയപാര്‍ക്കിന്റെ അനുബന്ധ സ്ഥാപനമായ 'വിസ്മയാ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സി'ന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എ.പി.അബ്ദുള്ളക്കുട്ടി നടത്തിയ പ്രസംഗം അച്ചടക്കലംഘനമായി കാണുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. എം.എല്‍.എ എന്ന നിലയിലാണ് അബ്ദുള്ളക്കുട്ടി വിസ്മയ പാര്‍ക്കിന്റെ പ്രവര്‍ത്തനത്തെയും അവിടത്തെ മഴവെള്ള സംഭരണിയെക്കുറിച്ചും പുകഴ്ത്തിയതെന്നും ചെന്നിത്തല പറഞ്ഞു.

അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ കഴിഞ്ഞദിവസം കെ.സുധാകരന്‍ തന്നെ രംഗത്ത് വന്നതോടെ എം.പി.യും എം.എല്‍.എയും തമ്മില്‍ അകലുകയാണെന്ന പ്രചാരണത്തിന് ശക്തിയേറിയിരുന്നു. അബ്ദുള്ളക്കുട്ടിയുടെ പ്രസംഗം പാര്‍ട്ടിയെ കുഴക്കുന്നതാണെന്നാണ് കഴിഞ്ഞ ദിവസം കെ.സുധാകരന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. അബ്ദുള്ളക്കുട്ടി മിതത്വം പാലിക്കേണ്ടതായിരുന്നു എന്ന ഡി.സി.സി. പ്രസിഡന്‍റിന്റെ അഭിപ്രായത്തോടും അദ്ദേഹം യോജിച്ചു.

വിസ്മയാ പാര്‍ക്കിനെയും അവിടത്തെ കൂറ്റന്‍ ജലസംഭരണിയെയും വാനോളം പുകഴ്ത്തിയാണ് വിസ്മയാ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ ഉദ്ഘാടന വേളയില്‍ അബ്ദുള്ളക്കുട്ടി പ്രസംഗിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗം ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. അബ്ദുള്ളക്കുട്ടിയുടെ നിലപാടിനെതിരെ ഡി.സി.സി. പ്രസിഡന്‍റ് പി.കെ .വിജയരാഘവനും പ്രതികരിച്ചു. ഡി.സി.സി. പ്രസിഡന്റിന്റെ നിലപാടാണ് ഔദ്യോഗിക നിലപാടെന്ന കെ.സുധാകരന്റെ പരാമര്‍ശം എം.എല്‍.എ.ക്ക് ശക്തമായ താക്കീതുമായി.

അതേ സമയം ട്രാവല്‍സിന്റെ ഉദ്ഘാടന വേളയിലെ പ്രസംഗത്തെ ശക്തമായിത്തന്നെ അബ്ദുള്ളക്കുട്ടി ന്യായീകരിച്ചു. താന്‍ എന്നും വികസനത്തിന് വേണ്ടിയാണ് സംസാരിച്ചിട്ടുള്ളത്.അതിന്റെ പേരിലാണ് സി.പി.എമ്മില്‍ നിന്ന് പുറത്തായതും. സി.പി.എം എന്നും വികസനത്തിന് എതിരാണെങ്കിലും വിസ്മയാ പാര്‍ക്കിലെ ജലസംഭരണിപോലുള്ള ശ്രദ്ധേയമായ സംരംഭം ഏവര്‍ക്കും മാതൃകയാക്കാവുന്നതാണ്. ഇത്തരം സംരംഭങ്ങള്‍ എല്ലാവരും തുടര്‍ന്നാല്‍ പെട്രോ ഡോളറിന്റെ ഗള്‍ഫ് പോലെ മഴവെള്ള ഡോളറിന്റെ കേരളവും സൃഷ്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം തന്റെ പ്രസംഗത്തില്‍ എന്തെങ്കിലും പാളിച്ചയുണ്ടെങ്കില്‍ തെറ്റു തിരുത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക