Image

ആയിരം കണ്ണുമായി.....സംഗീത സംവിധായകന്‍ ജെറി അമല്‍ ദേവ്

ജോസ് കാടാപുറം Published on 27 May, 2015
ആയിരം കണ്ണുമായി.....സംഗീത സംവിധായകന്‍ ജെറി അമല്‍ ദേവ്
മലവെള്ളപാച്ചില്‍ പോലെ മനസ്സില്‍ തങ്ങാത്ത സംഗീത പെരുമഴയുടെ കാലത്ത് ലോകത്തുള്ള ഏത് മലയാളിയുടെയും ഓര്‍മ്മകളില്‍ ഗൃഹാതുരത്വത്തിന്റെയും സ്വപ്ന സാഫല്യത്തിന്റെയും പൂര്‍ത്തീകരണമായ നല്ല പാട്ടുകള്‍ സമ്മനിച്ച ജെറി അമല്‍ദേവ് റോക്ക്‌ ലാന്‍ഡില്‍  സംഗീത സദ്യ ഒരുക്കുന്നത് സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുന്നു

മലയാള ക്രിസ്ത്യന്‍ സംഗീതത്തില്‍പ്രചുര പ്രചാരം നേടിയ
ദൈവ സ്‌നേഹം വര്‍ണിക്കുവാന്‍ എന്ന ഗാനത്തിന്റെ രചയിതാവ് ഫാ. തദൈവൂസ് അരവിന്ദത്തിന്റെ ക്ഷണം സ്വീകരിച്ച്, ഇവിടെയെത്തിയപ്പോള്‍ കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗാന ലോകത്തെ മാറ്റങ്ങള്‍ അദ്ധേഹം പങ്കു വച്ചു. (അഭിമുഖം രണ്ടു ഭാഗമായി ശനിയുിം ഞായറും കൈരളി ടി.വിയില്‍)
ഇവിടെ ഉള്ള പാട്ടുകാരെയും ഇന്‍സ്ട്രുമെന്റ് മ്യൂസിഷന്‍സിനെയും സംഘടിപ്പിച്ച് തദ്ദേശീയമായ ഒരു സംഗീത പരിപാടിയാണു ഈ വെള്ളീയാഴ്ച ക്ലാര്‍ക്ക്‌സ്ടൗണ്‍ സൗത്ത് ഹെസ്‌കൂള്‍ ഒഡിറ്റോറിയത്തില്‍ നടക്കുന്നതെന്നു അദ്ധേഹം പറഞ്ഞു. എല്ലാ സംഗീത പ്രേമികളേയും ഈ അപുര്‍വ സംഗീത വിരുന്നിലേക്കു താന്‍ പ്രത്യേകം ക്ഷണിക്കുന്നതായിവെസ്റ്റേണ്‍ മ്യൂസിക്കിന്റെ ഇന്‍ഡ്യയിലെഅതോറിറ്റിയായജെറി അമല്‍ദേവ് പറഞ്ഞു.

സംഗീതം നമ്മുടെ കുട്ടികളുടെ പഠനത്തില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് പോപ്പുലര്‍ മ്യൂസിക് എങ്ങും പഠിപ്പിക്കുന്നില്ല. എന്‍ജിനീയറിംഗ് പഠിപ്പിക്കാനും, ടെക്‌നോളജി പഠിപ്പിക്കാനും ഐടി പഠിപ്പിക്കാനും ധാരാളം സ്ഥപനങ്ങള്‍ ഉണ്ടെങ്കിലും പോപ്പുലര്‍ മ്യൂസിക് പഠിപ്പിക്കുന്ന സ്ഥാനമില്ലാ എന്നത് കേരളത്തിന്റെ ഒരു ബലഹീനത തന്നെയാണ്. കര്‍ണ്ണാട്ടിക് മ്യൂസിക്കിനേക്കാള്‍ തന്നെ സ്വാധീനിച്ചത് ഹിന്ദി പോപ്പുലര്‍ പാട്ടുകള്‍ ആയിരുന്നു. വടക്കെ ഇന്‍ഡ്യന്‍ ജീവിതത്തില്‍ ഹിന്ദി പാട്ടുകളോട് കൂടുതല്‍ ആഭിമുഖ്യം ഉണ്ടായി....

നാലാം വയസ്സില്‍ പാട്ടു പാടാന്‍ തുടങ്ങിയ താന്‍ വടക്കേ ഇന്‍ഡ്യയില്‍ മിഷണറിയാകാന്‍ പോയതാണ് തന്റെ ജീവിതത്തില്‍ സംഗീതത്തെ പരിപോഷിപ്പിച്ചത്. നാട്ടുകാരോ വീട്ടുകാരോ നല്‍കാത്ത സഹായവും പ്രോത്സാഹനവും മിഷണറിമാര്‍ നല്‍കിയതായി ജെറി
അമല്‍ദേവ് പറഞ്ഞു. അക്കാലത്ത് പ്ലേബാക്ക് സിംഗറാകാന്‍ ആഗ്രഹിച്ച് അവസാനം ബോംബെയില്‍ നൗഷാദ് സാഹിബിന്റെ ശിഷ്യനായി തീര്‍ന്നപ്പോള്‍ മ്യൂസിക് ഡയറക്ടറായി മാറുകയായിരുന്നു.

മ്യൂസിക് ഡയറക്ടര്‍ ട്യൂണ്‍ രൂപം കൊടുക്കുന്നു. തുടര്‍ന്നു പാട്ടിന്റെ രചയിതാവുമായി ചര്‍ച്ച ചെയ്യുന്നതിന് പുറമെ, വരികള്‍ കിട്ടി കഴിഞ്ഞാല്‍ സന്ദര്‍ഭത്തിനനുസരിച്ച് ഇന്‍സ്ട്രുമെന്റ്‌സ് വായിക്കുന്നു. അതിന്റെ കൂടെ ഇന്‍സ്ട്രമെന്റ് മ്യൂസിക് അകമ്പടി. അതു കഴിഞ്ഞ് ഇതെല്ലാം കൂട്ടി സ്റ്റുഡിയോയില്‍ കൊണ്ടുപോയി പ്ലേ ബാക്ക് സിംഗറെ കൊണ്ട് പാട്ടുപാടിപ്പിക്കുക. പല ടേക്ക് എടുത്ത് റെക്കോര്‍ഡ് ചെയ്ത് നല്ല ടേക്ക് മാത്രം എടുത്ത് സിനിമാക്കാര്‍ക്ക് കൊടുക്കുക എന്നതാണ് മ്യൂസിക് ഡയറക്ടര്‍ ചെയ്യുന്നത്.

പോപ്പുലര്‍ പാട്ടാക്കി മാറ്റുന്നതില്‍ ഒരു മ്യൂസിക് ഡയറക്ടര്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്.... നൗഷാദ് സാഹിബിന്റെ കളരിയില്‍ നിന്ന് ബാലപാഠങ്ങള്‍ പഠിച്ചെങ്കിലും വെസ്റ്റേണ്‍ മ്യൂസിക്ക് ശരിക്കും
പഠിക്കാ
ന്‍  വേണ്ടി അമേരിക്കയില്‍ എത്തി, മ്യൂസികില്‍ മാസ്റ്റേഴ്‌സ് എടുത്ത്, ക്വീന്‍സ് കോളേജില്‍ സംഗീതം പഠിപ്പിച്ചു....

പിന്നീട് വെസ്റ്റ്‌ചെസ്റ്ററിലും ക്യൂന്‍സിലും ഒക്കെ കുട്ടികളെ സംഗീതം പഠിപ്പിച്ചതിനുശേഷം തിരികെ നാട്ടിലെത്തി വളരെ പോപ്പുലറായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ പാട്ടുകള്‍ മലയാളികള്‍ക്ക് നല്‍കിയ കഥയാണ് ജെറി അമല്‍ദേവിന്റെയടുത്ത്.

വെസ്റ്റേണ്‍ മ്യൂസിക്കില്‍ പല തരം മ്യൂസിക്് ഉണ്ട്. ജോസഫ് ഹൈഡന്‍, മോസാര്‍ട്ട്, ബിഥോവന്‍.... മഞ്ഞണി കൊമ്പില്‍ എന്ന പാട്ടിന് ഇവരുടെ സിംഫോണിക് അപ്പ്രോച്ചും ഇന്ത്യന്‍ രാഗവും ഒന്നിപ്പിച്ച് പാട്ട് ഉണ്ടാക്കുകയായിരുന്നു.

നവോദയ അപ്പച്ചന്‍ നല്‍കിയ അവസരം മലയാള സിനിമ പാട്ടിന്റെ രംഗത്ത് സ്ഥിര പ്രതിഷ്ഠ നേടാന്‍ വഴിയൊരുക്കി. 75 ഓളം മലയാള സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു.
ഇടവേളയ്ക്ക് ശേഷം ആയിരം കണ്ണുമായി എന്നും മലയാളി കാത്തിരിക്കുകയാണ് ജെറി അമല്‍ദേവ് എന്ന സംഗീതസംവിധായകനെ....

ജെറി അമല്‍ദേവ്

ശുദ്ധ സംഗീതത്തിലും സിനിമാ ഗാനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ജെറി അമല്‍ദേവ് മലയാളിയുടെ ചുണ്ടുകളില്‍ എക്കാലവും തങ്ങിനില്‍ക്കുന്ന ഈരടികള്‍ക്ക് ഈണം പകര്‍ന്ന ജനകീയ സംഗീതജ്ഞനാണ്. അദ്ദേഹം ഈണം നല്കിയ പാട്ടുകള്‍ ഇടയ്‌ക്കൊക്കെ മൂളാത്ത ഒരു മലയാളിയുമില്ല. 'മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍' ആരംഭിച്ച ജനകീയ ഗാനനിര്‍ഝരി സിനിമാ ഗാനങ്ങളായും ഭക്തിഗാനങ്ങളായുംതലമുറകളിലൂടെ കാതുകളില്‍ ഈണം പകരുന്നു.

സംഗീതജ്ഞന്‍ മാത്രമല്ല സ്വതന്ത്ര ചിന്തകനും വിവിധ വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള വ്യത്യസ്തനായ വ്യക്തിയുമാണു അദ്ദേഹം.

കേരളീയ രീതികളേയും സിനിമാ രംഗത്തേയും നിശിതമായി വിമര്‍ശിക്കാന്‍ അദ്ദേഹം മടിക്കുന്നില്ല. കേരളീയര്‍ക്ക് സാക്ഷരതയുണ്ട് (ലിറ്ററസി) പക്ഷെ വിദ്യാഭ്യാസമില്ല (എഡ്യൂക്കേറ്റഡ്). വിദ്യാഭ്യാസമുള്ളവര്‍ക്ക് ചേര്‍ന്ന മര്യാദകളോ പെരുമാറ്റ രീതികളോ മലയാളികള്‍ക്കില്ല. അറിയുന്നവര്‍ പാലിക്കുന്നുമില്ല- അദ്ദേഹം വിലയിരുത്തുന്നു.

അതുപോലെ സിനിമാരംഗത്ത് പുതിയ തലമുറയിലെ നല്ലൊരു പങ്കിന് വിവരമില്ല. തിരക്കഥയില്ല. എന്തു ചെയ്യണമെന്നറിയില്ല. എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. നൂറു സിനിമ ഇറങ്ങുമ്പോള്‍ മൂന്നോ നാലോ നല്ലതായെങ്കിലായി. സിനിമകള്‍ക്ക് അര്‍ത്ഥമോ മൂല്യമോ ഇല്ല. കുറെ ദൃശ്യാവിഷ്‌കാരം സിനിമയാകുമെന്ന് പലരും കരുതുന്നു. പല സിനിമകളും ബാലിശമാണ്.

പാട്ട് വിജയിക്കണമെങ്കില്‍ ഈണം മാത്രം പോര. അര്‍ത്ഥമുള്ള വരികള്‍ വേണം. സംഗീതവും സാഹിത്യവും ഒന്നിച്ചുനില്‍ക്കണം. അങ്ങനെയുള്ള ഗാനങ്ങളാണ് നിലനില്‍ക്കുന്നത്.

1939-ല്‍ കൊച്ചിയില്‍ വെളീപ്പറമ്പില്‍ സി. ജോസഫിന്റേയും മുഞ്ഞപ്പിള്ളി ഡി. മേരിയുടേയും പുത്രനായി ജനിച്ച ജറി മാസ്റ്റര്‍ പരിശീലനമൊന്നുമില്ലാതെ സംഗീത രംഗത്തുവന്നയാളാണ്. പതിനാലാം വയസില്‍ ആദ്യ സംഗീതത്തിന് ഈണം പകര്‍ന്നു. താള ലയങ്ങളൊക്കെ സ്വയം വശത്താക്കി. തുടര്‍ന്ന് ബോസ്‌കോ കലാസമിതി ഓക്കസ്ട്രയ്ക്ക് രൂപംകൊടുത്തു. അത് കൊച്ചിന്‍ ആര്‍ട്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ആയി വളര്‍ന്നു.

1955-ല്‍ ആല്‍ബര്‍ട്‌സ് ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പാസായ അദ്ദേഹം ചര്‍ച്ച് ഓര്‍ഗന്‍ സ്വയം വായിക്കാനാരംഭിച്ചു. വടക്കേ ഇന്ത്യയിലേക്ക് ചേക്കേറിയ അദ്ദേഹം ഇന്‍ഡോറില്‍ നിന്ന് മൂന്നുവര്‍ഷം പിയാനോയും, മൂന്നുവര്‍ഷം തബലയും പഠിച്ചു.

1957-ല്‍ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസായ അദ്ദേഹം 1961-ല്‍ പൂനെയിലെ പേപ്പല്‍ അഥീനിയത്തില്‍ നിന്നും ഫിലോസഫിയില്‍ ബിരുദമെടുത്തു. തുടര്‍ന്ന് മധുസൂദനന്‍ പട്‌വര്‍ധന്റെ കീഴില്‍ നോര്‍ത്ത് ഇന്ത്യന്‍ വോക്കല്‍ അഭ്യസിച്ചു. അവിടെവെച്ച് സംഗീത പരിപാടികള്‍ രൂപപ്പെടുത്തുകയും അവതരിപ്പിക്കുകയും ചെയ്തു. 1963-ല്‍ മുംബൈയിലെ എസ്.ആര്‍.സി ഭട്ടിന്റേയും, കെ.ജി. ഗില്‍ഡേയുടേയും കീഴില്‍ വോക്കല്‍ മ്യൂസിക്കല്‍ പരിശീലനം.

1965-ല്‍ സിനിമാ രംഗത്തെ അതികായനായിരുന്ന നൗഷാദിന്റെ സഹായിയായി. അദ്ദേഹത്തോടൊപ്പം ആദ്മി, പല്‍ക്കി, രാം ഔര്‍ ശ്യാം, സംഘര്‍ഷ്, ദില്‍ദിയ ദര്‍ദ് ലിയ, സാഥി തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചു.

തുടര്‍ന്ന് 1969-ല്‍ അമേരിക്കയിലേക്ക.് സംഗീതത്തില്‍ ബിരുദപഠനത്തിന് ലൂസിയാനയിലെ
ന്യു ഓര്‍ലിയന്‍സില്‍  സേവ്യര്‍ യൂണിവേഴ്‌സിറ്റിയിലെത്തിയ ജറി മാസ്റ്റര്‍ ആദ്യകാല മലയാളികളിലൊരാളാണെന്നത് പലര്‍ക്കും അറിയില്ല. ബിരുദമെടുത്തശേഷം മാസ്റ്റേഴ്‌സ് ബിരുദത്തിന് 1971-ല്‍ ന്യൂയോര്‍ക്കില്‍ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍. അവിടെ വര്‍ക്ക് & സ്റ്റഡി പ്രോഗ്രാമില്‍ കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു. 1975-ല്‍ മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് ബിരുദം.

വാര്‍ണര്‍ കമ്യൂണിക്കേഷന്‍സിലൂടെ ഇന്ത്യ: രാഗാ മ്യൂസിക് ഫോര്‍ പിയാനോ പ്രസിദ്ധീകരിച്ചു. 1977-ല്‍ ഫ്‌ളഷിംഗില്‍ ക്വീന്‍സ് കോളജില്‍ സംഗീതം പഠിപ്പിക്കാനാരംഭിച്ചു. യേശുദാസ് പാടിയ ആത്മാ കി ആവാസ് എന്ന ഹിന്ദി ആല്‍ബം അക്കാലത്ത് പുറത്തിറക്കി.

1980-ല്‍ കോളജില്‍, ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ത്തിയപ്പോള്‍ നാട്ടിലേക്ക് മടങ്ങി. ബന്ധു മുഖേന നവോദയ അപ്പച്ചനെ പരിചയപ്പെടുകയും മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ക്ക് സംഗീത സംവിധായകനാകാന്‍ അവസരം ലഭിക്കുകയും ചെയ്തു. അതിനു സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചു.

1981-ല്‍ കൊച്ചിന്‍ ആര്‍ട്‌സിലെ പ്രിന്‍സിപ്പലായി. അതോടൊപ്പം സംഗീത സംവിധായകനായി 75 സിനിമകളില്‍ പ്രവര്‍ത്തിച്ചു. അതിനു പുറമെ ഭക്തിഗാനങ്ങള്‍ക്കും ലളിത ഗാനങ്ങള്‍ക്കും സംഗീതം പകര്‍ന്നു.

1990-ല്‍ അപരാഹ്‌നം എന്ന സിനിമയ്ക്ക് വീണ്ടും സ്റ്റേറ്റ് അവാര്‍ഡ്. താമസിയാതെ മദ്രാസില്‍ സ്റ്റെല്ലാ മേരീസ് കോളജില്‍ സംഗീതാധ്യാപകനായി. 1995-ല്‍ 'കഴകം' മൂന്നാം തവണയും സ്റ്റേറ്റ് അവാര്‍ഡ് നേടി.

1998-ല്‍ ദൂരദര്‍ശനുവേണ്ടി ഹിന്ദി ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു. ചെന്നൈയിലെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു. വിവിധ രാജ്യങ്ങളില്‍ സംഗീത പരിപാടികള്‍ സംഘടിപ്പിച്ച അദ്ദേഹം 2000-ല്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത തുടങ്ങിയപ്പോള്‍ ക്വയറിന് നേതൃത്വം നല്‍കി. 2010-ല്‍ സിംഗ് ഇന്ത്യ വിത്ത് ജെറി അമല്‍ദേവ് പ്രോഗ്രാം ആരംഭിച്ചു. 2011-ല്‍ ജറി അമല്‍ദേവ് ഫൗണ്ടേഷന് രൂപംകൊടുത്തു.

ഹിന്ദി ഗാനങ്ങളെ ഏറെ സ്‌നേഹിക്കുന്ന അദ്ദേഹം പാശ്ചാത്യസംഗീതത്തിലെ അതോറിറ്റിയാണ്.

ഭാര്യ ജോളി ഏഴുവര്‍ഷം മുമ്പ് നിര്യാതയായി. മീര, സംഗീത, ഡാലിയ എന്നിവര്‍ മക്കള്‍.

ആയിരം കണ്ണുമായി.....സംഗീത സംവിധായകന്‍ ജെറി അമല്‍ ദേവ്
ആയിരം കണ്ണുമായി.....സംഗീത സംവിധായകന്‍ ജെറി അമല്‍ ദേവ്
Join WhatsApp News
വായനക്കാരൻ 2015-05-27 15:58:43
ജെറി അമൽദേവിനു പ്രണാമം. അദ്ദേഹം ഈണം നൽകിയ ഗാനങ്ങൾ മലയാള ചലച്ചിത്ര ഗാനങ്ങളിൽ വേറിട്ടു നിൽക്കുന്നു,   കേൾക്കുന്നുടനെ മിക്ക ഗാനങ്ങളിലും അദ്ദേഹത്തിന്റെ കൈയ്യൊപ്പ് തിരിച്ചറിയാം.  കർണ്ണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും പാശ്ചാത്യ സംഗീതവുമൊക്കെ സമന്യയിപ്പിക്കുന്ന കരവിരുതിന്റെ കയ്യൊപ്പ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക