Image

തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ 'സങ്കേതം' പൂട്ടി

Published on 22 June, 2015
 തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ 'സങ്കേതം' പൂട്ടി


തിരുവനന്തപുരം: സങ്കേതം എന്ന ഓമനപ്പേരില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ സെല്ലാറില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ബാര്‍ വീണ്ടും അടച്ചു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ റെയിഡ് നടത്തി ബാര്‍ അടപ്പിക്കാന്‍ ഒരുങ്ങുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രസ് ക്ലബ് ഭാരവാഹികള്‍ തന്നെ ബാര്‍ പൂട്ടിയത്. പൂട്ടല്‍ താല്കാലികമാണെന്നും അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം തുറക്കാമെന്നും സങ്കേതത്തിലെ സ്ഥിരം സന്ദര്‍ശകര്‍ക്ക് ഉറപ്പു നല്‍കിയാതായാണ് വിവരം.
സംസ്ഥാനത്തെ 700 ല്‍ പരം ബാറുകള്‍ അടച്ചു പൂട്ടിയിട്ടും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ലൈസന്‍സ് ഇല്ലാതെ ബാര്‍ പ്രവര്‍ത്തിക്കുന്ന വിവരം അച്ചടി മാധ്യമങ്ങളിലും ഓണ്‍ലൈന്‍ മീഡിയകളിലും ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് എക്‌സൈസ് മന്ത്രിയുടെ വാക്കാല്‍ നിര്‍ദ്ദേശം മാനിച്ച് ബാര്‍ അടച്ചു. വിവാദം ഒതുങ്ങിയപ്പോള്‍ തുറക്കുകയും ചെയ്തു.
ഫൈവ്സ്റ്റാറിന് കീഴിലുള്ള എല്ലാ ബാറുകളും അടച്ചു പൂട്ടാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ഇതുവരെ സംസ്ഥാനത്ത് ക്ലബ്ബുകളില്‍ പ്രവര്‍ത്തിക്കുന്ന ബാറുകളുടെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. അന്‍പതില്‍ പരം ക്ലബ്ബുകള്‍ക്ക് നിലവില്‍ ബാര്‍ ലൈസന്‍സുണ്ട്. ഈ ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് അവര്‍ക്ക് ലൈസന്‍സ് പുതുക്കി കൊടുത്തിട്ടുമുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ ആകട്ടെ, അനധികൃതമാണ്. യാതൊരു ലൈസന്‍സും അതിനില്ല. പത്ര പ്രവര്‍ത്തകര്‍ക്ക് കുപ്പിയുമായി വന്നു സൈ്വര്യമായി മദ്യപിക്കാനുള്ള സങ്കേതം എന്ന നിലക്കാണ് ഇതു ആരംഭിച്ചത്. പില്‍ക്കാലത്ത് അത് എ.സി സൗകര്യമുള്ള ബാറായി മാറി. മദ്യം ശേഖരിച്ച് വെച്ച് അംഗങ്ങള്‍ക്ക് വില്‍ക്കുന്ന സംവിധാനം വന്നു. ഇതിനു ജീവനക്കാരെയും ഏര്‍പ്പെടുത്തി . തലസ്ഥാനത്തെ പത്രപ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗത്തെ മുഴുക്കുടിയന്മാരും കടക്കാരും ആക്കി മാറ്റിയതിനു പിന്നില്‍ സങ്കേതം ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്.

ആറ്റിങ്ങലില്‍ കഴിഞ്ഞ ദിവസം ഒരു ക്ലബ്ബില്‍ അനധികൃത ബാര്‍ പിടി കൂടിയ സംഭവമാണ് പ്രസ് ക്ലബ് ബാര്‍ അടക്കാന്‍ ഇടയാക്കിയത്. ക്ലബ്ബിലെ രണ്ടു ഭാരവാഹികളെ പൊലിസ് അറസ്റ്റ് ചെയ്യുകയും രണ്ടു മുതിര്‍ന്ന എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുകയും ഉണ്ടായി. എക്‌സൈസുകാരുടെ അനാസ്ഥയാണ് ക്ലബ്ബില്‍ അനധികൃത ബാര്‍ പ്രവര്‍ത്തിക്കാന്‍ കാരണമായതെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നു. ഇതില്‍ രോഷാകുലരായ തലസ്ഥാനത്തെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രസ് ക്ലബ് ബാര്‍ റെയിഡ് ചെയ്ത് പൂട്ടിക്കാന്‍ തീരുമാനിച്ചു. ഈ വിവരം എക്‌സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ ചോര്‍ന്നു കിട്ടിയതിനാലാണ് തിരക്കിട്ട് സങ്കേതം പൂട്ടിയത്.
http://www.madhyamam.com/news/359208/150622
Join WhatsApp News
pathra bandhu 2015-06-22 14:25:35
പത്രക്കാര്‍ അവിടെ ഇരുന്നു ഇത്തിരി വെള്ളം മോന്തിയാല്‍ ആര്‍ക്ക് എന്തു നഷ്ടം? വെള്ളം കുടി മുട്ടിച്ചേ അടങ്ങുകയുള്ളോ? റിപ്പോറ്റ്ട് ചെയ്യാന്‍ കുറെ മാധ്യമങ്ങളും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക