Image

നിരക്കു വര്‍ധനയ്ക്ക് സാധ്യത; വൈദ്യുതി ബോര്‍ഡിന് 3240 കോടി കമ്മി

Published on 07 January, 2012
നിരക്കു വര്‍ധനയ്ക്ക് സാധ്യത; വൈദ്യുതി ബോര്‍ഡിന് 3240 കോടി കമ്മി
തിരുവനന്തപുരം: 2012-13 സാമ്പത്തിക വര്‍ഷത്തില്‍ വൈദ്യുതി ബോര്‍ഡിന് 3240.25 കോടി രൂപയുടെ കമ്മി. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനു സമര്‍പ്പിച്ച വാര്‍ഷിക കണക്കുകളിലാണ് ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കമ്മി നികത്താന്‍ വൈദ്യുതി നിരക്ക് വര്‍ധനയുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടി വരും.

ആകെ 9638.12 കോടി രൂപയുടെ ചെലവാണ് 2012-13 വര്‍ഷത്തില്‍ ബോര്‍ഡ് കണക്കാക്കിയിട്ടുള്ളത്. വൈദ്യുതി വില്പനയിലൂടെ ലഭിക്കുന്ന 6031.73 കോടിയും മറ്റു സ്രോതസ്സുകളില്‍ നിന്നുള്ള 366.14 കോടിയുമടക്കം 6397.87 കോടി രൂപയുടെ വരുമാനം ബോര്‍ഡ് പ്രതീക്ഷിക്കുന്നു. അങ്ങനെയാണ് 3240.25 കോടിയുടെ കമ്മി കണക്കാക്കിയത്.

2011-12 വര്‍ഷത്തിലെ പുതുക്കിയ കണക്കുകള്‍ പ്രകാരം ബോര്‍ഡിന്റെ കമ്മി 2118.48 കോടി രൂപയായിരുന്നു. 5984.51 കോടിയുടെ വരവും 8102.99 കോടിയുടെ ചെലവുമാണ് ആ കണക്കിലുള്ളത്. അങ്ങനെ വരുമ്പോള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ബോര്‍ഡിന്റെ നഷ്ടത്തില്‍ 1121.77 കോടി രൂപയുടെ വര്‍ധനയുണ്ടായിട്ടുണ്ട്. വൈദ്യുതി വാങ്ങുന്നതിനായി 2012-13ല്‍ 5281.09 കോടി രൂപയാണ് ബോര്‍ഡ് നീക്കിവെച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഈയിനത്തിലെ ചെലവ് 4392.54 കോടിയായിരുന്നു.

ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചെലവും 300 കോടി കണ്ട് വര്‍ധിച്ചു. നടപ്പുവര്‍ഷം ഈയിനത്തില്‍ 1912.18 കോടി രൂപയായിരുന്നത് 2012-13ല്‍ 2231.46 കോടിയായിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക