Image

പാകിസ്താന്‍ 180 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കുന്നു

Published on 07 January, 2012
പാകിസ്താന്‍ 180 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യാ പാകിസ്താന്‍ ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്ന നടപടികള്‍ക്ക് പാകിസ്താന്‍ തയ്യാറാകുന്നു. പാകിസ്താനില്‍ തടവില്‍ കഴിയുന്ന 180 ഇന്ത്യക്കാരെ പുതുവത്സര സമ്മാനമായി പാക് സര്‍ക്കാര്‍ വിട്ടയയ്ക്കുന്നു. ഇവരില്‍ 179 പേര്‍ മത്സ്യബന്ധന തൊഴിലാളികളും ഒരു സാധാരണ പൗരനുമാണുള്ളത്. 

ശനിയാഴ്ച രാവിലെ കറാച്ചിയിലെ ജയിലില്‍ നിന്ന് ഇവരെ ലാഹോറില്‍ എത്തിക്കും. ഞായറാഴ്ച വാഗാ അതിര്‍ത്തി വഴി ഇവരെ ഇന്ത്യക്ക് കൈമാറുമെന്ന് സിന്ധ് ഗവര്‍ണര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കുറിപ്പില്‍ പറയുന്നു. സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരിലാണ് മത്സ്യത്തൊഴിലാളികളെ പാക് അധികൃതര്‍ പിടികൂടിയത്. ഇവരെല്ലാം ഗുജറാത്ത് സ്വദേശികളാണ്. ജയില്‍ മോചിതരാകുന്നവരുടെ പേരു വിവരങ്ങള്‍ പാകിസ്താന്‍ പുറത്തുവിട്ടിട്ടുണ്ട്. 

വിട്ടയക്കുന്നവരെ കൂടാതെ 276 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കൂടി പാകിസ്താന്‍ ജയിലിലുണ്ട്. ഇവരില്‍ 83 പേര്‍ ഇതിനകം തന്നെ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയവരാണ്. ഇവര്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഇന്ത്യന്‍ അധികൃതര്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തതോടെയാണ് തടവ് നീളുന്നതെന്ന് പാകിസ്താന്‍ സര്‍ക്കാര്‍ തടവുകാരുടെ ക്ഷേമത്തിനായി രൂപീകരിച്ചിരിക്കുന്ന സമിതി ചെയര്‍മാന്‍ ജസ്റ്റീസ് നസീര്‍ അസ്ലം സഹീദ് പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ഇന്ത്യ 121 മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെ 218 പാക് തടവുകാരെ വിട്ടയച്ചിരുന്നു. 29 പാക് മത്സ്യതൊഴിലാളികള്‍ ഇപ്പോഴും ഇന്ത്യയിലെ ജയിലുകളിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക